logo Cpiml
 
Communist Party of India (Marxist-Leninist)
Sunday, 08 April 2018 07:42

'വികസനം' ഭരണകൂട ഭീകരതയും ഫാസിസവുമാകുന്ന ചരിത്രഘട്ടം – പി ജെ ജെയിംസ്

ഭരണകൂടത്തിന്റെ സായുധ പിൻബലത്തിൽ മാത്രം സാധ്യമാകുന്ന ഒരു 'ഭരണകൂടഭീകര' പ്രതിഭാസമായി 'വികസനം' മാറിയിരിക്കുന്നുവെന്നതാണ് ഈ കാലഘട്ടത്തിന്റെ സവിശേഷത. ജനങ്ങളുടെ സാമൂഹ്യ സാംസ്കാരിക സവിശേഷതകൾക്കതീതവും രാഷ്ട്രീയ, ഭൗമ, ചരിത്രനിരപേക്ഷവുമായ സാർവ്വത്രിക പ്രതിഭാസമാണ് 'വികസന'മെന്ന കാഴ്ചപ്പാട് മുതലാളിത്ത വികാസപ്രക്രിയയിൽ അന്തർലീനമാണ്. ഇതിൽനിന്നു വ്യത്യസ്തമായ ഒരു 'ജനപക്ഷ വികസന പരിപ്രേക്ഷ്യം' ആവിഷ്കരിക്കാൻ മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ നടന്ന ശ്രമങ്ങൾ ഫലപ്രദമായി മുന്നോട്ടുപോയതുമില്ല.

അതേസമയം, രണ്ടാം ലോകയുദ്ധാനന്തരമുള്ള ശീതയുദ്ധഘട്ടത്തിൽ ആഫ്രോ-ഏഷ്യൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ 'വികസന'ത്തെ ഒരു പ്രത്യയശാസ്ത്രവിഷയമാക്കി കൂടി അവതരിപ്പിക്കാനും ഐക്യരാഷ്ട്രസഭയുടെയും ബ്രട്ടൺ വുഡ്‌സ് സ്ഥാപനങ്ങളുടെയുമെല്ലാം മുൻകയ്യിൽ വികസനം ദരിദ്രരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനും ആ പ്രക്രിയയിൽ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താല്‌ര്യങ്ങൾ നടത്തിയെടുക്കാനുമാണ് അമേരിക്കൻ നേതൃത്വത്തിലുള്ള 'വികസിത' അഥവാ സാമ്രാജ്യത്വ കൂട്ടുകെട്ട് ശ്രമിച്ചത്. മൂലധനകേന്ദ്രങ്ങൾക്ക് ലോകവിഭവങ്ങളും ലോകവിപണിയും നിക്ഷേപസാധ്യതകളും മറ്റും ഉറപ്പാക്കിയ ഈ പരിപാടിക്ക് 'ക്ഷേമരാഷ്ട്ര'ത്തിന്റെ ഒരു മൂടുപടമിടാനും രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള കാൽനൂറ്റാണ്ടുകാലം പ്രത്യേക ശ്രദ്ധപതിയുകയുണ്ടായി. മുമ്പ് കോളനികളും അർദ്ധകോളനികളുമായിരുന്ന ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലുമായി കിടന്ന ഭൂരിപക്ഷം രാജ്യങ്ങളിലെ ലോകജനതയിലെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രജനകോടികൾക്ക് ഭക്ഷണവും തൊഴിലും സാമൂഹ്യാവശ്യങ്ങളും ലഭ്യമാക്കാൻ ഈ രാജ്യങ്ങളിലെ ഭരണവർഗ്ഗങ്ങൾ പൊതുവെ അവലംബിച്ചതും ക്ഷേമരാഷ്ട്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ മുന്നോട്ടുവെക്കപ്പെട്ട ഈ വികസന പരിപ്രേക്ഷ്യമായിരുന്നു.

എന്നാൽ ആഗോളമാനങ്ങളുള്ള നിരവധി രാഷ്ട്രീയ സാമ്പത്തികഘടകങ്ങൾ നിമിത്തം ഈ ക്ഷേമരാഷ്ട്ര മുഖംകൂടി എഴുപതുകളോടെ കയ്യൊഴിയപ്പെട്ടു. ക്ഷേമരാഷ്ട്രവുമായി ബന്ധപ്പെട്ട ഭരണകൂട ഉത്തരവാദിത്വങ്ങൾ കുത്തകകളുടെ ലാഭത്തിൽ കുറവുവരുത്തിയതു മറികടക്കാൻ കൊള്ളലാഭമടിക്കാവുന്ന ഊഹമേഖലകളിലേക്ക് മൂലധനത്തെ സാമ്രാജ്യത്വചേരി കയറൂരിവിട്ടതും അതിനെ നേരിടാൻ കഴിയുന്ന സോഷ്യലിസ്റ്റ് ചേരിയുടെ തിരോധാനവുമാണ് ഇവയിൽ നിർണ്ണായകം. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യാഘാതങ്ങളിലൊന്ന് 'വികസന'ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഭരണകൂടത്തിന്റെ പിൻവാങ്ങലായിരുന്നു. 'വികസന'മെന്ന പ്രക്രിയ ഭരണകൂടം കോർപ്പറേറ്റു കുത്തകകൾക്കു കൈമാറുകയും അതിനു സഹായകരമായ രാഷ്ട്രീയവും നിയമപരവുമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്ന 'ഫെസിലിറ്റേറ്ററുടെ' സ്ഥാനം മാത്രമാണ് ഭരണകൂടത്തിന്റേതെന്ന ആശയപ്രചാരണം അഥവാ വീക്ഷണം ലോകവ്യാപകമായി മുൻകൈ നേടുകയും ചെയ്തു.

താച്ചർ-റീഗൻ നയങ്ങളിലൂടെ സാമ്രാജ്യത്വരാജ്യങ്ങളിൽ ഈ കോർപ്പറേറ്റ് വികസനപരിപ്രേക്ഷ്യം ആധിപത്യം നേടുകയും ആഗോളീകരണത്തിലൂടെ ആഫ്രോ-ഏഷ്യൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കു വ്യാപിക്കുകയും ചെയ്തു. ചുരുക്കത്തിൽ ക്ഷേമരാഷ്ട്രനയങ്ങൾ അപ്രകാരം നവഉദാരനയങ്ങൾക്കു വഴിമാറി. ഇതിന്റെ ഭാഗമായി, കോർപ്പറേറ്റ് മൂലധനത്തിന്റെ സർവ്വതന്ത്ര സ്വതന്ത്ര വിഹാരത്തിനു വഴിതുറക്കത്തക്കവിധം ജനങ്ങൾ മുൻകാലത്തുനേടിയ എല്ലാ ജനാധിപത്യാവകാശങ്ങളും കവർന്നെടുക്കപ്പെടുകയും കോർപ്പറേറ്റ് ആഭിമുഖ്യമുള്ള തൊഴിൽ, പരിസ്ഥിതി, നികുതിനിയമങ്ങൾ നിലവിൽ വരികയും ചെയ്തു. ഇന്ത്യയിലെ നെഹ്രുവിയൻ ക്ഷേമരാഷ്ട്രനയങ്ങളെല്ലാം കയ്യൊഴിച്ച് 90 കളുടെ തുടക്കത്തിൽ മൻമോഹന്റെ നേതൃത്വത്തിൽ നവഉദാരവ്യവസ്ഥക്കു തുടക്കമിട്ടത് ഈ പൊതുപശ്ചാത്തലത്തിലാണ്.

