മോദി സർക്കാറിന്റെ ‘കറൻസിരഹിത’ ജില്ല പ്രഖ്യാപനം ! ഡിജിറ്റൈസേഷനിലൂടെ പൗരത്വ നിഷേധം !! തൃശൂർ കേരളത്തിലെ പരീക്ഷണ ജില്ല !!! - പി ജെ ജെയിംസ്

13 February 2020

 

കറൻസി രഹിത കൈമാറ്റങ്ങൾ ഇന്ത്യയിലാകെമാനം ആഴത്തിലാക്കുക (Deepening Digital Payments) എന്ന ലക്ഷ്യത്തോടെ, മോദി സർക്കാറിന്റെ നിർദ്ദേശ പ്രരകാരം 2019 ഒക്ടോബർ 7 ന് റിസർവ് ബാങ്ക് പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ അതിഗൗരവമുള്ളതാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തേയും തെരഞ്ഞെടുക്കപ്പെട്ട ഒരു ജില്ലയെ ഒരു ‘Pilot Project’ ന്റെ അടിസ്ഥാനത്തിൽ 2020 സെപ്തംബർ 30 നകം പൂർണ്ണമായ ഡിജിറ്റൽ (കറൻസിരഹിത) കൈമാറ്റത്തിലേക്ക് പരിവർത്തിപ്പിക്കണമെന്നാണ് നോട്ടിഫികേഷന്റെ കാതൽ. അതിൻ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ജില്ലകളിൽ മുൻപേ തന്നെയുള്ള 'ലീഡ് ബാങ്ക്' (Lead Bank) ജില്ല ഭരണതലവനായ കളക്റ്ററുമായി ചേർന്ന് ഈ ദൗത്യനിർവ്വഹണത്തിനു വേണ്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. ഇക്കഴിഞ്ഞ ദിവസം സംസ്ഥാനതല ബാങ്കേഴ്സ് സമിതി (State Level Bankers Committee) യുമായി ഇക്കാര്യത്തിൽ റിസർവ് ബാങ്ക് തീരുമാനമായതായും അറിയുന്നു. കേരളത്തിലെ തൃശ്ശൂർ ജില്ലയാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കനറാ ബാങ്കാണ് ഇതിനായി മേൽനോട്ടം വഹിക്കേണ്ട ലീഡ് ബാങ്ക്. നവഉദാര ദിശയിലുള്ള സൽഭരണം (good governance) കാഴ്ചവെക്കുന്നതിന് മോദി സർക്കാറിന്റെ ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിപ്രകാരം ‘നീതി അയോഗ്’ മുമ്പേ തെരഞ്ഞെടുത്ത Aspirational Districts’ കളിൽ ഉൾപ്പെട്ടവ തന്നെയാണ് ഇപ്രകാരം ഡിജിറ്റൽ കൈമാറ്റത്തിലധിഷ്ടിതമാകുന്ന ജില്ലകളെന്ന് നിഷ്കർഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തൃശൂർ ആ മാനദണ്ഡത്തിൽ പെടുന്നതല്ല.  നീതി ആയോഗിന്റെ രേഖകളിൽ വയനാടാണ്  കേരളത്തിലെ "ആസ്പിറേഷണൽ ജില്ല".

 

റിസർവ് ബാങ്കിന്റെ ഈ നയപ്രഖ്യാപനം പെട്ടെന്നുണ്ടായതല്ല. ലോകത്തെ ഏറ്റവും ബൃഹത്തായ ബയോമെട്രിക് സംരംഭമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ആധാർ’ (Aadhar)  പദ്ധതിക്കു നേതൃത്വം കൊടുത്ത നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ റിസർവ് ബാങ്ക് നിയോഗിച്ച ‘High Level Committee on Deepening Digital Payments’ 2019 മെയ് മാസം റിസർവ് ബാങ്കിനു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്, പരീക്ഷണാടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തേയും തെരഞ്ഞെടുക്കപ്പെട്ട ഓരോ ജില്ല യേയും ഇപ്രകാരം 2020 ൽ തന്നെ കറൻസിരഹിതമാക്കാനും തുടർന്ന് അത് രാജ്യമാകെ വ്യാപകമാക്കാനുമുള്ള വമ്പൻ പദ്ധതിക്ക് മോദി സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. അതുവഴി ഇപ്പോൾ പ്രതിവർഷം ആളോഹരി 22 ഡിജിറ്റൽ കൈമാറ്റങ്ങൾ (per capital digital transactions) മാത്രം നടക്കുന്ന ഇന്ത്യയിൽ 2020 –ഓടുകൂടി 220 പ്രതിശീർഷ ഡിജിറ്റൽ കൈമാറ്റം സാധ്യമാക്കാനും ഇപ്പോഴുള്ള കറൻസി രഹിത പൗരരുടെ (cashless or digital citizens )  എണ്ണം ഇപ്പോഴത്തെ 10 കോടിയിൽ നിന്നും 2020 – ഓടെ 30 കോടിയിലേക്കുയർത്താനുമുള്ള ഒരു വിപുലമായ പദ്ധതിയാണ് നിലേകനി മുന്നോട്ട് വെച്ചതും റിസർവ് ബാങ്ക് ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളതും.

 

ചുരുക്കിപ്പറഞ്ഞാൽ, ഓൺലൈനിലൂടേയും മൊബൈൽ ഫോൺ വഴിയും സ്വൈപ്പിംഗ് യന്ത്രങ്ങൾ (PoS machines) വ്യാപകമാക്കിക്കൊണ്ടും സ്മാർട്ട് ഫോൺ ഇല്ലാത്തവരെ ‘ബിം ആധാർപേ’ (BHIM Aadhar Pay) യിൽ ഉൾപ്പെടുത്തിയും ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചും ബാങ്കുകളിൽ നിന്നുള്ള പണം പിൻവലിക്കൽ ഉചിതമായ നടപടികളിലൂടെ നിരുത്സാഹപ്പെടുത്തിയും ആവശ്യമെങ്കിൽ ഡിജിറ്റൽ കൈമാറ്റത്തിന് സൗകര്യപ്രദമായ ‘ഫീച്ചർ ഫോണുകൾ’ (feature phones) വികസിപ്പിച്ചും കറൻസിരഹിത ലക്ഷ്യം സാധ്യമാക്കാമെന്നാണ് നിലേകനി റിപ്പോർട്ടും റിസർവ് ബാങ്ക് നോട്ടിഫിക്കേഷനും വായിച്ചാൽ ബോധ്യപ്പെടുക. ഡിജിറ്റൽ കൈമാറ്റത്തിലൂന്നുന്ന സമൂഹത്തിലേക്കുള്ള പരിവർത്തന പ്രക്രിയയിൽ ATM കൾക്ക് ഈ റിപോർട്ട് ഒരു പ്രാധാന്യവും നൽകുന്നില്ല. നിലവിലുള്ള എടിഎമ്മുകളുടെ എണ്ണം കുറച്ചും അവശേഷിക്കുന്നവയെ ‘digital facilitation point’ ആക്കിയും ഈ കറൻസിരഹിത നീക്കത്തെ ശക്തിപ്പെടുത്താനാണ് തീരുമാനം. അതായത് പണം പിൻവലിക്കുന്നതിനുള്ള ഉപകരണം എന്ന ATM ന്റെ ഇപ്പോഴത്തെ ധർമ്മം അവസാനിപ്പിച്ച് സമൂഹത്തിൽ അവശേഷിക്കുന്ന പണം കൂടി വലിച്ചെടുക്കാൻ കഴിയുന്ന ക്യാഷ് ഡെപ്പോസിറ്റ് മെഷീനു (CDM) കളായി ATM കളെ പുന:ക്രമീകരിക്കുക, ബിൽ പേയ്മെന്റ്, പണം കൈമാറൽ, നികുതി അടക്കൽ, മൊബൈൽ റീചാർജ്ജ് തുടങ്ങിയ കാര്യങ്ങൾക്കായി അവയെ ഉപയോഗപ്പെടുത്തുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും മുന്നോട്ട് വെക്കപ്പെട്ടിട്ടുണ്ട്. സർക്കാറുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് പ്രത്യേക ഡിജിറ്റൽ വാലറ്റുകൾ (digital wallets) ആവിഷ്കരിക്കുന്നതിനെ പറ്റിയും ആലോചനയുണ്ട്. ഇതോടൊപ്പം നിലവിൽ ഇന്ത്യയിൽ ഉപയോഗിച്ചു പോരുന്ന അമേരിക്കൻ ഡിജിറ്റൽ ഉപകരണങ്ങളായ മാസ്റ്റർ കാർഡ്, ‘വിസ’, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ആപ്പിൽ പേ, ഗൂഗിൾ പേ, ചൈനീസ് കുത്തകയായ 'ആലിബാബ'ക്കു നിയന്ത്രണമുള്ള പേടിഎം, ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര കുത്തകയായ വാൾമാർട്ട് നിയന്ത്രിക്കുന്ന ഫോൺപേ തുടങ്ങിയവക്കെല്ലാം പുറമെ വാട്സാപ്പും ഫേസ്ബുക്കും വരെ വ്യാപകമായ ഡിജിറ്റൽ കൈമാറ്റത്തിനുപയോഗിക്കുന്ന ദിശയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.

