ആദിവാസികളുടെ ഭൂസമരത്തിനെതിരായ കുപ്രചരണങ്ങളും വസ്തുതകളും - പി ജെ ജെയിംസ്

21 May 2019

2019 ഏപ്രിൽ 21ന് വൈകുന്നേരം വയനാട്ടിലെ തൊവരിമലയിൽ പ്രവേശിച്ച് മണ്ണിൻറെ മക്കളായ ആദിവാസികൾ അവകാശം സ്ഥാപിച്ചതും,  മുത്തങ്ങ സമരത്തിന് സമാനമായ അടിച്ചമർത്തലിനും ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കലിനും വിധേയരായ  അവർ കൽപ്പറ്റ കളക്ടറേറ്റിന് മുമ്പിൽ ഭൂമിക്കുവേണ്ടിയുള്ള സമരവുമായി മുന്നോട്ടു പോകുന്നതും കേരളത്തിന്റെ ഭൂപ്രശ്നം വീണ്ടും ഗൗരവമായ  ചർച്ചയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.  കൊളോണിയൽ കാലത്തും സംസ്ഥാന രൂപീകരണത്തിന് ശേഷവും ആദിവാസി ഗോത്രവിഭാഗങ്ങൾക്കും മണ്ണിൽ പണിയെടുത്ത് പോന്ന ദളിതർക്കും മേൽ നടന്ന കയ്യേറ്റങ്ങളുടെയും ഭൂമി കവർന്നെടുക്കലുകളുടെയും ചരിത്രത്തെയും അതുമായി ബന്ധപ്പെട്ട നയങ്ങളെയും പൂർണ്ണമായി അവഗണിക്കുന്നതും സമൂഹത്തിൻറെ അടിസ്ഥാന ജനാധിപത്യവൽക്കരണത്തിൽ ഭൂബന്ധങ്ങൾക്കുള്ള പങ്കിനെ നിഷേധിക്കുന്നതുമായ ചില സമീപനങ്ങൾ ഈ ചർച്ചകളുടെ ഭാഗമായി മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്.

 

 

കേവല പരിസ്ഥിതി വാദികൾ, യാന്ത്രിക ഭൗതികവാദികൾ, കേവല നിയമ വാദികൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി സമരത്തിനെതിരെ നിലപാടെടുത്തിട്ടുള്ളവരെ പെടുത്താവുന്നതാണ്.

 

 

  1. പരിസ്ഥിതി സംരക്ഷകർ അഥവാ പ്രകൃതി സംരക്ഷകർ എന്ന് അവകാശപ്പെടുന്നവർ പറയുന്നത് ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി വിട്ടു കൊടുത്താൽ അത് വലിയ പരിസ്ഥിതി നാശത്തിന് കാരണമാകുമെന്നാണ്. ഇപ്പോഴത്തെ തൊവരിമല ഭൂസമരവുമായി ബന്ധപ്പെട്ട് ഇവർ പറയുന്നത് ആദിവാസികളെ മറയാക്കി വനനശീകരണത്തിന് മുൻകൈ എടുക്കുന്നവരാണ് സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ്. ഉദാഹരണത്തിന്, സമരക്കാർ പ്രവേശിച്ചത് വനഭൂമിയിൽ ആണെന്നും ആദിവാസികളുടെ ഡിമാൻഡ് അംഗീകരിക്കുന്ന പക്ഷം അത് പരിസ്ഥിതി നാശത്തിന് കാരണമാകുമെന്നുമാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി എന്ന എൻജിഒ പ്രസ്താവന ഇറക്കിയിട്ടുള്ളത്. വാസ്തവത്തിൽ പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച് ആഗോളമായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള നിലപാട് വനം തങ്ങളുടെ ആവാസവ്യവസ്ഥയായി തിരിച്ചറിയുന്ന ആദിവാസി ജനത തന്നെയാണ് ഏറ്റവും വലിയ വനസംരക്ഷകരെന്നാണ്. കോർപറേറ്റ് വനമാഫിയകളും ഭൂമാഫിയകളും അവരുമായി അവിഹിത ബന്ധം നിലനിർത്തുന്ന വനവകുപ്പും അതിലെ ബ്യൂറോക്രാറ്റുകളുമാണ് വനനശീകരണത്തിലെ മുഖ്യഘടകങ്ങൾ എന്നത് പുതിയ അറിവല്ല. ഇക്കാരണത്താൽ,  ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അടുത്ത കാലത്തെ പ്രമേയങ്ങളിൽ വനസംരക്ഷണത്തിൽ ഗോത്രസമൂഹങ്ങൾക്കുള്ള പങ്കാളിത്തം നിർണായകമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ കോർപ്പറേറ്റുകൾ അവരുടെ കൊള്ളയുടെ ഒരംശം ഉപയോഗിച്ച് വളർത്തിയെടുത്തിട്ടുള്ള പല ഏജൻസികളും വനത്തിൽ നിന്നും വനസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽനിന്നും ഗോത്രജനവിഭാഗങ്ങളെ അകറ്റി നിർത്തണമെന്ന് ശക്തമായ ക്യാമ്പയിൻ എല്ലായിടത്തും നടത്തിവരുന്നു. വനവും പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ച് തടിച്ചുകൊഴുക്കുന്ന വനമാഫിയകളും ഖനിമാഫിയകളും ഇത്തരം എൻജിഒ കളെ  വലിയ അളവ് ഫണ്ട് ഒഴുക്കി നിലനിർത്തിപ്പോരുന്നു.

