logo Cpiml
 
Communist Party of India (Marxist-Leninist)
Saturday, 12 May 2018 17:32

അമേരിക്കൻ സാമ്രാജ്യത്വത്തിനു മുന്നിൽ മോദി മുട്ടിലിഴഞ്ഞു; വാൾമാർട്ട് ഫ്ലിപ്പ്കാർട്ടിനെ വിഴുങ്ങി - പി ജെ ജെയിംസ്

‘ഇന്ത്യാ സ്റ്റാർട്ട് അപ്പ് ബിസിനസ്സ്’ എന്ന് കൊട്ടിഘോഴിക്കപ്പെട്ട ഇന്ത്യൻ ഓൺലൈൻ വ്യാപാര ശൃങ്കലയായ ഫ്ലിപ്പ് കാർട്ടിനെ ലോകത്തെ ഏറ്റവും വലിയ ചില്ലറ വ്യാപാര ശൃങ്കലയും അമേരിക്കയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര കുത്തകയുമായ വാൾമാർട്ട് 16 ബില്ല്യൺ ഡോളർ (ഏകദേശം ഒരു ലക്ഷത്തി എൺപതിനായിരം കോടി രൂപ) ചിലവഴിച്ച് വിഴുങ്ങിയതോടെ ‘ഇന്ത്യാ സ്റ്റാർട്ട് അപ്പ്’, ‘മേക്ക് ഇൻ ഇന്ത്യ’ തുടങ്ങിയ മോദിയുടെ പ്രഖ്യാപിത പദ്ധതികളുടെ പൊള്ളത്തരം വീണ്ടും തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കേ, ഇന്ത്യയിലേക്കുള്ള വിദേശ ചില്ലറവ്യാപാര കുത്തകകളുടെ കടന്നുവരവിനെ അനുകൂലിക്കുന്ന മൻമോഹൻ സർക്കാറിന്റെ നയങ്ങൾക്കെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നതായി നടിച്ച് ഏറ്റവും മുന്നിൽ നിന്നയാളായിരുന്നു മോദി. മന്മോഹൻ സർക്കാർ വിദേശ ചില്ലറ വ്യാപാര കുത്തകകൾക്ക് ചില ഇളവുകൾ നൽകുന്ന നിർദ്ദേശം മുന്നോട്ട് വെച്ചപ്പോൾ അതിനെതിരായി പ്രസിദ്ധീകരിച്ച ലഘുലേഖയിലടക്കം ആ നിർദ്ദേശത്തെ ‘രാജ്യദ്രോഹ’മെന്നും മന്മോഹൻ സർക്കാറിനെ ‘വിദേശികളുടെ സർക്കാർ’ എന്നും മോദി അന്ന് ആക്ഷേപിക്കുകയുണ്ടായി. എന്നാൽ, അധികാരത്തിലെത്തിയതിനു ശേഷം ഒരെതിർപ്പും കൂടാതെ, അങ്ങേയറ്റം വഞ്ചനാപരമായി ചില്ലറവ്യാപാര കുത്തകകളെ സർവ്വസ്വന്തന്ത്രമായും ഉപാധികളില്ലാതേയും രാജ്യത്തേക്ക് കൊള്ളയടിക്കാൻ പാകത്തിൽ കടന്നുവരാൻ അനുവദിക്കുകയാണു മോദി ചെയ്തത്. വിരോധാഭാസമെന്ന് പറയട്ടെ, യുപിഎ സർക്കാർ ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപ നയത്തിൽ ‘ഔട്ട് സോർസിംഗ് ക്ലോസ്’ (കുറഞ്ഞത് 30% മെങ്കിലും ഇന്ത്യയിലെ നാടൻ വിതരണക്കാരിൽ നിന്ന് ഉല്പന്നങ്ങൾ സംഭരിക്കണമെന്ന വ്യവസ്ഥ) മുന്നോട്ട് വെച്ചിരുന്നപ്പോൾ, പുരപ്പുറത്തിരുന്ന് എന്നും ദേശസ്നേഹം ഓരിയിടുന്ന മോദി, തന്റെ തന്നെ തിളങ്ങും പദ്ധതിയായി കൊട്ടിഘോഷിക്കുന്ന ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ പോലും അടിസ്ഥാന ഘടകമായി തുടക്കത്തിൽ പരാമർശിക്കപ്പെട്ടിരുന്ന 30% മെങ്കിലും ഇന്ത്യയിലെ നാടൻ വിതരണക്കാരിൽ നിന്ന് സംഭരണം വേണമെന്ന് നിഷ്കർശിക്കുന്ന വ്യവസ്ഥ നീക്കം ചെയ്തുകോണ്ടാണ് ആഗോള കുത്തകകളെ രാജ്യം കൊള്ളയടിക്കാനായി വരവേറ്റിരിക്കുന്നത്.