 

മോദി സർക്കാറിന്റെ കറൻസിരഹിത നീക്കത്തിനു പിന്നി

 

സാധനങ്ങൾക്കു പകരം സാധനം കൈമാറ്റം ചെയ്തുപോന്നതും ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള ബന്ധത്തിൽ, വിപണി അപ്രധാനമായിരുന്നതുമായ "പ്രാകൃത സമൂഹ" (primitive society) ത്തിന്റെ സ്ഥാനത്ത് കൈമാറ്റത്തിനും വിനിമയത്തിനു മുള്ള മാധ്യമമായും സമ്പത്ത് സൂക്ഷിപ്പിനും കടം കൊടുക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഉപകരണമായും മറ്റും പണം ആവിർഭവിച്ചതിന്, മാനവ ചരിത്രത്തിൽ ‘തീ’യും ‘ചക്ര’വും കണ്ടുപിടിച്ചതിനു സമാനമായ പ്രാധാന്യമാണുള്ളത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. വാസ്തവത്തിൽ, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ കറൻസിരഹിത (cashless) സമൂഹത്തെപ്പറ്റി രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രങ്ങളൊന്നും ചിന്തിച്ചിരുന്ന തേയില്ല. എന്നാൽ, 20-ാം നൂറ്റാണ്ടിനെയും 21-ാം നൂറ്റാണ്ടിനേയും തമ്മിൽ വേർതിരിക്കുന്ന നിർണ്ണായക ഘടകമെന്ന നിലയിൽ ‘രാജ്യാന്തര ഡിജിറ്റൽ പ്രവാഹങ്ങൾ' (cross - border/transnatioal digital flows) മുന്നോട്ടു വരുന്നത് ഈ നൂറ്റാണ്ടിന്റെ തുടക്കം മുതലാണ്. ഇന്ന് കപ്പൽ ഗതാഗതത്തേക്കാൾ പ്രാധാന്യം രാജ്യാതിർത്തികളെ ഭേദിച്ചുള്ള ഡിജിറ്റൽ പ്രവാഹങ്ങൾ കൈവരിച്ചുകഴിഞ്ഞുവെന്ന് മാത്രമല്ല, ലോക സമ്പദ്ഘടനയിൽ ചരക്കുവ്യാപാര (global commodity trade) ത്തോടൊപ്പം പ്രാധാന്യം അതു നേടിക്കഴിഞ്ഞു. വിശദാംശങ്ങളിലേക്ക് കടക്കാതെ, ഉല്പാദന മേഖലകളേക്കാൾ ധനമേഖലയിലാണ് ബ്രോഡ്ബാന്റ് കണക്ഷൻസ്  (broadband connections) ഇന്നേറ്റവും സ്വാധീനം ചെലുത്തുന്നതെന്ന് ഉറപ്പിച്ചു പറയാം. വാസ്തവത്തിൽ, ഡിജിറ്റൽ സാങ്കേതിക വിദ്യ തുറന്നിട്ട അനന്തസാധ്യതകളാണ് ഡിജിറ്റൽ കൈമാറ്റത്തിനും ഡിജിറ്റൽ കറൻസിക്കും പ്രേരകമായത്. ഇതിന്റെ ഭാഗമായി, യൂറോപ്പിലെ സ്കാന്റിനേവിയൻ രാജ്യങ്ങൾ കറൻസിരഹിത സമ്പദ്ക്രമത്തിലേക്കുള്ള ഊർജ്ജിതശ്രമങ്ങളിലാണ് ഏർപ്പെട്ടിട്ടുള്ളത്. എന്നാൽ, ഡിജിറ്റൽ കൈമാറ്റത്തിനും കറാൻസിരഹിത സമൂഹത്തിനും ഏറ്റവും യുക്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, അഥവാ അതിനാവശ്യമായ ഡിജിറ്റൽ സാങ്കേതികവിദ്യ ഏറ്റവും വികസിച്ച അമേരിക്കയോ, യൂറോപ്യൻ യൂണിയനോ, ജപ്പാനോ ഒരു കറൻസിരഹിത സ്ഥിതിയിലേക്ക് മാറുന്നതിനുള്ള രാഷ്ട്രീയ തീരുമാനത്തിന്  അവിടങ്ങളിലെ ജനങ്ങൾ തയ്യാറല്ലെന്നതും തിരിച്ചറിയണം.

 

അതേസമയം, അമേരിക്കൻ സോഫ്റ്റ് വെയർ - ഡിജിറ്റൽ കുത്തകകളും വൻകിട ബാങ്കുകളും അമേരിക്കൻ ഭരണകൂടത്തിന്റെ പിന്തുണയോടെ ഡിജിറ്റൽ കൈമാറ്റത്തിനായി വമ്പിച്ച കാമ്പയിനിലാണ് ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ, അമേരിക്കൻ ഫെഡറൽ സംസ്ഥാനങ്ങളിൽ നിന്നും കറൻസിരഹിത നീക്കത്തിനെതിരെ വലിയ എതിർപ്പുകൾ വന്നുകൊണ്ടിരിക്കുന്ന പാശ്ചാത്തലത്തിൽ, ആഫ്രോ-ഏഷ്യൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ‘ഉയർന്നുവരുന്ന വിപണികളെ’ (emerging markets) ലക്ഷ്യമിട്ടുകൊണ്ടാണ് തല്പരകക്ഷികൾ കാര്യങ്ങൾ നീക്കുന്നത്.  അതിൻ പ്രകാരം, വിസ, മാസ്റ്റർ കാർഡ്, സിറ്റി ബാങ്ക്, ഗേറ്റസ് ഫൗണ്ടേഷൻ, യുഎസ്എഐഡി (USAID) തുടങ്ങിയ കോർപ്പറേറ്റ്  ഏജൻസികൾ മുൻകൈ എടുത്ത് കറൻസിരഹിത സാമ്പത്തിക ക്രമത്തിലേക്ക് നീങ്ങുന്നതിന് “Better than Cash Alliance” എന്ന കൂട്ടായ്മക്കു രൂപം കൊടുത്തിട്ടു കുറച്ചുനാളുകളായി. എന്നാൽ, അമേരിക്കയിൽ നടപ്പാക്കാത്ത ഈ കറൻസി രഹിത പരിപാടി തങ്ങൾക്കു വിധേയരാകുന്ന പിന്നോക്ക രാജ്യങ്ങളിലെ ഭരണാധികാരികളെ ഉപയോഗിച്ച് അവിടങ്ങളിൽ കെട്ടിയേല്പിക്കാനാണ് ഇവർ ഇതിന്റെ തുടർച്ചയായി ശ്രമിച്ചത്. 2014-ൽ മോദി ഇന്ത്യയിൽ അധികാരത്തിൽ വരികയും തൊട്ടടുത്ത വർഷം തന്നെ “ഡിജിറ്റൽ ഇന്ത്യ” പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തത് ഈ പാശ്ചാത്തലത്തിലായിരുന്നു. ഇതോടനുബന്ധിച്ച് Better than Cash Alliance ന്റെ അനുബന്ധമെന്നോണം 2016 ൽ USAID ന്റെ നേതൃത്വത്തിൽ, ഇന്ത്യൻ ധനമന്ത്രാലയവുമായി ചേർന്ന് “Catalyst”  എന്ന പേരിൽ ഒരു ഏജൻസിക്ക് രൂപം നൽകുകയും ചെയ്തു. ഇതിനു മാർഗ്ഗദർശകമായത് “Beyond Cash” എന്ന പേരിൽ USAID മുന്നോട്ട് വെച്ച വീക്ഷണങ്ങളാണ്. ആധാർ രൂപവൽക്കരണ പ്രക്രിയയിൽ നന്ദൻ നിലേകനിക്കൊപ്പം പ്രവർത്തിക്കുകയും വാഷിംഗ്ടൺ ആസ്ഥാനമായിട്ടുള്ള World Resources Institute ഡയറക്റ്ററുമായ അലോക് ഗുപ്തയെ Catalyst ന്റെ ഇന്ത്യയിലെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി നിയമിക്കുകയും ചെയ്തു.

 

USAID ന്റേയും ഇന്ത്യൻ ധനമന്ത്രാലയത്തിന്റേയും സംയുക്ത സംരംഭമായ Catalyst ൽ അമേരിക്കയിൽ കറൻസിരഹിത പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യാന്തര സംഘടനകൾക്കൊപ്പം അമേരിക്കൻ നവഉദാര സാമ്പത്തിക വിദഗ്ധനായ ഹാരി സമ്മേഴ്സും IMF ന്റെ ചീഫ് ഇക്കോണമിസ്റ്റായിരുന്ന രഘുരാം രാജനും മറ്റും സഹകരിച്ചതിന്റെ സൂചനകളുണ്ട്. കറൻസിരഹിത സമൂഹത്തിലേക്ക് നീങ്ങുന്നതിന്റെ നിർണ്ണായക ചുവടുവെപ്പെന്ന നിലയിൽ ‘നോട്ടുനിരോധന’ത്തെ അവതരിപ്പിക്കാതെ, ഭീകരതയ്ക്കുള്ള ഫണ്ടി (terror-funding) നെതിരെയും കള്ളപ്പണത്തിനെതിരായ “സർജിക്കൽ സ്ട്രൈക്ക്” (surgical strike) ആയും മറ്റും വ്യാഖ്യാനിച്ച് ബിജെപിയുമായി ബന്ധപ്പെട്ട കള്ളപ്പണ കുത്തകകൾക്കും, ക്രോണി കാപ്പിറ്റലിസ്റ്റുകൾക്കും കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു ‘പോസ്റ്റ്-ട്രൂത്ത്’ പരിപാടിയായി അതിനെ വക്രീകരിക്കുമെന്നു  തിരിച്ചറിഞ്ഞപ്പോഴാണ്, രഘുരാം രാജൻ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തു തുടരാൻ താല്പര്യം കാട്ടാതെ അമേരിക്കയിലേക്ക് തിരിച്ച് പോയതെന്ന് കാണേണ്ടതുണ്ട്.  പ്രധാനമന്ത്രി ജനധൻ യോജനയുടെ പേരിൽ പുതിയതായി 37 കോടി ബാങ്ക് അക്കൗണ്ടുകൾ രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് തുറന്ന കാലത്ത് റിസർവ് ബാങ്ക് ഗവർണറായിരുന്ന അദ്ദേഹം ATM കളിൽ നിന്നും പണം പിൻവലിക്കുന്നതിനു നിയന്ത്രമേർപ്പെടുത്തുക വഴി സ്വന്തം നവഉദാര സമീപനം പ്രകടമാക്കുകയും ചെയ്തു. അതേസമയം, സാധാരണക്കാരെകൂടി ബാങ്കുകളുടെ ആശ്രിതരാക്കി കറൻസിരഹിത ക്രമത്തിലേക്ക് നിർബന്ധമായി ഉദ്ഗ്രഥിക്കാൻ ഉദ്ദേശിക്കപ്പെട്ട ജനധൻ അക്കൗണ്ടുകൾ നോട്ടുനിരോധനക്കാലത്ത് കള്ളപ്പണം വെളുപ്പിക്കുന്നതിന് വിദഗ്ധമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

 