രാജ്യതാല്പര്യങ്ങളുടെ സംരക്ഷണത്തിൽ ഊന്നുന്നതും ദേശീയ ബൂർഷ്വാ സ്വഭാവമുള്ളതുമായ ഭരണവർഗ്ഗങ്ങളായിരുന്നില്ല ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ യുദ്ധാനന്തരഘട്ടത്തിൽ കൊളോണിയൽ ശക്തികളിൽ നിന്നുള്ള അധികാരക്കൈമാറ്റത്തിലൂടെ ആധിപത്യത്തിലേക്കു വന്നതെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. തന്നിമിത്തം ക്ഷേമരാഷ്ട്രത്തിന്റെ ഭാഗമായി സർക്കാർ നിർണ്ണായകമായി ഇടപെടുന്ന സാമ്പത്തിക സമീപനങ്ങൾ പൊതുവിൽ സ്വീകരിച്ചപ്പോഴും, അമേരിക്കയുടെയും അതുനയിക്കുന്ന ഐക്യരാഷ്ട്രസഭയുടെയും ബ്രട്ടൺവുഡ്‌സ് സ്ഥാപനങ്ങളുടെയും ബഹുരാഷ്ട്രകുത്തകകളുടെയും ഫണ്ടിങ്ങ് കേന്ദ്രങ്ങളുടെയുമെല്ലാം മൂലധനനിക്ഷേപത്തെയും സാങ്കേതികവിദ്യയെയും വിദഗ്‌ധോപദേശത്തെയും മറ്റും ആശ്രയിച്ച് 'വികസി'ക്കുകയെന്ന പൊതുസമീപനമാണ് നെഹ്രുവിന്റെ കാലം മുതൽ ഇന്ത്യൻ ഭരണകൂടവും 'നെഹ്രുവിയൻ കാലത്ത്' അതിനെ നയിച്ച കോൺഗ്രസ്സും പിന്തുടർന്നത്.

എന്നാൽ, അമേരിക്ക അതീവ ഗുരുതരമായ വെല്ലുവിളി നേരിട്ട എഴുപതുകളിൽ വിശേഷിച്ചും, സാമ്രാജ്യത്വശക്തിയായി മാറി അമേരിക്കയുമായി മത്സരിച്ചുപോന്ന സോവിയറ്റ് യൂണിയനുമായി കൂടുതൽ അടുത്ത് അമേരിക്കയുമായി വിലപേശുന്ന തന്ത്രം ഇന്ദിരാഗാന്ധി സ്വീകരിക്കുകയുണ്ടായി. അടിയന്തരാവസ്ഥയെ പിന്തുണക്കാൻ ബ്രഷ്‌നേവ് നേരിട്ട് ഇന്ത്യയിലെത്തിയത് ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ അമേരിക്കൻ ദാസ്യം ഒരിക്കലും കൈവിടാതിരുന്ന ആർഎസ്എസുമായി സന്ധിചെയ്യാൻ അടിയന്തരാവസ്ഥക്കുശേഷം ഇന്ദിരാഗാന്ധി തയ്യാറാകുകയും അതിന്റെ തുടർച്ചയായി 1981 ൽ അമേരിക്കൻ നിയന്ത്രണത്തിലുള്ള ഐഎംഎഫിന് ഇന്ത്യൻ സാമ്പത്തിക നയതീരുമാനങ്ങൾ നിർണയിക്കാവുന്ന വിധത്തിലുള്ള ഉടമ്പടിയിൽ ഒപ്പുവെക്കുകയുംചെയ്തു. തുടർന്നുവന്ന രാജീവ് ഗാന്ധിയുടെ ഭരണകാലത്തും തുടർന്നും ഈ നയങ്ങൾ ഗുരുതരമായ സാമ്പത്തിക കുഴപ്പത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കുകയും പുത്തൻകൊളോണിയൽ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥനായിരുന്ന മൻമോഹനെ ധനമന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിച്ച് നവഉദാരവൽക്കരണം കെട്ടഴിച്ചുവിടാനുള്ള പശ്ചാത്തലമൊരുക്കുകയും ചെയ്തു.

ഇപ്രകാരം കോർപ്പറേറ്റ് മൂലധനത്തിന് രാജപാതയൊരുക്കുകയും അതിനുതകുംവിധം ക്രമസമാധാനപാലനം ഏറ്റെടുക്കുകയും ചെയ്യുന്നതു ഭരണകൂടത്തിന്റെ മുഖ്യകടമയായി മാറിയത്, ഇന്ത്യയിലെ ഭരണവർഗ്ഗപാർട്ടികളിലെ ഒറ്റപ്പെട്ട നേതാക്കന്മാരുടെ അഭിപ്രായപ്രകടനങ്ങൾ അന്നു വ്യക്തമാക്കിയതുപോലെ, വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിക്കുകയുണ്ടായി. എന്നാൽ, നവഉദാരനയങ്ങളുടെ നടത്തിപ്പുകാരാകുന്നതിൽ കോൺഗ്രസ്സും ബിജെപിയും (സ്വദേശിജാഗരൺ മഞ്ച് ഉദാഹരണം) പോലുള്ള ഭരണവർഗ്ഗ പാർട്ടികൾക്കുള്ളിൽ തുടക്കത്തിൽ ഉണ്ടായ കല്ലുകടി പോലും വ്യവസ്ഥാപിത ഇടതുപാർട്ടികളിലെ വല്യേട്ടനായ സിപിഐ(എം)നുണ്ടായില്ല. മൻമോഹൻസിങ്ങ് ആവിഷ്ക്കരിച്ച നവഉദാര നയങ്ങളെ പല കോൺഗ്രസ് മുഖ്യമന്ത്രിമാരും ഉത്കണ്ഠയോടെ സമീപിച്ചപ്പോൾ, അതോടകം സോവിയറ്റ് യൂണിയന്റെയും തുടർന്ന് ചൈനയുടെയും മുതലാളിത്ത-നവഉദാരപാതയിലൂടെയുള്ള പ്രയാണം ആശയപരമായിത്തന്നെ സ്വായത്തമാക്കിയിരുന്നുവെന്നതാണ് സപിഐ(എം) ന്റെ പ്രത്യേകത. എന്നുമാത്രമല്ല, 1967 ൽ ഇ.എം.എസിന്റെ കേരളത്തിലെ സപ്തകക്ഷി മന്ത്രിസഭയും ബംഗളാ കോൺഗ്രസുമായി ചേർന്നുള്ള ജ്യോതിബസുവിന്റെ ഭരണത്തിലെ നിർണായകപങ്കും ഭരണവ്യവസ്ഥയുടെ ഭാഗമാണ് സിപിഐ(എം) എന്ന് അന്നുതന്നെ തെളിയിച്ചിരുന്നു. നക്‌സൽബാരിയിലെ കർഷകസമരത്തെ ചോരയിൽ മുക്കിയത് ജ്യോതിബസു നയിച്ച പോലീസായിരുന്നെങ്കിൽ, കേരളത്തിൽ 1967 ലെ ഭരണത്തിനുശേഷം മിച്ചഭൂമി സമരവുമായി കുറച്ചുകാലംകൂടി തുടർന്നെങ്കിലും കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്കെന്ന നിലപാട് പൂർണ്ണമായും കയൊഴിച്ചിരുന്നു. എൺപതുകളോടെ ആദിവാസികളെയും ദളിതരെയും ചവിട്ടിത്താഴ്ത്തിയ മധ്യവർഗ്ഗത്തിലൂന്നിയ'കേരള മോഡലി'ന്റെ വക്കാലത്തുകാരായി സിപിഐ(എം) മാറി. ഈ പശ്ചാത്തലത്തിലാണ് 90കളിൽ ഇന്ത്യയിലാകമാനം ആഗോളീകരണ-നവഉദാരീകരണ നയങ്ങൾ ആധിപത്യത്തിലേക്കു വന്നത്.