മറ്റ് നിരവധി നവഉദാരീകരണ നീക്കങ്ങൾക്കൊപ്പം മോദി ഭരണത്തിന്റെ ഈ നയമാറ്റം ലോകത്തിലെ ഇ-കൊമേർഴ്സ് രംഗത്തെ ഇന്നേവരെയുള്ള ഏറ്റവും വലിയ ഈ കച്ചവടത്തിലൂടെ, അഥവാ ഈ പിന്നാമ്പുറ ഇടപാടിലൂടെ, വാൾമാർട്ടിനെ ഇന്ത്യൻ ചില്ലറ വ്യാപാര വിപണിയിലേക്ക് കടന്നുവരാൻ സാഹചര്യം ഒരുക്കിയ, മറ്റ് നിരവധി നവഉദാരീകരണ നീക്കങ്ങൾക്കൊപ്പം മോദി ഭരണത്തിന്റെ ഈ നയമാറ്റം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഉല്പാദനാടിത്തറയെ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഭരണകൂടം രാജ്യതാല്പര്യങ്ങൾക്ക് അനുസൃതമായ സാമ്പത്തിക പരിപ്രേക്ഷ്യം പിന്തുടരുകയും അതിനനുസൃതമായി നാടൻ ഉലപാദകരേയും നാടൻ വ്യവസായക സംരംഭകരേയും സംരക്ഷിക്കുന്ന പ്രത്യേക പരിരക്ഷാ വ്യവസ്ഥകൾ നടപ്പാക്കുകയും ചെയ്യാത്ത പക്ഷം, ഇന്നത്തെ ആഗോള സാഹചര്യത്തിൽ വാൾമാർട്ട്, ആമസോൺ, ആലിബാബ തുടങ്ങിയ ആഗോള കുത്തകകൾ പിന്തുടരുന്ന വിപണിയിലെ ഹിംസ്രാത്മകമായ മൽസര തന്ത്രങ്ങൾക്ക് ഫ്ലിപ്പ് കാർട്ട് പോലുള്ള സംരഭങ്ങൾ കീഴടങ്ങുക സ്വാഭാവികമാണ്.

500 ബില്ല്യൺ ഡോളർ (ഏകദേശം 34 ലക്ഷം കോടി രുപ) വാർഷിക വിറ്റുവരവുള്ള ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര കുത്തകയായിട്ടു പോലും, ചൈനീസ് സാമ്രാജ്യത്വ ഭരണകൂടം അതിന്റെ സ്വന്തം വിപണിയെ പരിരക്ഷിക്കാൻ ഒട്ടനവധി നിയന്ത്രണങ്ങളും പരിരക്ഷാ വ്യവസ്ഥകളും നടപ്പിലാക്കുന്നതുകൊണ്ട് ചൈനയിൽ നിന്നുള്ള ഓൺലൈൻ ചില്ലറവ്യാപാര രംഗത്തെ മറ്റൊരു ആഗോള കുത്തകയായ ആലിബാബയുമായി മൽസരിക്കുവാൻ വാൾമാർട്ടിനു ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യമാണു ഇപ്പോഴുള്ളത്. ആലിബാബ തുടങ്ങുന്നതിനും രണ്ട് വർഷം മുൻപേ തന്നെ 1996 ൽ വാൾമാർട്ട് ചൈനയിൽ അതിന്റെ വ്യാപാരം ആരംഭിച്ചിരുന്നെങ്കിലും ചൈനീസ് ഭരണകൂടം നടപ്പാക്കിയ നിയന്ത്രണങ്ങൾ ലംഘിച്ചതിനെതിരെ ഈയിടെ നിർവധി പടുകൂറ്റൻ പിഴകൾ അടക്കുവാൻ വാൾമാർട്ട് നിർബന്ധിതമായി. എന്നിരുന്നാൽ പോലും ചൈന തന്നെയാണ് ഇപ്പോഴും വാൾമാർട്ടിന്റെ ഏറ്റവും വലിയ വിഭവ-വിതരണ സമാഹരണ കേന്ദ്രം - ഏറ്റവും കുറഞ്ഞ വേതനം നിലനിൽക്കുന്ന രാജ്യമായതിനാൽ ചൈനയിൽ നിന്നാണ് മൂന്നിൽ രണ്ട് ഓഹരി ഉലപന്നങ്ങളും വാൾമാർട്ട് വാങ്ങുന്നത്. ചൈനക്കെതിരെ ട്രംപിന്റെ ദേശീയ പരിരക്ഷാ നയങ്ങളുടെ പാശ്ചാത്തലത്തിൽ ചൈനീസ് ഉല്പന്നങ്ങൾ അമേരിക്കയിൽ വിറ്റഴിക്കുന്നതിൽ വാൾമാർട്ട് പ്രശ്നങ്ങളെ നേരിടുകയും ചെയ്യുന്നുണ്ട്. ചൈനയിലേയും അമേരിക്കയിലേയും വിപണികളിൽ ഈ അടുത്തകാലത്തായി വാൾമാർട്ട് നേരിടുന്ന പ്രകടമായ ഇടിവ് തരണം ചെയ്യാനായി പുതിയ വിപണി കയ്യടക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് വാൾമാർട്ട്. (ചൈനയിൽ നിന്ന് വിലകുറഞ്ഞ ഉല്പന്നങ്ങൾ വാങ്ങുവാൻ വാൾമാർട്ടിനെ ചൈന അനുവദിക്കുന്നുവെങ്കിലും ചൈനയിൽ അത് വിറ്റഴിക്കുക എളുപ്പമല്ല). ഈ പാശ്ചാത്തലത്തിലാണ് ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് മോദി ഭരണം പ്രഖ്യാപിച്ച പുതിയ ഉദാരീകരണ നയം വാൾമാർട്ടിന് പുതിയ മേച്ചിൽ പുറങ്ങൾക്ക് വഴിതുറന്നത്. ഇന്ത്യൻ വിപണിയിൽ വിലകുറഞ്ഞ ചൈനീസ് ഉല്പന്നങ്ങളുടെ കുത്തൊഴുക്കാണ് വരും ദിനങ്ങളിൽ നാം കാണാൻ പോകുന്നത്.