ഇതിനിടയിൽ Catalyst ന്റെ പ്രവർത്തന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ “cashless townships” ആരംഭിക്കുന്നതിനുള്ള ഒരു നീക്കം നടന്നിരുന്ന കാര്യവും ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഇൻഡോർ, വിശാഖപട്ടണം, കോട്ട, ജയ്പൂർ, ഭോപ്പാൽ, നാഗ്പൂർ, എന്നീ ആറു നഗരങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്. സ്മാർട്ട് ഫോണുകളുടെ പ്രചാരം, ഡിജിറ്റൽ കൈമാറ്റങ്ങളുടെ വ്യാപനം, പ്രാദേശിക തലങ്ങളിൽ കച്ചവടക്കാരെയും വ്യാപാരികളേയും അണിനിരത്തുന്നതിനുള്ള സൗകര്യങ്ങൾ, മറ്റു ഭരണപരമായ അനുകൂല ഘടകങ്ങൾ എന്നിവയാണ് ഇപ്രകാരം cashless townships തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡമാക്കിയത്. ഈ പാശ്ചാത്തലത്തിൽ തന്നെയായിരുന്നു കള്ളപ്പണത്തിന്റെയും അഴിമതിയുടേയും കാര്യത്തിൽ ഇന്ത്യയെ ലോകത്തിന്റെ മുൻനിരയിലെത്തിക്കുകയും രാജ്യസമ്പത്ത് കോർപ്പറേറ്റ് കള്ളപ്പണ ഭീമന്മാരിൽ കേന്ദ്രീകരിക്കുകയും, ഊഹമേഖലകളെ പ്രോത്സാഹിപ്പിച്ച് ഉല്പാദന മേഖലകളേയും അസംഘടിത മേഖലകളേയും തച്ചുതകർക്കുകയും ചെയ്ത നോട്ടുനിരോധനം മോദി അടിച്ചേൽപ്പിച്ചത്. നരേന്ദ്രമോദി നോട്ടുനിരോധനത്തെ ഭീകരതക്കും കള്ളപ്പണത്തിനുമെതിരായ മിന്നലാക്രമണമെന്നു ഒരു ഭാഗത്തു വിശേഷിപ്പിച്ചു കൊണ്ടിരുന്നപ്പോൾ, മറുഭാഗത്ത്, ആർഎസ്എസ് ബുദ്ധിജീവിയും റിസർവ് ബാങ്ക് ഡയറക്ടറുമായ ഗുരുമൂർത്തി കറൻസിരഹിത സമ്പദ്ഘടനയിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായി നോട്ടുനിരോധനത്തെ ഉയർത്തിക്കാട്ടിക്കൊണ്ടിരുന്ന കാര്യം ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ, നേരത്തെ പരീക്ഷിച്ച ‘cashless townships’ കളുടെ തുടർച്ചയും വികാസവുമെന്ന നിലക്കാണ് ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളെ കറൻസിരഹിതമാക്കുന്നതിനു വേണ്ടിയുള്ള റിസർവ് ബാങ്കിന്റെ നോട്ടിഫിക്കേഷൻ. നിലേകനി റിപ്പോർട്ടു പ്രകാരം റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഈ നോട്ടിഫിക്കേഷന്റെ കോപ്പി മറ്റു ഏജൻസികൾക്കൊപ്പം USAID ന്റെ നിയന്ത്രണത്തിലുള്ള Catalyst നും ലഭ്യമാക്കിയ കാര്യം അർത്ഥഗർഭമാണ്.

 

കറൻസിരാഹിത്യത്തിന്റെ പ്രത്യാഘാതങ്ങൾ

 

 1. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരും, അക്കൗണ്ടുകൾ ഉണ്ടായിട്ടും അതിൽ പണമില്ലാത്തവരും, പണമുണ്ടായിട്ടും ഇടപാടുകൾക്ക് ആവശ്യമായ 'digital payment tools’ ലഭ്യമല്ലാത്തവരും അവ ലഭ്യമായിട്ടും അതുപയോഗിക്കാനുള്ള സാങ്കേതികജ്ഞാനം പ്രയോഗിക്കാനാവാത്തവരും അപരവൽക്കരിക്കപ്പെടുകയും അന്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നതിനാണ് കറൻസിരഹിത സമ്പദ്ഘടന വഴിവെക്കുന്നത്. മോദി ഭരണകാലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഉണ്ടാക്കിയ ജൻധൻ സീറോ ബാലൻസ് അക്കൗണ്ടുകൾകൂടി ഉൾപ്പെടുത്തിയാലും 135 കോടിയാളുകളിൽ 60 ശതമാനത്തിനു മാത്രമേ ബാങ്ക് അക്കൗണ്ടുകളുള്ളൂ. രാജ്യത്തെ കറൻസിയുടെ അഥവാ പണത്തിന്റെ മുഴുവൻ custodians അഥവാ സൂക്ഷിപ്പുകാർ വൻകിട ബാങ്കുകളും (ധനകാര്യ സ്ഥാപനങ്ങളും) ആകുന്നതോടെ ബാങ്ക് അക്കൗണ്ടില്ലാത്തവർ “disenfranchise” ചെയ്യപ്പെടുന്ന അഥവാ പൗരത്വം നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുണ്ടാകുക. “Digitise Citizen” എന്ന മുദ്രാവാക്യവുമായി “financial inclusion” എന്ന ലക്ഷ്യത്തിലേക്ക് (RBI റിപ്പോർട്ട്) മോദി സർക്കാർ നീങ്ങുമ്പോൾ, അതു പർശ്വവൽക്കരിക്കപ്പെട്ടവരും മർദ്ദിതരുമായ ജനകോടികൾക്ക് “പൗരത്വം” നിഷേധിക്കുന്ന ഒരു കോർപ്പറേറ്റ് ഫാസിസ്റ്റ് അജണ്ട തന്നെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. 30 കോടിയിലധികം ജനങ്ങൾ (ഏകദേശം അമേരിക്കയിലെ മൊത്തം ജനസംഖ്യക്ക് തുല്യം) ഇന്ത്യൻ ദാരിദ്ര്യ രേഖക്ക് താഴെയായിരിക്കുകയും, 80 ശതമാനം പേർക്ക് പ്രതിദിനം 20 രൂപയോളം മാത്രം വരുമാനമുണ്ടായിരിക്കുകയും ( പിരിച്ചുവിടപ്പെടുന്നതിനു മുമ്പ് ആസൂത്രണ കമ്മീഷൻ അംഗം അർജുൻ സെൻഗുപ്ത  നടത്തിയ പഠനം; മോദിയുടെ 6 വർഷത്തെ കോർപ്പറേറ്റ് - ഫാസിസ്റ്റ് ഭരണം സൃഷ്ടിച്ച തൊഴിൽ രാഹിത്യവും മഹാ ഭൂരിപക്ഷത്തിന്റെ ക്രയശേഷി ചോർച്ചയും സ്ഥിതി കൂടുതൽ ശോചനീയമാക്കിയിട്ടുണ്ട്) 90 ശതമാനത്തിലധികം പേരും കറൻസി ഇടപാടുകളിൽ അധിഷ്ഠിതമായ അസംഘടിത / അനൗപചാരിക മേഖലകളെ ആശ്രയിച്ചു കഴിയുകയും ചെയ്യുമ്പോൾ, ഒരു cashless സമൂഹത്തിലേക്കെന്ന പേരിൽ അടിച്ചേൽപ്പിക്കുന്ന ഈ പദ്ധതി financial inclusion അല്ല , മറിച്ച് financial exclusion അഥവാ പണമിടപാടുകളിൽ നിന്നു തന്നെയുള്ള പുറംതള്ളലിനാണ് വഴിവെക്കുകയെന്നു വ്യക്തം.

 

മറ്റൊരു ദിശയിൽ നിന്നുകൂടി ഇക്കാര്യം നോക്കിക്കാണേണ്ടതുണ്ട്. ഐ ഫോൺ, ആൻഡ്രോയ്ഡ് സൗകര്യങ്ങൾ ഉൾപ്പടെ സ്മാർട്ട് ഫോണുകളുടെയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളുടേയും മറ്റും കാര്യത്തിൽ അമേരിക്ക ‘പൂർണത'  (saturation) യിലെത്തിയെന്നാണ് കരുതപ്പെടുന്നത്. എന്നുമാത്രമല്ല, ഉദാഹരണത്തിന്, cashless tools എന്നു വിശേഷിപ്പിക്കപ്പെടുന്ന VISA, MasterCard, Apple Pay, Google Pay, Venmo, Square Cash തുടങ്ങിയവയുടെ മാത്രമല്ല, ഇന്ത്യയിലെ PhonePe യുടെ ഉടമസ്ഥനായ ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര കുത്തകയായ വാൾമാർട്ട്  പോലുള്ള കമ്പനികളുടെ ഉറവിടം എന്നതുൾപ്പടെ ഒരു കറൻസി രഹിത സമൂഹത്തിലേക്കു പോകുന്നതിനുള്ള സംവിധാനങ്ങളെല്ലാം അമേരിക്കയിലുണ്ട്. World Digital Competitiveness Ranking - ൽ അമേരിക്കയാണ് ലോകത്തിൽ ഒന്നാം സ്ഥാനത്ത്. Cashless economy യിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സ്വീഡൻ മൂന്നാം സ്ഥാനത്താണ്. ഇന്ത്യ 44ാം സ്ഥാനത്തും. അതായത്, ആവശ്യമായ digital tools ഉൾപ്പടെ കറൻസിരഹിതമായ ‘finacial inclusion’ ലേക്കു പോകാൻ ഏറ്റവും അനുകൂല സാഹചര്യമുള്ള രാജ്യങ്ങളിൽ അമേരിക്കയുടെ പ്രാഥമ്യം അംഗീകൃത വസ്തുതയാണ്.  ഇതു സംബന്ധിച്ച് അമേരിക്കയിലെ Tuft University യുടെ നേതൃത്വത്തിൽ 2016 മെയ് മാസം നടത്തിയ  ഒരു പഠനം ഹാർവാർഡ് ബിസിനസ്സ് റിവ്യൂ പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയെ കൂടാതെ, ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, ബൽജിയം, സ്പെയിൻ, ചെക്ക് റിപ്പബ്ലിക്ക്, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങൾക്കും ഡിജിറ്റൽ കൈമാറ്റത്തിലേക്കു തിരിയാൻ കഴിയുമെന്നും പ്രസ്തുത പഠനം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിന്റെ കൂടി പാശ്ചാത്തലത്തിലായിരുന്നു, മുമ്പ് സൂചിപ്പിച്ചത് പോലെ, “war against cash” എന്ന മുദ്രാവാക്യവുമായി കോർപ്പറേറ്റ്-ഫിനാൻസ് കുത്തകകൾ “Better than Cash Alliance” എന്ന കോർപ്പറേറ്റ് കൂട്ടായ്മക്കു രൂപംകൊടുത്ത് കാമ്പയിനാരംഭിച്ചത്.

