മാവോ സെതുങ് ചിന്തക്കുള്ള പ്രാധാന്യത്തെക്കുറിച്ച് - കെ എൻ രാമചന്ദ്രൻ

14 July 2021

വർത്തമാന കാല വിപ്ലവ സിദ്ധാന്തവും പ്രയോഗവും വികസിപ്പിക്കുന്നതിൽ മാവോ സെതുങ് ചിന്തക്കുള്ള പ്രാധാന്യത്തെക്കുറിച്ച്: അന്യവർഗ്ഗ പ്രവണതകൾ എങ്ങനെ മാവോ പാഠങ്ങൾക്കെതിരാവുന്നു?

 

 കെ എൻ രാമചന്ദ്രൻ

 

 1. 1949 ൽ ചൈനയിലെ സാമ്രാജ്യത്വ വിരുദ്ധ, ഫ്യൂഡൽ വിരുദ്ധ ജനാധിപത്യ വിപ്ലവത്തെ വിജയത്തിലേക്ക് നയിച്ച ഒരു മികച്ച മാർക്സിസ്റ്റ്-ലെനിനിസ്റ്റ് നേതാവായിരുന്ന മാവോ സെതുങ്, 1976 സെപ്റ്റംബർ 9 ന് മരിക്കുന്നതുവരെ 27 വർഷക്കാലം സോഷ്യലിസ്റ്റ് വ്യവസ്ഥാനിർമ്മിതി മുന്നോട്ട് കൊണ്ടുപോകുന്നതിനുവേണ്ടി പോരാടി.  ചൈനയെ സോഷ്യലിസ്റ്റ് പാതയിൽ നിന്ന് ഭരണകൂട മുതലാളിത്തത്തിലേക്കും ഉദ്യോഗസ്ഥ സ്വേച്ഛാധിപത്യത്തിലേക്കും തിരിച്ചുവിടുന്നതിൽ ഏർപ്പെട്ടിരുന്ന എല്ലാ പാർട്ടിവിരുദ്ധ പ്രവണതകൾക്കെതിരെയും അദ്ദേഹം ഉജ്ജ്വലമായി നടത്തിയ ഉൾപ്പാർട്ടി സമരം പരമപ്രധാനമായിരുന്നു. കഴിഞ്ഞ 45 വർഷത്തിനിടയിൽ ലോകം വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്, സോഷ്യലിസത്തിന്റെ കിഴക്കൻ കാറ്റ് സാമ്രാജ്യത്വത്തിന്റെ പടിഞ്ഞാറൻ കാറ്റിനെ തൂത്തെറിയുമെന്നുള്ള അദ്ദേഹത്തിൻ്റെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയേറ്റു.  ഇതുവരെയുള്ള മാർക്സിസ്റ്റ് പഠനങ്ങളുടെ തുടർച്ചയായി അതിനെ വികസിപ്പിക്കാൻ ശ്രമിച്ച മാവോയുടെ വിപ്ലവകരമായ മാറ്റത്തിനെക്കുറിച്ചുള്ള മഹത്തായ കാഴ്ചപ്പാട് ഇപ്പോഴും ലോകമെമ്പാടുമുള്ള അധ്വാനിക്കുന്നവരും അടിച്ചമർത്തപ്പെട്ടവരുമായ ജനങ്ങളെ പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്തും അതിനുശേഷവും സാമ്രാജ്യത്വ ചിന്താസംഭരണികളും അവരുടെ പിണിയാളുകളും ഒരു വശത്തും സോവിയറ്റ് സോഷ്യൽ സാമ്രാജ്യത്വശക്തികളും സിപിഐ, സിപിഐ (എം) പോലുള്ള പഴയതും പുതിയതുമായ തിരുത്തൽവാദികൾ മറുവശത്തും നിന്നുകൊണ്ട് പരസ്പരം മത്സരിച്ച് വ്യാജമായ റിപ്പോർട്ടുകൾ പ്രചരിപ്പിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെ നികൃഷ്ടമായി ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ മരണശേഷം, മാവോയിസ്റ്റുകളുടെ വിവിധ ധാരകൾ അദ്ദേഹത്തിന്റെ പാഠങ്ങളെ “രാഷ്ട്രീയാധികാരം തോക്കിന്റെ കുഴലിലൂടെ” എന്ന് ന്യൂനീകരിച്ചുകൊണ്ട് അത്യന്തം ദോഷകരമായ പ്രവർത്തികളിൽ വ്യാപൃതരാകുന്നു. അതിനാൽ, ഈ 45-ാം ചരമ വാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ വിപ്ലവകരമായ സൈദ്ധാന്തിക സമീപനത്തെയും പ്രയോഗത്തെയും വിശദീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നത് മാർക്സിസ്റ്റ്-ലെനിനിസ്റ്റുകളുടെ കടമയാണ്.

 

 1. അദ്ദേഹം പിന്തുടരുന്ന സൈദ്ധാന്തിക നിലയെക്കുറിച്ച് ശരിയായ വിലയിരുത്തൽ നടത്തുക ബുദ്ധിമുട്ടാണ്, കാരണം മറ്റ് മാർക്സിസ്റ്റ് സൈദ്ധാന്തകരുടെ കാര്യത്തിൽ നിന്ന് വ്യത്യസ്തമായി, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു നീണ്ട കാലയളവിലെ അദ്ദേഹത്തിന്റെ നിരവധി രചനകളും പ്രസംഗങ്ങളും ചൈനയ്ക്ക് പുറത്ത് ഇംഗ്ലീഷിൽ ലഭ്യമല്ല. 1949 വരെയുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത രചനകളായി പ്രസിദ്ധീകരിച്ച നാല് വാള്യങ്ങളും 1960 കളുടെ തുടക്കം വരെയുള്ള, അഞ്ചാമത്തെ വാള്യമായി സി.പി.സി പ്രസിദ്ധീകരിച്ച, ലേഖന സമാഹാരവും മാത്രമാണ് ലഭ്യമായ അവലംബനാർഹമായ രചനകൾ. ചൈനീസ് വിപ്ലവത്തിന് മുമ്പും ശേഷവുമുള്ള സാമ്രാജ്യത്വ ശക്തികളാൽ വലയം ചെയ്യപ്പെട്ട നീണ്ട കാലഘട്ടത്തിൽ, സിഐഎയും ഹോങ്കോങ്ങ്, മക്കാവോ തുടങ്ങിയിടങ്ങളിൽ നിന്നുള്ള മറ്റ് സാമ്രാജ്യത്വ ഏജൻസികളും പ്രസിദ്ധീകരിച്ചവയെല്ലാം വികലമായ പതിപ്പുകളായിരുന്നു. അതിനാൽ, ഈ അഞ്ച് വാല്യങ്ങൾ കൂടാതെ, എഡ്ഗർ സ്നോ, വില്യം ഹിന്റൺ, ജോവാൻ റോബിൻസൺ തുടങ്ങിയ നിരവധി പത്രപ്രവർത്തകരെയും പണ്ഡിതന്മാരെയും മാവോയുടെ വിപ്ലവപ്രയോഗങ്ങളെ സമാഹരിക്കുവാനായി  ആശ്രയിക്കേണ്ടതുണ്ട്. മാവോ തന്റെ “പുതിയ ജനാധിപത്യത്തെ പറ്റി” എന്ന കൃതിയിലും മറ്റ് പല ലേഖനങ്ങളിലും വിശദീകരിച്ചതുപോലെ ചൈനയുടെ സമൂർത്തയാഥാർഥ്യങ്ങൾക്കനുസൃതമായുള്ള ജനകീയ ജനാധിപത്യം വിപ്ലവ (പിഡിആർ) പാത വികസിപ്പിച്ചെടുത്ത നിരവധി പഠനങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഇത് മുതലെടുത്തുകൊണ്ട്, കമ്മ്യൂണിസ്റ്റ് വിരുദ്ധരായ സാമ്രാജ്യത്വ ചിന്താസംഭരണികളും മാർക്സിസ്റ്റ് വിമർശകരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരും തിരുത്തൽവാദ ശക്തികളും,  ചൈനയിലെ സമൂർത്തമായ സാഹചര്യങ്ങൾക്കനുസരിച്ച് മാവോ പിന്തുടർന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രയോഗങ്ങളെ കോമിന്റേൺ പാതക്ക് വിരുദ്ധമായ “പൗരസ്ത്യ മാർക്സിസമാണെന്ന്” പറഞ്ഞ് ആക്രമിച്ചു. പിന്നീട് ഇവരെല്ലാം അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പരിവർത്തനത്തെ വളച്ചൊടിക്കാൻ ഉപയോഗിച്ചു ..

 

 1. പതിനെട്ടാം നൂറ്റാണ്ട് മുതൽ വിവിധ സാമ്രാജ്യത്വ രാജ്യങ്ങൾ അതിന്റെ വിശാലമായ തീരപ്രദേശങ്ങളുടെയും ദ്വീപുകളുടെയും കോളനിവൽക്കരണം ആരംഭിച്ച ഏറ്റവും പുരാതന, പിന്നോക്ക ഫ്യൂഡൽ രാജവംശങ്ങൾക്ക് കീഴിലായിരുന്ന രാജ്യമാണ് ചൈന. സൻ യാറ്റ്സന്റെ നേതൃത്വത്തിൽ കൂമിന്റാങ് രാജവാഴ്ചയെ തൂത്തെറിഞ്ഞ് ചൈനയെ റിപ്പബ്ലിക്കായി മാറ്റുന്നത് വരെ മിംഗ് രാജവംശകാലത്തെ യുദ്ധപ്രഭുക്കന്മാർ നിയന്ത്രിച്ചിരുന്ന പ്രവിശ്യകളായി ചൈനയിലെ വിശാലമായ ആഭ്യന്തര മേഖലകൾ വിഭജിക്കപ്പെട്ടിരുന്നു. റഷ്യൻ വിപ്ലവത്തെത്തുടർന്ന് സോവിയറ്റ് യൂണിയനെ ആദ്യമായി അംഗീകരിച്ച ഭരണകൂടമാണ് പുരോഗമന ജനാധിപത്യ ചിന്താഗതി ഉണ്ടായിരുന്ന സൻ യാത്സെന്നിൻ്റേത്. 1920 ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച സമയത്ത് തന്നെ, യുദ്ധപ്രഭുക്കളെ ഇറക്കിവിടാനും ചൈനയെ ഏകീകരിക്കാനും സൻ ഇതിനകം ഒരു കേന്ദ്രീകൃത കൂമിന്റാങ് സൈന്യത്തെ സംഘടിപ്പിക്കാൻ തുടങ്ങിയിരുന്നു. സി‌പി‌സിയിൽ ചേരാൻ മടങ്ങിയെത്തിയ വിദേശ വിദ്യാഭ്യാസമുള്ള വിദ്യാർത്ഥികളെ ഗവണ്മെൻ്റ് വകുപ്പധികാരികളായി ജോലി ചെയ്യുന്ന നിരക്ഷരരായ സൈനികരെ പഠിപ്പിക്കാൻ അദ്ദേഹം ക്ഷണിച്ചു. മാവോ ആവർത്തിച്ച് ചൂണ്ടിക്കാണിച്ചതുപോലെ, സി.പി.സി അങ്ങനെ ഒരു സവിശേഷ സാഹചര്യത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. 1925 ൽ സൻ യാട്സന്റെ മരണത്തെത്തുടർന്ന്, യുഎസ് വിദ്യാഭ്യാസം നേടിയ ചിയാങ് കൈഷക്ക് സാമ്രാജ്യത്വ പിന്തുണയോടെ പ്രസിഡന്റായി അധികാരമേറ്റപ്പോൾ, 1927 ആയപ്പോഴേക്കും കമ്മ്യൂണിസ്റ്റുകാർ മാരകമായ ആക്രമണത്തിന് വിധേയരാവുകയും ചിങ്കാങ് പർവതങ്ങളിലേക്കും മറ്റ് ഗ്രാമപ്രദേശങ്ങളിലേക്കും പിൻ വാങ്ങാൻ നിർബന്ധിതരാവുകയും ചെയ്തു. പക്ഷേ, കമ്മ്യൂണിസ്റ്റുകാരുടെ സ്വാധീനമുള്ള കൂമിന്റാങ് സൈന്യത്തിലെ ശക്തമായ ഒരു വിഭാഗം അവരോടൊപ്പം ചേർന്നു. അതിനാൽ, സി‌പി‌സിയുടെ നേതൃത്വത്തിലുള്ള റെഡ് ആർമി നടത്തിയ ദേശീയ വിമോചന യുദ്ധം ചിയാങ്ങിന്റെ സൈന്യവുമായി സൈനിക ഏറ്റുമുട്ടലിന്റെ രൂപമാർജ്ജിക്കുകയുണ്ടായി.