 

 

ഇതിന് ഏറ്റവും നല്ല ഉദാഹരണം കോർപ്പറേറ്റ് ഫണ്ട് വാങ്ങി പ്രവർത്തിക്കുന്ന എൻജിഒ കൾ അടുത്തകാലത്ത് ഇന്ത്യയിലെ വനാവകാശ നിയമ (ഫോറസ്റ്റ് റൈറ്റ്സ് ആക്ട് - എഫ് ആർ ഐ) ത്തിനെതിരെ അരയും തലയും മുറുക്കി രംഗത്ത് വന്നതാണ്. വനവുമായി ബന്ധപ്പെട്ട ഭൂമിയിലും പ്രകൃതിവിഭവങ്ങളിലും ജൈവപരമായും  ചരിത്രപരമായും ഇഴുകി ചേർന്ന ഗോത്രസമൂഹങ്ങൾക്കാണ് കോർപ്പറേറ്റ് ബ്യൂറോക്രസിയേക്കാൾ ഫലപ്രദമായി വനസംരക്ഷണം നടത്താനാകുകയെന്ന ശാസ്ത്രീയമായ തിരിച്ചറിവിൻറെ സ്വാംശീകരണം എന്ന നിലയിൽ കൂടിയാണ് ആണ് 2006 ൽ വനാവകാശനിയമം ഇന്ത്യ പാസാക്കിയത്.  എന്നാൽ കോർപ്പറേറ്റ് ശക്തികളുമായി ബന്ധമുള്ള എൻജിഒകൾ തുടക്കം മുതലേ ഈ നിയമത്തെ എതിർത്തു വരികയായിരുന്നു. വനാവകാശ നിയമത്തിനെതിരെ വൈൽഡ് ലൈഫ് ഫസ്റ്റ്, നേചർ കൺസർവേഷൻ സൊസൈറ്റി, ടൈഗർ റിസർച് ആൻഡ് കൺസർവേഷൻ ട്രസ്റ്റ് തുടങ്ങിയ എൻ ജി ഒ കൾ 2008-ൽ തന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ സമീപനം അനുകൂലമല്ലാതിരുന്നതിനാൽ  കേസ് ക്ലച്ച് പിടിച്ചില്ല. പിന്നീട് 2019 ജനുവരിയിൽ മോദി സർക്കാരിൻറെ മൗനാനുവാദത്തോടെ   അവർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയും 11 ലക്ഷത്തോളം ആദിവാസികളെ അവരുടെ ആവാസ വ്യവസ്ഥയിൽ നിന്ന് പുറത്താക്കുന്ന നടപടിയ്ക്ക് സുപ്രീംകോടതി പച്ചക്കൊടി കാട്ടുകയും ചെയ്തു. 2006-ൽ പാസായ വനാവകാശ നിയമം നടപ്പാക്കുന്നതിൽ മോഡി സർക്കാർ താൽപര്യം കാണിച്ചില്ല എന്ന് മാത്രമല്ല അത് അട്ടിമറിക്കും വിധമുള്ള സുപ്രീംകോടതി വിധിക്ക് എൻജിഒ കൾക്ക് സൗകര്യമൊരുക്കി കൊടുക്കുകയും ചെയ്തു.