 

എന്നാൽ ഇതിനെതിരെ അമേരിക്കയിലെ ഫെഡറൽ സംസ്ഥാനങ്ങൾ ശക്തമായി രംഗത്തു വന്നുകഴിഞ്ഞു. “States for Cash” എന്ന ലേബലിൽ അമേരിക്കയിലെ 10 സംസ്ഥാനങ്ങൾ (മസ്സാച്ചുസെറ്റ്സ്, കണക്ടിക്കട്ട്, ന്യൂജഴ്സി, ന്യൂയോർക്ക് സ്റ്റേറ്റ്, വാഷിംങ്ടൺ സ്റ്റേറ്റ്, ഒറേഗോൺ, റോഡ് ഐലന്റ്, ചിക്കാഗോ, ഫിലാഡൽഫിയ, കാലിഫോർണിയ - ഇന്ത്യയുടെ ആകെമൊത്തം GDPയായ 2.7 ട്രില്യൺ ഡോളർ GDP യും 4 കോടി ജനസംഖ്യയുമാണ്  കാലിഫോർണിയക്കുള്ളത്) cashless transactions അടിച്ചേൽപ്പിക്കുന്നതിനെതിരെ നിയമം പാസ്സാക്കിയിരിക്കുന്നു. നിയമം ലംഘിച്ച് cashless transactions നു നിർബന്ധിക്കുന്ന കച്ചവടക്കാരെയും സ്ഥാപനങ്ങളേയും പീനൽ നടപടികൾക്ക് വിധേയമാക്കാനുള്ള വകുപ്പുകളും ഈ നിയമത്തിലുണ്ട്. ഉദാഹരണത്തിന് ന്യൂജഴ്സിയിലെ നിയമപ്രകാരം, ആദ്യത്തെ നിയമലംഘനത്തിന് (അതായത്, ഡിജിറ്റൽ കൈമാറ്റത്തിന് നിർബന്ധിച്ചാൽ) 2500 ഡോളർ (ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപ) പിഴയും രണ്ടാമത്തെ ലംഘനത്തിന് 5000 ഡോളർ (ഏകദേശം മൂന്നര ലക്ഷം രൂപ) പിഴയും എന്നതാണ് ചട്ടം. കാലിഫോർണിയയിലും സമാനമായ നിയമം തന്നെയാണുള്ളത്. ന്യൂയോർക്ക് സിറ്റി കൗൺസിൽ നടത്തിയ പഠനം പറയുന്നത് ന്യൂയോർക്ക്  നഗരത്തിൽ മാത്രം 11 ശതമാനം പേർക്ക് ബാങ്ക് അക്കൗണ്ടുകൾ ഇല്ലെന്നാണ്. ബാങ്ക് അക്കൗണ്ടുകൾ പൗരത്വത്തിന് ആവശ്യമാണെന്ന് അമേരിക്കൻ ഭരണഘടനയിൽ പറയുന്നില്ല. Cashless വ്യവസ്ഥ അടിച്ചേൽപ്പിച്ചാൽ ദരിദ്രരും, കുടിയേറ്റക്കാരും, വൃദ്ധരും “disenfranchise” (പൗരത്വ നിഷേധം) ചെയ്യപ്പെടുമെന്നാണ് ന്യൂയോർക്ക് സിറ്റി കൗൺസിൽ വിലയിരുത്തുന്നത്. എന്നുമാത്രമല്ല, അമേരിക്കയിലെ 55 ശതമാനത്തിലധികം കൈമാറ്റങ്ങളും 10 ഡോളറിൽ താഴെയാണ്. ഈ സാഹചര്യത്തിലാണ് USA Today എന്ന പോർട്ടൽ “Cash is still King in USA” എന്ന  പ്രഖ്യാപനം അതിന്റെ വിലയിരുത്തലിന്റെ ഭാഗമായി നടത്തിയിരിക്കുന്നത്.

 

ഇന്ത്യയിൽ cashless transactions അടിച്ചേൽപ്പിക്കാൻ നടത്തുന്ന തന്ത്രങ്ങൾ ഇതുമായി താരതമ്യപ്പെടുത്തണമെന്നു മാത്രം സൂചിപ്പിക്കട്ടെ. ഇന്ത്യയിൽ ഇപ്പോൾ പ്രതിവർഷം 22 ഡിജിറ്റൽ കൈമാറ്റം നടക്കുമ്പോൾ, അമേരിക്കയിൽ അത് 474 ആണെന്നതും തിരിച്ചറിയേണ്ടതുണ്ട്!

  

 1. രണ്ടാമത്തെ പ്രത്യാഘാതം സൈബർ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതു തന്നെ. ലോകത്തെ സംബന്ധിച്ചിടത്തോളം, കഷ്ടിച്ച് രണ്ടു ദശാബ്ദത്തിന്റെ മാത്രം ചരിത്രം അവകാശപ്പെടാനുള്ള ഡിജിറ്റൽ കൈമാറ്റങ്ങൾ ഇപ്പോഴും ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ലാത്ത ഒരു മേഖല (unchartered territory) യാണ്. ഡിജിറ്റൽ സങ്കേതിക വിദ്യയിലൂടെ നടക്കുന്ന കൈമാറ്റങ്ങളെ (payment over the cloud) സംബന്ധിച്ച ശരിയായ പഠനം നടക്കാനിരിക്കുന്നതേയുള്ളൂ എന്നാണ് ബിബിസി (bbc.com/worklife-101) പറയുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് സ്വകാര്യത (privacy) യുടെ വിഷയമാണ്. വ്യക്തികളുടെ മേലുള്ള ഭരണകൂടത്തിന്റേയും സൈബർ മേധാവികളുടേയും നിരീക്ഷണം, എത്തിനോട്ടം, വിവരചോരണം തുടങ്ങിയവയെല്ലാം ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നത് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ്. സമ്പന്നന്മാർക്ക് പണം ചെലവു ചെയ്ത് സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ശ്രമിക്കാമെന്നും, എന്നാൽ, ഭരണകൂടത്തിന്റെ രാഷ്ട്രീയ എതിരാളികൾക്കും സാധാരണക്കാർക്കും അതസാധ്യമായിരിക്കുമെന്നും പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

 

എല്ലാറ്റിനുമുപരി cyber hacking തന്നെയാണ് digital transactions ന്റെ മണ്ഡലത്തിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. 2015 ൽ പുറത്തുവന്ന ഒരു Interpol റിപ്പോർട്ട് പ്രകാരം ലോകത്ത് സൈബർ സുരക്ഷിതത്വം ഏറ്റവും കുറവുള്ള രാജ്യം ഇന്ത്യയാണ്. ആ വർഷം മാത്രം 111000– ഓളം "കടന്നുകയറ്റങ്ങൾ" ഇന്ത്യയുടെ സൈബർ രംഗത്ത് (security violations in Indian cyber space) നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. Assocham തയ്യാറാക്കിയ പഠനത്തിൽ പറയുന്നത്, ഇന്ത്യയുടെ സൈബർ മേഖല കൂടുതൽ വെലുവിളികൾ വരും നാളുകളിൽ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്. ചിപ്സെറ്റ് (chipset) നിർമ്മാതാക്കളായ Qualcomm അഭിപ്രായപ്പെടുന്നത് ഇന്ത്യയുടെ ‘ഹാർഡ് വെയർ സുരക്ഷിതത്വം’ ഒരുതരത്തിലും ഡിജിറ്റലൈസേഷനുമായി പൊരുത്തപ്പെടുന്നത ല്ലെന്നാണ്. നിലവിലുള്ള ആൻഡ്രോയിഡ് മോഡലുകളിൽ നിന്നും ഉപഭോക്താക്കളുടെ പാസ് വേർഡുകൾ അനായാസം മോഷ്ടിക്കാവുന്നതാണെന്നും അതു ചൂണ്ടിക്കാട്ടുന്നു. 2019 നവംബർ 15 ന് ബിബിസി ന്യൂസ് പുറത്തുവിട്ടത് ഇന്ത്യയിലെ 12 ലക്ഷം ഡെബിറ്റ് കാർഡുകളുടെ നിജസ്ഥിതിയെപ്പറ്റി അന്വേഷിക്കാൻ സിംഗപ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന “Group - IB” എന്ന  സൈബർ സെക്യൂരിറ്റി ഏജൻസിയെ റിസർവ് ബാങ്ക് ചുമതലപ്പെടുത്തിയ വാർത്തയാണ്. ഡിജിറ്റൽ കൈമാറ്റത്തിന് ജില്ലകളെ തെരഞ്ഞെടുത്തുകൊണ്ടുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച 2019 ഒക്ടോബർ മാസത്തിൽ തന്നെയാണ് ഇന്ത്യയി ഡിജിറ്റൽ കൈമാറ്റത്തിന്റെ അടിസ്ഥാനം ദൗർബല്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഈ റിസർവ് ബാങ്ക് തീരുമനവും വന്നത്.

 

എന്നാൽ, കൂടുതൽ ഞെട്ടലുണ്ടാക്കുന്ന വിവരങ്ങളാണ്,  2020 ഫെബ്രുവരി 7 ന് (ദി ഹിന്ദു , ഫെബ്രു. 8, 2020, കൊച്ചി എഡിഷൻ, പേജ് 12 കാണുക) Group - IB വെളിപ്പെടുത്തിയിട്ടുള്ളത്.  461976 ഇന്ത്യൻ കാർഡ് വിവരങ്ങൾ "Joker's Stash" എന്ന കുപ്രസിദ്ധമായ "dark net" ൽ വില്പനക്കു വെച്ചിരിക്കുന്നുവെന്ന വാർത്തയാണത്! അതീവ ദുർബലമായ ഇന്ത്യയുടെ സൈബർ സ്പേസിൽ നിന്നും അനായാസം ചോർത്തിയെടുത്ത വിവരങ്ങളാവ. കാർഡ് നമ്പരുകൾ, അവയുടെ കാലാവധി തീയതി, സിവിവി/സിവിസി കോഡുകൾ, കാർഡുടമകളുടെ പേരുകൾ, ഇമെയിലുകൾ, ഫോൺ നമ്പരുകൾ, അഡ്രസ്റ്റുകൾ തുടങ്ങിയവയെല്ലാം ഇവയിലുൾപ്പെടും. ഈ data base ന് സൈബർ വിപണിയിൽ 30 കോടിയോളം രൂപ വില വരുമെന്ന് കണക്കാക്കപ്പെടുന്നു. ഒരുവേള , PoS ടെർമിനലുകളിൽ നിന്നാകാം ഇവ മോഷ്ടിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. 2019 ഒക്ടോബർ മാസം തന്നെ ഇന്ത്യയിൽ നിന്നു 13 ലക്ഷം ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ചോർത്തപ്പെട്ട വിവരങ്ങൾ Group-IB ഇന്ത്യാ ഗവണ്മെന്റിനെ അറിയിച്ചിരുന്നു. അപമാനകരമായ ഈയവസ്ഥയിലും കോർപ്പറേറ്റ് യജമാനന്മാരെ പ്രീതിപ്പെടുത്താൻ, വിജ്ഞാന വിരോധവും സാമ്പത്തികശാസ്ത്ര നിരക്ഷരതയും ബാധിച്ച  മോദി സർക്കാർ cashless അജണ്ടയുമായി നീങ്ങുകയാണ്!