മുമ്പു സൂചിപ്പിച്ചതുപോലെ, നെഹ്രുവിയൻ മാതൃകയുടെ മൂലക്കല്ലുപോലും തകർത്ത് കോർപ്പറേറ്റ് മൂലധനത്തെ മൻമോഹൻസിങ്ങ് തുറന്നുവിടുകയും പലരും പകച്ചുനിൽക്കുകയും ചെയ്തപ്പോൾ അന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവാണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തിലൂടെ ആഗോളീകരണത്തിന്റെ ശക്തനായ വക്താവായി രംഗത്തുവരുന്നത്. ഇന്ത്യൻ സമ്പദ്ഘടനയിൽ മുമ്പില്ലാതിരുന്ന പല പ്രവണതകളും ശക്തിപ്പെട്ടു തുടങ്ങിയ ഒരു ഘട്ടം കൂടിയായിരുന്നു അത്. കൊളോണിയൽ കാലം മുതൽ സാമ്രാജ്യത്വമൂലധനത്തിന്റെ ജൂണിയൻ പാർട്ട്‌നർമാരായി വളർന്നുവന്നവരെങ്കിലും വ്യവസായവൽക്കരണത്തിലും ഗവേഷണ-പ്രവർത്തനത്തിലും മറ്റും അറിയപ്പെട്ടുപോന്ന ഒന്നാംനിര കുത്തകകളായ ടാറ്റയെയും ബിർളയെയും മറ്റും പിന്നോട്ടുതള്ളി മുഖ്യമായും ഓഹരിചൂതാട്ടം പോലുള്ള ഊഹക്കച്ചവടത്തിലൂടെയും പ്രകൃതിവിഭവക്കൊള്ളയിലൂടെയും മറ്റും പെട്ടെന്നു കുതിച്ചുപൊങ്ങിയ അംബാനിയെയും അദാനിയെയും പോലുള്ള പുതുമടിശ്ശീലക്കാർ കുത്തകപട്ടികയിലെ മുൻനിരയിലേക്കു കടന്നുവന്നതും ഭരണസംവിധാനത്തിനകത്തേക്കു അവർക്കു നേരിട്ടുകയറാൻ കഴിഞ്ഞതും താരതമ്യേന പുതിയ പ്രവണതയായിരുന്നു.

80കൾ വരെയുള്ള കാലത്തെ ഏറ്റവും വലിയ കുംഭകോണം 64 കോടി വരുന്ന ബോഫോഴ്‌സ് അഴിമതി യായിരുന്നെങ്കിൽ, മൻമോഹൻ ഭരണം ആരംഭിച്ചപ്പോൾതന്നെ 5000 കോടിയുടെ ഹർഷത് മേത്ത കുംഭകോണമാണ് വാർത്തയായത്. ഇന്നിപ്പോൾ, 2 ജി സ്‌പെക്ട്രവും കൽക്കരിയിടപാടുകളും കടന്ന് പ്രധാനമന്ത്രിയുടെ ഉറ്റസുഹൃത്തുക്കൾ കൂടിയായ കോർപ്പറേറ്റ് ഭീമന്മാരുടെ നേതൃത്വത്തിലുള്ള ലക്ഷക്കണക്കിനു കോടിരൂപയുടെ ബാങ്കുതട്ടിപ്പുകളായി അത് വ്യാപിച്ചിരിക്കുന്നു. വളരെ ചുരുക്കിപ്പറഞ്ഞാൽ സർവ്വതന്ത്ര സ്വതന്ത്രമായി കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള എല്ലാ പശ്ചാത്തലസൗകര്യങ്ങളും ഒരുക്കിയത് 90 കളുടെ തുടക്കത്തിലാണ്. പിന്നീട് അധികാരത്തിൽവന്ന യുഎഫ്, എൻഡിഎ, യുപിഎ സർക്കാരുകൾ ഈ നയങ്ങൾ നിരന്തരം ഊർജ്ജിതമാക്കി. മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ ഭരണം ഇക്കാര്യത്തിൽ എല്ലാ റിക്കാർഡുകളും ഭേദിച്ചിരിക്കുന്നു.

ഇതിനിടയിൽ ഉണ്ടായ ഒരു സുപ്രധാന സംഭവത്തിലേക്ക് വിരൽചൂണ്ടുന്നതിനുകൂടിയാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. 1996ൽ ജനരോഷത്തെ തുടർന്ന് കോൺഗ്രസ് അധികാരത്തിൽ നിന്നു പുറത്തുപോകുകയും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ വരികയും ചെയ്തപ്പോൾ, തങ്ങളുടെ കോർപ്പറേറ്റ് കൊള്ള അനുസ്യൂതം മുന്നോട്ടുപോകാൻ മൂലധനശക്തികൾ പ്രധാനമന്ത്രിപദത്തിലേക്കു ക്ഷണിച്ചത് സിപിഐ(എം) നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ ജ്യോതിബസുവിനെ തന്നെയായിരുന്നു. ഇത് കേവലം യാദൃശ്ചികമായിരുന്നില്ല. ആഗോളീകരണത്തെ ആശയപരമായി അംഗീകരിക്കുക മാത്രമല്ല, ഇതര സംസ്ഥാന സർക്കാരുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതു നടപ്പാക്കുന്നതിലും മുന്നിട്ടുനിൽക്കുന്നതിലും സിപിഐ(എം) ഭരിക്കുന്ന സംസ്ഥാനസർക്കാരുകളാണെന്നുമുള്ള തിരിച്ചറിവായിരുന്നു ബഹുരാഷ്ട്ര-നാടൻ കുത്തകകൾക്ക് പ്രധാനമന്ത്രി പദത്തിലേക്ക് ജ്യോതിബസുവിനെ നിർദ്ദേശിക്കുന്നതിനു പ്രേരകമായത്.

ജ്യോതിബസു പ്രധാനമന്ത്രിയാകുംവിധം പാർട്ടിയിൽ അഭിപ്രായരൂപീകരണം നടക്കാതെ പോയപ്പോഴും പിന്നീടുള്ള ഒന്നര ദശാബ്ദക്കാലത്തെ അനുഭവങ്ങൾ കാണിച്ചത് ഇന്ത്യയിലെ നവഉദാരനികുതി പരിഷ്കാരങ്ങൾക്കു നേതൃത്വം കൊടുക്കുന്നതിലും ജനകീയ എതിർപ്പുകളെ അടിച്ചൊതുക്കി ഭൂമി പിടിച്ചെടുത്തു കോർപ്പറേറ്റുകൾക്കു നൽകുന്നതിലും മറ്റും ഒരു വിട്ടുവീഴ്ചയും സിപിഐ(എം) നയിച്ച സംസ്ഥാന ഭരണത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നതാണ്. എന്നുമാത്രമല്ല, നവഉദാരനയങ്ങൾക്കെതിരായ പ്രതിഷേധം ബംഗാളിൽ വ്യാപകമാകുകയും ഇടതുപക്ഷമെന്നവകാശെടുന്ന സർക്കാർ കോർപ്പറേറ്റുമൂലധനത്തിന്റെ ദല്ലാളനാകുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നുവരികയും ചെയ്തപ്പോൾ സോഷ്യലിസം മണ്ണാങ്കട്ടയാണെന്നും മുതലാളിത്തമാണ് ശരിയെന്നും അക്കാര്യത്തിൽ തങ്ങളെ പറ്റിക്കാൻ ആരും നോക്കേണ്ടതില്ലെന്നും വരെ പരസ്യമായി പ്രസംഗിക്കുന്നതിനുപോലും ബസുവിനു ശേഷം മുഖ്യമന്ത്രിയായ ബുദ്ധദേവ് തയ്യാറാകുകയുണ്ടായി. നന്ദ്രിഗ്രാം-സിംഗുർ സംഭവങ്ങളിലേക്കു നയിക്കുന്നതും തുടർന്ന് ബംഗാളിൽ സിപിഐ(എം)ന്റെ അസ്ഥിവാരമിളകുന്നതും തുടർന്നുള്ള സംഭവവികാസമാണ്.