 

 

 

കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടത്തെ പശ്ചിമഘട്ട മലനിരകളും വനങ്ങളും നശിപ്പിച്ചതും ആദിവാസികൾ അവരുടെ ഭൂമിയിൽ നിന്നും ആവാസവ്യവസ്ഥയിൽ നിന്നും പുറത്താക്കപ്പെട്ടതും ഒരേ കയ്യേറ്റപ്രക്രിയയുടെ ഭാഗമാണ്. വിദേശ കോർപ്പറേറ്റ് ഭൂമാഫിയയും അവരുടെ ബിനാമികളും ഇതര കയ്യേറ്റക്കാരും മത ശക്തികളുമെല്ലാം ഇപ്രകാരം വനവും പരിസ്ഥിതിയും നശിപ്പിച്ച് ആദിവാസികളുടെ ഭൂമി അടിച്ചുമാറ്റുന്നതിന് നേതൃത്വം കൊടുത്തു. ചുരുക്കത്തിൽ വന ഭൂമാഫിയകളുടെ കടന്നുകയറ്റമാണ് വനനശീകരണത്തിന് കാരണം എന്ന വസ്തുത മറച്ചുപിടിച്ച്, ആദിവാസികളാണ് വനനശീകരണത്തിന് കാരണം എന്ന വാദമാണ് കോർപ്പറേറ്റ് ഏജൻസികൾ ഉയർത്തുന്നത്.  മേൽ സൂചിപ്പിച്ച സുപ്രീംകോടതി കേസിൽ എൻജിഒ കളെ സംബന്ധിച്ചിടത്തോളം ആദിവാസികൾ കേവലം കയ്യേറ്റക്കാർ ആണ്. വർത്തമാനകാലത്തെ പരിസ്ഥിതി വിനാശത്തിന് കാരണം കോർപ്പറേറ്റ് സമ്പത്ത് സമാഹരണമാണെന്ന തിരിച്ചറിവിനെ മറച്ചുപിടിക്കുകയാണ് ഈ എൻ ജി ഒ കളുടെ ദൗത്യം. ഇവരെ സംബന്ധിച്ചിടത്തോളം ആദിവാസികൾ കയ്യേറ്റക്കാരും കോർപ്പറേറ്റുകൾ വികസനക്കാരുമാണ്. ആദിവാസികളെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന കേരള സർക്കാരും ഇതേ നിലപാടാണ് ഉയർത്തിപ്പിടിക്കുന്നത്.

 

 

