മസാല ബോണ്ടിൻ്റെ രാഷ്ടീയം - പി.ജെ. ജയിംസ്

12 June 2019

2019 മേയ് 17ന് കേരള മുഖ്യമന്ത്രി ആഗോള കോർപ്പറേറ്റ് മൂലധനത്തിൻ്റെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രങ്ങളിലൊന്നായ ലണ്ടൻ ഓഹരി വിപണി തുറന്നതും അതുവഴി 'ലോകത്തിൻ്റെ നെറുകയിൽ കേരളം  തലയുയർത്തി നിന്നതും' സർക്കാർ വൃത്തങ്ങളും സിപിഎമ്മും വലിയ ആഘോഷമായി കൊണ്ടാടുകയുണ്ടായി. കിഫ്​ബി (Kerala Infrastructure Investment Fund Board -KIIFB) പുറത്തിറക്കിയ ‘മസാല ബോണ്ട്​’ ലണ്ടൻ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ ലിസ്​റ്റ്​ ചെയ്​തതിലൂടെ ലോക ഊഹ മൂലധന വിപണിയിൽ പ്രവേശിച്ച ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിനു കൈവന്നത് വികസന കാര്യത്തിൽ വലിയ കുതിച്ചു ചാട്ടത്തിന് വഴിവെച്ചിരിക്കുന്നു എന്നാണ് ഔദ്യോഗിക വിലയിരുത്തൽ.  മൂന്നു വർഷംകൊണ്ട്​ കിഫ്​ബിയിലൂടെ അടിസ്​ഥാന സൗകര്യ വികസനത്തിനായി ആഗോള ഓഹരി വിപണികളിലെ ഊഹ ഇടപാടുകാരിൽനിന്നും 5000 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള വിപുലമായ പദ്ധതികൾക്കാണ് കേരള സർക്കാർ തുടക്കമിട്ടിരിക്കുന്നത്. പിണറായിയുടെ ലണ്ടൻ ഓഹരി വിപണി തുറക്കൽ ‘ നിക്ഷേപ സൗഹൃദ കേരള’ത്തിൻ്റെ ‘ഇച്ഛാശക്തിയുടെ മണിമുഴക്ക’മായും  ലണ്ടനിലെയും മറ്റും കോർപറേറ്റ്​ ബോർഡ്​ റൂമുകളിൽ ഇന്ത്യയിൽനിന്നുള്ള ഏറ്റവും സ്വീകാര്യൻ കേരള മുഖ്യനായതിനെ പ്രകീർത്തിച്ചും നിയമസഭയിൽ ഘോര പ്രസംഗങ്ങൾ തന്നെ നടക്കുകയുണ്ടായി. കേന്ദ്ര സർക്കാരിൻ്റെ നവ ഉദാര നയങ്ങൾക്കെതിരെ ഇടതു കേരളത്തിൻ്റെ ഫലപ്രദമായ രാഷ്​​ട്രീയ ഇടപെടലായിട്ടു കൂടിയാണ് കിഫ്ബിയും മസാല ബോണ്ടും ലണ്ടൻ ഓഹരി വിപണി പ്രവേശനവും മറ്റും വ്യാഖ്യാനിക്കപ്പെടുന്നത്. തീർച്ചയായും, ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങൾ ഗൗരവമായ പരിശോധന ആവശ്യപ്പെടുന്നുണ്ട്.

 

 മസാല ബോണ്ട് ലണ്ടൻ വിപണിയിലെത്തിയ വഴി 

 

മുതലാളിത്ത ചരിത്രത്തിൽ, ഓഹരി കൈമാറ്റം ഇംഗ്ലീഷ്​ ഈസ്​റ്റ്​ ഇന്ത്യ കമ്പനിയുടെ രൂപവത്​കരണം മുതൽ ആരംഭിക്കുന്നുണ്ടെങ്കിലും മുതലാളിത്ത വികാസത്തിൻ്റെ ഭാഗമായി അതിനൊരു ഔപചാരിക സംവിധാനം ഉണ്ടാകുന്നത്​ 1801ൽ ലണ്ടൻ സ്​റ്റോക്​ എക്​സ്ചേഞ്ച്​ നിലവിൽ വരുന്നതോടെയാണ്​. പിന്നീട്​  ഒന്നര ദശാബ്ദത്തിനു ശേഷം 1817ലാണ്​ ന്യൂയോർക്​ സ്​റ്റോക്​ എക്​സ്ചേഞ്ച്​ സ്ഥാപിതമായത്​. മുതലാളിത്ത വികാസത്തിന്​ സൗകര്യ​പ്രദമായ മൂലധന സമാഹരണ സംവിധാനമെന്ന നിലയിൽ ആരംഭിച്ചതെങ്കിലും മുതലാളിത്തം ജീർണിക്കുകയും സാമ്രാജ്യത്വമായി പരിണമിക്കുകയും ചെയ്ത പ്രക്രിയയിൽ ഓഹരി വിപണി പൂർണമായും ഊഹക്കച്ചവടത്തിൽ അധിഷ്​ഠിതമായ ചൂതാട്ട വിപണിയായി പരിണമിക്കുകയാണ്​ ചെയ്​തത്​. ഊഹക്കുത്തകകളെ സംബന്ധിച്ചിടത്തോളം ഞൊടിയിടക്കുള്ളിൽ വൻ സമ്പത്തു സമാഹരണത്തിനുള്ള ഉപാധിയായി സ്​റ്റോക്​ എക്​സ്ചേഞ്ച്​ പരിണമിച്ചതോടെ മുതലാളിത്ത ലോകത്തിലെ വൻസാമ്പത്തിക തകർച്ചകളും ഓഹരിവിപണിയിലെ ഏറ്റിറക്കങ്ങളുമായി ഉദ്​ഗ്രഥിക്കപ്പെട്ടു. ഇതിനിടയിൽ താരതമ്യേന അപടക സാധ്യത കുറഞ്ഞ ഒരു മേഖലയായി ബോണ്ട്​ അഥവാ കടപ്പത്ര വിപണി ഓഹരി വിപണിയോടനുബന്ധിച്ച്​ വളർന്നുവന്നത്​ 20ാം നൂറ്റാണ്ടുമുതലാണ്​. ഓഹരിവിപണിയിലെ ഡീലർമാരും ബ്രോക്കർമാരും തന്നെയാണ്​ ബോണ്ട്​ വിപണിയും കൈകാര്യം ചെയ്യുന്നതെങ്കിലും നിശ്ചിതവരുമാനം പലിശയുടെ രൂപത്തിൽ ഉറപ്പാക്കുന്ന ഒന്നായതിനാൽ ബോണ്ടുകളിൽ നിക്ഷേപിക്കാനും ഓഹരി ഇടപാടുകാർ തയാറായി. അതേസമയം, ഉൽപാദനപ്രവർത്തനങ്ങളിലേർപ്പെടാതെ സമ്പത്തു സമാഹരിക്കാനുള്ള ഉറവിടമായി ബോണ്ടു വിപണിയും അതിലെ ക്രയവിക്രയങ്ങളും ക്രമേണ വികസിച്ചു.

 