 

ഇതു കൂടാതെ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഡിജിറ്റൽ കൈമാറ്റവുമായി ബന്ധപ്പെട്ട സൈബർ സുരക്ഷ എത്രമാത്രം ദുർബലമാണെന്നു വ്യക്തമാക്കുന്ന മറ്റു ചില സംഭവങ്ങളും ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. അതിലൊന്ന്, Flipkart ന്റെ ഇ-വാലറ്റിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ 30000 ഉപഭോക്താക്കളുടെ പാസ് വേർഡുകളും ഇ-മെയിൽ ഐഡിയും ചോർത്തിയ വാർത്തയാണ്. ഇപ്രകാരം ചോർത്തപ്പെട്ട വിവരങ്ങൾ ‘ത്രോബിൻ’ എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന വിവരവും പുറത്തുവരികയുണ്ടായി. 2019 ജനുവരി 27 –നാണ് ഈ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടത്. തുടർന്ന്, ജനുവരി 30 ന് ഹുന്ദു പത്രം കൂടുതൽ മാനങ്ങളുള്ള ഒരു data  ചോർത്തൽ വാർത്തയും പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൻപ്രകാരം, ISRO, IGCAR, (Indira Gandhi Centre for Atomic Research), BARC, SEBI എന്നീ സ്ഥാപനങ്ങളിലെ 3000 – ഓളം ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ഇ-മെയിൽ അക്കൗണ്ടുകളാണ് ചോർത്തപ്പെട്ടത്. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സൈബർ സുരക്ഷാ ലംഘനങ്ങളുടെ ഇരകളാകുന്നവരിൽ മഹാഭൂരിപക്ഷവും ഡെബിറ്റ് കാർഡുകളും മറ്റും ഉപയോഗിക്കാൻ നിർബന്ധിതരാകുന്ന കോടിക്കണക്കിനു വരുന്ന അസംഘടിത തൊഴിലാളികളാണ്. ഇന്ത്യക്കുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന അന്തർ സംസ്ഥാന പലായനങ്ങൾ (exodus) ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. നിത്യവൃത്തിക്കായി സംസ്ഥാനങ്ങളിലൂടെ കടന്നു പോകേണ്ടിവരുന്ന ഇവർ ഭാഷാപരവും മറ്റുമായ പരിമിതികൾ മൂലം നിരവധി സൈബർ തട്ടിപ്പുകൾക്ക് വിധേയരാകുന്നുണ്ടെന്നാണ് ബിബിസി വിലയിരുത്തിയത്. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ, ഡിജിറ്റൽ കൈമാറ്റത്തിന് നിർബന്ധിതരാക്കുന്നതുവഴി വലിയ തട്ടിപ്പുകൾക്കു വിധേയമാകുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ടു ചെയ്തിട്ടുള്ളത്.

 

 1. ഇന്ത്യൻ ജനതയുടെ മേൽ കറൻസി രഹിത കൈമാറ്റം അടിച്ചേല്പിക്കുമ്പോൾ , അങ്ങേയറ്റം ഗൗരവമേറിയ മറ്റൊരു വിഷയം അതിന് അനുപേക്ഷണീയമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ, ഇന്ത്യ ഏറ്റവും പിൻനിരയിലാണെന്നതാണ്.  ജനകോടികളുടെ ജീവരക്തം ഊറ്റിയെടുത്ത് കോർപ്പറേറ്റ് കള്ളപ്പണക്കുത്തകകൾ വീർത്ത നോട്ടു നിരോധനത്തിന്റെ ഭീകര നാളുകളിൽ ഇതേറെ വ്യക്തമാക്കപ്പെട്ടിരുന്നു. ഫാസിസ്റ്റുകൾ സമ്പദ്ഘടനയുടെ നിയന്ത്രണമേറ്റെടുത്താലുണ്ടാകുന്ന ദുരന്തമാണ് അന്നു പ്രകടമായത്.  ATM കൾ കറൻസി രഹിത കൈമാറ്റത്തിന് അനുസൃതമായി ഘടനാപരമായി മാറ്റേണ്ടതുണ്ടെന്ന കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. എന്നാൽ, നോട്ടുകൾ നിരോധിച്ചപ്പോൾ ATM കളുടെയും ബാങ്കുകളുടെയും മുമ്പിൽ ക്യൂ നിന്ന് ആളുകൾ മരിച്ചു വീഴുകയായിരുന്നു.  ഇതിന്റെ പ്രധാന കാരണം, ജനസംഖ്യാനുപാതികമായി ലോകത്തേറ്റവും കുറവ് ATM കളും ബാങ്കുകളുമാണ് ഇന്ത്യയിലുള്ളത് എന്നതു തന്നെ. ഉദാഹരണത്തിന്, ഇന്ത്യയിൽ ATM കളുടെ ലഭ്യത ലോക ശരാശരിയേക്കാൾ വളരെ കുറവാണ്. ബ്രിക്സ് രാജ്യങ്ങളുടെ കാര്യമെടുത്താൽ, 2016-ൽ ഒരു ലക്ഷം പേർക്ക് റഷ്യയിൽ 184-ഉം ബ്രസീലിൽ 107-ഉം ചൈനയിൽ 81 - ഉം ദക്ഷിണാഫ്രിക്കയിൽ 68 -ഉം വീതം ATM കൾ ഉള്ളപ്പോൾ, ഇന്ത്യയിൽ അത് 17 എണ്ണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ, ബാങ്കു ലയനങ്ങളും ഗ്രാമീണ ശാഖകൾ അടച്ചുപൂട്ടിയതും വഴി ATM കളുടെ എണ്ണം വീണ്ടും കുറഞ്ഞിട്ടുണ്ട്.

 

Cashless കൈമാറ്റങ്ങൾക്ക് ഒഴിച്ചു കൂടാനാവാത്ത  സ്വൈപ്പിങ് അഥവാ POS മെഷിനുകളുടെ (ടെർമിനലുകളുടെ) കാര്യമെടുത്താലും ഇന്ത്യയുടെ സ്ഥിതി വ്യത്യസ്തമല്ല.  നോട്ട് നിരോധന കാലത്ത് ഇന്ത്യയിൽ 14 ലക്ഷത്തോളം ഉണ്ടായിരുന്ന PoS യന്ത്രങ്ങളുടെ എണ്ണം ഇപ്പോൾ 35 ലക്ഷം ആയി ഉയർന്നിരിക്കുന്നുവെന്നാണ് കണക്കുകൾ. എന്നാൽ 'Make in India’ പദ്ധതിയുമായി ബന്ധപ്പെട്ട ഗീർവാണങ്ങൾക്ക് ഒരു കുറവും ഇല്ലാതിരിക്കുമ്പോൾ  തന്നെ, ഇന്ത്യയ്ക്കാവശ്യമുള്ള PoS  machines  ഏതാണ്ടു പൂർണമായും ഉല്പാദിപ്പിക്കുന്നത് Veriphone, Ingenica എന്ന രണ്ടു ചൈനീസ് കമ്പനികൾ ആണ്. 2016ലെ നോട്ടു നിരോധനത്തിനു ശേഷം ഇന്ത്യൻ വിപണിയെ ലക്ഷ്യമാക്കി ഈ രണ്ടു ചൈനീസ് കമ്പനികളും അവരുടെ ഉത്പാദനം എകദേശം 600 ശതമാനം വർദ്ധിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ബില്ലിംഗ്, സ്റ്റോറിംഗ്, അക്കൗണ്ടിംഗ്,  പണക്കൈമാറ്റം തുടങ്ങിയ ഇടപാടുകൾ ഫലപ്രദമായി നിർവഹിക്കുന്ന ഒരു ചൈനീസ് PoS മെഷീന് ശരാശരി അഞ്ച് ലക്ഷം രൂപ വില വരുമെന്നാണ് കണക്ക്. തൃശ്ശൂർ പോലുള്ള ഒരു ജില്ല കറൻസിരഹിത മാകുകയും, ഭൂരിപക്ഷം വരുന്ന  റീട്ടെയിൽ കച്ചവടക്കാർ അപ്രത്യക്ഷമാകുമ്പോഴും  പിടിച്ചു നിൽക്കാൻ കഴിയുന്ന കച്ചവടക്കാർക്ക് PoS യന്ത്രങ്ങളും മറ്റും സ്ഥാപിക്കേണ്ടിവരുന്നതു വഴി വന്നു ചേരുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത (സർവീസ് ചാർജ്ജിന്റെ പേരിൽ ഉപഭോക്താക്കളുടെ ചുമലുകളിലേക്ക് അവ തള്ളുമ്പോൾ തന്നെ) ഊഹിക്കാവുന്നതേയുള്ളൂ. Zk Teco എന്ന പേരുള്ള ഒരു കമ്പനി ബാംഗ്ലൂരിൽ PoS മെഷിനുകൾ നിർമ്മിക്കുന്നു എന്ന വാർത്ത ഉണ്ടെങ്കിലും cashless സമൂഹത്തിന് ആവശ്യമായ ധർമ്മങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ ചൈനീസ് മെഷീനുകളുടെ അടുത്തെങ്ങും അവ എത്തില്ലെന്നാണറിയുന്നത്. മോദിയുടെ 'Make in India' ഇപ്പോൾ 'Made in China' ആയി പരിണമിച്ചിരിക്കുന്നു എന്ന് ചുരുക്കം. അതായത്,  മുമ്പു സൂചിപ്പിച്ചതുപോലെ, digital payments നാവശ്യമായ ഘടകങ്ങളിൽ (tools) സോഫ്റ്റ്‌വേറി ന്റെ കാര്യത്തിൽ പൂർണമായും അമേരിക്കയെ ആശ്രയിക്കുമ്പോൾ, ഹാർഡ് വേറിന് (hardware) ചൈനയെ ആശ്രയിച്ചു കൊണ്ടാണ് മോദി സർക്കാരിന്റെ കറൻസിരഹിത സ്വപ്നം കെട്ടിപ്പൊക്കിയിരിക്കുന്നതെന്നു സാരം.