  1. ആദിവാസികൾക്ക് ഭൂമി കൊടുത്താൽ അത് ഭൂമിയുടെ തുണ്ട് വൽക്കരണത്തിന് കാരണമാകുമെന്നും വികസനത്തിന് കോട്ടം തട്ടുമെന്നും പറയുന്ന യാന്ത്രികവാദികളായ കപട കമ്മ്യൂണിസ്റ്റുകളാണ് രണ്ടാമത്തെ കൂട്ടർ. വ്യാജ രേഖകളുടെ പിൻബലത്തിൽ രാജ്യത്തിൻറെ പരമാധികാരത്തെയും ഭരണഘടനയെയും നിയമവ്യവസ്ഥയെയും നോക്കുകുത്തിയാക്കി അഞ്ചേക്കാൽ ലക്ഷം ഏക്കർ റവന്യൂ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന വിദേശ തോട്ടം മാഫിയകളെ തൊട്ടാൽ അത് വികസനത്തെ ബാധിക്കും എന്ന പിണറായി സർക്കാരിൻറെ അതേ വാദഗതി തന്നെയാണ് ഇവരുടേതും. മർദ്ദക വ്യവസ്ഥയ്ക്കും ഇന്നത്തെ കോർപ്പറേറ്റ് മൂലധന ആധിപത്യത്തിനും എതിരായ മർദ്ദിത ജനതയുടെ പോരാട്ടത്തിൽ അവരുടെ ഐഡൻറിറ്റി സ്ഥാപിക്കപ്പെടേണ്ട നിർണായകമായ ഘട്ടമാണിത് എന്ന് തിരിച്ചറിയാത്ത അഥവാ അറിഞ്ഞിട്ടും അംഗീകരിക്കാത്ത യാന്ത്രികന്മാർ അവരുടെ വാദഗതികൾ സ്ഥാപിക്കാൻ മതസംഹിതയെന്ന മട്ടിലാണ് മാർക്സിസ്റ്റ് ഉദ്ധരണികൾ പ്രയോഗിക്കുന്നത്. ചരിത്രപരമായി ഉൽപ്പാദന ഉപാധികളിൽ നിന്നും ആട്ടിയകറ്റപ്പെട്ട ആദിവാസികളും ദളിതരും അടക്കം മർദ്ദിതരുടെ സ്വത്വനിർണയത്തിൽ മുഖ്യ ഉല്പാദനോപാധിയായ ഭൂമിയുടെ മേൽ അവകാശം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ സ്വത്വത്തെയും സ്വത്വരാഷ്ട്രീയത്തെയും കൂട്ടിക്കുഴയ്ക്കുന്ന, വൈവിധ്യങ്ങളെ അവഗണിക്കുന്ന യാന്ത്രികന്മാർ, മർദ്ദിതർക്ക് ഭൂമിയിൽ അവകാശം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള മുന്നേറ്റങ്ങളെ പോസ്റ്റ് മാർക്സിസം എന്നും പോസ്റ്റ്മോഡേണിസം എന്നു മുദ്രകുത്തുന്നു. സോവിയറ്റ് യൂണിയനിലും ചൈനയിലും സോഷ്യലിസം എന്ന പേരിൽ ആധിപത്യം നേടിയ മുതലാളിത്ത വികസന പാതയുടെ വക്കാലത്തുകാരായ ഇക്കൂട്ടർ ഇന്ന് ആഗോളമായി ഉദ്ഗ്രഥിച്ച കോർപ്പറേറ്റ് വികസന മാതൃകയുടെ വക്താക്കളാണ്. മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളെ മുതലാളിത്തപാതയിലേക്ക് നയിച്ച പാർട്ടി ബ്യൂറോക്രസിയെയും ഉദ്യോഗസ്ഥമേധാവിത്വ മുതലാളിത്തത്തെയും സോഷ്യലിസമായി കൊണ്ടാടുന്ന ഇവർ ഇതേ യുക്തി ഉപയോഗിച്ചാണ് ഇവിടുത്തെ പൊതുമേഖലയേയും ഉദാത്തീകരിക്കുന്നത്.  ഇവിടത്തെ പൊതുമേഖല ഇന്ന് കോർപ്പറേറ്റ് വൽക്കരണത്തിന്റെ സഹായിയും അനുബന്ധവുമായി മാറുന്ന പ്രക്രിയയെ കാണാത്തവർ, കണ്ടില്ലെന്നു നടിക്കുന്നവർ ആദിവാസികളും പട്ടിക വിഭാഗങ്ങളും ഭൂമിയുടെ അവകാശികൾ ആകുന്നത് സഹിക്കാൻ കഴിയുന്നില്ല.  അതുകൊണ്ടാണ്, ഹാരിസൺ ഭൂമി പ്ലാന്റേഷൻ കോർപ്പറേഷനെ ഏൽപ്പിച്ചാലും ആദിവാസികൾക്ക് കൊടുക്കില്ലെന്നും കൊടുത്താൽ വിനാശമാരിക്കുമെന്നും യാന്ത്രികർ സൈദ്ധാന്തീകരണം നടത്തുന്നത്. വിദേശ ഭൂമാഫിയകൾ തോട്ടങ്ങൾ റിസോർട്ടുകൾക്കും റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും (ഉദാഹരണത്തിന് ഹാരിസൺ യോഹന്നാന് ഭൂമി വിറ്റത്) തോട്ടേതര ആവശ്യങ്ങൾക്കും യഥേഷ്ടം തുണ്ടുവൽക്കരിക്കുന്നതിൽ രോഷം കൊള്ളാത്തവർ ആദിവാസികളുടെ ഭൂമിയിലുള്ള അവകാശത്തിന്റെ കാര്യം വരുമ്പോൾ മാത്രം തുണ്ടുവൽക്കരണത്തെപറ്റി ഉത്കണ്ഠപ്പെടുന്നത് കോർപ്പറേറ്റ് മാഫിയ മൂലധനത്തിന് പാദസേവ ചെയ്യലാണ്.

 

 

 