 

 1. ലെനിന്റെ നേതൃത്വത്തിൽ 1919 ൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ (കോമിന്റേൺ) രൂപീകൃതമായപ്പോൾ, അത് മുതലാളിത്ത രാജ്യങ്ങളിൽ സോഷ്യലിസ്റ്റ് വിപ്ലവം, കൊളൊണിയൽ/അർദ്ധകൊളൊണിയൽ/ആശ്രിത സ്വഭാവത്തിലുള്ള കോളനിവൽക്കരണത്തിൻ്റെ വിവിധ ഘട്ടങ്ങൾക്കടിപ്പെട്ട രാജ്യങ്ങളിൽ സാമ്രാജ്യത്വ വിരുദ്ധ, ഫ്യൂഡൽ വിരുദ്ധ ജനാധിപത്യ വിപ്ലവം എന്നീ രണ്ട് ധാരകളോടുകൂടിയ ലോക തൊഴിലാളിവർഗ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ (ഡബ്ല്യുപിഎസ്ആർ) പാത അംഗീകരിച്ചു.  ഈ രാജ്യങ്ങളിലൊന്നും വ്യവസായങ്ങളോ ആധുനിക തൊഴിലാളിവർഗമോ വികസിച്ചിരുന്നില്ല. കൊളോണിയൽ ശക്തികൾക്കെതിരായ ദേശീയ വിമോചന പ്രസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ജനാധിപത്യ വിപ്ലവങ്ങളായി വികസിപ്പിക്കാനും ഡബ്ല്യുപിഎസ്ആറിന്റെ ഭാഗമായി സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറാനും വേണ്ടി ഓരോ രാജ്യത്തും ഉചിതമായ അടവുപരമായ മാർഗം വികസിപ്പിക്കണമെന്ന് കോമിന്റേൺ ആഹ്വാനം ചെയ്തിരുന്നു.

 

 1. ഹൊനാൻ ഉയിർത്തെഴുന്നേൽപ്പിന്റെ വിശകലനം പോലുള്ള ചൈനീസ് വിപ്ലവത്തെക്കുറിച്ചുള്ള തൻ്റെ ആദ്യകാല രചനകളിൽത്തന്നെ, മാവോ വിവിധ സാമ്രാജ്യത്വശക്തികളുള്ള ഒരു ഫ്യൂഡൽ സമൂഹം തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ മത്സരിക്കുന്ന ചൈനയിലെ മൂർത്തമായ സാഹചര്യത്തിനനുസൃതമായ ഒരു വിപ്ലവപാതയ്ക്കായി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ സിപിസിയിലെ ശക്തമായ ഒരു വിഭാഗം റഷ്യൻ അനുഭവത്തിന്റെ ആവർത്തനത്തിനായി നിലകൊണ്ടു.  പക്ഷേ, അത് നടപ്പാക്കുന്നതിനിടയിൽ, സി‌പി‌സിക്ക് കനത്ത തിരിച്ചടി നേരിട്ടു. അത്തരം തിരിച്ചടികളുടെ ഒരു പരമ്പരയ്ക്ക് ശേഷമാണ് 1933 ൽ മാവോ പാത അംഗീകരിക്കപ്പെട്ടത്. 1920 കളുടെ തുടക്കത്തിൽ ജപ്പാനീസ് സാമ്രാജ്യത്വ ശക്തികൾ ചൈനയെ മൊത്തമായി കോളനിവൽക്കരിക്കുന്നതിന്റെ ഭാഗമായി മഞ്ചൂറിയയെ ആക്രമിക്കാൻ തുടങ്ങുകയും 1930 കളുടെ തുടക്കമാവുമ്പോഴേയ്ക്കും അവർ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കൂമിന്റാങ് സേനയുടെ വളയം തകർത്ത് വടക്കുകിഴക്കൻ ഭാഗത്തേക്ക് മുന്നേറാൻ ചെമ്പടക്ക് മാവോ നേതൃത്വം നൽകി. മാവോ തന്റെ രചനകളിൽ കൃത്യമായി വിശദീകരിച്ചിട്ടുള്ളത് പോലെ മറ്റ് സമരമാർഗ്ഗളോടൊപ്പം കോർത്തിണക്കിയ ജനകീയ യുദ്ധ പാത 1949 ലെ വിപ്ലവത്തിന്റെ വിജയത്തിലേക്ക് നയിച്ചു, ഇത് ചിയാങ് കൈഷാക്കിന്റെ നേതൃത്വത്തിലുള്ള കൂമിന്റാങ് ഭരണത്തെ തൂത്തെറിയുന്നതിലേക്കും ചൈനയിൽ ജനകീയ റിപ്പബ്ലിക് രൂപീകരിക്കുന്നതിലേക്കും നയിച്ചു. 

 

 1. 1949 ന് ശേഷം, കാർഷിക മേഖലയിലെ ഫ്യൂഡൽ ബന്ധങ്ങളെ തൂത്തെറിയുന്നതിനും സാമ്രാജ്യത്വ ശക്തികളുടെ കൊള്ള അവസാനിപ്പിക്കുന്നതിനുമുള്ള പോരാട്ടം ഏറ്റെടുത്തപ്പോൾ രണ്ടാം ലോക മഹായുദ്ധസമയത്ത് സാമ്രാജ്യത്വ ചേരിയുടെ നേതൃത്വത്തിലെത്തിയ അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾ, അതുവരെ തുടർന്നിരുന്ന നേരിട്ടുള്ള സാമ്രാജ്യത്വ കൊള്ളയുടെ കൊളോണിയൽ രൂപങ്ങൾക്ക് പകരമുള്ള നവ കൊളോണിയൽ രൂപങ്ങളിലേക്ക് മാറ്റുന്നതിന് ഇത് എതിരായതിനാൽ, അതിനെ അട്ടിമറിക്കാൻ ശ്രമിച്ചു. ഈ പ്രക്രിയയെ സഹായിക്കുന്നതിനായി ലോക ബാങ്കും ഐ‌എം‌എഫും 1943 ൽ ആരംഭിച്ചു. തങ്ങളുടെ ജൂനിയർ പങ്കാളികൾക്ക് അധികാരം കൈമാറുന്നതിലൂടെ സാമ്രാജ്യത്വ രാജ്യങ്ങളുടെയും നവ കൊളോണിയൽ ആശ്രിത രാജ്യങ്ങളുടെയും രാഷ്ട്രീയ വേദിയായി 1945 ൽ ഐക്യരാഷ്ട്രസഭ രൂപീകരിച്ചു. ധനമൂലധനത്തിന്റേയും സാങ്കേതികവിദ്യയുടേയും കയറ്റുമതി തീവ്രമാക്കുന്നതിനും മുൻ കൊളോണിയൽ / അർദ്ധ കൊളോണിയൽ / ആശ്രിത രാജ്യങ്ങളിൽ വിപണി നിയന്ത്രണം ഉപയോഗിക്കുന്നതിനും യുഎസ് ആക്രമണാത്മക രീതികൾ സ്വീകരിച്ചു. കൊളോണിയൽ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള വിപ്ലവങ്ങൾ തടയുന്നതിനും സോഷ്യലിസ്റ്റ് ചേരിയുടെ കൂടുതൽ വിപുലീകരണം തടയുന്നതിനും ഭരണകൂട ഇടപെടലിന്റെയും ഉൽപാദന നിയന്ത്രണത്തിന്റെയും മുകളിൽ നിന്നുള്ള ഭൂപരിഷ്കരണത്തിന്റേയും ക്ഷേമ നയങ്ങളുടേയും നവ കൊളോണിയൽ പരിഷ്കാരങ്ങൾ ഉപയോഗിച്ചു.

 

 1. രണ്ടാം ലോക മഹായുദ്ധാനന്തര കാലഘട്ടത്തിൽ ആഗോള തലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ വലിയ മാറ്റങ്ങൾ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് നിലപാടിൽ നിന്നുകൊണ്ട് വിശകലനം ചെയ്യുന്നതിലുള്ള അഭിപ്രായം വ്യത്യാസങ്ങൾ സോവിയറ്റ് നേതാക്കൾക്കിടയിൽ 1940 കളുടെ രണ്ടാം പകുതിയിൽ തന്നെ ഉയർന്നുവന്നിരുന്നു. സ്റ്റാലിനു ശേഷമുള്ള കാലഘട്ടത്തിൽ, ക്രൂഷ്ചോവിന്റെ നേതൃത്വത്തിലുള്ള തിരുത്തൽവാദികൾ എല്ലാ എതിർപ്പുകളെയും അടിച്ചമർത്തിക്കൊണ്ട് അധികാരം പിടിച്ചെടുത്തപ്പോൾ, ഈ മാറ്റങ്ങളെ സാമ്രാജ്യത്വ ചേരി ദുർബലപ്പെടുന്നതിന്റേയും കൊളോണിയലിസത്തിന്റെ അന്ത്യത്തിന്റേയും പ്രതിഫലനമായി വിശകലനം ചെയ്യപ്പെട്ടു. വാസ്തവത്തിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശക്തികൾ നവ കോളനിവൽക്കരണത്തിൻ കീഴിൽ “കൂടുതൽ ഭീകരവും വിനാശകരവുമായ കൊള്ള” യിലേക്കാണ് നീങ്ങുന്നതെന്നും കൊളോണിയൽ കൊള്ളയുടെ രൂപങ്ങൾക്ക് പകരം കൂടുതൽ കടുത്ത നവകൊളോണീയൽ രൂപങ്ങളിലെക്ക് മാറിക്കൊണ്ട് അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരി കൂടുതൽ ആക്രമണകാരികളായി മാറുകയാണെന്നും ഇതിനെ എതിർത്തുകൊണ്ട് സി.പി.സി. ചൂണ്ടിക്കാട്ടി. എന്നാൽ ക്രൂഷ്‌ചോവിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് തിരുത്തൽവാദ നേതൃത്വം തങ്ങളുടെ തെറ്റായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, വർഗസമരത്തിൻ്റെ പാതയുംപുതുതായി രൂപംകൊണ്ട സ്വതന്ത്ര രാജ്യങ്ങളിലെ വിപ്ലവകരമായ പരിവർത്തനവും വർഗ്ഗസഹകരണ നയം മുന്നോട്ട് വച്ചുകൊണ്ട് നിരസിച്ചു.  സാമ്രാജ്യത്വ ശക്തികൾ ദുർബലമാകുമ്പോൾ, സോഷ്യലിസ്റ്റ് ശക്തികൾക്ക് അവരുമായി സമാധാനപരമായി മത്സരിക്കാനും സഹവർത്തിക്കാനും പുതുതായി രൂപംകൊണ്ട സ്വതന്ത്ര രാജ്യങ്ങളിൽ സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിന്റെ പാത സ്വീകരിക്കാനും കഴിയുമെന്ന് അവർ വാദിച്ചു! 1956 ൽ സി‌പി‌എസ്‌യുവിന്റെ ഇരുപതാം പാർട്ടി കോൺഗ്രസ് ഈ നയം അംഗീകരിച്ചു. കോമിന്റേൺ കാലഘട്ടത്ത് രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കിടയിൽ അതിനുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് ഈ നിലപാട് സാർവ്വദേശീയ തലത്തിൽ അടിച്ചേൽപ്പിച്ചത് സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് ഗുരുതരമായ പ്രതിസന്ധിലേക്ക് നയിച്ചു.