 

നിർബാധമുള്ള വൈദ്യുതി സപ്ലൈ,  ഡൗൺലോഡ് സ്പീഡ്, ബാന്റ്‌വിഡ്ത്ത് ലഭ്യത (bandwidth availability),  സെർവർ കാര്യക്ഷമത/ശേഷി എന്നിവ കണക്കിലെടുക്കുമ്പോൾ, ഇന്ത്യ അയൽരാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യളേക്കാളും പിന്നിലാണ്. ഇതുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ധർ രണ്ടു സൂചികകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. 2016 ൽ    139 രാജ്യങ്ങളെ പരിശോധിച്ചതിൽ, digital networking index ൽ 91ഉം basic infrastructure for digital transactions index ൽ 114 ഉം ആണ് ഇന്ത്യയുടെ സ്ഥാനം. രാജ്യങ്ങളുടെ ഇന്റർനെറ്റ് വേഗതയെപ്പറ്റി പഠനം നടത്തുന്ന speedtest.net 2019 ഡിസംബറിൽ റിപ്പോർട്ടു ചെയ്തതു പ്രകാരം, ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ 140 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 128 - മാതു സ്ഥാനത്താണ്. ബ്രിക്സ് രാജ്യങ്ങളിൽ ഏറ്റവും താഴെ നിൽക്കുന്ന ഇന്ത്യയുടെ ശരാശരി ഡൌൺലോഡ് സ്പീഡ് 11.46 Mbps (Megabits per second) മാത്രമാകുമ്പോൾ, ലോക ശരാശരി 32.01 ഉം ഈ രംഗത്തു പ്രഥമസ്ഥാനത്തു നിൽക്കുന്ന ദക്ഷിണ കൊറിയയുടേത് 103. 18 ഉം ആകുന്നു.  അതേസമയം, കറൻസിരഹിത പദ്ധതി മോദി സർക്കാർ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഇതര ലോക രാജ്യങ്ങളെ അപേക്ഷിച്ചു ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ രംഗത്ത് ഏറെ പിന്നിലായിരിക്കുന ഇന്ത്യൻ അവസ്ഥയെ ഒരു “തവളച്ചാട്ട" (leap-frog) ത്തിലൂടെ മറികടക്കണമെന്നാണ് നന്ദൻ നിലേകനി റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നത്. പ്രത്യേകിച്ചും, മൊബൈൽ ഫോണുകളുടെ എണ്ണം ഇന്ത്യയിൽ 100 കോടിയോളം വരുമെങ്കിലും digital കൈമാറ്റങ്ങൾക്ക്  ഉപയോഗപ്രദമായ സ്മാർട്ട് ഫോണുകൾ 25 ശതമാനം പേർക്ക് മാത്രമാണുള്ളത്. ഈ സ്ഥിതിവിശേഷം മറികടക്കാൻ BHIM App മായി ആധാറിനെ ബന്ധിപ്പിക്കുന്ന BHIM Aadhar Pay എന്ന tool വ്യാപകമാക്കിയും digital സാങ്കേതികവിദ്യയുടെ രംഗത്ത് അടുത്തകാലത്തുണ്ടായ ‘block chain’ ( ശൃംഖലയിലെന്നപോലെ ഡാറ്റ ബ്ലോക്കുകളായി സൂക്ഷിക്കാവുന്ന സാങ്കേതികവിദ്യ) ഫലപ്രദമായി ഉപയോഗിച്ചും കറൻസിരഹിത ദിശയിൽ മുന്നേറാമെന്ന വ്യാമോഹമാണ് മോദി സർക്കാരിനുള്ളത്.

 

എന്നാൽ ഈ അവകാശവാദങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2017 മധ്യത്തിൽ പാർലമെന്റിന്റെ പാതിരാ സമ്മേളനം വിളിച്ചുകൂട്ടി ഭരണഘടനയുടെ ഫെഡറൽ സ്വഭാവം അട്ടിമറിച്ച്, മുകളിൽ നിന്നും കെട്ടിയിറക്കിയ  ഡിജിറ്റൽ നികുതിയായ ജിഎസ്ടി യുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാൽ ഇന്ത്യയുടെ നെറ്റ് വർക്ക് ടെക്നോളജിയുടെ പരിതാപകരമായ അവസ്ഥ ബോധ്യമാകും. USAID ന്റെ നേതൃത്വത്തിൽ Catalyst രൂപം കൊടുത്ത മാതൃകയിൽ, ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇന്ത്യയിലെ GST യുടെ ബ്ലൂപ്രിന്റുകളും തയ്യാറാക്കിയത്. OECD, UNDP, IMF, World Bank, WTO, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (PwC), KPMG, Deloitte, Tax Inspectors Without Borders (TIWB), Forum for Tax Administration (FTA) തുടങ്ങിയ നിരവധി സംഘടനകൾ ചേർന്ന് രൂപകൽപന ചെയ്ത GST യുടെ blueprint തന്നെയാണ് ഇന്ത്യയുടെ National Institute of Public Finance and Policy ഏറ്റെടുത്തതും ഇവിടെ നടപ്പാക്കിയതും. ഇതിന്റെ അടിസ്ഥാനത്തിൽ രൂപം കൊടുത്തിട്ടുള്ള GSTN -ൽ രജിസ്റ്റർ ചെയ്തും അതിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചും മാത്രമേ ജിഎസ്ടി യിൽ രജിസ്റ്റർ ചെയ്യാനും നികുതി അടയ്ക്കാനും കച്ചവടക്കാർക്ക് കഴിയൂ. എന്നാൽ,  ഇന്ത്യയിൽ നടപ്പായ ലോകത്തെ ഏറ്റവും വലിയ നവ ഉദാര - കോർപ്പറേറ്റ് നികുതി പരിഷ്കാരമായ GST എന്ന digital നികുതി സോഫ്റ്റ്‌വെയർ തകരാറിന്റെ  പേരിൽ വലിയ പ്രതിസന്ധിയിലാണിപ്പോൾ. ഉദാഹരണത്തിന് 2017-18 സാമ്പത്തിക വർഷത്തേക്കുള്ള ജിഎസ്ടി റിട്ടേൺ പോലും 2020 ജനുവരി 31 വരെയുള്ള കണക്കു പ്രകാരം കേരളത്തിലെ 25 ശതമാനം വ്യാപാരികൾക്കു മാത്രമേ ഫയൽ ചെയ്യുവാൻ കഴിഞ്ഞിട്ടുള്ളൂ. വെബ്സൈറ്റിലെ തകരാറാണ് ഇതിനു കാരണം.  അതുപോലെ, ഇന്ത്യയിലാകമാനം കണക്കെടുത്താൽ 38.4 ലക്ഷം വ്യാപാരികൾക്ക് ഇതുവരെ റിട്ടേൺ ഫയൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ GST portal ന്റെ അടിസ്ഥാന സാങ്കേതിക ദൗർബല്യം തന്നെയാണ് പ്രശ്നം. ബന്ധപ്പെട്ട അടിസ്ഥാന സാങ്കേതികവിദ്യ വികസിക്കാതിരിക്കേ,  കോർപ്പറേറ്റ് താൽപര്യങ്ങളുടെ പേരിൽ മുകളിൽനിന്ന് കെട്ടി ഇറക്കുന്ന പദ്ധതികൾ സംജാതമാക്കുന്ന ദുരവസ്ഥയാണിത്. സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളെയും നിർണയിക്കുന്ന cashless transactions ഇത്തരമൊരു പശ്ചാത്തലത്തിൽ വരുത്തി വയ്ക്കാവുന്ന മഹാദുരന്തം സങ്കൽപ്പിക്കാവുന്നതിലും അധികമാണ്.

 

 1. നൂറ്റാണ്ടുകളിലൂടെ സ്ഥാപിക്കപ്പെട്ട സാർവ്വത്രികമായ വിനിമയോപാധി (transaction tool) ആയ കറൻസി (cash) നഷ്ടമാകുന്നതോടെ സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിഷയം കൂടിയാണ് കടന്നുവരുന്നത്. മുമ്പ് സൂചിപ്പിച്ചതുപോലെ, ബാങ്ക് അക്കൗണ്ടില്ലാത്തവരുടേയും അക്കൗണ്ടുകളിൽ പണമില്ലാത്തവരുടെയും അപരവൽക്കരണവും അന്യവത്കരണവും ആകും ഫലം. അതോടൊപ്പം, ഡിജിറ്റൽ സാങ്കേതിക വിദ്യ സ്വായത്തമാക്കാത്തവർക്കും അപ്രാപ്യമായവർക്കും നിർബന്ധിതമായ പുറംതള്ളൽ (financial exclusion) ആണു വിധിക്കപ്പെട്ടിരിക്കുന്നത്. ഒരുഭാഗത്ത് , ഡിജിറ്റൈസേഷൻ ആഗോളവൽക്കരിക്കപ്പെടുകയും ഉല്പാദനവും വിനിമയവും വിപണനവും ഉപയോഗവും അടക്കം എല്ലാം ഈ പ്രക്രിയയ്ക്ക് വിധേയമാകുകയും ചെയ്യുമ്പോൾ, digital divide എന്ന  താരതമ്യേന പുതിയ പ്രതിഭാസമായ സാമൂഹ്യ അന്യവൽക്കരണം (വലിയൊരു വിഭാഗം ഡിജിറ്റൈസേഷനു പുറത്തു നിൽക്കുന്ന അവസ്ഥ വർത്തമാന ലോകവ്യവസ്ഥയിൽ ഗൗരവപൂർവം ചർച്ച ചെയ്യപ്പെടുന്ന വിഷയമായി ഉയർന്നു വന്നിട്ടുണ്ട്. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള digital divide അഥവാ ഇൻറർനെറ്റ് അസമത്വ ത്തെക്കാൾ ഭീതി ജനകമാണ് ഇന്ത്യയെപ്പോലെ സാമൂഹ്യ-സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ സ്ഥിതി. ഒരു കറൻസിരഹിത സമൂഹത്തിൽ, ഡിജിറ്റൽവൽക്കരിക്കാത്തവരെ സംബന്ധിച്ചിടത്തോളം ഔപചാരികമായ പൗരത്വം ഉണ്ടെങ്കിൽ പോലും അവർ പൗരാവകാശങ്ങൾ  നിഷേധിക്കപ്പെട്ടവരായിരിക്കും. വിശദാംശങ്ങളിലേക്ക് കടക്കാതെ തന്നെ ഒരു കാര്യം വ്യക്തമാണ്. അതായത് നിലവിലുള്ള സാമൂഹ്യ ബന്ധങ്ങളിൽ കറൻസിരഹിതമാക്കൽ എന്നത് പാർശ്വവൽകൃതരുടേയും മർദ്ദിതരുടേയും പൗരസ്വാതന്ത്ര്യ നിഷേധം തന്നെയാണ്. Cashless നീക്കങ്ങൾക്കെതിരെ രംഗത്തു വന്നിട്ടുള്ള അമേരിക്കയിലെ ഫെഡറൽ സംസ്ഥാനങ്ങൾ അത് പൗരരെ "disenfranchise" ചെയ്യുന്നുവെന്ന് നിയമ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇക്കാരണത്താലാണ്.