ഇന്ത്യയുടെ സാമൂഹ്യ രൂപവത്കരണത്തിലും ഉൽപ്പാദന വ്യവസ്ഥയിലും ജാതിയും ഭൂവുടമസ്ഥതയും തമ്മിലുള്ള ബന്ധം നിർണായകമായിരിക്കെ, അതിനെ പൂർണമായി അവഗണിച്ചുകൊണ്ട് നടപ്പാക്കിയ ഇ എം എസ് സർക്കാരിന്റെ ഭൂപരിഷ്കരണം മുതൽ നവ ഉദാര കാലം വരെ നിലനിന്ന കേരളമോഡലും സിംഗൂർ - നന്ദിഗ്രാം വരെ എത്തിയ ബംഗാൾ മോഡലും മറച്ചുപിടിച്ചത് മർദ്ദിത ജനതയുടെ പാർശ്വവൽക്കരണമാണ്. ഈ പാർശ്വവൽക്കരണത്തിന് അടിസ്ഥാനം ഭൂമിയിന്മേലുള്ള അവകാശനിഷേധമാണ്. വിദേശ കോർപ്പറേറ്റ് ഭൂമാഫിയകളും അവരുടെ ബിനാമികളും നിയമവിരുദ്ധമായി കൈയടക്കിയിട്ടുള്ള അഞ്ചേക്കാൽ ലക്ഷം ഏക്കർ ഭൂമി പിടിച്ചെടുക്കണം എന്നും അതിൽ തോട്ട ഭൂമികൾ തൊഴിലാളികളുടെ ഉടമസ്ഥതയിലും ബാക്കി വരുന്നതിൽ ആദിവാസികളുടെയും ദളിതരുടെയും ഭൂരഹിതരുടെയും അവകാശവും ഉടമസ്ഥതയും ഉറപ്പുവരുത്തണമെന്നും ഇക്കാര്യത്തിൽ പരിസ്ഥിതി സൗഹൃദവും വനസംരക്ഷണ പരവുമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നുമാണ് മർദ്ദിതരും ജനാധിപത്യ ശക്തികളും ആവശ്യപ്പെടുന്നത്. എന്നാൽ ഇത് തുണ്ട്വൽക്കരണമാണെന്നും പിന്നോക്ക മുതലാളിത്ത രൂപമാണെന്നും ആണ് കോർപ്പറേറ്റ് വികസന വാദികളും കോർപ്പറേറ്റ് പാദസേവകരുമായ യാന്ത്രികൻമാർ പറയുന്നത്. വാസ്തവത്തിൽ കാർഷികോത്പാദത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടതും ആവശ്യമായ സംഘടനാരൂപങ്ങൾ ആവിഷ്കരിച്ചു കൊണ്ട് പരിഹരിക്കാവുന്നതുമായ  പ്രശ്നം മറയാക്കി ഭൂമിയിന്മേലുള്ള കോർപ്പറേറ്റ് മാഫിയാ ആധിപത്യത്തെ ന്യായീകരിക്കുകയാണ് ഇക്കൂട്ടർ.  ഒരു നിശ്ചിത ഭൂപരിധിക്കപ്പുറം ഏക്കർ കണക്കിന് ഭൂമി ഒറ്റ മാനേജ്മെൻറ് കീഴിൽ വരുന്നതുകൊണ്ട് കാര്യക്ഷമതയിലും കാർഷികോത്പാദനത്തിലും കാര്യമായ വർദ്ധനവ് ഉണ്ടാകുന്നില്ലെന്നും ചെറുകിടഭൂമിയിൽ ഉല്പാദന ക്ഷമത മെച്ചപ്പെട്ടതാണെന്നുമുള്ള നിരവധി ഫാം മാനേജ്മെന്റ് പഠനങ്ങൾ ഇന്ത്യയിൽ തന്നെ പുറത്തുവന്നിട്ടുണ്ട്. പരിസ്ഥിതി സൗഹൃദവും ജനക്ഷേമകരവുമായ ആധുനിക സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാവുന്ന വിധം  നിരവധി കർഷക കൂട്ടായ്മകളോ സഹകരണസംവിധാനങ്ങളോ ആവിഷ്കരിച്ചുകൊണ്ട്  പരിഹരിക്കാവുന്ന ഒരു വിഷയം, അപരിഹാര്യമായ പ്രശ്നമായി അവതരിപ്പിച്ച് കോർപ്പറേറ്റ്ഭൂമാഫിയകളെ ചവിട്ടിപ്പുറത്താക്കിയാൽ മഹാദുരന്തം സംഭവിക്കുമെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. കോർപ്പറേറ്റ് മൂലധന ദാസ്യപ്പണി ചെയ്യുന്ന സ്ഥാപനങ്ങളേയും ഇടനിലക്കാരെയും ഒഴിവാക്കി ഉത്പാദന പ്രക്രിയയിലും അതിൻറെ മാനേജ്മെന്റിലും തൊഴിലാളികളുടെയും മണ്ണിൻറെ മക്കളുടെയും പങ്കാളിത്തം ഉറപ്പാക്കി സാമൂഹ്യപുരോഗതിയുടെ നേതൃത്വത്തിലേക്ക് അവരെ തട്ടിയുണർത്തുന്നതാണ് ജനപക്ഷ നിലപാട്. മാർക്സിന്റെയും  ലെനിന്റെയും  കൊളോണിയൽ തിസീസിലെയും ഉദ്ധരണികൾ യാന്ത്രികമായി വിശ്വാസപ്രമാണം കണക്കെ ഉദ്ധരിച്ച് തുണ്ടുവൽക്കരണം എന്ന ഉമ്മാക്കി കാട്ടി വ്യവസ്ഥാ സംരക്ഷണത്തിനും അതിന്റെ രാഷ്ട്രീയ നേതൃത്വത്തിനും കുടപിടിക്കുന്ന, അതുവഴി മാർക്സിസത്തിന് അവമതിപ്പ് ഉണ്ടാക്കുന്ന പാഠപുസ്തക മാർക്സിസ്റ്റുകളെ തുറന്നുകാട്ടുന്നതിൽ ഉപേക്ഷ കാണിക്കേണ്ടതില്ല എന്ന് മാത്രം സൂചിപ്പിക്കട്ടെ.