 

 1. സമകാലിക സംഭവവികാസങ്ങൾ കാണിക്കുന്നത്, ക്രൂഷ്ചേവ് വിശദീകരിക്കുന്നതിന് വിപരീതമായി, അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരി ദേശീയ വിമോചനത്തിനായി പോരാടിക്കൊണ്ടിരുന്ന ഏഷ്യൻ-ആഫ്രിക്കൻ- ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സൈനിക ആക്രമണം ശക്തമാക്കുക മാത്രമാണ് ചെയ്തത്. ഐ‌എം‌എഫ്, ലോകബാങ്ക്, മറ്റ് സാമ്രാജ്യത്വ സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവ ഉപയോഗിച്ച് കമ്മ്യൂണിസത്തിനെതിരെ പോരാടുകയും അതിന്റെ പരിഷ്കരണവാദ പാതയെക്കുറിച്ച് മിഥ്യാധാരണ സൃഷ്ടിക്കുകയും ചെയ്തു. നാറ്റോയും മറ്റ് സൈനിക സഖ്യങ്ങളും സൃഷ്ടിച്ചുകൊണ്ട് പുതുതായി സ്വതന്ത്രമായതെന്ന് ഘോഷിക്കപ്പെട്ട രാജ്യങ്ങളെ കൂടുതൽ ആശ്രിതരാക്കുകയാണുണ്ടായത്. തങ്ങളൂടെ അധീശ നയപരിപാടികൾ ഉപയോഗിച്ചുകൊണ്ട്, കിഴക്കൻ യൂറോപ്പിൽ രൂപംകൊണ്ട ജനകീയ ജനാധിപത്യ ഭരണകുടങ്ങളിലൊന്നായ യുഗോസ്ലാവിയയെ മുതലാളിത്ത പാതയിലേക്കെത്തിക്കുന്നതിൽ സാമ്രാജ്യത്വ ചേരി അപ്പോഴേക്കും വിജയിച്ചിരുന്നു. ഈ വസ്തുതകൾ അംഗീകരിക്കാൻ വിസമ്മതിച്ചതിനൊപ്പം, സോവിയറ്റ് നേതൃത്വം, 1957 ലും 1960 ലും മോസ്കോയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലോക സമ്മേളനങ്ങൾ അംഗീകരിച്ച കരാറുകൾ പോലും ലംഘിച്ചു. അൽബേനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുമെതിരെ അവർ തുറന്ന ആക്രമണം തുടങ്ങി. 1963 ൽ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതുനയത്തെ സംബന്ധിച്ചുള്ള സ്വന്തം നിലപാടുമായി ഐ‌സി‌എമ്മിൽ നിന്ന് പുറത്തുവരാൻ സിപിസിയെ അത് നിർബന്ധിതമാക്കി. ഇത് ഐ‌സി‌എമ്മിൽ തുറന്ന പിളർപ്പിലേക്ക് നയിച്ചു, അതിനെത്തുടർന്ന് ലോകാധിപത്യത്തിനുള്ള യു എസ് ശ്രമങ്ങളോട് രാജിയായ സോവിയറ്റ് തിരുത്തൽവാദികൾ സോവിയറ്റ് യൂണിയനെ ഒരു സോഷ്യൽ സാമ്രാജ്യത്വ ശക്തിയാക്കി മാറ്റുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഈ പാത പിന്തുടർന്ന എല്ലാ പാർട്ടികളും താമസിയാതെ വിപ്ലവപാത ഉപേക്ഷിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളായി മാറാനും തുടങ്ങി.

 

 1. 1956 ൽ സി‌പി‌സിയുടെ എട്ടാം പാർട്ടി കോൺഗ്രസിന്റെ കാലമായപ്പോഴേക്കും, ഫ്യൂഡൽ ചൂഷണത്തിന് അറുതി വരുത്തുന്നതിനും സാമ്രാജ്യത്വ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും വിപ്ലവകരമായ ഭൂപരിഷ്കരണത്തിനുമായുള്ള പോരാട്ടം പ്രധാനമായും പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അമേരിക്കൻ നേതൃത്വത്തിലുള്ള നിയോകോളോണിയൽ കടന്നുകയറ്റങ്ങൾ കൂടുതൽ ആക്രമണാത്മക രൂപങ്ങൾ കൈക്കൊള്ളുന്നുണ്ടായിരുന്നു. ഈ ദൗത്യങ്ങൾ നിർവ്വഹിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ദേശീയ, അന്തർദേശീയ തലങ്ങളിൽ സങ്കീർണ്ണമായ മറ്റു നിരവധി സംഭവവികാസങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഉത്തരകൊറിയയ്‌ക്കെതിരായ അമേരിക്കൻ ആക്രമണ ഘട്ടത്തിൽ കൊറിയൻ ജനതയ്ക്ക് പൂർണ്ണ പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയൂണ്ടായിരുന്നു. ചൈനക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ടും തായ്‌വാനിലെ ചിയാങ്ങിന്റെ വിമത സർക്കാരിനെ സുരക്ഷാ കൗൺസിലിൽ അംഗത്വം നൽകി അതിനെ ‘യഥാർത്ഥ ചൈന’ ആയി അംഗീകരിച്ചുകൊണ്ടും അമേരിക്കൻ സാമ്രാജ്യത്വം ആക്രമണം ശക്തമാക്കിയിരുന്നു. ആഭ്യന്തരമായി, രാഷ്ട്രീയാധികാരം പിടിച്ചെടൂത്ത് കഴിഞ്ഞതിനു ശേഷം ജനാധിപത്യവിപ്ലവ ദൗത്യങ്ങൾ പൂർത്തീകരിച്ച് സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറുക എന്ന ആശയത്തെ സംബന്ധിച്ച് സിപിസിയുടെ ഉന്നത നേതാക്കൾക്കിടയിൽ തന്നെ ഗൗരവമായ അഭിപ്രായവ്യത്യാസങ്ങളുയർന്ന് വന്നിരുന്നു. ചൈന ഇപ്പോഴും വളരെ പിന്നോക്കാവസ്ഥയിലായതിനാൽ, അമേരിക്കൻ ചേരിയുടേയോ സോവിയറ്റ് ചേരിയുടെയോ ഭാഗമാവാതെ പുതുതായി സ്വതന്ത്രമായ രാജ്യങ്ങളുമായി സഖ്യമുണ്ടാണ്ടാക്കൊണ്ട്, മൂന്നാം ലോകമെന്നും ചൈന മൂന്നാം ലോകരാജ്യമെന്നുമൊക്കെ പിന്നീട് സിദ്ധാന്തവൽക്കരിക്കപ്പെട്ട, ചേരിചേരാ പ്രസ്ഥാനത്തിനു രൂപം കൊടുക്കണമെന്ന ആശയം പ്രധാനമന്ത്രിയും സിപിസിയുടെ ശക്തനായ നേതാക്കളിലൊരാളുമായിരുന്ന ചൗ എൻ ലായ് മുന്നോട്ട് വെച്ചു. അദ്ദേഹത്തിന്റെ മദ്ധ്യവർത്തി നിലപാടുകൾ ഫലത്തിൽ, തൊഴിലാളിവർഗ സാർവ്വദേശീയതക്കുമേൽ ചൈനീസ് ജനതയുടെ ദേശീയ അഭിലാഷങ്ങൾക്ക് ഊന്നൽ നൽകുന്ന  ശക്തികളുമായി സഖ്യത്തിലാകുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരിയെ ശക്തിപ്പെടുത്തുവാൻ മാവോ ഉദ്ഘോഷിക്കുകയും തന്റെ ‘സാമ്രാജ്യത്വത്തിന്റെ പടിഞ്ഞാറൻ കാറ്റിനെ  സോഷ്യലിസത്തിൻ്റെ കിഴക്കൻ കാറ്റ് മറികടക്കും'  എന്ന പ്രസ്താവന ലോക ജനതയെ ആവേശം കൊള്ളിക്കുകയും ചെയ്തപ്പോൾ തന്നെ, വലതുപക്ഷ-ദേശീയവാദ ആശയങ്ങൾക്കടിപ്പെട്ടവരുടെ പിന്തുണയുണ്ടായിരുന്ന ചൗ എൻ ലായിയുടെ നേതൃത്വത്തിലുള്ള മദ്ധ്യവർത്തികൾക്ക്  വ്യത്യസ്ത ആശയങ്ങളുണ്ടായിരുന്നു. സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്കുള്ള മുന്നേറുന്ന പ്രശ്നം ഉയർന്ന് വന്നപ്പോൾ,  ഈ അഭിപ്രായം വ്യത്യാസങ്ങൾ ഗൗരവമായ മാനങ്ങളിലേക്ക് കടന്നു.

 