തീർച്ചയായും, ഇന്ത്യയിൽ നവഉദാര-കോർപ്പറേറ്റ്‌വൽക്കരണത്തിനു അടിത്തറയിട്ടത് ഇന്ത്യൻ ഭരണവർഗ്ഗങ്ങളുടെ ഒന്നാം നമ്പർ രാഷ്ട്രീയ പാർട്ടിയായിരുന്ന കോൺഗ്രസ്സായിരുന്നു. ദല്ലാൾ സ്വഭാവമുള്ള ഇന്ത്യൻ വൻകിടബൂർഷ്വാസിയുടെയും ഭൂപ്രഭുക്കന്മാരുടെയും രാഷ്ട്രീയ പ്രതിനിധിയെന്ന ഈ പദവി സ്വാതന്ത്ര്യസമരകാലത്തുമുതൽ പരമ്പരാഗതമായി അതിനു കൈവന്നതാണ്. എന്നാൽ ഒരിക്കലും ഒരു കേഡർ പാർട്ടിയായിട്ടില്ലാത്ത, 'ആൾക്കൂട്ട സ്വഭാവ'മുള്ള അണികളെ ആശ്രയിച്ചായിരുന്നു അതിന്റെ വോട്ടുബാങ്കുകൾ ഉറപ്പാക്കപ്പെട്ടിരുന്നത്. രണ്ടു വർഷത്തിനപ്പുറത്തേക്ക് അടിയന്തരാവസ്ഥ നീട്ടിക്കൊണ്ടുപോകാൻ ഇന്ദിരാഗാന്ധിക്കു കഴിയാതെ വന്നതിലെ ഒരു ഘടകം അടിമുതൽ മുടിവരെ ഉദ്യോഗസ്ഥമേധാവിത്വത്തിലധിഷ്ഠിതമായ ഒരു ബ്യൂറോക്രറ്റിക് പാർട്ടിയായിരുന്നില്ല കോൺഗ്രസ്സ് എന്നതുകൂടിയായിരുന്നു.

നവഉദാരഘട്ടം ആവശ്യപ്പെടുന്ന ജനങ്ങളെ അടിച്ചൊതുക്കിക്കൊണ്ടുള്ള, ജനാധിപത്യാവകാശങ്ങൾ നിഷേധിച്ചുകൊണ്ടുള്ള ഒരു വികസന പരിപ്രേക്ഷ്യം പരമ്പരാഗത കോൺഗ്രസ്സ് പാർട്ടിക്ക് വിജയകരമായി പൂർത്തീകരിക്കാനാവില്ല എന്ന മൂലധനകേന്ദ്രങ്ങളുടെ തിരിച്ചറിവുകൂടിയാണ് കോൺഗ്രസിൽ പ്രാഥമിക അംഗത്വം പോലുമില്ലാതിരുന്ന ഒരു ബ്യൂറോക്രാറ്റ് മാത്രമായിരുന്ന മൻമോഹൻ സിങ്ങിനെ ധനമന്ത്രിയായി പ്രതിഷ്ഠിക്കുന്നതിലേക്ക് എത്തിച്ചത്. എന്നാലതേസമയം, രാഷ്ട്രീയ എതിരാളികൾക്കു നേരെ മാത്രമല്ല, സർക്കാർ നയങ്ങളെ എതിർക്കുന്ന ജനങ്ങൾക്കുനേരെയും പാർട്ടി കേഡർമാരെ വിന്യസിക്കാൻ കഴിയുന്ന, അപ്രകാരം നവഉദാര കോർപ്പറേറ്റ് നയങ്ങൾ ഉദ്ദേശിക്കുന്ന ദി ശയിലേക്ക് എത്തിക്കാൻ കഴിയുന്ന ബംഗാളിലെ സിപിഐ(എം) ഭരണാനുഭവങ്ങളാണ് ജ്യോതിബസുവിനു പ്രധാനമന്ത്രിപദവിയുടെ നറുക്കു വീഴുന്നതിനു കാരണമായതെന്നും കാണാവുന്നതാണ്. വാജ്‌പേയ്‌യുടെ ഭരണകാലത്ത് ആഗോളീകരണത്തിന്റെ വിനാശകാരിയായ രണ്ടാംതലമുറ പരിഷ്കാരങ്ങൾക്ക് അടിത്തറയിട്ടെങ്കിലും കോർപ്പറേറ്റ് കേന്ദ്രങ്ങളും ആർഎസ്എസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢീകരിക്കേണ്ടതുണ്ടായിരുന്നു. തുടർന്നുവന്ന പത്തുവർഷക്കാലത്തെ മൻമോഹൻ ഭരണകാലത്ത് കോർപ്പറേറ്റ്‌വൽക്കരണം അനുസ്യൂതമായി മുന്നേറിയതോടൊപ്പം ജനകീയരോഷം എല്ലാസീമകളെയും ഭേദിച്ച് ചരിത്രത്തിലാദ്യമായി 544 അംഗ ലോകസഭയിൽ പ്രതിപക്ഷ നേതൃത്വസ്ഥാനത്തിന് അവകാശപ്പെട്ട 10 ശതമാനം സീറ്റുപോലും കോൺഗ്രസ്സിനു കിട്ടാത്ത പതനത്തിലെത്തിക്കുകയും ചെയ്തു.

2014-ൽ 31 ശതമാനം വോട്ടേ ലഭിച്ചുള്ളുവെങ്കിലും മോദി അധികാരത്തിലേക്കു വന്നത് കോർപ്പറേറ്റുകളുടെ നേതൃത്വത്തിൽ ആസൂത്രിതമായി നടപ്പായ ഒരു 'ഇവന്റ്' മാനേജ്‌മെന്റിലൂടെയായിരുന്നുവെന്ന് ഇന്ന് ഏതാണ്ടെല്ലാവരും അംഗീകരിക്കുന്നു. എല്ലാ എതിർപ്പുകളെയും ഉരുക്കുമുഷ്ടിയോടെ അടിച്ചൊതുക്കിയും 'നരഹത്യകൾ' വരെ ആവിഷ്കരിച്ചും കോർപ്പറേറ്റുകൾ ആഗ്രഹിക്കുന്ന ഭരണം കാഴ്ചവെക്കുന്ന അതുവഴി കുപ്രസിദ്ധമായ 'ഗുജറാത്ത്‌മോഡൽ' ഇന്ത്യക്കാകെ അഭികാമ്യമാണെന്നു കോർപ്പറേറ്റുകൾക്ക് പ്രചരിപ്പിക്കാനും പശ്ചാത്തലമൊരുക്കുന്നതിനും ഒരു ദശാബ്ദത്തിലേറെ നീണ്ട മോദിയുടെ ഭരണം വഴിവെച്ചു. ഒരു ദശാബ്ദം കൊണ്ട് 13 ഇരട്ടി സമ്പത്തു വർദ്ധിപ്പിച്ച അദാനിയുടെയും മറ്റും കോർപ്പറേറ്റ് സുവർണകാലം അനിവാര്യമായും അഴിമതിയുടെയും സുവർണകാലമായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്.