 

 

  1. ഇനി നമുക്ക് കേവല നിയമ വാദികളുടെ നിലപാടിലേക്ക് വരാം. കോർപറേറ്റുകളുടെയും വൻകിട സാമ്പത്തിക ശക്തികളുടെയും നിയമലംഘനങ്ങളും അവയ്ക്ക് സർക്കാർ കുടപിടിക്കുന്നതും അതിനായി മുഴുവൻ ഭരണസംവിധാനത്തെയും കോടതിയേയും വരുതിയിലാക്കുന്നതും അതുവഴി നിയമ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതും ഇവർക്ക് വിഷയമല്ല. ആദിവാസികൾ തൊവരിമലയിലെ മിച്ചഭൂമിയിൽ കയറിയപ്പോൾ അഥവാ മർദ്ദിതരും അടിച്ചമർത്തപ്പെട്ടവരും അവകാശങ്ങൾക്ക് ഉയർത്തെഴുന്നേൽക്കുമ്പോൾ മാത്രം നിയമബോധം വരുന്നവരാണ് ഇവർ. ഇവർ ചൂണ്ടിക്കാട്ടുന്ന ഒന്നാമത്തെ നിയമപ്രശ്നം മേൽസൂചിപ്പിച്ച എൻജിഒ കൾ ഉന്നയിക്കുന്നത് പോലെ തൊവരിമലയിൽ ആദിവാസികൾ കയറിയത് വനഭൂമിയിൽ ആണെന്നും അത് നിയമവിരുദ്ധമാണെന്നും ആണ്. പൊതുവേ ഹാരിസൺസ് ഉൾപ്പെടെയുള്ള കോർപ്പറേറ്റ് ഭൂമാഫിയകളുടെ പാദസേവകരായ രാഷ്ട്രീയ കേന്ദ്രങ്ങളും സർക്കാരും ഈ വാദഗതി ഉപയോഗിച്ചാണ് ആദിവാസി സമരത്തെ അടിച്ചമർത്തുന്നത്. ഇന്ന് വനനശീകരണത്തിന് പിന്നിൽ വനവകുപ്പും വനഭൂമാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന വസ്തുത ബോധപൂർവം മറച്ചുപിടിക്കുകയും വനങ്ങൾ സംരക്ഷിച്ചു പോന്നത് ചരിത്രപരമായി ആദിവാസികൾ ആണെന്നും അവർക്ക് ഒരിക്കലും വനം നശിപ്പിക്കാനാവില്ല എന്നുമുള്ള വസ്തുത ഇക്കൂട്ടർ തമസ്കരിക്കുന്നു. ആദിവാസികൾക്ക് മുൻകൈ ഉള്ള പങ്കാളിത്ത വനപരിപാലനം ആണ് ശാസ്ത്രീയമായ വനസംരക്ഷണമെന്ന, ഇന്ന് എത്തിച്ചേർന്നിട്ടുള്ള ശരിയായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് 2006ൽ ഇന്ത്യയിൽ വനാവകാശ നിയമം പാസാക്കിയിട്ടുള്ളത്. ഈ കേന്ദ്ര നിയമം നിലനിൽക്കുന്ന കാലത്തോളം വനത്തിൽ കയറി എന്നതിൻറെ പേരിൽ ഒരു സർക്കാരിനും ആദിവാസികളെ അടിച്ചമർത്താനാവില്ല. 2006ലെ നിയമപ്രകാരം വനത്തിന്മേൽ അവകാശം മാത്രമല്ല അധികാരവും ആദിവാസികൾക്കാണ്.

 

 

