logo Cpiml
 
Communist Party of India (Marxist-Leninist)
Tuesday, 12 June 2018 18:50

പതിനൊന്നാം പാർട്ടി കോൺഗ്രസ്സ്: സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റിയുടെ അഭ്യർത്ഥന

സിപിഐ (എം എൽ) റെഡ് സ്റ്റാർ

പതിനൊന്നാം പാർട്ടി കോൺഗ്രസ്സ്

2018 നവംബർ 27 മുതൽ ഡിസംബർ 1 വരെ ബാംഗ്ലൂരിൽ

സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റിയുടെ അഭ്യർത്ഥന

ബാംഗ്ലൂരിൽ നടക്കുന്ന പതിനൊന്നാം പാർട്ടി കോൺഗ്രസ് വമ്പിച്ച വിജയമാക്കിത്തീർക്കുക!

നവ ഉദാരീകരണത്തിനും കാവി ഫാസിസത്തിനുമെതിരെ പോരാടുക !

ജനകീയ ജനാധിപത്യത്തിലേക്കും സോഷ്യലിസത്തിലേക്കും മുന്നേറുക!

"പ്രതിപക്ഷ മുക്ത ഇന്ത്യ" എന്ന ബിജെപി മുദ്രാവാക്യം തള്ളിക്കളയുക!

നൂറ് പൂക്കൾ വിരിയുന്ന, നൂറു ചിന്തകൾ സംവദിക്കുന്ന ഒരിന്ത്യ കെട്ടിപ്പടുക്കുക!

സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാർ നീണാൾ വാഴട്ടെ!

പ്രിയ സഖാക്കളെ, സുഹൃത്തുക്കളെ,

വിപ്ലവാഭിവാദ്യങ്ങൾ !!!

2018 നവംബർ 26 ന് ബഹുജന റാലിയെ തുടർന്ന് 27 മുതൽ ഡിസമ്പർ 1 വരെ നമ്മുടെ പതിനൊന്നാമത് പാർട്ടി കോൺഗ്രസ് ബാംഗ്ളൂരിൽ വെച്ച് നടക്കുകയാണ്. സാർവ്വദേശീയ തലത്തിൽ തന്നെ തീവ്ര വലതുപക്ഷ- ഫാസിസ്റ്റ് പ്രവണതകൾ ശക്തിപ്പെടുന്ന അവസരത്തിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെയും, മർദ്ദിത ജനതകളുടെയും വർഗ്ഗ ബഹുജനങ്ങളുടെയും മുന്നിൽ സാമ്രാജ്യത്വം വലിയ വെല്ലുവിളികളാണുയർത്തിക്കൊണ്ടിരിക്കുന്നത്.

ആഗോള ധനമൂലധന വ്യവസ്ഥയുടെ നിരന്തരം രൂക്ഷമാകുന്ന പ്രതിസന്ധി കൂടുതൽ മൂർച്ഛിക്കുന്ന മുറക്ക് അത്യന്തം അക്രമോത്സുകമായി പ്രാദേശിക യുദ്ധങ്ങൾ അടിച്ചേൽപ്പിച്ചും, യുദ്ധക്കോപ്പുകളുടെ കിടമൽസരം സൃഷ്ടിച്ചു കൊണ്ടും, വാണിജ്യ യുദ്ധങ്ങൾ രൂപകൽപന ചെയ്തും, സാമ്രാജ്യത്വ ശക്തികൾ അമേരിക്കൻ നേതൃത്വത്തിൽ, ഈ ഭാരം ലോകജനതയുടെ മേൽ കെട്ടിവെക്കുകയാണ്.