എന്നാൽ ഇതെല്ലാം മൂടിവെച്ച്, മോദി അധികാരത്തിലെത്തുന്നതോടെ അഴിമതിക്കാരുടെ പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യാക്കാർക്കും 15 ലക്ഷം രൂപ വീതം 100 ദിവസത്തിനകം നൽകുമെന്ന ഭ്രമാത്മകമായ ഗീർവാണങ്ങൾ കോർപ്പറേറ്റ് മീഡിയ 24 മണിക്കൂറും റിലേ ചെയ്തുകൊണ്ടിരുന്നു. ഇന്നിപ്പോൾ നാം കാണുന്നത്, മൻമോഹൻ ഭരണകാലത്തുണ്ടായതിന്റെ പതിന്മടങ്ങ് അഴിമതി മോദിഭരണത്തിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞുവെന്നാണ്. അതേസമയം അമേരിക്കൻ കുത്തകകളും ലോകബാങ്കും ലോകവ്യാപാര സംഘടനയുമെല്ലാം ആവശ്യപ്പെടുന്ന 'നിക്ഷേപസൗഹൃദ' (ease of doing business) അന്തരീക്ഷത്തിനുവേണ്ടി മുമ്പുണ്ടായിരുന്ന മുഴുവൻ തൊഴിൽ, പരിസ്ഥിതി, നികുതി നിയമങ്ങളെല്ലാം മോദി അട്ടിമറിച്ചു കഴിഞ്ഞു. എതിർക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും രാജ്യദ്രോഹികളും ദേശവിരുദ്ധരുമായി ചിത്രീകരിക്കുകയും കരിനിയമങ്ങൾക്കു വിധേയമാക്കുകയും മാത്രമല്ല, അവരെയെല്ലാം കൈകാര്യം ചെയ്യാൻ പരിവാർ ഗുണ്ടകളെയും പശുഭ്രാന്തന്മാരെയും കയറൂരിവിട്ടിരിക്കുന്നു. സൈന്യവും പോലീസും ഭരണസംവിധാനവും മാത്രമല്ല കോടതിയെപ്പോലും നിയന്ത്രണത്തിലാക്കി. ഇതിനെതിരെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതി ജഡ്ജിമാർ പത്രസമ്മേളനം നടത്തി. '56 ഇഞ്ച് നെഞ്ചളവൻ' എന്ന വിശേഷണത്തോടെ മോദിയുടെ കോർപ്പറേറ്റ് ഫാസിസം തേരോട്ടം തുടരുന്നു.

ഇന്ത്യയുടെ ഒരു ശതമാനം ഭൂവിസ്തൃതിയും മൂന്നുശതമാനം ജനങ്ങളുമുള്ള കേരളത്തിലും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് മേൽസൂചിപ്പിച്ച മോദിവൽക്കരണത്തിന്റെ ഒരു പരിച്ഛേദമാണ്. വിശദാംശങ്ങളിൽ വ്യത്യസ്തതകളുണ്ടാമെങ്കിലും '56 ഇഞ്ചുകാരൻ' ഇന്ത്യയിൽ അധികാരത്തിൽ വന്നതിനു സമാനമായി കേരളത്തിൽ സവിശേഷ മൂലധനതാല്പര്യമുള്ള കോർപ്പറേറ്റുകളുടെ വമ്പിച്ച പ്രചരണ പിൻബലത്തോടെയാണ് 'ഇരട്ടച്ചങ്കനും' മുഖ്യമന്ത്രി പദവിയിൽ അവരോധിക്കപ്പെട്ടത്. മൻമോഹൻ ഭരണത്തോടു താരതമ്യപ്പെടുത്താവുന്നവിധം ആഗോളീകരണ നയങ്ങൾ നടപ്പാക്കിയതിലൂടെ അഴിമതിയിൽ ആറാടിയ ഉമ്മൻഭരണത്തിനെതിരായ ജനകീയരോഷത്തെ കോർപ്പറേറ്റുകൾ പിണറായിയെ മുന്നിൽനിർത്തി തിരിച്ചുവിടുകയായിരുന്നു. വികസനത്തെ സംബന്ധിച്ച് ഒരു ജനകീയ സമീപനവും മുന്നോട്ടുവെക്കാനില്ലാത്ത പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് കഷ്ടിച്ച് കടന്നുകൂടിയാലായി എന്നിടത്താണ് ജനങ്ങളുടെ നിഷേധാത്മക വോട്ടുകൾ നൂറോളം സീറ്റുകൾ പിണറായി നേതൃത്വത്തിനു നേടിക്കൊടുത്തത്. കേരളത്തിൽ ആഗോളീകരണത്തിന്റെ രണ്ടാം തലമുറപരിഷ്കാരങ്ങൾക്കു തുടക്കമിട്ട നായനാർ മന്ത്രിസഭയിലെ കർക്കശക്കാരനായ കോർപ്പറേറ്റ് സേവകൻ എന്ന വിശേഷണം അദ്ദേഹം മുമ്പേതന്നെ നേടിയെടുത്തിരുന്നു. 50 കോടിരൂപയ്ക്ക് നടപ്പാക്കാവുന്ന വൈദ്യുതി നവീകരണ പദ്ധതിയെന്ന് സ്വന്തം പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിലയിരുത്തിയ റിപ്പോർട്ട് ചവറ്റുകൂനയിൽ വലിച്ചെറിഞ്ഞ് 375 കോടി രൂപയുടെ ലാവ്‌ലിൻ പദ്ധതിയെ ആശ്ലേഷിച്ചത് കോർപ്പറേറ്റ് കേന്ദ്രങ്ങൾക്കുള്ള സന്ദേശം കൂടിയായിരുന്നു. വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കേണ്ടതില്ല.

ഇന്നിപ്പോൾ എന്താണ് കേരളത്തിൽ സംഭവിക്കുന്നത്? ഉമ്മൻഭരണത്തെ ജനങ്ങൾ വലിച്ചു താഴെയിട്ടതിനുകാരണമായ മാണിയുടേതടക്കം കൊടിയ അഴിമതികളെല്ലാം ആവശ്യാനുസരണം വിലപേശലിനായി കോൾഡ് സ്റ്റോറേജിലാക്കി. കോർപ്പറേറ്റ് മൂലധനാധിപത്യത്തെ പരാജയപ്പെടുത്തിക്കൊണ്ടല്ലാതെ അഴിമതിയെ ചെറുക്കാനാവില്ലെന്ന ശരിയായ ധാരണയില്ലെങ്കിൽക്കൂടി, അഴിമതിക്കെതിരെ നിലപാടുള്ളവരെയെല്ലാം തെരഞ്ഞുപിടിച്ച് കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു. സർക്കാർ റവന്യൂ ഭൂമിയുടെ സിംഹഭാഗം കയ്യടക്കിയ ഭരണഘടനയെ വെല്ലുവിളിക്കുന്ന ദേശവിരുദ്ധ, വിദേശ മാഫിയ കമ്പനികൾക്ക് പാദസേവ ചെയ്യുന്നു. ഭൂമാഫിയകളുടെ രാജ്യദ്രോഹം കോടതികളിൽ തുറന്നുകാട്ടുന്ന ജനപക്ഷ അഡ്വക്കേറ്റുമാരെ ഒഴിവാക്കി മാഫിയസംരക്ഷകരെ വക്കാലത്തേല്പിക്കുന്നു. 'കോവളവും' 'കുട്ടിക്കാന'വുമെല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നു. പൊതുഖജനാവിന് 80000 കോടി രൂപയിലധികം നഷ്ടവരുത്തുമെന്ന് സിഎജി കണ്ടെത്തിയ അദാനിയെപ്പോലുള്ള കോർപ്പറേറ്റ് കൊള്ളക്കാർക്ക് വിടുപണി ചെയ്യുന്നു.