കേവല നിയമവാദികൾ ഉന്നയിക്കുന്ന രണ്ടാമത്തെ വിഷയം ആദിവാസികൾ കയറിയ ഭൂമി അഥവാ സമരഭൂമി മിച്ചഭൂമിയല്ല എന്നാണ്. മിച്ചഭൂമി കാട്ടിക്കൊടുത്താൽ വിതരണം ചെയ്യാൻ സർക്കാർ ബാധ്യസ്ഥരാണെന്നും സർക്കാരിൻറെ വക്താക്കൾ കൂടിയായ ഇവർ ചൂണ്ടിക്കാട്ടുന്നു. തീർച്ചയായും തൊവരിമലയിലെ ആദിവാസികൾ ആവശ്യപ്പെട്ടത് വനഭൂമി ആയിരുന്നില്ല. ചട്ടപ്രകാരം അവർക്ക് ലഭിക്കേണ്ട മിച്ചഭൂമി ആയിരുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ച ഉത്തരം പറയേണ്ടത് കേരളം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണി സർക്കാരുകളാണ്. 1957ലെ ഇ എം എസ് സർക്കാരിൻറെ കാലത്ത് ആരംഭിച്ച് 1970-കളിൽ അച്യുതമേനോൻ സർക്കാരിൻറെ കാലത്ത് പൂർത്തീകരിച്ചതായി പറയുന്ന ഭൂപരിഷ്കരണം തിരിച്ചറിഞ്ഞതും  ഏറ്റെടുക്കപ്പെട്ടു എന്ന് സർക്കാർ അവകാശപ്പെടുന്നതുമായ  ലക്ഷക്കണക്കിന് ഏക്കർ ഭൂമി എവിടെയാണെന്ന് ചൂണ്ടിക്കാട്ടേണ്ടത് ഭൂരഹിതരായ ആദിവാസികളും ദളിതരും ഇതര ഭൂരഹിതരും അല്ല. ഇപ്പോൾ കേരളം ഭരിക്കുന്ന പിണറായി സർക്കാരും മുൻ സർക്കാരുകളും ആണ്. 1957ൽ ഏഴര ലക്ഷം ഏക്കർ മിച്ചഭൂമി ഭൂമി ഉണ്ടെന്ന് സർക്കാർ അവകാശപ്പെട്ടതിൽ ഇതുവരെ വിതരണം ചെയ്യാനായത് ഒരു ലക്ഷത്തിൽ താഴെ ഏക്കർ ഭൂമി മാത്രമാണെന്ന് ഔദ്യോഗിക രേഖകൾ പറയുന്നു.  ബാക്കി ഭൂമി എവിടെ പോയെന്നതിന് ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇല്ല. ഭൂപരിഷ്കരണത്തിലൂടെ ആധിപത്യത്തിലേക്ക് വന്ന പുതിയ ഭൂവുടമ വർഗ്ഗം ഭരണത്തിന്റെ തണലിൽ അത് അടിച്ചു മാറ്റുകയാണ് ചെയ്തത്.

 

 

ഇതിനു പുറമേയാണ് 1970ൽ ഹാരിസണും ടാറ്റയും ഇതര തോട്ടം മാഫിയകളും കയ്യേറിയ ഭൂമിയുടെ ഒരു ഭാഗം മിച്ചഭൂമിയായി അച്യുതമേനോൻ സർക്കാർ ഏറ്റെടുത്തത്. വയനാട്ടിൽ മാത്രം ഹാരിസൺസിൽ നിന്ന് അയ്യായിരത്തോളം ഏക്കർ ഇപ്രകാരം ഏറ്റെടുത്തു. ഇത് ആദിവാസികൾക്കും ഭൂരഹിതർക്കും ചട്ടപ്രകാരം വിതരണം ചെയ്യാതെ 1971ലെ വെസ്റ്റിംഗ് ആൻഡ് അസൈൻമെൻറ് ആക്ട് അനുസരിച്ച് ധനവകുപ്പിൽ നിക്ഷിപ്തമാക്കി പ്രശ്നം പരിഹരിച്ചുവെന്നതാണ് ഇപ്പോൾ ആദിവാസി വിരുദ്ധർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇപ്രകാരം മിച്ചഭൂമിയായി പ്രഖ്യാപിച്ച ഭൂമിയിൽ ടാറ്റയും ഹാരിസണും വീണ്ടും നിയന്ത്രണത്തിലാക്കുകയായിരുന്നു. വിഎസ്   മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറിൽ പോയി തിരിച്ചുപിടിച്ചതായി പറയുന്ന ഭൂമി മുമ്പ് മിച്ചഭൂമിയായി പ്രഖ്യാപിച്ചതും ടാറ്റ വീണ്ടും വരുതിയിലാക്കിയതും ആയിരുന്നു. തോട്ട മാഫിയകളുടെ രാഷ്ട്രീയ കങ്കാണിമാരായ ഇടതു-വലതു നേതൃത്വങ്ങളും വനംവകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥന്മാരും ഇതിനെല്ലാം കൂട്ടുനിന്നു. മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങൾ തോട്ട മാഫിയയ്ക്ക് വീണ്ടും കൈകാര്യം ചെയ്യാൻ കഴിയാത്തവിധം ജണ്ടയിട്ടും മറ്റും വേർതിരിച്ചതുമില്ല. തൽഫലമായി 1957ൽ മിച്ചഭൂമിയായി പ്രഖ്യാപിച്ച പാട്ടപ്രദേശങ്ങൾ എങ്ങനെ നഷ്ടപ്പെട്ടുവോ ഏതാണ്ട് അതേ രീതിയിൽ 1970ൽ മിച്ചഭൂമിയായി ഏറ്റെടുത്തു എന്നുപറയുന്ന പ്രദേശങ്ങളും പൂർണമായും മണ്ണിൻറെ മക്കൾക്ക് നഷ്ടപ്പെട്ടു.