 

ഇതോടൊപ്പം കറൻസിരഹിത ഇടപാടുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സ്വീഡനിലും മറ്റും കറൻസി ഇല്ലാതെ ജീവിക്കാനാവാത്ത വൃദ്ധരും ഗ്രാമീണരും ഉണ്ടെന്നുള്ളതാണ്  വസ്തുത. പണം നൽകുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഡിജിറ്റൽ ഇടപാടുകൾ നൽകില്ലെന്ന് മാത്രമല്ല, യൂസർനെയിമും പാസ്‌വേർഡും എപ്പോഴും ഓർത്തിരിക്കേണ്ട ബാധ്യതയും വന്നുചേരുന്നു. ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ഓർത്തിരിക്കേണ്ടതുള്ളപ്പോൾ ഈ അധിക ബാധ്യത എന്തിന് വരുത്തി വെക്കണമെന്നാണ് cashless കൈമാറ്റങ്ങൾക്ക് എതിരെ നിലപാടുള്ള അമേരിക്കയിലെ മഹാ ഭൂരിപക്ഷം ജനങ്ങളും ചോദിക്കുന്നത്. കൈവശമുള്ള digital tool (സ്മാർട്ട് ഫോൺ ഉദാഹരണം) നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്നതോടെ പൗരത്വം അഥവാ പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സ്ഥിതി സ്വയം എടുത്തു തലയിൽ വെക്കേണ്ടതുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്.

 

 1. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സാമ്പത്തിക വിഷയം ഡിജിറ്റൽ ഇടപാടുകൾ സാർവത്രികമാക്കുന്നതിനു പിന്നിലെ ശക്തികൾ ആരെന്നതു തന്നെയാണ്. ജനങ്ങളുടെയും സമ്പദ്ഘടനയുടെയും മുഴുവൻ നിയന്ത്രണവും വിരലിലെണ്ണാവുന്ന ഒരുപിടി ബാങ്കുകളുടെയും ഡിജിറ്റൽ - സോഫ്റ്റ്‌വെയർ കുത്തകകളുടെയും കാർഡുകളുടെ പേറ്റന്റ് കൈവശപ്പെടുത്തിയിട്ടുള്ള കമ്പനികളുടെയും ഇന്റർനെറ്റ് ദാതാക്കളുടെയും എല്ലാം നീരാളിപ്പിടുത്തത്തിലാകുമെന്നതാണ് അടിസ്ഥാനപ്രശ്നം. ഇവരുടെ താൽപര്യങ്ങളുമായി ഇഴുകിച്ചേർന്ന നവഫാസിസ്റ്റ് ഭരണകൂടങ്ങൾ തന്നെയാണ് ഇന്ന് ഡിജിറ്റൈസേഷൻ മുകളിൽനിന്ന് അടിച്ചേൽപ്പിക്കാനുള്ള കരുക്കൾ നീക്കുന്നത്. കറൻസി കൈമാറ്റത്തിന് പ്രത്യേകിച്ചൊരു ചിലവും ഉപഭോക്താക്കൾക്ക് അഥവാ പണം കൈമാറുന്നവർക്ക് വന്നു ചേരുന്നില്ല. എന്നാൽ ഓരോ സ്വൈപ്പിങ്ങിനും നിശ്ചിത തുക ഫീസ്/ സർവീസ് ചാർജായി ബാങ്കും ഇന്റർനെറ്റ് ദാതാവും മുതൽ സോഫ്റ്റ്‌വെയർ കമ്പനി വരെ കൈവശപ്പെടുത്തുന്നു. ഉദാഹരണത്തിന് , 100 രൂപ കറൻസി രൂപത്തിൽ 6 പേർക്കിടയിൽ കൈമാറ്റം ചെയ്യുമ്പോൾ 100 രൂപയായി തന്നെ അത് അവശേഷിക്കുമ്പോൾ, അത്രയും ഡിജിറ്റൽ കൈമാറ്റങ്ങൾ 100 രൂപയെ അപ്രത്യക്ഷമാക്കുന്ന 'മായാജാല' മാണ്  കറൻസി രഹിത കൈമാറ്റം. ഡിജിറ്റൽ മേഖലയുമായി ബന്ധപ്പെട്ട ആഗോള കുത്തകകൾ തന്നെ ലോകകുത്തക പട്ടികയിൽ പ്രഥമ സ്ഥാനങ്ങൾ അലങ്കരിക്കുന്നതിന്റെ കാരണവും ഇതര സാമ്പത്തിക മേഖലയെ അപേക്ഷിച്ച് ഈ രംഗത്തുള്ള സൂപ്പർ കൊള്ള തന്നെയാണ്.

 

മുമ്പ് സൂചിപ്പിച്ചതുപോലെ,  കറൻസിരഹിത സമൂഹത്തിൽ പണത്തിന്റെ സൂക്ഷിപ്പുകാർ ബാങ്കുകളാണ്. ആത്യന്തികമായി രാഷ്ട്രീയ സമ്പദ്ഘടനയുടേയും രാജ്യത്തിന്റെ തന്നെയും നിയന്ത്രണം ഏതാനും ഫിനാൻസ് കുത്തകകൾ നിയന്ത്രിക്കുന്ന ബാങ്കുകളിൽ കേന്ദ്രീകരിക്കുന്നതിലേക്കാണ് കരു നീക്കം നടക്കുന്നത്.  കറൻസി രഹിത കൈമാറ്റങ്ങൾ ഇക്കാര്യത്തിൽ തന്ത്രപരമായ പങ്കു വഹിക്കുന്നു. അമേരിക്കൻ ഭരണഘടന എഴുതി തയ്യാറാക്കുന്നതിന് നേതൃത്വം കൊടുത്ത തോമസ് ജഫേഴ്സൺ പറഞ്ഞത് യുദ്ധസജ്ജമായ സൈന്യത്തെക്കാൾ അപകടകാരിയാണ് ബാങ്കുകൾ എന്നാണ്. 1930 കളിലെ ലോക സാമ്പത്തികാധ:പതന (Great Economic Depression)ത്തിലേക്ക് നയിച്ച വാൾസ്ട്രീറ്റ് ക്രാഷിനു (Wall Street Crash) പിന്നിൽ പണം ചൂതാട്ടത്തിലേക്കു തിരിച്ചുവിടാൻ ബാങ്കുകൾക്ക് കഴിഞ്ഞതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് ക്ഷേമരാഷ്ട്ര നയത്തിന്റെ ഭാഗമായി ബാങ്കുകളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും നവഉദാരീകരണം ആരംഭിച്ചതോടെ  ബാങ്കുകൾക്ക് സർവതന്ത്ര സ്വാതന്ത്ര്യം വീണ്ടും ലഭിച്ചു. 2008.-ലെ ലോക സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത് ബാങ്കുകളുടെ ഊഹപ്രവർത്തനങ്ങളായിരുന്നു. ഇപ്പോൾ കോർപ്പറേറ്റുകൾ വിഭാവനം ചെയ്യുന്ന ഡിജിറ്റൈസേഷൻ നടപ്പിലാക്കുന്ന പക്ഷം ജനങ്ങളുടെ പണം മുഴുവൻ ബാങ്കുകളുടെ പൂർണ നിയന്ത്രണത്തിലാകും. കൈമാറ്റത്തിന് ആവശ്യമായ തുക ഒഴിച്ചുള്ള ജനങ്ങളുടെ മുഴുവൻ പണവും യഥേഷ്ടം കോർപ്പറേറ്റുകളുടെ പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടുന്നതിന് ഇത് വലിയ സാധ്യതകളാണ് തുറന്നിടുന്നത്. ബാങ്കുകളും ധനകാര്യ -കോർപ്പറേറ്റു കുത്തകകളും ചേർന്നുള്ള വെട്ടിപ്പുകൾക്കും തട്ടിപ്പുകൾക്കും പുറമേയാണിത്. ആഗോള മാനങ്ങളുള്ള "ഡിജിറ്റൽ ധന" (digital cash)ത്തിന്റെ പിടിയിൽ ജനങ്ങൾ ഒതുങ്ങുകയും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും അതുമായി ഉദ്ഗ്രഥിക്കപ്പെടുകയും ചെയ്യുന്നതോടെ, ജനാധിപത്യം (democracy) കോർപ്പറേറ്റോക്രസിക്ക് (corporatocracy)  വഴി മാറുകയും ചെയ്യും.  അതുകൊണ്ടാണ്, ഡിജിറ്റൽ കൈമാറ്റത്തിന് അനുകൂലമായ സാങ്കേതിക വികാസം നേടിയ രാജ്യങ്ങൾ പോലും  പൂർണ്ണമായ കറൻസി രഹിത കൈമാറ്റത്തിനെതിരെ നിലപാടെടുത്തിട്ടുള്ളത്.

 

ഇന്ത്യ ഡിജിറ്റൽ പരീക്ഷണത്തിനുള്ള ഒരു ‘ഗിനിപന്നി’ ?