 എന്നാൽ, സ്വന്തം രാജ്യത്തിനുപുറത്ത്​ ബോണ്ടുകളിറക്കി സർക്കാറും സ്​ഥാപനങ്ങളും 'വിഭവ സമാഹരണം' നടത്തുന്ന പതിവ്​ ലോക മുതലാളിത്തം അഭൂതപൂർവമായ പ്രതിസന്ധി നേരിട്ട 1930കൾ മുതലാണ്​ ശക്​തിപ്പെടുന്നത്​. ‘യാങ്കി ബോണ്ട്​’ (Yanki Bond)എന്ന പേരിൽ ഇതിനു തുടക്കമിട്ടത്​, ലോക സാമ്പത്തിക അധ:പതന (World Economic Depression) ത്തിൻ്റെ പശ്ചാത്തലത്തിൽ അമേരിക്കയാണ്​. ജപ്പാനാകട്ടെ ‘സമുറായ് ബോണ്ട്​’ (Samurai Bond)എന്ന പേരിൽ വിദേശത്തു കടപ്പത്രം ഇറക്കുന്ന ഏർപ്പാട്​ 1970കളിലാണ്​ ആരംഭിച്ചത്​. കെയ്​നീഷ്യൻ ക്ഷേമരാഷ്​ട്രത്തിൻ്റെ തകർച്ചയെത്തുടർന്ന്​ നവഉദാരീകരണം ആധിപത്യത്തിലേക്കു വന്നതോടെ വിദേശ ഓഹരി വിപണികളിൽ ബോണ്ടിറക്കി വിഭവസമാഹരണം നടത്തുന്നത്​ വ്യാപകമായി. ഉദാഹരണത്തിന്​, മുതലാളിത്തപാത ആ​ശ്ലേഷിച്ച ചൈനയിലെ ഉദ്യോഗസ്​ഥ മേധാവിത്വ ഭരണകൂടം ‘കുങ്​ഫു ബോണ്ട്​’ (Kungfu Bond) എന്ന പേരിലും ആസ്ട്രേലിയ ‘കംഗാരു ബോണ്ട്​’ (Kangaroo Bond) എന്ന പേരിലും വിദേശ ഊഹ മൂലധന വിപണയിൽ ബോണ്ടിറക്കിത്തുടങ്ങിയത്​ 21ാം നൂറ്റാണ്ടി​ൻ്റെ ആദ്യദശകങ്ങളിലാണ്​. എന്നാൽ, സാമ്പത്തിക നയരൂപവത്​കരണം അമേരിക്കക്കു വീറ്റോ അധികാരമുള്ള ലോകബാങ്കി​ൻ്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും തീട്ടൂരങ്ങൾ പ്രകാരം നടക്കുന്ന ഇന്ത്യയെപോലുള്ള പുത്തൻ കൊളോണിയൽ രാജ്യങ്ങൾക്ക്​ വിദേശ ഊഹക്ക​മ്പോളത്തിൽ ഇപ്രകാരം ബോണ്ടിറക്കി പണം സമാഹരിക്കാനുള്ള അനുമതിക്കായി വീണ്ടും കാത്തിരിക്കേണ്ടിവന്നു. പറഞ്ഞുവരുന്നത്​, ‘മസാല ബോണ്ട്​’ (സുഗന്ധവ്യഞ്ജനങ്ങളുടെ ഇന്ത്യൻ പേരാണ്​ മസാല )എന്ന പേരിൽ ഇന്ത്യക്കും ​‘കൊമോഡോ ബോണ്ട്​ (കൊമോ​ഡോ എന്നത്​ ഇ​ന്തോനേഷ്യയിലെ ഡ്രാഗ​ൻ്റെ പേരാണ്​) എന്ന പേരിൽ ഇന്തോനേഷ്യക്കും സമാനമായ രീതിയിൽ മറ്റു രാജ്യങ്ങൾക്കും ആഗോളവിപണയിൽനിന്ന്​ ബോണ്ടിറക്കി പണം സമാഹരിക്കാനായത്​ ക്ഷേമ രാഷ്​ട്രത്തി​ൻ്റെയും സർക്കാർ ഇട​ പെടലുകളുടെയും അവശേഷിക്കുന്ന ഘടകങ്ങൾ കൂടി ഇല്ലാതാക്കി കോർപറേറ്റ്​ മൂലധനത്തിന്​ സർവതന്ത്രസ്വാതന്ത്ര്യം അനുവദിച്ചതോടെയാണ്​.

 

 ഇന്ത്യയെ സംബന്ധിച്ച് പറയുകയാണെങ്കിൽ, ‘മസാല ബോണ്ട്​’ എന്ന നാമകരണം പോലും നടത്തുന്നത്​ ലോകബാങ്കി​ൻ്റെ സഹോദരി സ്​ഥാപനം (sister institution) എന്ന നിലയിൽ വാഷിങ്​ടൺ കേ​ന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്നതും ലോകമെങ്ങും സ്വകാര്യ-കോർപറേറ്റ്​ മൂലധനത്തിന്​ പാത സുഗമമാക്കുകയെന്ന ഏകലക്ഷ്യം മാത്രം പിന്തുടരുന്നതുമായ ഇൻറർനാഷനൽ ഫിനാൻസ്​ കോർപറേഷൻ (International Finance Corporation - IFC) ആണ്​. ഇതിനു പശ്ചാത്തലമൊരുക്കിയത് നവ ഉദാരവൽക്കരണ (neoliberalism) മാണ്. തീർച്ചയായും, വിഭവസമാഹരണത്തിന്​ ആഭ്യന്തര വിപണിയെ ആശ്രയിക്കുകയെന്ന ‘സ്വാശ്രിത’ (self reliant) സമീപനം കൈയൊഴിച്ച്​, വിദേശ ഊഹമൂലധന കേന്ദ്രങ്ങളെ ആശ്രയിക്കുന്നതരത്തിൽ ഇന്ത്യയുടെ സാമ്പത്തിക നയരൂപവത്​കരണത്തിൽ അമേരിക്കൻ ചിന്താസംഭരണികളും ബ്രട്ടൺവുഡ്​സ്​സ്​ഥാപനങ്ങളും (നിധി-ബാങ്ക്​ ദ്വയം) കൂടുതൽ പിടിമുറക്കിയത്​ വാജ്​പേയിയുടെ ഭരണകാലത്തെ രണ്ടാം തലമുറ പരിഷ്കാരങ്ങളി (second generation reforms) ലൂടെയായിരുന്നു. രണ്ടാം ലോക യുദ്ധാനന്തരമുള്ള ഏറ്റവും ബൃഹത്തായ കോർപറേറ്റാഭിമുഖ്യ നികുതി പരിഷ്കാരമായ ജിഎസ്ടി യിലേക്കെത്തിയ മൂല്യവർധിത നികുതി നടപ്പാക്കുന്നതിനുള്ള ഉന്നതാധികാര സമിതിയുടെ ചെയർമാനായി അമേരിക്കൻ മസാച്ചു​ സെറ്റ്സ് ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്നോളജി (MIT )യിൽ നിന്ന്​​ പഠനം പൂർത്തിയാക്കിയ പശ്ചിമബംഗാൾ ധനമന്ത്രി അസിംദാസ്​ ഗുപ്​തയെ വാജ്​പേയി നിയമിച്ചതും ഇതി​ൻ്റെ ഭാഗമായിട്ടായിരുന്നു. അതോടൊപ്പം, നവ ഉദാരകേന്ദ്രങ്ങളുടെയും നിധി-ബാങ്ക്​ ദ്വയത്തിൻ്റെയും സമ്മർദ്ദപ്രകാരം സർക്കാറി​ൻ്റെ സമ്പദ്​ഘടനയിലെ പങ്ക്​ കുറച്ച്​ (downsizing), അതിനെ ഒരു ​ കോർപറേറ്റ്​ സഹായി (corporate facilitator) യായി പരിവർത്തിപ്പിച്ച ധന ഉത്തരവാദിത്ത നിയമം (Fiscal Responsibility and Budget Management Act-FRBM act) 2003ൽ പാസാക്കിയതും വാജ്പേയി സർക്കാറാണ്​. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടുകൊണ്ടു പോകുന്നതിനാണ്​ പിന്നീടു വന്ന മൻമോഹൻ ഭരണവും ശ്രദ്ധ കേന്ദ്രീകരിച്ചത്​.

 എന്നാൽ, 2014ൽ ‘ഗുജറാത്ത്​ മോഡലി’ലൂടെ തീവ്രവലതു​ കോർപറേറ്റാഭിമുഖ്യ നയങ്ങൾക്കു പേരുകേട്ട ​ മോദി പ്രധാനമന്ത്രി പദത്തിലെത്തിയതോടെ ആഗോള മൂലധന കേന്ദ്രങ്ങൾ സാമ്പത്തിക നയരൂപവത്​കരണത്തിൽ കൂടുതൽ പ്രകടമായി കടന്നു തുടങ്ങി. നെഹ്​റു വിയൻ നയങ്ങളൂടെ മൂലക്കല്ല്​ എന്നു കരുതിപ്പോന്ന ആസൂത്രണ കമീഷനെ മോദി പിരിച്ചുവിടുകയും വികസനപ്രവർത്തനങ്ങളിൽ സർക്കാർ മുൻകൈ അവസാനിപ്പിക്കുകയും ചെയ്തു. കോർപറേറ്റുകളെ കൊഴുപ്പിക്കുന്ന പിപിപി (Public - Private - Partnership - PPP) പദ്ധതികളിലൂന്നി അടിസ്​ഥാനസൗകര്യ വകസനം (infrastructure development)  ഉറപ്പാക്കും വിധം ഇൻറർനാഷനൽ ഫിനാൻസ്​ കോർപറേഷൻ (IFC) സജീവമായി ഇന്ത്യയിലേക്കു കടന്നുവന്നത്​ ഈ പശ്ചാത്തലത്തിലാണ്​. ആയിരത്തിലധികം വൻകിട പിപിപി പദ്ധതികളിലൂടെ ഇന്ത്യ ലോകത്തേറ്റവും വലിയ പിപിപി കമ്പോളമായതിനൊപ്പം ഇതിനാവശ്യമായ മൂലധന സമാഹരണത്തിന്​ വിദേശ മൂലധന വിപണികളെ ആശ്രയിക്കാവുന്ന തരത്തിൽ 2016ൽ ‘നിഫ്​ബി’ (National Infrastruture Investment Fund Board) സ്ഥാപിക്കപ്പെടുന്നതും വാഷിങ്​ടൺ ആസ്ഥാനമായ ഐഎഫ്​സിയുടെ ഉന്നത ഉദ്യോഗസ്​ഥനെ തന്നെ നിഫ്​ബി യുടെ ചീഫ്​ എക്​സിക്യൂട്ടിവ്​ സ്​ഥാനത്തു പ്രതിഷ്​ഠിക്കുന്നതും ഇൗ സന്ദർഭത്തിലാണ്​. ഈ പ്രക്രിയയുടെ അഭിവാജ്യഘടകമാണ്​ ഐഎഫ്​സി മു​ന്നോട്ട്​ വെച്ച ‘മസാല ബോണ്ട്​’ എന്ന ആശയം.