 1. സി.പി.സിയിൽ സോവിയറ്റ് തിരുത്തൽവാദ പാതയെ ശക്തമായി പിന്തുണയ്ക്കുന്നവരുണ്ടായിരുന്നു. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഘട്ടത്തിലേക്ക് മുന്നേറുന്നതിനായി പിന്തുടരേണ്ട പാതയെക്കുരിച്ച്, 1956 ലെ എട്ടാം പാർട്ടി കോൺഗ്രസിൽ കടുത്ത രണ്ട് ലൈൻ സമരം നടന്നു. ജനാധിപത്യ വിപ്ലവത്തിന്റെ ചുമതലകൾ പൂർത്തിയാകുമ്പോൾ, എല്ലാവിധത്തിലും ഉൽപാദന ശക്തികളെ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് സോവിയറ്റ് റിവിഷനിസ്റ്റ് ലൈനിനോടടുത്തുനിൽക്കുന്നവർ വാദിച്ചു (ഡെങ് സിയാവോപിംഗിന്റെ പ്രസിദ്ധമായ ‘കറുത്ത പൂച്ച, വെളുത്ത പൂച്ച സിദ്ധാന്തം). സോഷ്യലിസ്റ്റ് പരിവർത്തനം ഏറ്റെടുക്കുന്നതിനുമുമ്പ് ഭരണകൂട മുതലാളിത്തത്തിന്റെ ഒരു ഘട്ടത്തിനു വേണ്ടി നിലകൊണ്ടവരായിരുന്നു അവർ. എന്നാൽ, സോവിയറ്റ് യൂണിയനിൽ ഇതിനകം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലേക്ക് ഈ നിലപാട് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് മാവോ അതിനെ എതിർത്തു. സാമ്പത്തിക വികസനത്തിനൊപ്പം സോഷ്യലിസ്റ്റ് പരിവർത്തനത്തിനും മുൻതൂക്കം കൊടുത്തുകൊണ്ട്  “വിപ്ലവത്തെ സ്വാംശീകരിക്കുക, ഉൽപാദനം പ്രോത്സാഹിപ്പിക്കുക”, “വർഗസമരത്തെ എല്ലാ മേഖലകളിലെയും പ്രധാന കണ്ണിയായി സ്വീകരിക്കുക” എന്നിവയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. പാർട്ടിയിലും സൈന്യത്തിലും ഭരണത്തിലും കാര്യമായ സ്വാധീനം ചെലുത്തിയ മുതലാളിത്ത പാതക്കാർ മാവോയുടെ നിലപാടിനെ ആക്രമിക്കുകയും അത് ന്യൂനപക്ഷമായി ചുരുക്കുകയും ചെയ്തു. എന്നാൽ മാവോ കീഴടങ്ങിയില്ല. തനിക്ക് ലഭിച്ച മികച്ച ബഹുജന പിന്തുണയോടെ അദ്ദേഹം തന്റെ നയം പ്രയോഗത്തിൽ വരുത്താൻ തുടങ്ങി. അതിനാൽ, മറുവശത്ത് മാവോ വിരുദ്ധ പ്രചാരണവും ആരംഭിച്ചു. മാവോക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ സോവിയറ്റ് നേതാക്കൾ ചൈനയ്ക്ക് നൽകിയ എല്ലാ സാമ്പത്തിക സഹായങ്ങളും പിൻവലിച്ചു. ഇതിനകം തന്നെ യുഎസ് സാമ്രാജ്യത്വ ചേരി ചൈനയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം കടുപ്പിച്ചിരുന്നു. വിവിധ നിർമാണ പദ്ധതികളിൽ‌ ഏർപ്പെട്ടിരുന്ന സോവിയറ്റ് സംഘങ്ങൾ‌ അവയുടെ രൂപരേഖയോടെ തന്നെ  പിന്മാറാൻ‌ തുടങ്ങിയപ്പോൾ‌, പ്രത്യയശാസ്ത്ര-രാഷ്‌ട്രീയ സമരം ശക്തമാവുകയും ഇത്‌ താമസിയാതെ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചൈനയും തമ്മിലുള്ള സർക്കാർതല ബന്ധങ്ങളിൽ പ്രതിഫലിക്കുകയും ഇത് വളരെപ്പെട്ടെന്ന് തന്നെ എല്ലാ മേഖലകളിലും വ്യാപിക്കാൻ തുടങ്ങുകയും ചെയ്തു. 

 

 1. ചൈനയ്ക്കും വിപ്ലവ കമ്മ്യൂണിസ്റ്റുകൾക്കും എല്ലായിടത്തും നിർണായക വഴിത്തിരിവായിരുന്നു അത്. ഡെങിന്റെയും കൂട്ടാളികളുടേയും “ഉൽ‌പാദന ശക്തികളുടെ സിദ്ധാന്ത”ത്തിനെതിരെ, സാമ്രാജ്യത്വത്തെയും ചൈനയിലെ മുതലാളിത്ത പാതക്കാരേയും നിരസിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടും, മുതലാളിത്ത പാതക്കാരെ പ്രത്യയശാസ്ത്രപരമായി തുറന്നുകാട്ടിയും ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിച്ചും സോഷ്യലിസ്റ്റ് തിരുത്തൽ പ്രചാരണത്തിന് ആഹ്വാനം ചെയ്തുകൊണ്ടും, തദ്ദേശീയ സാങ്കേതികവിദ്യയെ ആശ്രയിക്കാൻ ആളുകളെ പഠിപ്പിക്കുന്നതിനുള്ള ‘പിന്നാമ്പുറത്തൊരു ചൂള പ്രചരണം’ (ചൈനയിലെ ‘വൻകുതിപ്പ്’ കാലത്ത് ഓരോ കമ്മ്യൂണുകളുടെ പിന്നാമ്പുറത്തും തദ്ദേശീയ ചെറുകിട/കുടിൽ ഉരുക്ക്ശാലകളുണ്ടാക്കുന്നതിനായി നടത്തിയ പ്രചരണം) നടത്തിക്കൊണ്ടും, മഹത്തായ മുന്നോട്ട് കുതിപ്പ് സൃഷ്ടിക്കാനായി ധീരമായ പരീക്ഷണങ്ങളിലൂടെയും പരിശീലനത്തിലൂടെയും ഇത് വികസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടും, പ്രാദേശിക മണ്ഡലങ്ങളിൽ (ഇന്ത്യയിലെ പഞ്ചായത്തുകൾ പോലെ) നിന്ന്  ആരംഭിക്കുന്നതും എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുടെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളായി ജനകീയ കമ്യൂണുകൾ കെട്ടിപ്പടുക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ടും മാവോ തന്റെ പ്രത്യാക്രമണമാരംഭിച്ചു. അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികളും സോവിയറ്റ് നേതൃത്വവും ലോകമെമ്പാടുമുള്ള തിരുത്തൽവാദ പാർട്ടികളും അന്താരാഷ്ട്ര മാധ്യമങ്ങളും അവരുടെ പിണിയാളുകളും വസ്തുതകളെ വളച്ചൊടിച്ചുകൊണ്ട് മാവോയുടെ നയം മൂലം ചൈനയിൽ കോടിക്കണക്കിനു മനുഷ്യർ ചത്തൊടുങ്ങുന്നതിനെ കുറിച്ചും അവിടെ കൊടിയ വിനാശം വിതറുന്നതിനെ കുറിച്ചും ഭ്രമാത്മക കഥകൾ പ്രചരിപ്പിച്ചു. വർഷങ്ങളായുള്ള കനത്ത വെള്ളപ്പൊക്കവും വരൾച്ചയും ഉൾപ്പെടെയുള്ള കനത്ത പ്രകൃതി ദുരന്തങ്ങൾ  അവർ മറച്ചുവെച്ചു.  എല്ലാ പ്രതിലോമശക്തികളും ചേർന്ന് സർവ്വശക്തിയുമെടുത്ത് നടത്തിയ പ്രചണ്ഡമായ പ്രചാരണമായിരുന്നു ഇത്. എല്ലാത്തരം ശത്രുക്കളുടേയും നിന്ദ്യമായ  ചൈന വിരുദ്ധതയുണ്ടായിട്ടും 1957 മുതൽ 67 വരെയുള്ള ഏറ്റവും പ്രയാസകരമായ ഒരു ദശകത്തിനുള്ളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വളരെ വേഗത്തിൽ വികസിക്കാൻ തുടങ്ങിയ രാജ്യമായി ചൈനയെ മാറ്റികൊണ്ടും എല്ലാവർക്കും ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പുനൽകുന്ന “ഇരുമ്പ് അരി പാത്ര നയം” (സ്ഥിരവരുമാനം ഉറപ്പാക്കുന്ന സുരക്ഷിതമായ തൊഴിൽ ലഭ്യതയെ പറ്റിയുള്ള ചൈനീസ് ആപ്തവാക്യം) സാക്ഷാൽകരിച്ചുകൊണ്ടൂം ചൈനീസ് ജനത ചരിത്രം സൃഷ്ടിച്ചു.  ഈ പോരാട്ടത്തിൽ, ‘മുതലാളിത്ത രാജ്യങ്ങളേക്കാൾ ഉയർന്ന ജിഡിപി വളർച്ച കൈവരിക്കാൻ സോഷ്യലിസ്റ്റ് രാജ്യങ്ങൾ അമേരിക്കയുടെതുപോലുള്ള കാര്യക്ഷമതയ്ക്കായി ശ്രമിക്കണം’ എന്നതുപോലുള്ള ആശയങ്ങൾക്ക് എതിരെ മാവോയ്ക്ക് കടുത്ത പോരാട്ടം നടത്തേണ്ടി വന്നു. മാവോ പറഞ്ഞു:   വിദഗ്ദ്ധനാകുന്നത് നല്ലതാണ്, എന്നാൽ നമ്മുടെ ശ്രമങ്ങൾ എല്ലാവരേയും ചുവപ്പന്മാരും വിദഗ്ദരുമാക്കുക എന്നതാണ് (Make all ‘Red and expert’ : കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലും സാങ്കേതിക-നിർവ്വഹണ രംഗത്തും ഒരുപോലെ വൈദഗ്ദ്യം നേടുന്ന കാഡർമാരേയും പൗരന്മാരേയും വാർത്തെടുക്കുന്നതിനായി ‘വൻ കുതിപ്പി’ന്റെയും സാംസ്കാരിക വിപ്ലവത്തിന്റേയും കാലത്ത് ചൈനയിൽ മാവോയുടെ നേതൃത്വത്തിൽ നടന്ന ശ്രമം). തൊഴിലാളികൾക്കിടയിൽ സോഷ്യലിസ്റ്റ് മത്സരത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ നയത്തിൻ്റെ അടിസ്ഥാനത്തിൽ, ഭൗതിക വികസനം  സാമൂഹ്യ-സാംസ്കാരിക വികാസങ്ങളുമായി കണ്ണിചേർക്കപ്പെടുകയും നിരവധി സാംസ്കാരിക വിപ്ലവങ്ങളോടെ പഴയ ഉപരിഘടനയെ തൂത്തെറിഞ്ഞ് വിപ്ലവകരമായ ആശയങ്ങളുടെ പുതിയ മണ്ഡലം സൃഷ്ടിച്ചൂകൊണ്ട് എല്ലാം സാമൂഹ്യ ഉടമസ്ഥതയിലാകുന്ന വരുംകാല സോഷ്യലിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ ജനപ്രിയമാക്കുകയും ചെയ്തു. ഈ ദശകത്തിൽ, ‘കീടങ്ങളെ അകറ്റുക പോലുള്ള പ്രചാരണങ്ങൾ വഴി വിപ്ലവത്തിനു മുമ്പുള്ള ചൈനയുടെ നാറിയ ചിത്രം അതിവേഗം മാറി. കൺഫ്യൂഷ്യൻ ആശയങ്ങളോടും പുരുഷാധിപത്യത്തോടും പോരാടാൻ മാവോ ആഹ്വാനം ചെയ്തു. “നൂറു പൂക്കൾ വിരിയട്ടെ, നൂറു ചിന്തകൾ സംവദിക്കട്ടെ” എന്നദ്ദേഹം പ്രഖ്യാപിച്ചു. ഈ രീതിയിൽ ജനാധിപത്യ മണ്ഡലം വികസിപ്പിച്ചെടുക്കുന്നതിലൂടെ മാത്രമേ എല്ലാ വിഭാഗങ്ങളുടെയും മുൻകൈ ഉയർത്താൻ കഴിയൂ.