അനവധി ചെറുകിട ഉല്പാദകർക്കും ദശലക്ഷക്കണക്കിനുവരുന്ന ചില്ലറ വ്യാപാരികൾക്കും എല്ലാത്തിനുമുപരിയായി ജീവിക്കാൻ മറ്റൊരു മാർഗ്ഗമോ ജോലിയോ ഇല്ലാതെ ഇപ്പോഴേ നട്ടം തിരിയുന്ന മാഹാഭൂരിപക്ഷം വരുന്ന ഈ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്കും മേൽ ഏറ്റവും വലിയ കടന്നാക്രമണാണ് വാസ്ഥവത്തിൽ ഇപ്പോൾ ഈ ഇടപാടിലൂടെ നടന്നിരിക്കുന്നത്. ആർഎസ്സ്എസ്സ് ആഭിമുഖ്യമുള്ള എസ്ജെഎം ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും ബിജെപിയുടെ 2014 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണ് മോദി നടത്തിയിരിക്കുന്നതെന്ന് തുറന്ന് പറയാനവർ ധൈര്യം കാണിച്ചിട്ടില്ല. ഉലപ്ന്നങ്ങൾ ചവറുകൂമ്പാരം പോലെ വിപണിയിൽ കൊണ്ട് തള്ളുന്നതിൽ കുപ്രസിദ്ധിയാർജ്ജിച്ച ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്റ്റ്ര കുത്തകയായ വാൾമാർട്ട്, അതിന്റെ കഴുത്തറപ്പൻ വിപണി മൽസരത്തിലൂടെ ഇന്ത്യൻ ചില്ലറ വ്യാപാര വിപണിയിലേക്ക് കടക്കുന്നതോടെ, അതും നാടൻ ഉൽപ്പന്ന സമാഹരണം നടത്തണമെന്ന നിയന്ത്രണം ഏടുത്തുകളഞ്ഞ സാഹചര്യത്തിൽ, അഞ്ച് കോടിയോളം വരുന്ന അസംഘടിതരായ ചില്ലറ വ്യാപാരികളും ദശലക്ഷക്കണക്കായ അനുബന്ധ ചെറുകിട-ഇടത്തരം സംരംഭകരും തകർന്നു തരിപ്പണമാവുകയും അത് വഴി രാജ്യത്ത് തൊഴിലില്ലായ കുത്തനെ ഉയർന്നുവരാനുള്ള പ്രവണത ശക്തിപ്പെടുകയും ചെയ്യും. കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാ മുൻകാല സർക്കാറുകളും വാൾമാർട്ടിന്റെ കടന്നു വരവിനുള്ള അനുവാദം നിഷേധിച്ചിരുന്നു. സ്വന്തം രാജ്യത്ത് നിന്നുള്ള ഉൽപന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവായിട്ടുപോലും ചൈന വാൾമാർട്ടിനോട് അതിന്റെ വിപണിയിൽ വൈമുഖ്യം കാണിക്കുമ്പോൾ അടുത്ത അഞ്ച് വർഷത്തേക്ക് ഇ-കൊമേഴ്സ് രംഗത്ത് 1.3 ട്രില്ല്യൺ ഡോളർ (ഏകദേശം എട്ട് കോടി എഴുപത്തിയാറു ലക്ഷം കോടി രൂപ) വിറ്റ് വരവ് കണക്കാക്കുന്ന ഇന്ത്യൻ വിപണിയിലേക്ക് വാൾമാർട്ടിനു ചുവന്ന പരവധാനി വിരിക്കുകയാണ് മോദി. വെറുമൊരു രാഷ്ട്രീയ വീക്ഷണമില്ലായ്മയല്ല ഇപ്പോൾ നടന്നിരിക്കുന്നത്; രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങൾക്കെതിരായ കൊടിയ വഞ്ചനയാണ്, അങ്ങേയറ്റത്തെ രാജ്യദ്രോഹമാണ്.

Most Read Articles

More News