 

 പിണറായി സർക്കാരും മസാല ബോണ്ടും

 

പിണറായി സർക്കാർ ‘മസാല ബോണ്ടി’ലേക്കെത്തിയതിനു പിന്നിൽ നവ ഉദാരവൽക്കരണത്തിൻ്റെ ദീർഘിച്ച പ്രക്രിയ യുണ്ട്​. 1990കളിൽ നവഉദാരീകരണം ആരംഭിച്ചതുമുതൽ ഇതരസംസ്​ഥാനങ്ങളെ അപേക്ഷിച്ച്​ ആഗോളീകരണ കാര്യത്തിൽ കേരളം ഇടതു-വലതു മുന്നണി ഭേദമെന്യേ എക്കാലവും കേന്ദ്രസർക്കാറിന്​ ഒരുപടി മുന്നിലായിരുന്നു. സാമ്രാജ്യത്വ ചിന്താ സംഭരണികളുടെ ഇടപെടലുകളിലൂടെ ആവിഷ്കരിച്ച ‘ജനകീയാസൂത്രണ’ത്തി​ൻ്റെ മറവിൽ നായനാർ സർക്കാർ നടപ്പാക്കാൻ ശ്രമിച്ച ഏഷ്യൻ ഡവലപ്​മെൻറ്​ ബാങ്കിൻ്റെ ‘മോഡേണൈസിങ്​ ഗവ​ൺമെൻറ്​ പ്രോഗ്രാം’ (MGP) പോലുള്ള നവ ഉദാര പരിപാടികളിൽ വരെ വേരുകളുള്ളതാണത്.  വിഭവസമാഹരണത്തിൽ സർക്കാറിനും ബജറ്റിനുമുള്ള പ്രാമുഖ്യം കുറക്കുന്ന തരത്തിൽ ഒരു സ്വത​ന്ത്ര വിഭവസമാഹരണ സംവിധാനമായി, നവ ഉദാരീകരണത്തിൽ ഇതര സംസ്​ഥാനങ്ങൾക്ക്​ മാതൃകയായി, 1999ൽ നായനാർ  സർക്കാരിൻ്റെ കാലത്തു തന്നെ കിഫ്ബി നിലവിൽ വരികയുണ്ടായി. അതേസമയം, ആഭ്യന്തര വിപണിയിൽനിന്ന്​ കടപ്പത്രം വിറ്റു പണമെടുക്കാനുള്ള അധികാരമേ നിലവിലെ കേന്ദ്രനയങ്ങൾ പ്രകാരം അന്ന് അതിനു കഴിയുമായിരുന്നുള്ളൂ. റോഡുകൾ, തോടുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങി സർക്കാറിനു കുറഞ്ഞത്​ 40 ശതമാനം പങ്കുള്ള സംയുക്തസംരഭങ്ങളിൽ മാത്രമേ കിഫ്​ബി പണം വിനിയോഗിക്കാവൂ എന്ന വ്യവസ്​ഥയും ഉൾപ്പെടുത്തേണ്ടിവന്നിരുന്നു. അതേസമയം, ബജറ്റിനുപുറത്ത്​ വിഭവസമാഹരണം നടത്തുകയെന്ന നവഉദാരദർശനത്തിൽ അധിഷ്​ഠിതമാണ്​ തുടക്കം മുതൽ കിഫ്ബി. അത്ഭുതകരമെന്നു പറയ​ട്ടെ, ലോകബാങ്കും ഐഎംഎഫും ആവശ്യപ്പെട്ടതു പ്രകാരം, മുമ്പു സൂചിപ്പിച്ച ധന ഉത്തരവാദിത്ത നിയമം 2003ൽ കേന്ദ്ര ഗവൺമെൻറ്​ പാസാക്കുന്നതിനു മുമ്പു തന്നെ കേരള നിയമസഭ അംഗീകരിച്ചിരുന്നു. അതേസമയം, ലോകബാങ്കും ഐഎഫ്​സിയും ‘മസാല ബോണ്ട്​’ എന്ന ആശയം അന്ന്​ മുന്നോട്ടു​ വെച്ചിരുന്നില്ല.

എന്നാൽ, 2014ൽ മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിൻ്റെ തുടർച്ചയായി,  2016ൽ സാമ്പത്തിക നയങ്ങളിൽ അതേ തരംഗദൈർഘ്യമുള്ള പിണറായി ഭരണം കേരളത്തിലും അധികാരമേറ്റതോടെ സ്​ഥിതിഗതികൾ പെട്ടെന്നു മാറി. ഭരണസിരാകേന്ദ്രം വരെ അഴിമതിക്കാരുടെ വിഹാര രംഗമാക്കിയതിന്​ കടുത്ത ജനരോഷത്തിൻ്റെ ഫലമായി അധികാരത്തിൽ നിന്നു പുറത്തുപോയ ഉമ്മൻചാണ്ടി ഭരണത്തിൻ്റെ അവസാനകാലത്തു മാത്രമാണ്​ ലോകബാങ്ക്​ ആവിഷ്​കരിച്ച നിക്ഷേപസൗഹൃദമാക്കൽ (ease of doing business) എന്ന ആശയം സർക്കാർ തലത്തിൽ ശ്രദ്ധിക്കുക പോലും ചെയ്തത്. എന്നാൽ, 2016 മധ്യത്തിൽ അധികാരത്തിലെത്തിയ ഉടനെ കേരളത്തെ കോർപറേറ്റ്​ മൂലധനത്തിനെ​ നിഷേപസൗഹൃദമാക്കാനുള്ള പദ്ധതികൾക്ക്  പിണറായി വിജയൻ സർക്കാർ മുന്നിട്ടിറങ്ങുകയായിരുന്നു. ഇതിനായി, ലോകബാങ്കി​ൻ്റെ നിക്ഷേപസൗഹൃദ സൂചിക (ease of doing business index) യിൽ കേരളത്തി​ൻ്റെ സ്​ഥാനം ഉയർത്തുന്നതിനാവശ്യമായ പ്രോജക്​ട്​ റിപ്പോർട്ട്​ തയാറാക്കുന്നതിന്​ കെപിഎംജി (KPMG)എന്ന വിദേശ കൺസൾട്ടിങ്​ ഏജൻസിയെ നിയമിച്ചു. കോർപറേറ്റുകൾക്കുവേണ്ടി ദേശവിരുദ്ധ പ്രവർത്തനം നടത്തിയതിന്​​ നിരവധി രാജ്യങ്ങൾ കരിമ്പട്ടിക (blacklisting) യിൽ പെടുത്തിയ കുപ്രസിദ്ധ കൺസൾട്ടിങ്​ ഏജൻസിയായ കെപിഎംജി ലോകബാങ്ക്​, എഡിബി തുടങ്ങിയ അമേരിക്കൻ നിയന്ത്രിത സ്ഥാപനങ്ങൾക്കു വേണ്ടി പഠനം നടത്തുന്നതിനൊപ്പം ബഹുരാഷ്​ട്രക്കമ്പനി കളുടെ ഇടനിലക്കാരനെന്ന നിലയിലുമാണ്​ പ്രവർത്തിക്കുന്നത്​. അതി​ൻപ്രകാരമാണ്  കേരളത്തിലും തൊഴിൽ, പരിസ്​ഥിതി, ഭൂമിയേറ്റെടുക്കൽ ചട്ടങ്ങളിൽ കോർപറേറ്റുകളാവശ്യപ്പെടുന്ന തരത്തിൽ നിക്ഷേപസൗഹൃദമാക്കൽ നടപടികൾക്ക്​ പിണറായി സർക്കാർ മു​ൻകൈ എടുത്തത്​. മുൻ പ്ലാനിങ്​ ബോർഡ്​ വൈസ്​ ചെയർമാനും ലോകപ്രശസ്​ത ഇടതു സാമ്പത്തിക വിദഗ്​ധനുമായ പ്രഭാത്​ പട്നായിക്കിനെയും മറ്റും തഴഞ്ഞ്​ ഹാർവാർഡ്​ സർവകലാശാലയിലെ നവ ഉദാരസാമ്പത്തിക വിദഗ്​ധയും ഇപ്പോൾ ഐ എം എഫിൻ്റെ മുഖ്യ സാമ്പത്തിക വിദഗ്ധയുമായ ഗീത ഗോപിനാഥിനെ പിണറായി ത​ൻ്റെ സാമ്പത്തിക ഉപദേഷ്ടാവാക്കി കോർപറേറ്റ്​ കേന്ദ്രങ്ങൾക്ക്​ വ്യക്​തമായ സന്ദേശം നൽകി. ഭരണഘടനയെയും രാജ്യത്തി​ൻ്റെ പരമാധികാരത്തെയും ലംഘിച്ച്​, വ്യാജരേഖകളുടെ അടിസ്​ഥാനത്തിൽ സംസ്​ഥാനത്തിൻ്റെ അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന കോർപറേറ്റ്​-ഭൂമാഫിയകൾ ക്കെതിരായ കോടതി കേസുകളിൽ സംസ്ഥാന താൽപര്യത്തിനു വിരുദ്ധമായ നിലപാടെടുത്തു. കൊട്ടിഘോഷിച്ച ഭൂപരിഷ്കരണത്തിനുശേഷവും ഇന്ത്യയിലേറ്റവും ഭൂരാഹിത്യവും ഭൂകേന്ദ്രീകരണവുമുള്ള കേരളത്തിൽ 30 മീറ്ററിൽ ആറുവരി പാത സർക്കാർ ചെലവിൽ പണിയാമെന്ന മുൻ സർക്കാറി​ൻ്റെ കാലത്തെ സമവായം അട്ടിമറിക്കുകയും ഇതിനായി കേന്ദ്രം അനുവദിച്ച പണം തിരിച്ചേൽപിക്കുകയും ചെയ്​തു. 45 മീറ്ററിൽ പിപിപി മോഡൽ ‘ചുങ്കപ്പാത’യെന്ന പദ്ധതിയുമായി മുന്നോട്ടു പോകുകയും ഭൂമിയേറ്റെടുക്കുന്നതിനെ എതിർക്കുന്നവരെ ഗുണ്ടാലിസ്​റ്റിൽ പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു. അദാനിയുടെ വിഴിഞ്ഞം പദ്ധതി സംസ്​ഥാന ഖജനാവിന്​ 80,000 കോടി രൂപയുടെ നഷ്​ടം വരുത്തുമെന്നു വിശദമാക്കിയ ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ റിപ്പോർട്ട്​ നിയമസഭയിലെ സമവായത്തിലൂടെ അട്ടത്തുവെച്ചു. ഇലക്ട്രിസിറ്റി ബോർഡ് അദാനിക്കും ജീവനക്കാരുടെ ഇൻഷുറൻസ് പദ്ധതി അംബാനിക്കും അടിയറ വെക്കാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നു. വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.