 

12. നിർബന്ധിത വിവാഹത്തിൽ നിന്ന് സ്വയം രക്ഷിക്കാനായി ഒരു പെൺകുട്ടിയുടെ ആത്മഹത്യയെക്കുറിച്ച് വിശദീകരിക്കുന്ന തന്റെ ആദ്യ രചന മുതൽ,  പുതിയ ജനാധിപത്യത്തിന്റെ സംസ്കാരത്തെക്കുറിച്ച് ‘പുത്തൻ ജനാധിപത്യ’ത്തിൽ അദ്ദേഹം വിശദീകരിച്ചത്, സംസ്കാരത്തെക്കുറിച്ചുള്ള യെനാൻ ഫോറത്തിൽ നടത്തിയ പ്രസംഗം,  പിന്തിരിപ്പൻ ആശയങ്ങൾ, ശീലങ്ങൾ, സാമ്രാജ്യത്വ സംസ്കാരം എന്നിവയ്‌ക്കെതിരായ വർഗസമരം നടത്തുന്നതിന് നടത്തിയ ആവർത്തിച്ചുള്ള ആഹ്വാനങ്ങളിലെല്ലാം , ആശയങ്ങൾ ഭൌതികശക്തിയായി മാറുമെന്ന് മാവോ സ്ഥിരമായി ചൂണ്ടിക്കാട്ടി; അതിനാൽ സാമൂഹിക വിപ്ലവങ്ങളുടെ സമയങ്ങളിൽ ‘ഉപരിഘടന’യുടെ മണ്ഡലത്തിലെ പോരാട്ടം പ്രാഥമികമാകും എന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. വിപ്ലവ ആശയങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെടുമ്പോഴെല്ലാം, പ്രതിവിപ്ലവകരമായ ആശയങ്ങൾ എളുപ്പത്തിൽ ആധിപത്യത്തിലേക്ക് എത്തുമെന്ന് ചരിത്രം പലതവണ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാവോയുടെ നേതൃത്വത്തിലുള്ള ജനങ്ങളുടെ മുന്നേറ്റത്തെ ചെറുക്കുന്നതിന്, മാധ്യമങ്ങളെയും പ്രസിദ്ധീകരണങ്ങളെയും നിയന്ത്രിച്ച മുതലാളിത്ത പാതക്കാർ മാവോയുടെ മിക്ക രചനകളും പ്രസംഗങ്ങളും ലഭ്യമാകാത്തവിധം അവ തമസ്കരിച്ചു. സോഷ്യലിസ്റ്റ് പാതക്കാർ പ്രചാരണത്തിനായി നിരവധി ചൈനീസ് ഓപ്പറകൾ നിർമ്മിച്ചിരുന്നു. സൈനിക മേധാവിയായ പെംഗ് തെഹുവായിയെ പ്രതി വിപ്ലവ  പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയപ്പോൾ, മാവോയെ ആക്രമിക്കാനായി മുതലാളിത്ത പാതക്കാർ “ഹായ് ജൂയി സ്ഥാനത്തുനിന്ന് പിരിച്ചുവിട്ടു” എന്ന പേരിൽ ഒരു ചൈനീസ് ഓപ്പറ സൃഷ്ടിക്കുകയും അതിൽ മാവോയെ  സർവ്വാധിപതിയായി ചിത്രീകരിക്കുകയും ചെയ്തു. ബ്യൂറോക്രസിയിലും പാർട്ടിയിലും അപ്പോഴും ഉണ്ടായിരുന്ന നിയന്ത്രണം ഉപയോഗിച്ച് മുതലാളിത്ത പാതക്കാർ മാവോ ആരംഭിച്ച പരിപാടികളെ തടസ്സപ്പെടുത്താൻ തുടങ്ങിയതോടെ പോരാട്ടം ശക്തമായി. അതിനാൽ, 1965 ൽ മാവോ വിദ്യാർത്ഥികളോടും യുവാക്കളോടും തെരുവിലിറങ്ങാനും വലിയ കഥാപാത്ര പോസ്റ്ററുകൾ എഴുതാനും സാംസ്കാരിക പ്രചാരണം നടത്താനും മുതലാളിത്ത പാതക്കാരുടെ ആസ്ഥാനങ്ങളെ ആക്രമിക്കാനും ആഹ്വാനം ചെയ്തു. ലിയു, ഡെങ്, തുടങ്ങിയ മറ്റ് മുതലാളിത്ത പാതക്കാരെ തുറന്നുകാട്ടുന്നതിനായ് നടത്തിയ സമരം സാംസ്കാരിക വിപ്ലവത്തിന് ആരംഭം കുറിക്കുകയും 1966 ൽ അവരെ എല്ലാ അധികാര സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുകയുമുണ്ടായി. ചുരുക്കത്തിൽ, 1965 ൽ ആരംഭിച്ച ഈ സാംസ്കാരിക വിപ്ലവം വ്യവസ്ഥയെ ഉള്ളിൽ നിന്ന് ശരിയാക്കാനുള്ള ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. ചൈനയിലെ മുതലാളിത്ത പാതക്കാരെപ്പോലെ, എല്ലായിടത്തുമുള്ള പിന്തിരിപ്പന്മാർ “ചെന്നായ, ചെന്നായ” എന്ന് ആക്രോശിച്ച് സ്നാംസ്കാരിക വിപ്ലവത്തിനെതിരായി ഭീകരമായ കടന്നാക്രമണം കെട്ടഴിച്ചുവിട്ടു. “തെറ്റായ ആശയങ്ങളെയും അവക്ക് പിന്നിലുള്ള ശക്തികളേയും തൂത്തെറിയാനായുള്ള കലാപം നീതിയുക്തമാണെ”ന്ന് പ്രഖ്യാപിച്ചുകൊണ്ട് മാവോ മുന്നേറ്റം ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്തു.  ഉദ്യോഗസ്ഥ സ്വേച്ഛാധിപത്യത്തിൻ കീഴിൽ ചൈനയെ സോഷ്യലിസ്റ്റ് പാതയിൽ നിന്ന് ഭരണകൂട മുതലാളിത്തത്തിലേക്ക് വ്യതിചലിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥ പ്രമാണിമാരും അഴിമതിക്കാരുമായ മുതലാളിത്ത പാതക്കാർക്കെതിരായ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും തൊഴിലാളികളുടേയും സോഷ്യലിസ്റ്റ് മുൻകൈയുള്ള ജനകീയ കമ്മ്യൂണിലെ അവേശഭരിതരായ അംഗങ്ങളുടേയും അടക്കിവെച്ചിരുന്ന രോഷം അണാപൊട്ടി. വലിയ ചിഹ്നങ്ങളും അക്ഷരങ്ങളും ചേർത്തുള്ള പോസ്റ്ററുകളും ബാനറുകളും (big character Poster: ചൈനയിലെ സാംസ്കാരിക വിപ്ലവ കാലത്ത് വ്യാപകമായി പ്രയോഗിക്കപ്പെട്ട ശൈലിയാണ് വലിയ ചിഹ്നങ്ങളും അക്ഷരങ്ങളൂം പ്രതീകങ്ങളൂം ഉപയോഗിച്ചുകൊണ്ട്  കലാപാഹ്വാനം ചെയ്യുന്ന പടുകൂറ്റൻ പോസ്റ്ററുകൾ) സാംസ്കാരിക പ്രകടനങ്ങളുമായി, കാമ്പസുകൾക്ക് പുറത്ത് ക്യാമ്പ് ചെയ്തുകൊണ്ട് എല്ലായിടത്തും ദശലക്ഷക്കണക്കിന് ജനങ്ങൾ മുന്നോട്ട് വന്നു. അതവർക്കൊരു മഹത്തായ വിദ്യാഭ്യാസമായിരുന്നു. അത് ബഹുജനങ്ങളുടെ ജനാധിപത്യത്തിന്റെ യഥാർത്ഥ പ്രയോഗമായിരുന്നു. അധികാരത്തിലിരിക്കുന്നവരെ എങ്ങനെ ചോദ്യം ചെയ്യണം എന്നതുൾപ്പെടെ നിരവധി സർഗ്ഗാത്മക സംഭാവനകൾ അത് മുന്നോട്ട് വെച്ചു. ഈ പശ്ചാത്തലത്തിൽ, നിലവിലെ പിഴഞ്ചൻ, പിന്തിരിപ്പൻ ആശയങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ വികസന പാതയ്ക്കായുള്ള പുതുവഴികൾ തേടിക്കൊണ്ട്, ബൂർഷ്വാ ജനാധിപത്യത്തെ മറികടന്ന് 'എല്ലാ അധികാരങ്ങളും ജനങ്ങൾക്ക്' എന്ന കാഴ്ചപ്പാടോടെ ജനാധിപത്യം വികസിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടും സാംസ്കാരികവിപ്ലവം ഫലത്തിൽ ഒരു രാഷ്ട്രീയ വിപ്ലവമായി മാറിയതെങ്ങിനെ എന്ന് മാവോ വിശദീകരിച്ചു.  

 