ദേശീയ തലത്തിൽ തീവ്രവലത് പക്ഷവാദിയായ മോദി ഭരണത്തിൻ കീഴിൽ ഉദാര നയങ്ങൾ ഭ്രാന്തമായ ആവേഗത്തോടെ നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തിലൂടെയും ജി.എസ്.ടി വഴിയും കോർപ്പറേറ്റ് കൊള്ള വീണ്ടും തീവ്രമാക്കിയിരിക്കുകയാണ്. വർഗ്ഗീയ ഫാസിസ്റ്റ് നയങ്ങൾ ത്വരിതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ആദിവാസികൾക്കും, ദളിതർക്കും, സ്ത്രീകൾക്കും, ന്യൂനപക്ഷങ്ങൾക്കും, മറ്റെല്ലാ മർദ്ദിത ജനവിഭാഗങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങൾ വൻതോതിൽ വർദ്ധിച്ചിരിക്കുന്നു. മനുവാദി നയങ്ങൾക്ക് കീഴിൽ എല്ലാ പുരോഗമന മൂല്യങ്ങളും കശാപ്പ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ചരിത്രത്തെയും സംസ്കാരത്തെയും കാവി പുതപ്പിക്കുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും കുതിച്ചുയരുന്നു. പാർപ്പിടവും, ആരോഗ്യ സുരക്ഷയും, വിദ്യാഭ്യാസവും സാധാരണക്കാരന് അപ്രാപ്യമാവുന്നു. അഴിമതി നിയന്ത്രിക്കാനാവാത്തവിധം സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്നു. തൽഫലമായി മോദി ഭരണത്തിനോടുള്ള ജനങ്ങളുടെ എതിർപ്പ് പൂർവാധികം ശക്തിപ്പെട്ടിരിക്കുന്നു.

മോദി ഭരണത്തിനേൽക്കുന്ന ഈ തിരിച്ചടികൾ സ്വാഗതാർഹമാണ്. വരും തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ മോദിയെ വോട്ടുചെയ്ത് പുറം തള്ളുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ആവർത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ളതു പോലെ ബി.ജെ.പിയുടെ കോർപ്പറേറ്റ്-കാവി- ഫാസിസ്റ്റ് നയങ്ങൾക്ക് ഒരു ബദലാകുവാൻ കോൺഗ്രസും പ്രാദേശിക പാർട്ടികളും ചേർന്ന കൂട്ടായ്മക്ക് സാധിക്കുകയില്ല. നവ ഉദാര വ്യവസ്ഥയെത്തന്നെ തള്ളിക്കളയുന്ന, എല്ലാ തുറകളിലും ജനാധിപത്യം സാദ്ധ്യമാക്കുന്ന, യഥാർത്ഥ മതേതര-ബഹുസ്വര-ജാതിരഹിത സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നതും ജനകേന്ദ്രിതവും പരിസ്ഥിതിയെ നശിപ്പിക്കാത്തതും, അതുവഴി ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതും, സുസ്ഥിരവുമായ സാമൂഹ്യ പുരോഗതി കെട്ടിപ്പടുക്കാനുതകുന്നതുമായ ഒരു ജനകീയ ബദലാണ് നമുക്കിന്നാവശ്യം. അത്തരത്തിലുള്ള ഒരു ജനകീയ ബദൽ, ഒരു സ്വതന്ത്ര ഇടത് മുൻ കയ്യിൽ വളർത്തിയെടുക്കുന്നതിനാണു് ഊന്നൽ നൽകേണ്ടത്. അതിന് വേണ്ടി പശ്ചിമ ബംഗാളിലെ ഭാംഗർ മുന്നേറ്റത്തിന്റെ മാതൃകയിൽ ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾക്കനുസൃതമായി ജനകീയ സമരങ്ങൾ സാദ്ധ്യമായ ഇടങ്ങളിലൊക്കെ ശക്തിപ്പെടുത്തുകയും വേണം. കൂടാതെ, ജനകീയമായ ഒരു പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ, സംസ്ഥാന തലങ്ങളിലുള്ള ഇത്തരം ജനകീയ മുന്നേറ്റങ്ങളെ അഖിലേന്ത്യാ ടിസ്ഥാനത്തിൽ ഏകോപിപ്പിക്കാൻ നമുക്ക് സാധിക്കണം.