 

 ഇതിൻ്റെ ഭാഗമായി, ബഹുരാഷ്​ട്ര കോർപറേറ്റു കുത്തകകൾ നവഉദാരകാലത്തെ സാമ്പത്തിക സമാഹരണത്തി​ൻ്റെ മുഖ്യരൂപമായി കാണുന്ന പിപിപി പദ്ധതികളിലൂടെ സംസ്ഥാനത്തേക്കു കടന്നുവരുന്നതിനുള്ള ചുവപ്പു പരവതാനി വിരിക്കുന്നതിനാണ്​ 2016ൽ കിഫ്​ബി നിയമം പിണറായി സർക്കാർ വീണ്ടും ഭേദഗതി ചെയ്​തത്​. ഇതുപ്രകാരം മുഖ്യമന്ത്രിയും ധനമന്ത്രിയും യഥാക്രമം ചെയർമാൻ-വൈസ്​ ചെയർമാൻ പദവികൾ അലങ്കരിക്കുന്നുവെന്നതൊഴിച്ചാൽ, റിട്ടയർ ചെയ്​ത ഉന്നത ബ്യൂറോക്രറ്റുകളും കോർപറേറ്റ്​ നോമിനികളും ബാങ്കർമാരും നിയന്ത്രിക്കുന്ന ഈ സ്​ഥാപനം കോർപറേറ്റ്​ തത്ത്വങ്ങളുടെ അടിസ്​ഥാനത്തിലുള്ള ഒരു ‘സർക്കാരേതര’ കോർപ്പറേറ്റ് സ്ഥാപനമെന്ന നിലക്കാണ്​ പ്രവർത്തിക്കുന്നത്​. 2016ലെ ഭേദഗതിയോടെ സർക്കാറിന്​ നിർണായക പങ്കുള്ള സംരംഭങ്ങൾക്കു ഫണ്ടുചെയ്യുക എന്ന 1999ലെ നിലപാടിൽനിന്ന്​ പദ്ധതികളുടെ ഭാരം ‘യൂസർ​ഫീ’യുടെയും ചുങ്കപ്പിരിവി​ൻ്റെയും രൂപത്തിൽ ജനങ്ങളുടെ ചുമലുകളിലേക്കു തള്ളാനാവും വിധം പിപിപി മോഡൽ പദ്ധതികളിലേക്കുള്ള ചുവടുമാറ്റം കിഫ്ബിയിൽ പ്രകടമാണ്​. കോർപറേറ്റ്​വൽകരണത്തോടൊപ്പം, മുടക്കു മുതലും കോർപറേറ്റ്​ നിക്ഷേപകർ ആവശ്യപ്പെടുന്ന പ്രതിഫലവും പലിശയുടെയും മറ്റും രൂപത്തിൽ തിരിച്ചുപിടിക്കുന്നതിന് ഇതാവശ്യമാണ്​. ഇതിനുള്ള നിയമപരിരക്ഷയും ജനകീയ എതിർപ്പുകളെ മറികടക്കാമെന്നുള്ള രാഷ്​ട്രീയ ഉറപ്പുമാണ്​ മൂലധന കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നത്​. ഇതടക്കം നവഉദാരപാതയിലൂടെയുള്ള പിണറായി സർക്കാറിൻ്റെ മൂന്നുവർഷ​ക്കാലത്തെ ട്രാക്ക്​ റെക്കോഡും സൂക്ഷ്​മമായി പഠിച്ചാണ്​ അമേരിക്കയും മറ്റും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘മൂഡീസ്​’, ‘സ്റ്റാൻഡേർഡ്​ ആൻഡ്​ പുവർ’ തുടങ്ങിയ കോർപറേറ്റ്​ ​​​​​ക്രെഡിറ്റ്​ റേറ്റിങ്​ ഏജൻസികൾ കിഫ്​ബി ഇറക്കുന്ന ‘മസാല ബോണ്ടി’​ ൻ്റെ റേറ്റിങ്​ നിർണയിക്കുന്നത്​. യാങ്കി, സമുറൈ, കുങ്ഫു ബോണ്ടുകൾക്ക്​ വളരെ കുറഞ്ഞ പലിശനിരക്കിൽ ലഭിക്കുന്ന ആഗോള ഊഹവിപണയിൽ നിന്നുള്ള കോർപറേറ്റ്​ നിക്ഷേപങ്ങൾ കിഫ്​ബിക്ക്​ 9.73 ശതമാനം പലിശക്കാണ്​  ലഭിക്കുന്നതെന്നതു​തന്നെ മസാലബോണ്ടി​ൻ്റെ ഊഹവിപണിയിലെ റേറ്റിങ്​ വളരെ താഴ്​ന്നതാണെന്ന്​ വ്യക്​തമാക്കുന്നു.

 ചുരുക്കത്തിൽ 2014ൽ മോദി സർക്കാർ അധികാരമേറ്റശേഷം ലോകബാങ്കും ഇൻറർനാഷനൽ ഫിനാൻസ്​ കോർപറേഷനും ‘നിഫ്​ബി’യും ‘മസാലബോണ്ട്' ആവിഷ്കരിക്കുന്നതിന്​ പച്ചക്കൊടി കാട്ടിയതിൻ്റെ പശ്ചാത്തലത്തിലാണ്​ കോർപറേറ്റ്​ ഊഹമൂലധന കേന്ദ്രങ്ങൾക്ക്​ സ്വീകാര്യമാകും വിധം പിണറായി സർക്കാർ 2016 കിഫ്​ബിയിൽ​ ഭേദഗതി വരുത്തി മസാല ബോണ്ടിനെ ആശ്ലേഷിച്ചതെന്ന്​ കൂടുതൽ വിശദീകരണമാവശ്യമില്ലാതെ വ്യക്​തമാണല്ലോ. 