13.   എന്നാൽ, മുതലാളിത്ത പാതക്കാർക്ക് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് സാംസ്കാരിക വിപ്ലവം ഒരു യഥാർത്ഥ ജനകീയ പ്രസ്ഥാനത്തിലേക്ക് വികസിച്ചുകൊണ്ടിരിക്കുമ്പോൾ, പെംഗിനെ മാറ്റി പുതിയ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയുമായ ലിൻ ബിയാവോയുടെ നേതൃത്വത്തിൽ സിപിസിക്കുള്ളിൽ ഒരു പുതിയ അധികാരകേന്ദ്രമായി ഉദയംകൊണ്ട ഒരു വിഭാഗം എല്ലാം മാറ്റാൻ തുടങ്ങിയിരുന്നു. മാവോയുമായി ഏറ്റവും അടുത്തയാളാണെന്ന് സ്വയം അവകാശപ്പെട്ട അദ്ദേഹത്തിന്റെ വിഭാഗം സൈന്യത്തെയും തെറ്റിധരിപ്പിക്കപ്പെട്ട ചില ശക്തികളേയും ഉപയോഗിച്ച് സാംസ്കാരികവിപ്ലവത്തെ ഹൈജാക്ക് ചെയ്യാൻ തുടങ്ങി! സാംസ്കാരിക വിപ്ലവം അതിന്റെ ലക്ഷ്യം കൈവരിച്ചു എന്നും ഇനി വ്യവസ്ഥ പുനസ്ഥാപിക്കുകയാണ് വേണ്ടതെന്നും അവകാശപ്പെട്ടുകൊണ്ട്, ഇക്കാലമത്രയും മുതലാളിത്ത പാതക്കാരുമായി ഐക്യപ്പെട്ടിരുന്ന മദ്ധ്യവർത്തി പാത സ്വീകരിച്ചിരുന്ന പ്രധാനമന്ത്രി ചൌ എൻ ലായിയുടെ പിന്തുണയോടെ ലിൻ പിയാവോ വിഭാഗം എല്ലാ മേഖലകളിലുമുള്ള നിയന്ത്രണം ശക്തിപ്പെടുത്തി. 1965ൽ ‘ജനകീയ യുദ്ധത്തിന്റെ വിജയം നീണാൾ വാഴട്ടെ‘ (Long Live the Victory of People’s War)ന്ന പുസ്തകം ലിൻപിയാവൊ യുടെ പേരിൽ പുറത്തിറങ്ങി. മാവോയെ മഹാനായ നായകനായി വഴ്ത്തിക്കൊണ്ടാണ് അതിന്റെ എല്ലാ പേജും തുടങ്ങിയിരുന്നതെങ്കിലും സോവിയറ്റ് റിവിഷനിസത്തിനെതിരെ മഹത്തായ സംവാദ കാലത്ത് സിപിസി വിശദീകരിച്ചതിനു വിരുദ്ധമായി നാമിന്നെത്തി നിൽക്കുന്ന പുതിയ യുഗത്തിലെ മാർക്സിസം ലെനിനിസമാണ് മാവോ സെതുങ്ങ് ചിന്തയെന്നും ഈ യുഗത്തിൽ സാമ്രാജ്യത്വം ദുർബലമായി സമ്പൂർണ്ണ തകർച്ചയെ നേരിടുകയും ലോകതൊഴിലാളിവർഗ്ഗ സോഷ്യലിസ്റ്റ് വിപ്ലവം ആഗോള വിജയം നേടുമെന്നും ലിൻ പിയാവോയുടെ പുസ്തകം അവകാശപ്പെട്ടു.  കൂടുതൽ വായിക്കരുതെന്നും നിങ്ങളുടെ പഠനങ്ങളെ ചുവന്ന് പുസ്തകങ്ങളായി (റെഡ് ബുക്സ്) ആയി പ്രസിദ്ധീകരിച്ച മാവോയുടെ കൃതികളിൽ നിന്നും മൂന്ന് ലേഖനങ്ങളിൽ നിന്നുമുള്ള ഉദ്ധരണികളിലേക്കും നിങ്ങളുടെ പഠനങ്ങൾ പരിമിതപ്പെടുത്തുവാനും അത് ഉപദേശിച്ചു. ഏഷ്യൻ-ആഫ്രിക്കൻ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെല്ലാം വിപ്ലവ പൂർവ്വ ചൈനക്ക് സമാനമായ  അർദ്ധ കൊളോണിയൽ, അർദ്ധ ഫ്യൂഡൽ അവസ്ഥയാണെന്നും അതുകൊണ്ട് തന്നെ അവിടെയെല്ലാം ജനകീയ യുദ്ധത്തിന്റെ പാത പിന്തുടരണമെന്നും അത് വിശകലനം ചെയ്തു! എതിരാളികളെ ആക്രമിക്കുന്നതിനുള്ള ഒരു കൊടിക്കൂറയായി സാംസ്കാരിക വിപ്ലവത്തെ ചുരുക്കുകയും മാവോയുടെ എല്ലാ സർഗ്ഗാത്മക ആശയങ്ങളേയും വളച്ചൊടിച്ച് തന്റെ അരാജകവാദ ആശയങ്ങൾകൊണ്ട് പ്രതിസ്ഥാപിക്കുകയും ചെയ്തു. 1969 ൽ സിപി‌സിയുടെ ഒൻപതാം കോൺഗ്രസിന്റെ സമയമായപ്പോഴേക്കും മാവോയ്ക്ക് ശേഷം ലിൻ ബിയാവോയെ അടുത്ത നേതാവായി പ്രഖ്യാപിക്കാനായി പാർട്ടി ഭരണഘടന പോലും ഭേദഗതി ചെയ്യുന്ന തരത്തിൽ ലിൻ ബിയാവോ പാർട്ടിയിൽ സമ്പൂർണ്ണ ആധിപത്യത്തിലേക്കെത്തി. വിപ്ലവാശയങ്ങൾ വിപുലമായി പ്രചരിപ്പിച്ച സാംസ്കാരിക വിപ്ലവം നടന്നതിനു ശേഷവും  ഇത്രപെട്ടെന്ന് മാവോ പഠിപ്പിച്ചതിന്‌ വിരുദ്ധമായ ഒരു നിലപാട് എങ്ങനെ പാർട്ടിയിൽ‌ ആധിപത്യത്തിലേക്ക്‌ വരാൻ കഴിഞ്ഞു എന്നത് ഗൌരവമായ പഠനം ആവശ്യപ്പെടുന്നു. 1971 ൽ സി‌പി‌സി പുറത്ത് വിട്ട രേഖകൾ പ്രകാരം, ലിൻ ബിയാവോ അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം തുറന്നുകാട്ടപ്പെടുകയും സോവിയറ്റ് യൂണിയനിലേക്ക് പലായനം ചെയ്യാനുള്ള ശ്രമത്തിനിടെ അദ്ദേഹം ഒരു വിമാനാപകടത്തിൽ മരണപ്പെടുകയും ചെയ്തു. ലിൻ ബിയാവോയുടെ ആധിപത്യമുണ്ടായിരുന്ന ഈ അഞ്ചുവർഷങ്ങൾ കൂടുതൽ വിശകലനം ആവശ്യപ്പെടുന്നുണ്ട്, കാരണം ഈ കാലയളവിൽ മാവോയുടെ ചിന്ത എന്ന പേരിൽ സി‌പി‌സിയുടേതായി പീക്കിംഗ് (ബീജിംഗ്) റേഡിയോവിൽ വന്ന പ്രക്ഷേപണങ്ങളും പീപ്പിൾസ് ഡെയ്ലിയിൽ പ്രസിദ്ധീകരിച്ചതുമെല്ലാം മാവോയുടെ നിലപാടുകൾക്ക് വിരുദ്ധമായ ലിൻ ബിയാവോ ചിന്തകൾ മാത്രമായിരുന്നു. മഹത്തായ സംവാദ രേഖയിലൂടെ സി പി എസ് യു നിലപാടിനെ സിപിസി തള്ളിക്കളഞ്ഞ 1963 ൽ നിന്ന് തുടങ്ങിയ ഏതാണ്ട് നാടകീയമായ സംഭവവികാസങ്ങൾ നിറഞ്ഞ 1965-71 കാലഘട്ടത്തിൽ, സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ജീർണ്ണിക്കുകയും പ്രായോഗികതാവാദത്തിന്റെ സ്വാധീനത്തിനടിപ്പെടുകയും ചെയ്തുകൊണ്ട് സോഷ്യലിസ്റ്റ് ചേരി തിരിച്ചടികൾ നേരിട്ടിട്ടും തൊഴിലാളിവർഗ്ഗ സാർവ്വദേശീയത പോലുള്ള അടിസ്ഥാന സൈദ്ധാന്തിക പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിശകലനം നടത്താൻ സിപിസി നേതൃത്വം തയ്യാറെടുത്തിരുന്നില്ലയെന്നത് വ്യക്തമാണ്. 

 

14.  മുതലാളിത്ത വ്യവസ്ഥയെ തൂത്തെറിയാനും ബദൽ വികസന പാതയിലേക്ക് നയിക്കാനും “ലോക തൊഴിലാളിവർഗം ഒന്നിക്കണമെന്ന്” കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആഹ്വാനം ചെയ്യുന്നു, തൊഴിലാളി വർഗ്ഗ സാർവ്വദേശീയത ഉയർത്തിപ്പിടിക്കുന്ന ഒരു തൊഴിലാളി ഭരണകൂടത്തിന്റെ ആദ്യ ഉദാഹരണമാണ് ഹ്രസ്വകാല പാരീസ് കമ്യൂൺ. ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തിനുശേഷം, ലെനിൻ, അഞ്ച് വർഷം മാത്രമേ സജീവമായി രംഗത്തുണ്ടായിരുന്നുള്ളൂ എങ്കിലും, എല്ലാ അധികാരവും സോവിയറ്റുകൾക്ക് എന്ന നിലപാട് അദ്ദേഹം ഉയർത്തിപ്പിടിച്ചു. സാറിസ്റ്റ് റഷ്യയിലുണ്ടായിരുന്ന എല്ലാ ദേശീയതകളുടെയും സ്വയം നിർണ്ണയാവകാശത്തിന്റെ പ്രഖ്യാപനം,  സോവിയറ്റ് യൂണിയനിൽ ചേരുന്നതിനോ വിട്ടുപോകുന്നതിനോ ഉള്ള അധികാരം മുന്നോട്ട് വെച്ചുകൊണ്ട് തൊഴിലാളി വർഗ്ഗ സാർവ്വദേശീയത പ്രയോഗത്തിൽ വരുത്തുന്നതിനുള്ള പ്രായോഗിക മാതൃകകൾ സൃഷ്ടിച്ചു. പക്ഷേ, ചൈനീസ് വിപ്ലവത്തെത്തുടർന്ന് അത്തരമൊരു പ്രയോഗമുണ്ടായില്ല, നേരെമറിച്ച്, ചൈനീസ് പ്രയോഗത്തിൽ ദേശീയതയുടെ അമിതമായ തോത് പ്രകടമായിരുന്നു. തുടക്കം മുതൽ വലതുപക്ഷ പ്രവണതയുടെ പിന്തുണയുണ്ടായിരുന്ന മധ്യവർത്തി നിലപാടുകളുള്ള പ്രായോഗികവാദിയായ ചൗ എൻ ലായ് തൊഴിലാളിവർഗ സാർവ്വദേശീയ നിലപാടല്ല, കൂടുതൽ ദേശീയവാദനിലപാടാണ് പിന്തുടർന്നത്. ദേശീയ വിമോചനത്തിനായുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനിടയിൽ, ദേശീയ വിമോചന സമരത്തിന് ജനങ്ങളുടെ പിന്തുണ നേടുന്നതിനായി ദേശസ്നേഹ വികാരങ്ങൾ ഉണർത്താനുള്ള തന്ത്രപരമായ ആവശ്യകത ചിലപ്പോൾ ഉണ്ടാകാം, എന്നാൽ ഇത് തൊഴിലാളി വർഗ്ഗ സാർവ്വദേശീയതയുടെ തന്ത്രപരമായ  നിലപാടിന് എതിരായിക്കൊണ്ടാകരുത്. ചൈനീസ് വിപ്ലവം ലോക വിപ്ലവത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ‘പുത്തൻ ജനാധിപത്യത്തെ പറ്റി’യിലും മറ്റ് രചനകളിലും മാവോ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, അതിന്റെ ജനാധിപത്യ വിപ്ലവകാലത്ത്, കൊളോണിയൽ ഭൂതകാലത്തിന്റെ അവശേഷിപ്പുകളായ അയൽരാജ്യങ്ങളുമായുള്ള എല്ലാ അതിർത്തി പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു, എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. പുതുതായി സ്വതന്ത്രമായ അയൽരാജ്യങ്ങളുമായും സോവിയറ്റ് യൂണിയനും പിന്നീട് വിയറ്റ്നാമുമായും  വഴക്കമുള്ള ‘കൊടുക്കുക, സ്വീകരിക്കുക’ എന്ന അനുരജ്ഞന നയത്തെ അടിസ്ഥാനമാക്കി അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുത്തിരുന്നുവെങ്കിൽ, തർക്കങ്ങളിൽ ഇടപെടുന്ന സാഹചര്യത്തെ ഉപയോഗപ്പെടുത്താനുള്ള യുഎസ് ശ്രമങ്ങളെ പരാജയപ്പെടുത്താമായിരുന്നു.നേരെമറിച്ച്, മിംഗ് രാജവംശത്തിന്റെ കീഴിലുള്ള പ്രദേശങ്ങളുടെ അവകാശത്തിനും തായ് വാനെ തങ്ങളുടെ അധികാരത്തിനു കീഴിലേയ്ക്ക് കൊണ്ടുവരുന്നതിനും കൂടുതൽ പ്രാധാന്യം നൽകി. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ഇത്തരം നയങ്ങൾ സ്വാഭാവികമായും കമ്മ്യൂണിസ്റ്റുകാർ ലോക വിപ്ലവത്തിനായി പോരാടുകയാണെന്ന വാദത്തെ ദുർബലപ്പെടുത്തുന്നു. അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് വേദികളിൽ പലപ്പോഴും ഉന്നയിക്കപ്പെട്ട ചോദ്യമായിരുന്നു അത്. എന്നാൽ പ്രായോഗികമായി, ലെനിന്റെ കാലത്തെ റഷ്യൻ അനുഭവം ഒഴികെ, അത്തരം ഉദാഹരണങ്ങൾ വളരെ കുറവാണ്. ലി ലിസാൻ നിലപാടിനെ കോമിന്റേൺ പിന്തുണച്ചപ്പോൾ തന്റെ നിലപാട് സ്ഥാപിക്കാൻ മാവോയ്ക്ക് പൊരുതേണ്ടിയിരുന്നെങ്കിലും സോവിയറ്റ് നേതാക്കൾ വിപ്ലവപാത കൈവിടും വരെയും അവരുമായി  അദ്ദേഹം  അടുത്ത ബന്ധം പുലർത്തിയിരുന്നു. 1963 ലെ ‘പൊതുനിലപാട്’ (General Line) രേഖയും തൊഴിലാളി വർഗ്ഗ സാർവ്വദേശീയതയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. പക്ഷേ, വിചിത്രമെന്നു പറയട്ടെ, ചൌ എൻ‌ലായ് തയ്യാറാക്കിയതും1964 ൽ സി‌പി‌സി അംഗീകരിച്ചതുമായ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ പുനർനിർമ്മിക്കുന്നതിനെ കുറിച്ചുള്ള രേഖ മാർക്സിസ്റ്റേതര സമീപനമാണ് മുന്നോട്ട് വെച്ചത്. ഇത് ഉദ്ധരിച്ച്, 1960 കളിലോ പിന്നീടോ രൂപം കൊണ്ട നിരവധി എം‌എൽ സംഘടനകൾ  ഒരു കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളെ എതിർത്തു. വിപ്ലവ പാർട്ടികളുടെ ഒരു സാർവ്വദേശീയ വേദി രൂപീകരിക്കുന്നതിനെ പോലും അവർ എതിർത്തു. ‘ദേശീയത ആദ്യത്തേത്’ എന്ന ഈ നിലപാട് സി‌പി‌സിയിൽ ആധിപത്യം പുലർത്തിയിരുന്നതിനാൽ, മഹത്തായ സംവാദ കരട് രേഖകൾ ചർച്ച ചെയ്യുന്നതിനും പിന്തുടരേണ്ട ജനറൽ ലൈൻ വികസിപ്പിക്കുന്നതിനുമായി 1960 കളിൽ ഉയർന്നുവന്ന എം‌എൽ സംഘടനകളുടെ ഒരു യോഗം പോലും വിളിക്കാൻ അത് ശ്രമിച്ചില്ല! ഇത് പുതുതായി ഉയർന്നുവരുന്ന പാർട്ടികളുടെ സ്വാശ്രയത്വം വർദ്ധിപ്പിക്കുകയല്ല, മറിച്ച് ലോക വിപ്ലവത്തിന്റെ കേന്ദ്രമെന്ന നിലയിൽ ചൈനയോടുള്ള അവരുടെ ‘വിധേയത്വം’ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. അതിനാൽ, സ്വാഭാവികമായും ലിൻ ബിയാവോയെ, ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന, തന്റെ നിലപാട് മാവോയുടെ നിലപാട് അല്ലെങ്കിൽ ചൈനീസ് പാത എന്ന നിലയിൽ അടിച്ചേൽപ്പിക്കാൻ സഹായിച്ചു. 