 

 

അതേസമയം തൊവരിമലയിൽ ആദിവാസികൾ പ്രവേശിച്ച ഭൂമി വനഭൂമിയാണെന്ന് സർക്കാരിന്റെയും ഭരണവർഗ്ഗ പാർട്ടിയുടെ വക്താക്കളുടെയും വിമർശനം  എത്രമാത്രം അപഹാസ്യമാണെന്ന് കൂടി കാണണം. ദശാബ്ദങ്ങൾക്ക് മുമ്പ് ഹാരിസണിൽ നിന്ന് ഏറ്റെടുത്തതായി പറയുന്ന ഈ ഭൂമി ഹാരിസൺസ് തന്നെ വനംവകുപ്പിന്റെ ഒത്താശയോടെ കൈകാര്യം ചെയ്തതിന്റെ തെളിവുകളും ലഭ്യമാണ്. ദശാബ്ദങ്ങൾക്കുമുമ്പ് ഏറ്റെടുത്തിട്ടും കഴിഞ്ഞവർഷംവരെ ഈ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവുകളിൽ ആളുകൾ താമസിച്ചതിന്റെ തെളിവുകൾ സമരസമിതിയുടെ പ്രവർത്തകർ കണ്ടെത്തുകയുണ്ടായി. ഹാരിസൺസ്  തൊഴിലാളികളും ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി. നിക്ഷിപ്ത വനമായി ഏറ്റെടുത്തു എന്നു പറയപ്പെടുന്ന ഭൂമി ഭൂമാഫിയകൾക്ക് യഥേഷ്ടം ഉപയോഗിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്ന അപമാനകരമായ സ്ഥിതിയാണിത്. അതായത് നിയമപരമായി സർക്കാർഭൂമി ആയാലും തോട്ട മാഫിയകൾക്ക് അത് ഉപയോഗിക്കാൻ തടസമില്ല. ആദിവാസികൾ അവിടെ പ്രവേശിക്കുമ്പോൾ മാത്രമാണ് നിക്ഷിപ്തവനം പോലുള്ള ഉള്ള നിയമപരവും സാങ്കേതികവുമായ പ്രശ്നങ്ങൾ ഉയർന്നു വരുന്നത്.

 

 

 

ചുരുക്കത്തിൽ ആദിവാസികളുടെ സമരത്തെ അടിച്ചമർത്തുന്നതിനും അവർക്ക് ഭൂമി നിഷേധിക്കുന്നതിനും മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ള വാദഗതികൾ കോർപ്പറേറ്റ് ഭൂമാഫിയയ്ക്ക് വീടുപണി ചെയ്യുന്നതിനുള്ളതാണ്. ഇവിടെ ഉയർന്നു വരുന്ന പ്രശ്നം മിച്ചഭൂമിയുടെ മാത്രമല്ല, അഞ്ചേക്കാൽ ലക്ഷം ഏക്കർ ഭൂമി നിയമവിരുദ്ധമായി വിദേശ തോട്ട കുത്തകകളും അവരുടെ ഇന്ത്യൻ ബിനാമികളും കൈവശപ്പെടുത്തിയിരിക്കുന്നതും അവർക്ക് ഭരണസംവിധാനം അപ്പാടെ കീഴ്പ്പെടുത്തി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ഭരണഘടനാ ലംഘനവുമാണ്. കേരളത്തിൻറെ ജനാധിപത്യവൽക്കരണത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന ഇക്കാര്യത്തെ ജനപക്ഷത്ത് നിന്ന് സമീപിക്കാതെ ഒരിഞ്ചുപോലും പുരോഗമന  ദിശയിൽ കേരളത്തിന് മുന്നേറാനാകില്ലെന്ന് തിരിച്ചറിയുകയാണ് മുഖ്യമായിട്ടുള്ളത്.

 

ആദിവാസികളുടെ ഭൂസമരത്തിനെതിരായ കുപ്രചരണങ്ങളും വസ്തുതകളും - പി ജെ ജെയിംസ്

159 K2_VIEWS
Kabeer Katlat

Media

The Communist movement in India has a history of almost a century after the salvos of October Revolution in Russia brought Marxism-Leninism to the people of India who were engaged in the national liberation struggle against the British colonialists. It is a complex and chequered history.