 

രാജ്യത്തി​ൻ്റെ ഫെഡറൽ ഘടനയെയും സംസ്​ഥാന സർക്കാറി​ൻ്റെ വിഭവസമാഹരണ അധികാരത്തെയും അട്ടിമറിച്ച്​ സംസ്​ഥാന ബജറ്റിനെ അപ്രസ​ക്​തമാക്കിയ ജിഎസ്ടി യുടെ ഇന്ത്യയിലെ ഏറ്റവും വലിയ വക്താവായിരുന്നല്ലോ കേരളത്തിലെ പിണറായി സർക്കാറും അതി​ൻ്റെ ധനമന്ത്രിയും. ഈ സാഹചര്യത്തിൽ കൂടിയാണ്​ ബജറ്റിനെ നോക്കുകുത്തിയാക്കി സംസ്​ഥാന വികസനവുമായി ബന്ധപ്പെട്ട മൂലധന നിക്ഷേപ ചുമതല നവഉദാര സംവിധാനമായ കിഫ്ബിക്കു കൈമാറിയത്​. കാർഷിക സംസ്​കരണം, വ്യവസായ പാർക്കുകൾ, വ്യവസായ ഇടനാഴികൾ, റോഡുകൾ, മലയോര-തീരദേശ പാതകൾ, കുടിവെള്ള പദ്ധതികൾ, സ്റ്റേഡിയങ്ങൾ, സാംസ്​കാരിക കേന്ദ്രങ്ങൾ തുടങ്ങി ഇരുപതോളം അടിസ്​ഥാന സൗകര്യ മേലഖകൾ വിഭവസമാഹരണത്തിലൂടെ പൂർത്തിയാക്കേണ്ട ചുമതല, ജനങ്ങൾ തെരഞ്ഞെടുത്ത  നിയമസഭയോടു ബാധ്യതയില്ലാത്ത, എന്നാൽ കോർപറേറ്റ്​ കേന്ദ്രങ്ങൾക്കു കണക്കുകൊടുക്കാൻ ബാധ്യസ്ഥതമായ കിഫ്ബി യിൽ നിക്ഷിപ്​തമാണ്​. അതേസമയം, മസാലബോണ്ടിലൂടെയും പ്രവാസിചിട്ടികളിലൂടെയും നിക്ഷേപങ്ങളിലൂടെയും മറ്റും കിഫ്​ബിയെടുക്കുന്ന പണം മുതലും ലാഭവും പലിശയുമടക്കം തിരിച്ചു​ കൊടുക്കാനാവാത്തപക്ഷം അവക്കാവശ്യമായ ഗ്യാരണ്ടി സർക്കാർ നൽകിയിട്ടുമുണ്ട്​. മൊത്തം ആഭ്യന്തര ഉൽപാദനത്തി​ൻ്റെ 30 ശതമാനമായി കേരളത്തി​ൻ്റെ പൊതുകടം മു​മ്പേ തന്നെ വർധിച്ചു കഴിഞ്ഞിരിക്കുന്ന ഭീതിജനകമായ സാഹചര്യത്തിൽ, 9.73 ശതമാനം പലിശക്കെടുക്കുന്ന വായ്​പയിൽ തിരിച്ചടവുമുടങ്ങിയാലുള്ള സ്​ഥിതിവിശേഷം സംസ്​ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഗുരുതരമായിരിക്കും. ഇപ്പോൾ എടുത്തതായി പറയുന്ന 2150 കോടി രൂപയുടെ (ഇനി എടുക്കുമെന്ന്​ പറയുന്ന തുകയുടെ കാര്യം വേറെ) മൊത്തം തിരിച്ചടവു ബാധ്യത അഞ്ചു വർഷത്തിനുള്ളിൽ 3195 കോടി രൂപയാകുമെന്നാണ്​ കണക്ക്​. കോർപറേറ്റ്​ ഉപാധികളുടെ ഭാഗമായുള്ള ആവാസവ്യവസ്​ഥയും ഭൂമിയും നഷ്​ടപ്പെടൽ, തൊഴിലും കൂലിയും ഇല്ലാതാകൽ,  പരിസ്​ഥിതി വിനാശം, ജനാധിപത്യാവകാശ നിഷേധം, തുടങ്ങിയ ഘടനാക്രമീകരത്തിനു വിധേയമാകലിനു പുറമെയാണ്​ ജനങ്ങൾ ചുമക്കേണ്ടിവരുന്ന ഈ സാമ്പത്തികഭാരം. മസാല ബോണ്ട്​ രൂപയിലാണ്​ രേഖപ്പെടുത്തുന്നതെന്നതൊക്കെ വെറും സാ​ങ്കേതികം മാത്രമാണ്​. തിരിച്ചടവിന്​ തത്തുല്യമായ സമ്പത്തും വിഭവങ്ങളുമാണ്​ സംസ്​ഥാനം കണ്ടെത്തേണ്ടിവരുക. രൂപയിൽ അടയാളപ്പെടുത്തിയതിൻ്റെ പേരിൽ ബോണ്ടിൻ്റെ ഭാരം കുറയുന്നില്ല. തിരിച്ചടക്കാത്തപക്ഷം കടക്കെണിയിലേക്കാകും സംസ്​ഥാനം പോകുക.

 അതേസമയം, കേവലമൊരു പണമിടപാടി​ൻ്റെ വിഷയം മാത്രമല്ല മസാല ​ ബോണ്ടുമായി ബന്ധപ്പെട്ടുള്ളതെന്നുകൂടി കാണേണ്ടതുണ്ട്​. ക്രിമിനൽ-മാഫിയ ഇടപാടുകളിലൂടെ ഊഹക്കമ്പനികൾ വാരിക്കൂട്ടിയ സമ്പത്തി​ൻ്റെ ഒരു ഭാഗം ഇത്തരം ബോണ്ടുകളിലും മറ്റും 'സുരക്ഷിത 'മായി നിക്ഷേപിക്കുന്നതിനൊപ്പം ആഗോളമൂലധന വ്യവസ്​ഥയുമായി ബന്ധപ്പെടുന്ന രാജ്യങ്ങളെയും മേഖലകളെയും ഉദ്​ഗ്രഥിക്കുകയെന്ന കോർപറേറ്റ്​ ദൗത്യവും ഇൗ പ്രക്രിയയിൽ അന്തർലീനമാണ്​. മുമ്പ്​ കെപിഎംജിയുടെ കാര്യം പറഞ്ഞതു പോലെ, ഇത്തരം സാമ്പത്തിക ഇടപാടുകളിലൂടെ ആഗോളമൂലധനത്തിന്​ സുഗമമായി കടന്നുവരാനും കൊള്ളയുമായി കടന്നുപോകാനും കഴിയുന്ന അനുകൂല സാഹചര്യവും സൃഷ്​ടിക്കപ്പെടുന്നുണ്ട്​. കമീഷൻ-കൈക്കൂലി ഏർപ്പാടുകളിലും പരിസ്​ഥിതി കൊള്ളയിലും റിയൽ എസ്​റ്റേറ്റ്​ ഇടപാടുകളിലും കുപ്രസദ്ധിയാർജിച്ച നിരവധി ബ്രോക്കർമാരും ഇടനിലക്കാരുമെല്ലാം മസാലബോണ്ടുമായും ബന്ധപ്പെടുന്നുണ്ട്​. ഉദാഹരണത്തിന്, മസാല ബോണ്ടിൻ്റെ കനേഡിയൻ രക്ഷാധികാരി സിഡി പിക്യൂ (CDPQ) വിൻ്റെ തന്നെ ഒരു വൈസ് പ്രസിഡൻ്റിനെ 'മോൺട്രിയൽ മാഫിയ'യുമായി ബന്ധമുള്ളതിൻ്റെ പേരിൽ 2019 ൽ പുറത്താക്കിയത്, കേരളത്തിൽ സിഡിപിക്യൂ കറ പുരളാത്ത മാന്യ കമ്പനിയാണെന്നു പറയുന്ന പലരും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.

 

 മസാലബോണ്ടിനെ സംബന്ധിച്ച വിമർശനങ്ങൾക്കു മറുപടിയായി കേരള ധനമന്ത്രി പറയുന്നത്​ സ്​റ്റാൻഡേർഡ്​ ചാർ​ട്ടേർഡ്​ ബാങ്ക്​, ആക്സിസ്​ ബാങ്ക്​ തുടങ്ങിയ ബോണ്ട്​ വിപണനവുമായി പരിചയമുള്ള ഒൗദ്യോഗിക ഏജൻസികളിലൂടെയാണ്​ അതിറക്കുന്നതെന്നും കാര്യങ്ങൾ ഭദ്രമാണെന്നുമാണ്​. എന്നാൽ, മസാല ബോണ്ട്​ വിൽപനയുമായി ബന്ധ​പ്പെട്ട ​കനേഡിയൻ കമ്പനിയായ സിഡിപിക്യൂ മാത്രമല്ല, സ്​റ്റാൻഡേർഡ്​ ചാർ​ട്ടേർഡ്​ ബാങ്ക്​, ആക്സിസ്​ ബാങ്ക്​ എന്നി കമ്പനികളുടെ ചരിത്രവും സാമ്പത്തിക തട്ടിപ്പുകളുടെയും തിരിമറികളുമായി ബന്ധപ്പെട്ടതാണെന്നുകാണാം.