 

15. "ഇടത് വീക്ഷണം" എന്ന് സ്വയം വിശേഷിപ്പിച്ച, ലിൻ ബിയാവോ പാതയുടെ പ്രകടമായ ‘ഇടത്’ സാഹസിക വീക്ഷണം  സാംസ്കാരിക വിപ്ലവത്തിലും ചൈനയെ സോഷ്യലിസ്റ്റ് പാതയിലേക്ക് നയിക്കാനുള്ള മാവോയുടെ പോരാട്ടത്തെ വഴിതിരിച്ചു വിടുന്നതിലുമുണ്ടാക്കിയ സ്വാധീനവും വളരെ വിനാശകരമായിരുന്നു. സോഷ്യലിസത്തിന്റെ നിർണത്തിലും സാംസ്കാരിക വിപ്ലവത്തിലും വലിയ പങ്കു വഹിച്ചിരുന്ന ജനങ്ങളെ അത് ആശയ കുഴപ്പത്തിലാക്കി. സാംസ്കാരിക വിപ്ലവം തന്നെ നിശ്ചലമായി.  വിയറ്റ്നാമിലെ ദേശീയ വിമോചന മുന്നേറ്റം തകർക്കുവാനായി അമേരിക്ക ചൈനീസ് അതിർത്തി വരെ യുള്ള വടക്കൻ വിയറ്റ്നാമിൽ ആക്രമണങ്ങൾ നടത്തിയിരുന്ന സമയത്തും ഈ അവസരം മുതലെടുത്താണ് ചൌ എൻലായ് ചൈനയിലേക്കുള്ള നിക്സൺ ന്റെ സന്ദർശനം സംഘടിപ്പിച്ചത്. തായ്‌വാന് പകരം ചൈനയ്ക്ക് യുഎന്നിലേക്ക് പ്രവേശിക്കാൻ ഇത് സഹായിച്ചെങ്കിലും, സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇതൊട്ടും തന്നെ സഹായിച്ചില്ല. എന്നാൽ പാർട്ടിക്കകത്ത് മുതലാളിത്ത വാദികൾക്കെതിരെ സോഷ്യലിസ്റ്റ് ലൈൻ തുടരാനുള്ള പോരാട്ടം തുടരുകയും "നാൽവർ സംഘം" എന്ന് മുതലാളിത്ത പാതക്കാരാൽ വിശേഷിപ്പിക്കപ്പെട്ട  മാവോയുടെ ഏറ്റവും അടുത്ത സഖാക്കൾ സിപിസി യുടെ പത്താം കോൺഗ്രസിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. എന്നാൽ, പാർട്ടിക്കുള്ളിൽ നടന്നിരുന്ന രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ കാരണം പാർട്ടി കോൺഗ്രസ്സ് രേഖകളിൽ എന്താണ് സംഭവിച്ചിരുന്നത് എന്നതിനെപ്പറ്റിയുള്ള ഗൗരവമുള്ള വിലയിരുത്തലുകളുണ്ടായില്ല. ഈ അന്തരീക്ഷത്തിൽ ഡെങ് പുനരാനയിക്കപ്പെടുകയും അതേ വർഷം തന്നെ ഉപപ്രധാനമന്ത്രിയാവുകയും ചെയ്തു. താമസിയാതെ അദ്ദേഹം നയിച്ച ചൈനീസ് സംഘം യുഎന്നിൽ "മൂന്നു ലോക സിദ്ധാന്തം" എന്ന വർഗ-വഞ്ചക ലൈൻ ചൈനയുടെ തന്ത്രപരമായ ആശയമായി അവതരിപ്പിച്ചു. അടുത്ത വർഷം വില്യം ഹിന്റണുമായി നടത്തിയ ഒരു അഭിമുഖത്തിൽ ചൈന സോഷ്യലിസ്റ്റ് പാതയിലൂടെ തുടരുമോ എന്ന ചോദ്യത്തിനോട് പ്രതികരിച്ചുകൊണ്ട്, "ഇനിയും മുതലാളിത്ത വാദികൾക്ക് അധികാരം പിടിച്ചെടുക്കാനുള്ള സാധ്യത ഉണ്ട്" എന്ന് മാവോ പറയുകയും, അങ്ങനെ ഒരു സന്ദർഭം വന്നെത്തിയാൽ ലോകമെമ്പാടുമുള്ള മാർക്സിസ്റ്റ് ലെനിനിസ്റ്റുകൾ അതിനെ എതിർക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കുകയുമുണ്ടായി. "ഞാനൊരു ചോരുന്ന കുട ചൂടിയ ഏകാന്തനായ സന്യാസി" എന്ന പേരിലുള്ള ഒരു ഹ്രസ്വ കവിത അദ്ദേഹം വില്യമിന് നൽകി. പിന്നീട് നടന്ന ചർച്ചകളിൽ നിന്നും വ്യക്തമാകുന്നത്, ആരോഗ്യപ്രശ്നങ്ങളും പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമാകുമ്പോഴും, അദ്ദേഹത്തിന്റെ കൂടെ ദശകങ്ങളോളം ഉണ്ടായിരുന്ന അടുത്ത സഖാക്കൾ പോലും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യം അംഗീകരിക്കാതെയിരുന്നപ്പോഴും, പോരാട്ടം തുടരാൻ തന്നെ മവോ തയ്യാറായിരുന്നു എന്നാണ്. അദ്ദേഹം ദുഖിതനായിരുന്നു, പക്ഷേ വിജയം വരെ പോരാടാനദ്ദേഹം തയ്യാറായിരുന്നു, അതിനായി ഇനി ഒരിക്കൽ കൂടി അദ്ദേഹത്തിന് ചിങ്കാങ് പർവതങ്ങളിലേക്ക് പോകേണ്ടി വന്നാൽ കൂടിയും! 

 