 

ഈ സന്ദർഭത്തിൽ, രാജ്യ താൽപ്പര്യങ്ങൾക്കെതിരും ഇന്ത്യയുടെ സാഹചര്യത്തിൽ  തികച്ചും അപ്രായോഗികവുമായ ഡിജിറ്റൽ കൈമാറ്റം അടിച്ചേൽപ്പിക്കാൻ മോദിസർക്കാർ മുന്നിട്ടിറങ്ങുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ന്യായമാണ്.  മുകളിൽ സൂചിപ്പിച്ചതു പോലെ, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും കറൻസിരഹിത സമൂഹത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളുടെയും ലഭ്യതയുണ്ടായിട്ടും അമേരിക്കയും യൂറോപ്യൻ യൂണിയനും ജപ്പാനും എന്തുകൊണ്ട് cashless economy യെ ആശ്ലേഷിക്കുന്നില്ലെന്നത് സംശയം വർദ്ധിപ്പിക്കുന്നു.  കറൻസിരഹിത സമ്പദ്ഘടനയ്ക്ക് മാത്രമല്ല ഡിജിറ്റൽ നികുതി പരിഷ്കാരം എന്നറിയപ്പെടുന്ന ജി എസ് ടിക്കും അമേരിക്കയിലെ ഫെഡറൽ സംസ്ഥാനങ്ങൾ എതിരാണ്. അതേസമയം ജി എസ് ടി നടപ്പാക്കിയതിന്റെ പേരിൽ സമ്പദ്ഘടന കുളം തോണ്ടിയപ്പോൾ മലേഷ്യ അത് റദ്ദാക്കിയ സമയത്തായിരുന്നു അമേരിക്കൻ - യൂറോപ്യൻ കോർപ്പറേറ്റുകളുടെ താൽപര്യപ്രകാരം മോദി സർക്കാർ ഇന്ത്യയിൽ അത് നടപ്പാക്കിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോടുള്ള ഈ രാജ്യങ്ങളുടെ സമീപനവും വ്യത്യസ്തമല്ല. EVM ലെ സോഫ്റ്റ്‌ വേറുകളിൽ കടന്നുകയറി ജനങ്ങളുടെ സമ്മതിദാനാവകാശം അട്ടിമറിക്കാൻ നിക്ഷിപ്ത ശക്തികൾക്ക് കഴിയും എന്ന തിരിച്ചറിവാണ് ഇപ്പോഴും ബാലറ്റ് ഉപയോഗിക്കാൻ ഈ രാജ്യങ്ങളെ നിർബന്ധിതരാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ കൈമാറ്റങ്ങൾക്കുള്ള ഒരു പരീക്ഷണശാലയായി ഇന്ത്യയെ ഉപയോഗിക്കാനും കൊള്ളലാഭം ഉറപ്പുവരുത്താനും അമേരിക്കൻ -യൂറോപ്യൻ ഡിജിറ്റൽ സോഫ്റ്റ്‌വേർ കുത്തകകളും ബാങ്കുകളും മോദി സർക്കാരിനെ ഉപയോഗിക്കുന്നത്. ജിഎസ്ടി ക്കൊപ്പം നടപ്പാക്കിയ നോട്ടുനിരോധനവും ഇതിന്റെ ഭാഗമായിരുന്നു എന്ന പഠനവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. Catalyst എന്ന ഏജൻസി ഇക്കാര്യത്തിൽ നടത്തിയ ഇടപെടലുകളെപ്പറ്റി നേരത്തെ സൂചിപ്പിക്കുകയുണ്ടായി.  ഇന്ത്യയിൽ നോട്ട് നിരോധനം നടപ്പാക്കിയതിന്റെ തുടർച്ചയായി 2017 ജനുവരിയിൽ ജർമനിയിയിലെ Norberthaering. de       എന്ന പോർട്ടൽ പ്രസിദ്ധീകരിച്ച രണ്ടു ലേഖനങ്ങൾ വിശദമാക്കിയത് cashless ആക്കാനുള്ള അമേരിക്കൻ കമ്പനികളുടെ “ഗിനി പന്നി” പരീക്ഷണമായിരുന്നു  അതെന്നാണ്. 2017 ഏപ്രിൽ മാസം  അമേരിക്കയിലെ ഫെഡറൽ ബാങ്ക് ഓഫ് സാൻഫ്രാൻസിസ്കോ (Federal Bank of San Francisco)  മോദിയുടെ നോട്ടുനിരോധനത്തെ വിലയിരുത്തിയത്,  ഇന്ത്യയിലെ ഡിജിറ്റൽ കൈ മാറ്റങ്ങൾക്കുള്ള ‘രാസത്വരക’ മായിരുന്നു  അതെന്നാണ്. വാസ്തവത്തിൽ, ഇതിന്റെയെല്ലാം തുടർച്ചയായിട്ടാണ്, മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി നന്ദൻ നിലേകനി റിപ്പോർട്ടും റിസർബാങ്ക് നോട്ടിഫിക്കേഷനുമെല്ലാം ഡിജിറ്റൽ കൈമാറ്റ ജില്ലകൾ മുകളിൽ നിന്ന് കെട്ടിയിറക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. അതായത്, മോദി സർക്കാരിന്റെ അന്ധമായ കോർപ്പറേറ്റ് പാദസേവയുടെ തുടർച്ചയായിട്ടു തന്നെയാണ് ഇപ്പോഴത്തെ കറൻസിരഹിത നീക്കവും മുന്നോട്ടു വന്നിരിക്കുന്നത്.

 

ഉപസംഹാരം

 

എട്ടു മാസത്തിനുള്ളിൽ തൃശ്ശൂർ ജില്ലയെ പൂർണമായും cashless ആക്കുന്നതിനുള്ള പ്രഖ്യാപനത്തെ നിസ്സാരമോ അപ്രായോഗികമോ എന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. അപ്രായോഗികമെന്നും അസാധ്യമെന്നും നമ്മൾ കരുതുന്ന നടപടികളാണ് ഫാസിസ്റ്റുകൾ  അധികാരം കയ്യടക്കുന്നതോടെ നടപ്പാക്കപ്പെടുന്നതെന്ന തിരിച്ചറിവാണ് ഇവിടെ പ്രധാനം. തൃശ്ശൂരിലെ ജനങ്ങളെ ഗിനിപന്നികളാക്കി സംസ്ഥാനത്തും രാജ്യത്താകമാനവും അത് നടപ്പാക്കുന്നതിനുള്ള ആസൂത്രിത അജണ്ടയാണ് ഈ നീക്കത്തിന് പിന്നിൽ. തൃശൂർ ജില്ലയിൽ ഇപ്പോൾ തന്നെ ഏതു ബാങ്കിലും ആർക്കും സീറോ ബാലൻസ് അക്കൗണ്ട് തുറക്കാൻ ഉള്ള അവസരം നൽകണമെന്ന നിർദേശം പോയിക്കഴിഞ്ഞു. വില്ലേജ് ഓഫീസുകൾ മുതൽ മേലോട്ടുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും PoS മെഷീനുകൾ സ്ഥാപിക്കുന്നതാണ്. കച്ചവട-വ്യാപാര മേഖലകളിലും വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലും ഉൽപാദന-സേവന മേഖലകളിലുമെല്ലാം ഇതിന് അനുസൃതമായ ക്രമീകരണങ്ങൾ ഉണ്ടാകും. എൻജിഒകൾ സ്വയം സഹായ സംഘങ്ങൾ, മൈക്രോഫിനാൻസ് സംഘങ്ങൾ, കുടുംബശ്രീ തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ള സംഘടനകളെയും ഈ പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതിനാണ് തീരുമാനം. തുടക്കത്തിൽ, വ്യാപകമായ ബോധവൽക്കരണമാണ് ലക്ഷ്യം.  കാര്യങ്ങൾ മുന്നോട്ടുപോകുന്ന  പക്ഷം,  കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുമെന്ന് കരുതാം. അതേസമയം,  അതീവ ഗുരുതരമുള്ളതും നിരവധി സാമ്പത്തിക-സാമൂഹിക മാനങ്ങൾ ഉള്ളതുമായ ഈ കോർപ്പറേറ്റ്-ഫാസിസ്റ്റ് അജണ്ടയുടെ വിശദാംശങ്ങൾക്ക് കാത്തുനിൽക്കാതെ, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ,  ജനപക്ഷത്തു നിൽക്കുന്ന മുഴുവനാളുകളും അടിയന്തരമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു എന്നാണ് ഈയവസരത്തിൽ സൂചിപ്പിക്കാനുള്ളത്.

 

 

Select References :-

 

 1. Report of the High Level Committee on Deepening of Digital Payments, May 2019 (rbidocs.rbi.org.in)

 

 1. Expanding and Deepening of Digital Payments Ecosystem, Reserve Bank of India (rbi.org.in/Scripts/Notification)

 

 1. Norbert Hearing, “A welt-kept open Secret: Washington is behind India’s brutal experiment of abolishing cash” January 1, 2017; “More evidence of early US involvement in Indian de- monetisation”, January 7, 2017” (norberthaering.de)

 

4.“Demonetisation is Catalysing Digital Payments Growth in India”, Federal Reserve Bank of San Fransisco, April 12, 2017

 

 1. Global Round-up of the World of Work-worklife 101

(bbc.com/worklife-101)

 

6.“The US will not be cashless Anytime soon”, Feb.2019, Forbes

(www.forbes.com)

 

 1. America has technology to go cashless, but too paranoid to do...", Nov.17, 2016 (www.businessinsider.com)

 

 1. IMD World Digital Compititiveness Ranking 2018

(www.imd.org)

 

9.“Modi Shifts Goalpost as Demonetisation becomes a Fiasco”, Red Star, January 2017 (www.cpiml.in)

 

10.“Demonetisation as a weapon for Biggest Corporate Assault on People”, Red Star, December 2016 (www.cpiml.in)

 

11. Interpol-Cyber Security (cybersecurityintelligence.com)

 

12. “India's Internet Speeds Growing Much Slower Than Other Countries and That's a Problem'', Bhumika Khatri (inc42.com/

features/India)

 

 13. Internet Bandwidth- Country Rankings (the global economy.com); also see, speedtest.net

 

14. "11 Reasons Why Cash is Still King", USA Today, June 14, 2017 (www.usatoday.com)

 

15. "Cash is Still King in the Digital Era" (money.cnn.com)

 

16. "Better Than Cash Alliance Lauds India's Push for Digital Payments, Aadhar", Nov.29, 2019 (livemint.com)

 

17. HBR (Harvard Business Review): 60 Countries' Digital Competitiveness Indexed

(sites.tufts.edu/digitalplanet/hbr)

 

18. "Transforming the digital payments infrastructure"

(www.livemint.com)

The Communist movement in India has a history of almost a century after the salvos of October Revolution in Russia brought Marxism-Leninism to the people of India who were engaged in the national liberation struggle against the British colonialists. It is a complex and chequered history.