 ഉദാഹരണത്തിന്​, ധനമന്ത്രിതന്നെ സൂചിപ്പിച്ച ധനകാര്യ സ്ഥാപനങ്ങളുടെ കാര്യമെടുക്കുക. ഒാഹരി-ബോണ്ടു വിപണികളിലെ തട്ടിപ്പുകളുടെയും വിവിധ രാജ്യങ്ങളിലെ ചട്ടങ്ങൾ ലംഘിച്ചതി​ൻ്റെയും പേരിൽ നിയമ നടപടികൾക്കു വിധേയരാകുക വരെ ചെയ്​ത സ്ഥാപനങ്ങളാണിവ. ലണ്ടൻ മുതൽ ഹോങ്കോങ്​ വരെയുള്ള ഉൗഹവിപണികളിൽ ​പ്രവർത്തിക്കുന്ന സ്​റ്റാൻഡേർഡ്​ ചാർ​ട്ടേർഡ്​ ബാങ്ക്​ കമീഷൻ/​കൈക്കൂലി ഇടപാടുകളുടെ പേരിൽ 1994ൽ ഫിലിപ്പീൻസിലും മലേഷ്യയിലും പിടിക്കപ്പെട്ട കമ്പനിയാണ്​. 2012ൽ ഇറാനുമായി ബന്ധപ്പെട്ട 17.5 ലക്ഷം കോടി രൂപയുടെ ഇടപാടിൽ 2380 കോടി രൂപ ഇൗ സ്​ഥാപനം നഷ്​ടപരിഹാരം നൽ​ കേണ്ടതായും വന്നിട്ടുണ്ട്​. വീണ്ടും 2014ൽ സാമ്പത്തിക തട്ടിപ്പി​ൻ്റെ പേരിൽ ന്യൂയോർക്​ ഡിപ്പാർട്മെൻറ്​ ഒാഫ്​ ഫിനാൻഷ്യൽ സർവിസസ്​ ഇൗ സ്ഥാപനത്തിൽനിന്നും 900 കോടി രൂപയോളം ഫൈൻ ഇൗടാക്കിയതിൻ്റെയും തെളിവുകൾ ഉണ്ട്​. വീണ്ടും 2019 ഏപ്രിലിൽ ബ്രിട്ടനിലും അമേരിക്കയിലും സാമ്പത്തിക അഴിമതി നടത്തിയതിന്​ ഏകദേശം 7000 കോടി രൂപ നഷ്​ടപരിഹാരം കൊടുത്തിട്ടുണ്ടാകാൻ സാധ്യതയുള്ള സാമ്പത്തിക കുറ്റവാളിയാണ്​ സ്​റ്റാൻഡേർഡ്​ ചാർട്ടേർഡ്​ ബാങ്ക്​ (ഏറ്റവും ഒടുവി​ലത്തെ നിയമനടപടികളുടെ വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല). കിഫ്​ബിയുടെ മസാ​ല ബോണ്ട്​ ലണ്ടൻ ഒാഹരിവിപണിയിലിറക്കുന്ന ഒരു കമ്പനിയുടെ ചരിത്രമിതാണ്​. ആക്സിസ്​​ ബാങ്കി​ൻ്റെ കാര്യമാണെങ്കിൽ ഇന്ത്യയിൽ ഏറക്കുറെ എല്ലാവർക്കും അറിയാവുന്നതാണ്​. ലണ്ടൻ, സിംഗപ്പൂർ, ഷാങ്​ഹായ്​, ഹോങ്കോങ്​ തുടങ്ങിയ ഒാഹരി വിപണികളിൽ സജീവമായ ഇൗ ‘ന്യൂ ജനറേഷൻ ബാങ്കി’ന്​ പണം തട്ടിപ്പു നടത്തിയതിന്​ 2013ൽ ഇന്ത്യയുടെ റിസർവ്​ ബാങ്ക്​ അഞ്ചു കോടി രൂപയാണ്​ പെനാൽറ്റി ചുമത്തിയത്​. വൻതോതിൽ കള്ളപ്പണം വെളുപ്പിക്കപ്പെട്ട 2016ലെ നോട്ടുനിരോധനകാലത്ത്​ കോടിക്കണക്കിനു രൂപയുടെ 2000 രൂപ നോട്ടു കെട്ടുകളുമായി പിടിക്കെപ്പട്ടത്​ ആക്​സിസ്​ ബാങ്കി​ൻ്റെ ഉന്നതന്മാരായിരുന്നു. ഇത്തരം തട്ടിപ്പു കമ്പനികളിലൂടെയാണ്​ പിണറായി സർക്കാർ ലണ്ടൻ ഒാഹരി വിപണിയിൽ മസാല ബോണ്ടിറക്കുന്ന​തെന്നത്​ നിസ്സാരമായി തള്ളിക്കളയാവുന്ന വിഷയമല്ല.

 

മസാല ബോണ്ട്   കെയ്​നീഷ്യൻ നയമാണെന്ന ധനമന്ത്രിയുടെ അവകാശവാദം

 

‘മാർക്​സിസ്​റ്റ്​​’ എന്നവകാശപ്പെടുന്ന പിണറായി സർക്കാർ ഉൗഹമൂലധന കുത്തകകളുടെ ലോകത്തെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രങ്ങളിലൊന്നായ ലണ്ടൻ ഒാഹരിവിപണിയിൽ നിന്നും ബോണ്ടിറക്കി പണം കണ്ടെത്തുന്നതിനെതിരായ നിശിതമായ വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു വരികയെന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ, ഇതിനു മറുപടിയായി കേരള ധനമന്ത്രി തോമസ്​  ഐസക്​ അവകാശപ്പെട്ടിരിക്കുന്നത്​ സർക്കാർ പിന്തുടരുന്നത്​ മാർകിസ്​റ്റ്​ സമീപനമല്ല, കെയ്​നീഷ്യൻ സമീപനമാണെന്നാണ്​. വരുമാനത്തി​ൻ്റെ മൂന്നു ശതമാനത്തിനപ്പുറം സംസ്​ഥാന സർക്കാർ വായ്​പ എടുക്കാൻ പാടില്ലെന്ന നിയോലിബറൽ നിലപാടിനു കീഴടങ്ങുന്ന വിപ്ലവനാട്യക്കാരാണ്​ മസാല ബോണ്ടിലൂടെ വിദേശ ഒാഹരി വിപണിയിൽനിന്നും സംസ്​ഥാന സർക്കാർ വായ്​പ എടുക്കുന്നതിനെ വിമർശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തീർച്ചയായും, സംസ്ഥാനങ്ങളുടെ വായ്പ എടുക്കാനുള്ള അവകാശത്തിനു പരിധി ഏർപ്പെടുത്തിയ ഐഎം എഫിൻ്റെ FRBM നിയമത്തിനെതിരെ ഫലപ്രദമായ ഒരിടപെടലും സംസ്ഥാന സർക്കാർ നടത്തിയിട്ടില്ലെന്ന വസ്തുത വളരെ പ്രധാനപ്പെട്ടതാണ്. അതേ സമയം ധനമന്ത്രിയുടെ കെയ്നീഷ്യൻ അവകാശവാദം എത്രമാത്രം പ്രസക്തമാണെന്നു് പരിശോധിക്കേണ്ടതുണ്ട്.

 

ഒാഹരി-നാണയ വിപണികളിൽ ഉൗഹക്കുത്തകകൾ നടത്തിയ അനിയന്ത്രിതമായ ചൂതാട്ടമാണ്​ 1929ലെ 'വാൾസ്​ട്രീറ്റ്​ ' തകർച്ചയിലേക്കും 1930കളിലെ ലോക വ്യാപക സാമ്പത്തികാധഃപതനത്തിലേക്കും മുതലാളിത്ത ലോകത്തെ നയിച്ചത്​. അമേരിക്കൻ ​​പ്രസിഡൻറായിരുന്നു റൂസ്​​വെൽറ്റ്​ ബ്രിട്ടീഷ്​ സാമ്പത്തിക വിദഗ്​ധനായ ജോൺ മെയ്നാർഡ്​ കെയിൻസി​ൻ്റെ ഉപദേശപ്രകാരം നടപ്പാക്കിയ സാമ്പത്തിക പരിപാടി ( New Deal) യിലൂടെയാണ്​ ഇൗ​ പ്രതിസന്ധിയെ ഒരു പരിധി വരെ  അമേരിക്ക തരണം ചെയ്​തത്​. ഇതിൽനിന്നു പാഠമുൾക്കൊണ്ടാണ്​ രണ്ടാം ലോകയുദ്ധാനന്തരമുള്ള കാൽനൂറ്റാണ്ടു കാലം കെയ്നീഷ്യനിസം (Keynesianism) മുതലാളിത്ത സാമ്പത്തിക ദർശനവും നയവുമെന്ന നിലയിൽ സ്​ഥിരപ്രതിഷ്​ഠ നേടിയത്​. മുതലാളിത്തത്തിൻ്റെ സുവർണ യുഗം ( golden age of capitalism) എന്നാണ്​ ഇൗ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്​. പ്രധാനമായും രണ്ടുഘടകങ്ങളാണ്​ കെയ്​നീഷ്യനിസത്തി​ൻ്റെ കാതൽ. ഒന്ന്​, ഏറ്റവും വലിയ മൂലധനനിക്ഷേപകനും സാമൂഹ്യസേവകനുമെന്ന സർക്കാറിെൻറ നിർണായകമായ സ്​ഥാനം. ഇതി​ൻ്റെ ഭാഗമായി വർധിത നികുതികളിലൂടെയും കമ്മി ബജറ്റിലൂടെയും സർക്കാർ സമ്പദ്​ഘടനയിൽ സജീവമാകുക. രണ്ട്​, ഉൗഹ പ്രവർത്തനങ്ങളിലേക്കു തിരിയാത്ത വിധം മൂലധനകുത്തകകളുടെ​  മേൽ  കർക്കശമായ നിയന്ത്രണമേർപ്പെടുത്തുക. ഇതി​ൻ്റെ   ഭാഗമായി കോർപ​റേറ്റ്​ ഊഹകുത്തകകളെയും ചൂതാട്ടകമ്പനികളെയും ‘ദയാമരണ’ (euthanasia) ത്തിനു വിധിക്കാതെ മുതലാളിത്തത്തിനു അതിജീവിക്കാനാവില്ലെന്നും കെയ്​ൻസ്​ അഭിപ്രായപ്പെട്ടു. കെയ്​നീഷ്യനിസം ആവിഷ്​കരിച്ച ഈ ‘ക്ഷേമരാഷ്​ട്ര’ ത്തി​ൻ്റെ ഇന്ത്യൻ പതിപ്പായിരുന്നു പൊതുമേഖലക്കും ക്ഷേമപ്രവർത്തനങ്ങൾക്കും സർക്കാർ മുൻകൈ എടുത്തിരുന്ന ​‘നെഹ്​റുവിയൻ മാതൃക’ എന്നാൽ 1970കൾ മുതൽ മുതലാളിത്തം ഇൗ ക്ഷേമരാഷ്​​ട്ര നയം കൈയൊഴിയുകയും നവ ഉദാരീകരണത്തിലേക്ക്​ ഘട്ടംഘട്ടമായി നീങ്ങുകയും ചെയ്​തു. ഇൗ നവഉദാരീകരണത്തി​ൻ്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലൂടെയാണ്​ അമേരിക്കയിൽ ട്രംപ്​ മുതൽ ഇന്ത്യയിൽ മോദി വരെയുള്ള ഭരണാധികാരികൾ അതതു രാജ്യങ്ങളെ ഇന്നു നയിച്ചുകൊണ്ടിരിക്കുന്നത്​. വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.