മഹത്തായ നക്സൽ ബാരി ഉയിർത്തെഴുനേൽപിനും സി.പി.ഐ.(എംഎൽ) ന്റെ രൂപീകരണത്തിനും ശേഷം നമ്മൾ വിപ്ലവപാതയിലൂടെ മുന്നേറാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ ഒരു വശത്ത് ഇന്ത്യൻ സാഹചര്യങ്ങളെ കുറിച്ചുള്ള തെറ്റായ വിലയിരുത്തലുകളും ഇടത് സാഹസിക പാത പിന്തുടർന്നതും, മറുവശത്ത്, ഭരണകൂടത്തിന്റെ അതിഭീകരമായ അടിച്ചമർത്തലും പ്രസ്ഥാനത്തിന് ശക്തമായ തിരിച്ചടികളേല്പിക്കുകയും അതു ശിഥിലമാവുകയുമാണുണ്ടായത്. ഇത്തരം തെറ്റുകൾ തിരുത്തിക്കൊണ്ടും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തവും പ്രയോഗവും വർത്തമാന സാഹചര്യങ്ങൾക്കനുസൃതമായി വികസിപ്പിച്ച് കൊണ്ടും കഴിഞ്ഞ 40 വർഷക്കാലമായിട്ടുള്ള കഠിന പ്രയത്നത്തിലൂടെയുമാണ് സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ ശ്രദ്ധേയമായ ഒരു സമര സംഘടനയായി നമ്മൾ കെട്ടിപ്പടുത്തത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി പാർട്ടി നയിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ പ്രക്ഷോഭ സമരങ്ങളുടെ ഒരു തുടർച്ചയെന്നോണമാണ് ഭാംഗർ ജനകീയ മുന്നേറ്റം ഒരു വൻ വിജയമാവുന്നത്. എല്ലാ തുറകളിലുമായി വലിയ തോതിൽ വളർന്ന് വികസിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഈ ജനകീയ സമരത്തിനുണ്ട്. വരും ദിനങ്ങളിൽ ഇതുപോലുള്ള ജനകീയ സമരങ്ങൾക്ക് ഒരു പ്രേരണയും ഉണർവ്വും പകരുന്നതാണ് ഭാംഗർ പ്രക്ഷോഭം.

രാജ്യം അതീവ ഗുരുതരമായ കോർപ്പറേറ്റ് - കാവി ഫാസിസ്റ്റ് ഭീഷണി നേരിടുന്ന ഈ സന്ദർഭത്തിൽ പോരാടുന്ന എല്ലാ ഇടത് ജനാധിപത്യ ശക്തികളോടും മർദ്ദിത ജനവിഭാഗങ്ങളോടും വരാൻ പോകുന്ന പതിനൊന്നാം പാർട്ടി കോൺഗ്രസ്, മുന്നോട്ടുള്ള ഒരു മഹത്തായ ചുവടുവെപ്പാക്കുന്നതിനു് എല്ലാവിധ സഹായ സഹകരണങ്ങളും നൽകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ബാംഗ്ലൂരിലേക്ക് വിപ്ലവോത്സുകതയോടെ മാർച്ച് ചെയ്യുക!

മാർക്സിസം-ലെനിനിസം-മാവോ ചിന്ത ഉയർത്തിപ്പിടിക്കുക!

തൊഴിലാളി വർഗ്ഗ സാർവ്വദേശീയത നീണാൾ. വാഴട്ടെ!

ഐകോർ നീണാൾ വാഴട്ടെ!

ലോക തൊഴിലാളി വർഗ്ഗ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭാഗമായ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പാതയിലേക്ക് മുന്നേറുക!
Last modified on Monday, 18 June 2018 11:11

Most Read Articles

More News