മോദിയുടെ 'വികസന'പാത പിന്തുടർന്ന് എതിർക്കുന്നവരെയും വിമർശകരെയും 'മാവോയിസ്റ്റ്' തീവ്രവാദ ചാപ്പകുത്തി അടിച്ചൊതുക്കുന്നു. അതും പറ്റാത്തവരെ ഗുണ്ടാലിസ്റ്റിൽപെടുത്തുമെന്നു ഭീഷണിപ്പെടുത്തുന്നു. ഭരണഘടനയെയും ഫെഡറൽ തത്വങ്ങളെയും തകർത്ത് സംസ്ഥാനത്തിന്റെ വിഭവസമാഹരണ അവകാശം പോലും ഇല്ലാതാക്കുന്ന ജിഎസ്ടി പോലുള്ള ജനവിരുദ്ധനികുതി പരിഷ്ക്കാരങ്ങളെ കോർപ്പറേറ്റ് സേവയുടെ പേരിൽ രാജാവിനെക്കാൾ വലിയ രാജഭക്തിയോടെ നടപ്പാക്കുന്നു. മർദ്ദിതജനതകളുടെ സംവരണാവകാശം പോലും അട്ടിമറിച്ച് ജാതിമതശക്തികളുടെ തിണ്ണ നിരങ്ങുന്നു. കൂടുതൽ വിശദീകരിക്കേണ്ടതില്ലാത്തവിധം കാര്യങ്ങൾ വ്യക്തമാണ്. ഇക്കാര്യങ്ങളെല്ലാം കോർപ്പറേറ്റ് കേന്ദ്രങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താൻ സിഐഎയുടെ തന്നെ ബുദ്ധികേന്ദ്രമായ ഹാർവാർഡിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധയെത്തന്നെ ഉപദേശകയാക്കുന്നു! ഏറ്റവുമൊടുവിൽ ചെങ്കൊടിയും ഇനി കുത്തേണ്ടതില്ലെന്ന അന്ത്യശാസനം അണികൾക്കു പോയിരിക്കുന്നു. കോർപ്പറേറ്റ് 'വികസന'ത്തിന് അത് തടസ്സമാണെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. എല്ലാം മൂലധനത്തിന്റെ ചലനനിയമങ്ങൾക്കനുസൃതമായിത്തന്നെ!

കീഴാറ്റൂരിലെയും കുറ്റിപ്പുറത്തെയുമെല്ലാം ജനകീയ മുന്നേറ്റങ്ങളെ ഈ പശ്ചാത്തലത്തിൽ നോക്കിക്കാണേണ്ടതുണ്ട്. വികസനമെന്ന പേരിൽ പിണറായി ഭരണം അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്ന കോർപ്പ റേറ്റ് സമ്പത്ത് കൊള്ളയുടെ ഒരുദാഹരണമാണ് കീഴാറ്റൂരുമായി ബന്ധപ്പെട്ട ദേശീയപാതാവികസനം. റോഡുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉൾപ്പെടുന്ന അടിസ്ഥാനസൗകര്യവികസനം നവഉദാരഘട്ടത്തിലെ കോർപ്പറേറ്റ് കൊള്ളയുടെ മുഖ്യഉറവിടങ്ങളിലൊന്നാണെന്നത് സംബന്ധിച്ച നിരവധി ലേഖനങ്ങൾ 'സഖാവി'ന്റെ മുൻലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. 'ക്ഷേമമുതലാളിത്ത' (welfare capitalism) ഘട്ടത്തിൽ അടിസ്ഥാനസൗകര്യവികസനം പൂർണ്ണമായും ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തിലായിരുന്നു. അതായത് ഇന്നത്തെ സിപിഐ(എം)നെക്കാൾ എത്രയോ മടങ്ങു പുരോഗമനകാരിയായിരുന്നു എഴുപതുകൾ വരെയുള്ള മുതലാളിത്തം! അവിടെ ബിഒടി/പിപിപി പദ്ധതികളൊന്നുമില്ലായിരുന്നു. അന്നു ഭരണകൂടത്തിന്റെ വരുമാനം നൂറുകണക്കിനു കോടികളായിരുന്നെങ്കിൽ ഇന്നു ലക്ഷക്കണക്കിനു കോടികളാണ്. പക്ഷെ അന്നു മുതലാളിമാർ അടിച്ചുമാറ്റിയിരുന്ന വിഹിതം താരതമ്യേന കുറവായിരുന്നു. അതുകൊണ്ട് 'വികസന'പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്തു നടപ്പാക്കിയിരുന്നു. ഇന്നു മോദിമാരും പിണറായിമാരും ഭരിക്കുന്ന ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും മുകൾത്തട്ടിലുള്ള ഒരു ശതമാനം ശതകോടീശ്വരന്മാർ ദേശീയസമ്പത്തിൽ അവരുടെ വിഹിതം 58 ശതമാനത്തിൽ നിന്നും 73 ശതമാനമായി വർദ്ധിപ്പിച്ച സാമ്പത്തികശാസ്ത്രമാണ് കീഴാറ്റൂരുകൾക്കുപിന്നിൽ. ഈ പ്രക്രിയയുടെ ശക്തനായ വക്താവായി കേരളമുഖ്യൻ മാറിയിരിക്കുന്നു.

ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പുകളും ബൂർഷ്വാ ലിബറൽ മുഖവുമുള്ള ഭരണവ്യവസ്ഥകളെക്കാൾ ഇന്നു കോർപ്പറേറ്റ് മൂലധനത്തിന് കൂടുതൽ ആഭിമുഖ്യം ജനാധിപത്യത്തിന്റെ മൂടുപടങ്ങളൊന്നും സൂക്ഷിക്കാത്ത ബ്യൂറോക്രാറ്റിക് പാർട്ടി സംവിധാനങ്ങളെയും ഉദ്യോഗസ്ഥമേധാവിത്വ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെയുമാണ്. പാർലമെന്ററി സംവിധാനത്തിന്റെ ആടയാഭരണങ്ങൾ നിലനിൽക്കുമ്പോഴും പാർലമെന്റിനെ നോക്കുകുത്തിയാക്കുന്ന, ആർഎസ്എസിനെപ്പോലെ ഒരു ഫാഷിസ്റ്റ് സംഘടനയുടെ പിൻബലമുള്ള മോദി ആഗോള കോർപ്പറേറ്റ് കേന്ദ്രങ്ങൾക്ക് പ്രിയങ്കരനാകുന്നത് നവഉദാരഘട്ടത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ബൂർഷ്വാ ജനാധിപത്യ സംവിധാനങ്ങൾ പഴയതുപോലെ നിലനിർത്തിക്കൊണ്ട് മനുഷ്യാദ്ധ്വാനത്തെയും പ്രകൃതിയെയും കൊള്ള ചെയ്യാനാവാത്ത തലത്തിലേക്ക് സാമൂഹ്യസംഘർഷങ്ങളും വൈരുദ്ധ്യങ്ങളും മൂർച്ഛിച്ചിരിക്കുന്നു. ഒരുവേള ദാവോസിലെ ലോകമുതലാളിത്ത ഉച്ചകോടിയിൽ പാശ്ചാത്യ ഭരണത്തലവന്മാരെക്കാൾ സ്വീകാര്യത ചൈനീസ് 'ചക്രവർത്തി' ഷിജിൻപിങ്ങിനു ലഭിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചെങ്കൊടിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരും ഉപയോഗിച്ചുകൊണ്ട് ലോകസാമ്രാജ്യത്വത്തിന്റെ, ഫിനാൻസ് മൂലധനത്തിന്റെ, അമേരിക്കയെ വെല്ലുന്ന പ്രഭവകേന്ദ്രമാകാൻ ചൈനയിലെ ഉദ്യോഗസ്ഥമേധാവിത്വ കുത്തക മുതലാളിത്തത്തിനു കഴിയുന്നു എന്നതാണ് വസ്തുത. അതായത്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലേബലുള്ള ഉദ്യോഗസ്ഥമേധാവിത്വ സ്വേച്ഛാധിപത്യങ്ങൾക്കാണ് ഇന്നു കോർപ്പറേറ്റ്‌സേവ വിദഗ്ധമായി നടപ്പാക്കാൻ കഴിയുന്നത്. അദ്ധ്വാനിക്കുന്ന ജനങ്ങളിലൊരു വിഭാഗത്തെ കബളിപ്പിച്ച് കോർപ്പറേറ്റ് പക്ഷത്തു നിർത്തുന്നതിന് ഈ ലേബൽ ഗുണപ്രദമാണെന്നും മൂലധനകേന്ദ്രങ്ങൾ കരുതുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം ഉമ്മൻഭരണത്തെക്കാൾ പിണറായിഭരണം കോർപ്പറേറ്റ് മൂലധനത്തിന് സ്വീകാര്യമാകുന്നതും അതിൻപ്രകാരം 'വികസന' ത്തിന്റെ മറവിൽ കോർപ്പറേറ്റ് കൊള്ളയും ജനങ്ങളുടെ കുടിയൊഴിപ്പിക്കലും ഭൂമികയ്യേറ്റവും മറ്റും നിർബാധം അരങ്ങേറുന്നതും ഈ സാഹചര്യത്തിലാണ്. ഇന്ത്യയിലേറ്റവുമധികം ജനസാന്ദ്രതയുള്ളതും ഭൂകേന്ദ്രീകരണം ഏറ്റവും കൂടുതലുള്ളതും സർവ്വോപരി ഭൂമിക്ക് വലിയ വിലയുള്ളതുമായ കേരളത്തിൽ മൂലധനത്തിന്റെ റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്നുനിൽക്കുന്നു. കേരളത്തിന്റെ ഗതാഗതപ്രശ്‌നങ്ങൾ, ദേശീയപാത വികസനമെന്ന ഒറ്റമൂലിയുടേതല്ലെന്നും അതൊരു ജനപക്ഷ വികസന പരിപ്രേക്ഷ്യവുമായി ബന്ധപ്പെട്ടതാണെന്നുമുള്ള കാര്യം ഈ കുറിപ്പിന്റെ വിഷയമല്ല. അതേസമയം, നാലുവരിയും ആറുവരിയുമൊക്കെയുള്ള ദേശീയ പാതവികസനത്തിന് ദശാബ്ദങ്ങൾക്കുമുമ്പ് 30 മീറ്റർ അംഗീകരിച്ചിരുന്നിടത്ത് ഇപ്പോൾ 45 മീറ്ററെങ്കിലും വേണമെന്ന വാദം ഇതുമായി ബന്ധപ്പെട്ട നവഉദാരകാലത്തെ മാഫിയാ താല്പര്യങ്ങളിൽ നിന്നാണ് രൂപംകൊള്ളുന്നത്. ഗോവ പോലുള്ള സംസ്ഥാനങ്ങളിൽ മാത്രമല്ല, കേരളത്തിൽ പോലും 30 മീറ്ററിൽ 6 വരിപാത നിർമ്മിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഉമ്മൻഭരണകാലത്ത് 30 മീറ്റർ എന്ന സമവായ സാധ്യതപോലും അട്ടിമറിക്കുന്നതിനു പിന്നിൽ കോർപ്പറേറ്റ് കേന്ദ്രങ്ങളും സിപിഐ(എം) നേതൃത്വവുമായുള്ള ബാന്ധവം നിർണായകമായിരുന്നു. ദേശീയപാത വികസനമെന്ന പേരിൽ ജനങ്ങൾക്കുമേൽ നടന്നുകൊണ്ടിരിക്കുന്ന സായുധ അകമ്പടിയോടെയുള്ള കടന്നുകയറ്റത്തെ ചോദ്യം ചെയ്യുന്നവരെ ഗുണ്ടാലിസ്റ്റിൽപെടുത്തുമെന്നും മറ്റുമുള്ള ഫാസിസ്റ്റ് ഭീഷണികളുടെ അടിസ്ഥാനം ഇതാണ്.

ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുംവിധം തൊഴിലാളിവർഗ്ഗത്തിന്റെയും മർദ്ദിതരായ ജനവിഭാഗങ്ങളുടെയും മോചനത്തെ ലക്ഷ്യംവെക്കുന്നതും സമൂഹത്തിന്റെ അടിസ്ഥാന ജനാധിപത്യവൽക്കരണത്തിൽ ഊന്നുന്നതും പരിസ്ഥിതി സൗഹൃദവുമായ ഒരു വികസന കാഴ്ചപ്പാട് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും വർഗ്ഗനിലപാടും കയ്യൊഴിച്ച സിപിഐ(എം) ന് അന്യമാണ്. കോർപ്പറേറ്റ് മൂലധനത്തിന്റെ രാഷ്ട്രീയ പ്രതിനിധികളും ദല്ലാളന്മാരുമായി അപചയിച്ചുകഴിഞ്ഞ, എന്നാൽ കമ്മ്യൂണിസ്റ്റ് എന്ന ലേബലിൽ ഉദ്യോഗസ്ഥ മേധാവിത്വ പാർട്ടി സംവിധാനമായി പരിവർത്തിക്കപ്പെട്ട ഇത്തരം പാർട്ടികളുടെ മുമ്പിൽ രണ്ടു സാധ്യതകളാണ് ഇന്നുള്ളത്. ഒന്ന്, ചൈനയുടേതുപോലെ എല്ലാ പ്രതിഷേധങ്ങളെയും വിമതസ്വരങ്ങളെയും അടിച്ചൊതുക്കി കോർപ്പറേറ്റ് ഉദ്യോഗസ്ഥ മേധാവിത്വ സമഗ്രാധിപത്യത്തിലേക്കു നീങ്ങുക. ഈ സാധ്യത സിപിഐ(എം) നെ സംബന്ധിച്ചിടത്തോളം ചരിത്രപരമായി നിഷേധിക്കപ്പെട്ടിരിക്കുന്നു. രണ്ടാമത്തേത്, 'കാറ്റിനൊത്തു തൂറ്റുക'യെന്ന പരിപാടിയിലൂടെ ഒന്നുകിൽ ബംഗാളിൽ സംഭവിച്ചതുപോലെ സ്വയം കുഴിതോണ്ടുകയോ, അതുമല്ലെങ്കിൽ മറ്റൊരു ഭരണവർഗ്ഗപാർട്ടിയായി തരാതരംപോലെ വേട്ടക്കാരനും ഇരയ്ക്കുമൊപ്പം കളം മാറ്റി ചവിട്ടി തുടരുകയോ എന്നതാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ, കേരളത്തെ സംബന്ധിച്ചിടത്തോളം യുഡിഎഫുമായി മത്സരിച്ച് അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന 'ഈസി വാക്കോവർ' ബിജെപി കൂടി രംഗപ്രവേശം ചെയ്തതോടെ അത്ര സുഗമമായിരിക്കില്ല. ജനങ്ങളെ കബളിപ്പിക്കുന്ന ഇപ്പോഴത്തെ ഇടതുമുഖംമൂടിപോലും സൂക്ഷിക്കാനാവാതെ വരുന്നതോടെ, കോർപ്പറേറ്റ് മൂലധനകേന്ദ്രങ്ങൾക്ക് സിപിഐ(എം) നെ കൊണ്ടുള്ള സവിശേഷ ഉപയോഗവും ക്രമേണ ഇല്ലാതാകും.