 ഇൗ പ്രക്രിയയിൽ പിണറായി സർക്കാറിനെ എവിടെ അടയാളപ്പെടുത്തുമെന്നതാണ്​ പ്രസക്​തമായ വിഷയം.    വലിയ വിശകലനമൊന്നും ആവശ്യമില്ലാത്തവിധം ഒരു കാര്യം വ്യക്​തമാണ്​. സിപിഎം നടപ്പാക്കുന്നത്​ കെയ്നീഷ്യൻ നയങ്ങളാണെന്ന തോമസ്​ ​ ഐസക്കി​ൻ്റെ അവകാശവാദം വസ്​തുതകൾക്കു നിരക്കുന്നതല്ല. 1990കളിൽ മൻമോഹൻ സിങ്ങി​ൻ്റെ നേതൃത്വത്തിൽ നവ ഉദാരീകരണത്തിനു തുടക്കമിടുകയും അതി​ൻ്റെ ഭാഗമായി നെഹ്റുവിയൻ നയങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കുകയും ചെയ്​ത വേളയിൽ കോൺഗ്രസ്​ മുഖ്യമന്ത്രിമാർ​  പോലും പകച്ചു നി​ൽക്കെ, ​ലണ്ടൻ സ്​കൂൾ ഒാഫ്​ ഇക്കണോമിക്​സിൽ നടത്തിയ പ്രസംഗത്തിൽ നവ ഉദാരീകരണത്തിന്​ സ്വാഗതമരുളിയത്​ അന്ന്​ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവായിരുന്നു. കോർപറേറ്റുകളിൽ നിന്ന്​ നികുതി ഭാരം വിശാല ജനവിഭാഗങ്ങളുടെ ചുമലുകളിൽ നിക്ഷിപ്​തമാക്കിയ പ്രതിലോമകരമായ ജിഎസ്​ടിയുടെ നടത്തിപ്പിനുള്ള ഉന്നതാധികാര സമിതിയുടെ ചെയർമാൻ വാജ്​പേയിയുടെ കാലം മുതൽ 2008 വരെ പശ്ചിമബംഗാൾ ധനമന്ത്രിയായിരുന്ന അസിം ദാസ്​ ഗുപ്​തയായിരുന്ന കാര്യം നേരത്തെ സൂചിപ്പിച്ചതാണ്. അവിടെ സിംഗൂർ-നന്ദിഗ്രാം സംഭവവികാസങ്ങളിലേക്കെത്തിയതും നവഉദാരനയങ്ങളുടെ നടത്തിപ്പുമായി ബന്ധ​പ്പെട്ടായിരുന്നു. കേരളത്തിലും സ്​ഥിതി വ്യത്യസ്​തമായിരുന്നില്ല. ജനകീയാസൂത്രണത്തി​ൻ്റെയും കേരളപഠന കോൺഗ്രസുകളുടെയും പുകമറക്കുള്ളിൽ ഏഷ്യൻ ഡവലപ്​​ മെൻറ്​ ബാങ്കിനെയും മറ്റും ആദ്യമായി കേരളത്തി​ലേക്കു കടത്തിക്കൊണ്ടുവന്നത്​ 1990കളിൽ സി. പിഎം നയിച്ച സർക്കാറായിരുന്നു. അച്യുതാനന്ദൻ സർക്കാറി​ൻ്റെ കാലത്ത്​ കോർപറേറ്റ്​ ഭൂമാഫിയകൾക്കെതിരെ ചില നീക്കങ്ങൾ നടന്നത്​ പാർട്ടി നേതൃത്വം ഇടപെട്ട്​ അട്ടിമറിക്കുകയായിരുന്നു. ഇൗ കുറിപ്പിൽ അന്യത്ര ചൂണ്ടിക്കാട്ടിയതു പോലെ, 2016ൽ അധികാരത്തിലേക്കു വന്ന പിണറായി സർക്കാറാക​ട്ടെ, കെപിഎംജി പോലുള്ള ആഗോള കൺസൾട്ടിങ്​ സ്ഥാപനങ്ങളെയും ലോകബാങ്ക്​- എഡിബി പോലുള്ള പുത്തൻ അധിനിവേശ സ്ഥാപനങ്ങളെയും വിദേശ കോർപറേറ്റ്​ മൂലധനത്തെയും അവരുടെ ഉപദേശക​രെയു മെല്ലാം പൂർണമായി ആശ്രയിച്ചുകൊണ്ട്​ ‘വികസന’മെന്ന പേരിൽ സർവതന്ത്ര സ്വതന്ത്രമായ കോർപറേറ്റ്​ കടന്നുകയറ്റത്തിനാണ്​ വഴിതുറന്നത്​. ഇതി​ൻ്റെ ഭാഗമായിട്ടാണ്​ ബജറ്റിനെയും ആസൂത്രണ ബോർഡിനെയും മറ്റും അപ്രസക്​തമാക്കി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നവ ഉദാരീകരണം കേരളത്തിൽ വിദഗ്​ധമായി ആവിഷ്ക്കരിക്കുന്നതിന്​ കോർപറേറ്റ്​വത്​കരിച്ച കിഫ്​ബിയും മസാല ബോണ്ടുമെല്ലാം വിന്യസിച്ചിരിക്കുന്നത്​. ഉൗഹമൂലധന കേന്ദ്രങ്ങൾക്ക്​ ആവേശകരവും ഇതര സംസ്​ഥാന സർക്കാറുകളെ ബഹുദൂരം പിന്നിലാക്കുന്നതുമായ ഇൗ നവ ഉദാരീകരണ പാതയാണ്​ ലണ്ടൻ ഒാഹരി വിപണിയിലെ ഉൗഹക്കുത്തകൾക്ക്​ കിഫ്​ബിയുടെ ചെയർമാൻ എന്ന നിലയിൽ കേരള മുഖ്യമന്ത്രിയെ പ്രിയങ്കരനാകുന്നത്​. ‘‘ലണ്ടൻ സ്റ്റോക്​ എക്സ്ചേഞ്ചിൽ വരെ കേരളത്തി​ൻ്റെ പേരു മുഴങ്ങി’’ എന്നു മുഖ്യമന്ത്രി അഭിമാനം കൊള്ളു​മ്പോൾ ഒാഹരി വിപണികൾ മുതലാളിത്തത്തി​ൻ്റെ ശാപമാണെന്നു പറഞ്ഞ കെയ്ൻസിനെയല്ല, ഗീത ഗോപിനാഥ് പ്രതിനിധീകരിക്കുന്ന നവഉദാര കേന്ദ്രങ്ങളെയാണ്​ അ​ദ്ദേഹം പിൻപറ്റുന്നതെന്നു വ്യക്തം.

 

ലണ്ടൻ സ്​റ്റോക്​ എക്സ്ചേഞ്ചിൽ മണിമുഴക്കുന്നതിനു മുമ്പായി പിണറായി നവ കെയ്​നീഷ്യൻ സാമ്പത്തിക വിദഗ്​ധനായ തോമസ്​ പിക്കറ്റിയെ സന്ദർശിച്ചതിന്​ പ്രചാരണ മൂല്യം മാത്രമേയുള്ളൂ. മുതലാളിത്ത സാമ്പത്തിക വിദഗ്​ധനാണെങ്കിൽ കൂടി, വിഭവ സമാഹരണത്തിന്​ ആഭ്യന്തര സ്രോതസ്സുകളെ ആശ്രയിക്കണമെന്ന നിലപാടാണ്​ പിക്കറ്റിയുടേത്​. കെയ്ൻസ്​ ആവശ്യപ്പെട്ടതു പോലെ സമ്പന്നവിഭാഗങ്ങളെയും കോർപറേറ്റുകളെയും നികുതിവലയിൽ പെടുത്തി അസമത്വം കുറക്കണമെന്നാണ്​ പിക്കറ്റിയുടെ സിദ്ധാന്തം. നേരെ മറിച്ച്​, കേരളത്തിലെ സമ്പന്നവിഭാഗങ്ങളെയോ ആഡംബര ഉപ​ഭോഗത്തെയോ നികുതി-നികുതിയേതര വിഭവസമാഹരണത്തിന്​ ഉപയോഗപ്പെടുത്തുന്ന ദിശയിൽ ഒരു സമീപനവും ഇൗ സർക്കാർ മുന്നോട്ടു വെക്കുന്നില്ല. രണ്ടുലക്ഷം കോടി രൂപയുടെ സ്വർണക്കച്ചവടം പ്രതിവർഷം കേരളത്തിൽ നടക്കുന്നുവെന്ന്​ സ്വർണക്കച്ചവടക്കാരുടെ സംഘടന തന്നെ പറയു​മ്പോൾ, നികുതി വലയിൽ പെടുന്നത്​ അതി​ൻ്റെ അഞ്ചിലൊന്നു കച്ചവടം മാത്രമാണ്​. ആയിരക്കണക്കിന്​ കോടി രൂപ ഇൗയിനത്തിൽ പിരിച്ചെടുക്കാവുന്നതാണ്​. ഇന്ത്യയിലെ ആഡംബര വാഹന ഉപയോഗത്തി​ൻ്റെ 15 ശതമാനത്തോളം കേരളത്തിലാണ്​. ഇൗ രംഗത്തുനിന്നും ആയിരക്കണക്കിനു കോടി രൂപയുടെ നികുതി പിരിക്കാം. മാത്രവുമല്ല പരിസ്​ഥിതി സൗഹൃദവികസനത്തിന്​ ഇത്തരമൊരു നികുതി സമീപനം അനിവാര്യമാണുതാനും. ആഡംബരവീടുകളുടെ കരം വർധിപ്പിച്ചാൽ ഇപ്പോഴുള്ളതി​ൻ്റെ നിരവധി മടങ്ങ് നികുതി പിരിക്കാം. പതിനായിരം കോടി രൂപ​യോളം നികുതി കുടിശ്ശിക പിരിച്ചെടുക്കാനുണ്ടെന്നത്​ മിതമായ കണക്കാണ്​. ജനപക്ഷവികസനത്തി​ൻ്റെ അടിസ്​ഥാനമാകേണ്ട ഇൗ ദിശയിലൊന്നും ഒരു ശ്രമവും നടത്താതെ, വിദേശമൂലധന കേന്ദ്രങ്ങളെ ആശ്രയിച്ച്​​ വികസനം കൊണ്ടുവരാമെന്നതും അതു കെയ്​നീഷ്യൻ സമീപനമാണെന്ന്​ അവകാശപ്പെടുന്നതും വങ്കത്തമാണെന്നു പറയാതെ വയ്യ.

 ചൂതാട്ടവിപണിയെ ആശ്രയിക്കുകയും അതുവഴി കെയ്നീഷ്യനിസം നടപ്പാക്കുന്ന മാർക്​സിസ്​റ്റുകളാണ്​ തങ്ങളെന്ന കേരള ധനമന്ത്രിയുടെ ‘സത്യാനന്തര പ്രസ്​താവന’യുടെ വിശകലനത്തിലേക്കൊന്നും ഇവിടെ കടക്കുന്നില്ല. 

 

 ചൂതാട്ടത്തിലധിഷ്​ഠിതമായ ഉൗഹമൂലധന വിപണിയോടുള്ള കെയ്​നീഷ്യൻ സമീപനം നേരത്തേ സൂചിപ്പിച്ചുവല്ലോ? എന്നാൽ, ഒാഹരി വിപണിയെപ്പറ്റി മാർക്​സ്​ സൂചിപ്പിച്ചതുകൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്​. ഇന്നു കാണുന്നതി​ൻ്റെ ആയിരത്തിലൊന്നുപോലും ഉൗഹക്കുമിള (speculative bubble) വികസിച്ചിട്ടില്ലാതിരുന്ന മുതലാളിത്തത്തിൻ്റെ യൗവന കാലത്ത്​ ലണ്ടൻ ഒാഹരിവിപണിക്കു സമീപമുള്ള ലണ്ടൻ ലൈബ്രറിയിലിരുന്നാണ്​ മാർക്​സ്​ ‘മൂലധന’മെന്ന ഗ്രന്ഥമെഴുതിയത്​. അതി​ൻ്റെ മൂന്നാം വാല്യം 27ാം അധ്യായത്തിൽ ഒാഹരിവിപണികളിൽ കൈമാറ്റം ചെയ്യപ്പെടുന്ന ‘സാങ്കൽപിക മൂലധന’ (fictitious capital)ത്തിന്​ ഉൽപാദനവുമായി ഒരു ബന്ധവുമില്ലെന്നും ജീർണതയും പരാന്നഭോജിത്വവുമാണ്​ അതു സമൂഹത്തിൽ സൃഷ്​ടിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്​. ‘കോർപറേറ്റ്​ പണം പിടുങ്ങൽ’, ‘സാമ്പത്തിക തട്ടിപ്പ്​’, ‘ചതി’, ‘തിരിമറി’, ‘അഴിമതി’ തുടങ്ങിയ (അധ്യായം 27, വാല്യം 3) സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള പ്രവൃത്തികളാണ്​ ഒാഹരിവിപണികളിലും മറ്റും നടക്കു​ന്നതെന്നും സമ്പദ്​ഘടനയെ സംബന്ധിച്ചിടത്തോളം വിനാശകരമായ പ്രത്യാഘാതങ്ങളാണ്​ ഇൗ ‘സാങ്കൽപിക മൂലധനം’ വരുത്തി വെക്കുന്നതെന്നുമാണ്​ മാർക്​സ്​ സൂചിപ്പിച്ചത്​. പീറ്റർ ഡ്രക്കർ എന്ന മുതലാളിത്ത ചിന്തകൻ 1990ൽ എഴുതിയ ‘പുതിയ യാഥാർഥ്യങ്ങൾ’ (The New Realities) എന്ന പുസ്​തകത്തിൽ വിവരിക്കുന്നത്​ ഒാഹരിവിപണികളിലെ 90 ശതമാനം സാമ്പത്തിക ഇടപാടുകൾക്കും ഉൽപാദനപരമായ ഒരു ധർമവും നിറവേറ്റാനില്ലെന്നാണ്​. ഇന്ന്  മുതലാളിത്ത സാമ്പത്തിക വിദഗ്​ധർ പോലും പറയുന്നത്​ ചൂതാട്ടമെന്ന നീർച്ചുഴി ( whirlpool of speculation)യിലെ ഒരു കുമിള മാത്രമായി മുതലാളിത്തത്തിലെ യഥാർഥ സാമ്പത്തിക പ്രവർത്തനം (real economy) ചുരുങ്ങിയിരിക്കുന്നുവെന്നാണ്​. ഇത്തരമൊരു​ സാഹചര്യത്തിൽ, ചൂതാട്ടത്തിലധിഷ്ഠിതമായ ഓഹരി വിപണിയിലൂന്നി വികസനം കൊണ്ടുവരാമെന്നു വാദിക്കുന്നവർ മാർക്സിസ്റ്റുകൾ പോയിട്ട് കെയ്നീഷ്യൻ പോലുമല്ലെന്നും, മറിച്ച് തീവ്ര നവ ഉദാരവാദികൾ തന്നെയാണെന്നും തിരിച്ചറിയണം. ഭരണവർഗ രാഷ്ട്രീയത്തിലേക്കു ജീർണ്ണിച്ചിട്ടും ഇടതു ലേബൽ ഉപയോഗിക്കുന്ന വിഭാഗങ്ങളെ തുറന്നു കാട്ടിക്കൊണ്ടല്ലാതെ വിപ്ലവ ഇടതുപക്ഷത്തിനു മുന്നേറാനാവില്ലെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

 

373 K2_VIEWS
Kabeer Katlat

Media

The Communist movement in India has a history of almost a century after the salvos of October Revolution in Russia brought Marxism-Leninism to the people of India who were engaged in the national liberation struggle against the British colonialists. It is a complex and chequered history.