ആമുഖമായി സൂചിപ്പിച്ച വിഷയത്തിലേക്ക് കടന്നുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. അതായത് ഒരേസമയം മനുഷ്യർക്കും പ്രകൃതിക്കും വിനാശം വിതച്ചുകൊണ്ട് കോർപ്പറേറ്റുകളുടെ കുംഭ വീർപ്പിക്കലാണ് നവഉദാരകാലത്തെ വികസനം എന്നത് അർത്ഥമാക്കുന്നത്. ഭരണ സംവിധാനത്തോടൊപ്പം പാർട്ടിയെയും അണികളെയും (സോഷ്യൽ മീഡിയയിലും തെരുവിലും) ജനങ്ങൾക്കുമേൽ കയറൂരിവിട്ടുകൊണ്ടല്ലാതെ മോദിമുതൽ പിണറായി വരെയുള്ള കോർപ്പറേറ്റ് മൂലധന ദല്ലാളന്മാർക്ക് ഈ വികസനം അടിച്ചേല്പിക്കാനാവാത്തവിധം വൈരുധ്യങ്ങൾ മൂർച്ഛിച്ചിരിക്കുന്നു. ഭരണകൂടഭീകരതയിലൂടെ മാത്രം നടപ്പാക്കാൻ കഴിയുന്ന ഈ വികസനമാണ് വർത്തമാനകാലത്തെ ഫാസിസത്തിന് അടിസ്ഥാനം.

ഈ സാഹചര്യത്തിൽ, 'വികസനവും സമാധാനവും' എന്ന ലേബലിൽ സിപിഐ(എം) കണ്ണൂരിൽ നടത്തുന്ന ജാഥകൾ വാസ്തവത്തിൽ മനം പുരട്ടലുണ്ടാക്കുന്നതാണ് എന്ന് പറയാതെ വയ്യ. കാരണം, കോർപ്പറേറ്റ് വികസനവും സമാധാനവും ഇന്ന് വിരുദ്ധ ധ്രുവങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഒന്നുകൂടി വിശദമാക്കിയാൽ, ആദിവാസികളുടെയും ദളിതരുടെയും ഭൂമിയും ആവാസവ്യവസ്ഥയും കവർന്നെടുത്തും കർഷകജനതയെ കുടിയൊഴിപ്പിച്ചും മിനിമംകൂലിയും തൊഴിലവകാശങ്ങളും നിഷേധിച്ച് മഹാഭൂരിപക്ഷം തൊഴിലാളികളെയും അസംഘടിത മേഖലകളിൽ കൊള്ളയടിച്ചും അഭിപ്രായ പ്രകടനമടക്കം ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ അടിച്ചൊതുക്കിയും അവരെ ദേശവിരുദ്ധരും വികസനവിരുദ്ധരും തീവ്രവാദികളുമായി മുദ്രകുത്തിയും പോലീസിന്റെയും ലുംബൻ സംഘങ്ങളുടെയും അകമ്പടിയോടെ 'വികസന'ത്തിന്റെ രഥയോട്ടം ജനങ്ങൾക്കുമേൽ നടത്തുന്നതാണ് ഇന്ന് ഫാസിസം. ചില ശുദ്ധമനസ്കർ കരുതുന്നതുപോലെ, വർഗ്ഗീയതയല്ല ഫാസിസത്തിന്റെ ഉറവിടം; മറിച്ച് കോർപ്പറേറ്റ് മൂലധനത്തിന്റെ സമ്പത്തുസമാഹരണത്തിൽ അധിഷ്ഠിതമാണത്.

'പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി'യെന്ന ചൈനയിലെ മുതലാളിത്ത പുനഃസ്ഥാപനത്തിന്റെ തലതൊട്ടപ്പൻ ഡെങ്ങ് പറഞ്ഞതുവച്ചു നോക്കുമ്പോൾ, കൊടിയുടെ നിറം നോക്കി മാത്രം ഫാസിസവൽക്കരണത്തെ തിരിച്ചറിയാനാവാത്ത അരാഷ്ട്രീയവൽക്കരണവും പ്രത്യയശാസ്ത്രനിരാസവും ബാധിച്ച ഒരു ഇരുണ്ട കാലത്താണ് നാം ജീവിക്കുന്നത്. ജനങ്ങളെ തെരുവുതെണ്ടികളും അഭയാർത്ഥികളുമാക്കുന്ന കോർപ്പറേറ്റ് ഫാസിസം കാവിക്കൊടിയെന്നപോലെ ചെങ്കൊടി പിടിച്ചും കടന്നുവരുന്ന പ്രതിലോമപരതയുടെ സന്ദർഭമാണിത്. ചെങ്കൊടി പിടിച്ചുകൊണ്ടും കോർപ്പറേറ്റ്‌വൽക്കരണവും ധന-ഊഹമൂലധനാധിപത്യവും കടന്നുവരാമെന്ന വർത്തമാന യാഥാർത്ഥ്യത്തെ തികഞ്ഞ പ്രത്യയശാസ്ത്ര രാഷ്ട്രീയവ്യക്തതയോടെ നേരിടാൻ വിപ്ലവ കമ്മ്യൂണിസ്റ്റുകൾക്കും പുരോഗമന ജനാധിപത്യശക്തികൾക്കും കഴിയുമ്പോൾ മാത്രമേ എല്ലാം 'കമ്മ്യൂണിസത്തിന്റെ കുഴപ്പമാണ്' എന്ന (സുധീരന്മാരുടെയും ഗോപാലകൃഷ്ണന്മാരുടെയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധകാമ്പയിൻ ഉദാഹരണം) വലത് പിന്തിരിപ്പൻ പ്രചരണങ്ങൾക്ക് ഫലപ്രദമായ മറുപടി നൽകാൻ കഴിയൂ.

ഫാസിസം വരുന്നേയെന്ന് വാവിട്ടു നിലവിളിച്ചുകൊണ്ടായില്ല; മറിച്ച്, ഒരുപിടി ധനകുത്തകകളും ശതകോടീശ്വരന്മാരും അവരുടെ രാഷ്ട്രീയ ദല്ലാളന്മാരെയും ഭരണകൂടത്തെയും ഉപയോഗിച്ച് ജനങ്ങൾക്കുമേൽ കെട്ടഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ഫാസിസത്തിനും അതിന്റെ ആശയാവിഷ്കാരങ്ങൾക്കുമെതിരെ ജനപക്ഷ രാഷ്ട്രീയത്തിലൂന്നുന്ന ഒരു ബദൽ പരിപാടിയുടെ അടിസ്ഥാനത്തിൽ പണിയെടുക്കുന്നവരുടെയും മർദ്ദിതരുമായ മുഴുവൻ ജനങ്ങളുടെയും മുന്നണി കെട്ടിപ്പടുക്കുകയാണ് ഇന്നത്തെ ആവശ്യം.

Most Read Articles

More News