16. 1976 ന്റെ തുടക്കത്തിൽ, ചൌഎൻലാ യുടെ മരണശേഷം മാവോയ്‌ക്കെതിരെ ഒരു കലാപം നടത്തുവാൻ ഡെങ് ശ്രമിച്ചു. എന്നാൽ, അതിൽ അദ്ദേഹം പരാജയപ്പെടുകയും, എല്ലാ അധികാര സ്ഥാനങ്ങളിൽ നിന്നും ഒരിക്കൽകൂടി ഒഴിവാക്കപ്പെടുകയും ചെയ്തു. എന്നാൽ, ചൌ ക്ക് പകരം വന്ന ഹുവാ ക്വാ ഫെംഗ് ഉം മുതലാളിത്തവാദികളോട് അനുഭാവമുള്ള  ഒരു മധ്യവർത്തിയായിരുന്നു. സൈന്യവും പ്രധാനമായും അവരോടൊപ്പം ആയിരുന്നു. വലത് പക്ഷക്കാർ അധികാരം പിടിച്ചെടുക്കുവാൻ വേണ്ടി മാവോയുടെ മരണത്തിനായി കാത്തിരുന്നു. 1976  സെപ്റ്റംബർ 9 ന് മാവോയുടെ മരണശേഷം അവർ ഒരു പട്ടാള അട്ടിമറി നടത്തുകയും, നാൽവർ സംഘം ഉൾപ്പടെ മാവോയുടെ അടുത്ത അനുയായികളെയും മറ്റ് നിരവധി സഖാക്കളെയും അറസ്റ് ചെയ്യുകയും, സാംസ്കാരിക വിപ്ലവത്തിനൊപ്പം നിലനിന്ന ഷാങ്ങ്ഹായ് കമ്മ്യൂൺ പോലുള്ള പ്രധാന കേന്ദ്രങ്ങളെ ആക്രമിക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും, ചൈനയൊട്ടാകെ അടിച്ചമർത്തൽ നടത്തുകയും ചെയ്തു. സാമ്രാജ്യത്ത ചേരിയും സോവിയറ്റ് നേതാക്കളും ഇതിനെ ആവേശത്തോടെ സ്വാഗതം ചെയ്തു. ഉടനെ തന്നെ മുതലാളിത്ത വാദികൾ സാംസ്കാരിക വിപ്ലവം അവസാനിപ്പിക്കുകയും ജനകീയ കമ്മ്യൂണുകൾ പിരിച്ചുവിടുകയും മൂന്നു ലോക സിദ്ധാന്തം ഒരു പൊതു ലൈൻ ആയി മുന്നോട്ട് വെക്കുകയും ചെയ്തു. 1978 ആയപ്പോഴേക്കും ഡെങ് പരസ്യമായി അധികാരം ഏറ്റെടുക്കുകയും നാല് നവീകരണ നയം (കൃഷി, വ്യവസായം, പ്രതിരോധം ശാസ്ത്ര-സാങ്കേതികവിദ്യ എന്നിവയുടെ നവീകരണത്തിനായി മുന്നോട്ട് വെച്ച നയപരിപാടി) ഭാവി പദ്ധതികളുടെ കാതലായി പ്രഖ്യാപിക്കുകയും, സോഷ്യലിസത്തിൽ നിന്നും ഭരണകൂട മുതലാളിത്തത്തിലേക്കും ഉദ്യോഗസ്ഥ സ്വേച്ഛാധിപത്യത്തിലേക്കും ചൈനയുടെ പരിവർത്തനത്തിന് തുടക്കമിടുകയും ചെയ്തു. മാവോ മുന്നോട്ട് വെച്ച സോഷ്യലിസ്റ്റ് സംരംഭങ്ങൾ ക്രമാനുഗതമായി നശിപ്പിക്കപ്പെട്ടു. ചൈന ഒരു സോഷ്യൽ സാമ്രാജ്യത്വ ശക്തിയായി മാറുകയും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യൽ സാമ്രാജ്യത്വത്തിന്റെ ശിഥിലീകരണത്തെ തുടർന്ന്, അമേരിക്കൻ സാമ്രാജ്യത്വവുമായി ലോക ആധിപത്യത്തിനുവേണ്ടി മൽസരിക്കുന്നതും സഹവർത്തിക്കുന്നതുമായ ഒരു വൻശക്തിയാവുകയും ചെയ്തു. ഇതിന്റെ അർത്ഥം, മാവോയുടെയും സിപിസി യുടെയും നേതൃത്വത്തിൽ നടത്തിയ ഉജ്ജ്വലമായ പോരാട്ടങ്ങൾ നിഷ്ഫലമായെന്നാണോ? മാവോ പ്രത്യാശിച്ചത് പോലെ, എന്തുകൊണ്ട് വിപ്ലവ ശക്തികൾ ഈ അട്ടിമറിയെ തടഞ്ഞുകൊണ്ട് ഉയർത്തെഴുന്നേറ്റില്ല? എല്ലാം നഷ്ടപെട്ടുവോ? തീർച്ചയായും അല്ല. നേരെമറിച്ച്, ഇന്നത്തെ മാർക്സിസ്റ്റ് ലെനിനിസ്റ്റുകൾക്ക് മാവോയുടെ മഹത്തായ വീക്ഷണം അവരെ എത്തിച്ചെടുത്തുനിന്നും തുടങ്ങേണ്ടതുണ്ട്, മാവോയുടെ സംഭാവനകളെ അടിസ്ഥാനമാക്കി കൂടുതൽ കൂടുതൽ രാജ്യങ്ങളിൽ, അതാതിടങ്ങളിലെ സമൂർത്ത സാഹചര്യങ്ങൾ മനസിലാക്കി വിപ്ലവത്തെ മുന്നോട്ട് നയിക്കുകയും സോഷ്യലിസ്റ്റ് പരിവർത്തനം ഏറ്റെടുക്കേണ്ടതുമുണ്ട്. 

 

17. പാരീസ് കമ്യൂൺ കൂടാതെ നിരവധി മികച്ച സംഭാവനകൾ നൽകിയിട്ടും, പ്രസ്ഥാനത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചത് എല്ലായ്പോഴും സാമ്രാജ്യത്വ ശക്തികളുടെ നേരിട്ടുള്ള ആക്രമണത്താൽ മാത്രമല്ല, മറിച്ച് ആഭ്യന്തരമായി ആവിർഭവിച്ച അന്യവർഗ്ഗ പ്രവണതകൾ മൂലവുമാണെന്ന് ഐസി‌എമ്മിനകത്തെ സംഭവവികാസങ്ങളുടെ ഒരു സമഗ്രവീക്ഷണം ചൂണ്ടികാണിക്കുന്നു.  സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് നിർമ്മിതിയിലും  കോമിന്റേണിന്റെ പ്രവർത്തനത്തിൽ തൊഴിലാളിവർഗ സാർവ്വദേശീയതയുടെ  പൊരുൾ പിന്തുടരുന്നതിലും നേരിടുന്ന പ്രശ്നങ്ങൾ എന്തുതന്നെയായാലും, 1950 കളുടെ തുടക്കത്തിൽ സോഷ്യലിസ്റ്റ് ശക്തികൾ എല്ലായിടത്തും സാമ്രാജ്യത്വത്തെയും അവരുടെ പിണിയാളുകളെയും വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ  1956-ൽ സി.പി.എസ്.യുവിന്റെ ഇരുപതാം കോൺഗ്രസിന് ശേഷം ക്രൂഷോവിന്റെ നേതൃത്വത്തിലുള്ള തിരുത്തൽവാദികൾ സോവിയറ്റ് യൂണിയനിൽ വർഗ്ഗസമരത്തിൻ്റെ പാത ഉപേക്ഷിച്ച് സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിന്റെ പാത മുന്നോട്ട് വയ്ക്കുകയും  മറ്റ് പാർട്ടികളിലേക്ക് ഈ വൈറസ് പടർത്താൻ അവർ കിണഞ്ഞു ശ്രമിക്കുകയും ചെയ്തതോടെ ഈ സ്ഥിതിയിൽ ഗണ്യമായ മാറ്റമുണ്ടായി. വീണ്ടും, 1960 കളോടെ, ഐസി‌എം ഈ വലിയ തിരിച്ചടിയിൽ നിന്ന് കരകയറുകയും ചൈനയിലെ സോഷ്യലിസ്റ്റ് വിപ്ലവത്തിന് നൽകിയ സമഗ്ര സംഭാവനകളാൽ പ്രചോചിതമായും വിയറ്റ്നാമിലും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും മുന്നേറുന്ന ദേശീയ വിമോചന പ്രസ്ഥാനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും പുതിയ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ശക്തികൾ ലോകമെമ്പാടും ഉയർന്നുവരികയും ചെയ്തപ്പോൾ, മാവോയുടെ നയമായി അവതരിപ്പിച്ച  പ്രത്യക്ഷത്തിൽ 'ഇടത്' സാഹസികനും, എന്നാൽ അടിസ്ഥാനപരമായി ഉള്ളടക്കത്തിൽ വലതുപക്ഷക്കാരനുമായ, ലിൻ ബിയാവൊയിസ്റ്റ് ലൈൻ അതിന് കൂടുതൽ വലിയ തിരിച്ചടി നൽകുകയുണ്ടായി. അമേരിക്കൻ സാമ്രാജ്യത്വത്തിൻ കീഴിൽ നടക്കുന്ന നവ-കൊളോണിയൽ പരിവർത്തനത്തെക്കുറിച്ചുള്ള തെറ്റായ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള വർഷങ്ങളിൽ സാമ്രാജ്യത്വം ദുർബലമായിരിക്കുന്നുവെന്ന ഒരേ വിശകലനത്തിൽ സോവിയറ്റ് തിരുത്തൽവാദികളും ലിൻ ബിയാവോയിസ്റ്റുകളും  എത്തിയിരുന്നു. എന്നാൽ രണ്ടും തികച്ചും വിപരീത ദിശകളിലൂടെയുള്ള നിഗമനങ്ങളിലാണ് യഥാർത്ഥത്തിൽ എത്തിച്ചേർന്നത്; അവർ പിന്തുടർന്ന വലത്, ‘ഇടത്’ വ്യതിയാനങ്ങൾ, ഒന്നിനുപുറകെ ഒന്നായി ഐസി‌എമ്മിനെ സാരമായി ബാധിച്ചു. വിവിധ രാജ്യങ്ങളിലെ  കമ്മ്യൂണിസ്റ്റ് പാർട്ടികളും സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഈ തെറ്റായ പാതകളെ നിരാകരിക്കുകയും ഇന്നത്തെ ഗുരുതരമായ അവസ്ഥയുടെ വസ്തുനിഷ്ഠമായ വിശകലനത്തെ അടിസ്ഥാനമാക്കി അവരുടെ സിദ്ധാന്തവും വിപ്ലവ പ്രയോഗവും വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റൊരു കുറുക്കുവഴിയും ഇല്ല. 

 

18. എന്നാൽ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. വലതു അവസരവാദവും ‘ഇടത്’ സാഹസികതയും മൂലം കമ്യൂണിസ്റ്റ് പ്രസ്ഥാനം മുൻകാലത്ത് കനത്ത തിരിച്ചടികൾ നേരിട്ടിട്ടും, അവയ്ക്ക് ആവർത്തിച്ച് തല പൊക്കാനും ഉള്ളിൽ നിന്ന് പ്രസ്ഥാനത്തെ നശിപ്പിക്കാനും അവസരങ്ങൾ നൽകുകയാണ്. ‘സോവിയറ്റ് യൂണിയനിലെ സോഷ്യലിസത്തിന്റെ പ്രശ്നങ്ങൾ’ എന്ന സ്റ്റാലിന്റെ അവസാന കൃതിയിലോ ആ കാലഘട്ടത്തിലെ കോമിൻഫോമിന്റേത് ഉൾപ്പെടെയുള്ള മറ്റേതെങ്കിലും രേഖകളിലോ യുദ്ധത്തിനുശേഷം സാമ്രാജ്യത്വം ദുർബലമാകുന്നതിനെക്കുറിച്ച് പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. നേരെമറിച്ച്, അമേരിക്കൻ സാമ്രാജ്യത്വം ബുദ്ധനല്ലെന്നും ലോകജനതയെ സംബന്ധിച്ചേടത്തോളം അത് കൂടുതൽ അപകടകാരിയാണെന്നും തെളിയിച്ചുകൊണ്ട്  കീഴടങ്ങാൻ തയ്യാറായിരുന്ന ജപ്പാനിൽ അണുബോംബ് വർഷിച്ചത് മുതൽ വടക്കൻ കൊറിയക്കെതിരായ യുദ്ധമുൾപ്പടെ എണ്ണമറ്റ കടന്നാക്രമണങ്ങളാണ്  ലോകത്തെമ്പാടും യഥാർത്ഥത്തിൽ ഉണ്ടായത്. എന്നിട്ടും, സോവിയറ്റ് തിരുത്തൽവാദികൾക്കൊപ്പം, ചൈനയും അൽബേനിയയും ഒഴികെയുള്ള മിക്കവാറും എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വം സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിന്റെ പാത സ്വീകരിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളായും തുടർന്ന് നവഉദാരീകരണ, കോർപ്പറേറ്റ് നയങ്ങളുടെ നടത്തിപ്പുകാരായും അധഃപതിച്ചു. തൽഫലമായി, ശക്തമായിരുന്ന സി.‌പി.‌എസ്.യു വിനോ അല്ലെങ്കിൽ ഇന്ത്യയിൽ സി‌പി‌ഐ (എം) നയിക്കുന്ന ഇടതുമുന്നണിക്കോ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടു. സി.‌പി.‌എസ്.യു‌ ദിനം പ്രതി ദുർബലമായില്ലാതായെങ്കിൽ‌, എൽ‌എഫ് നാമാവശെഷമായിക്കൊണ്ടിരിക്കുകയാണ്, അതിന്റെ 75% ത്തിലധികം ത്രിപുരയിലെയും പശ്ചിമ ബംഗാളിലെയും കേഡർമാരും അനുയായികളും ഫാസിസ്റ്റ് ആർ‌എസ്‌എസ് / ബിജെപിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും, അതിന്റെ അവസാന അടിത്തറയായ കേരളത്തിൽ, മോദി ഭരണം ത്വരിതപ്പെടുത്തിയ അതേ നവലിബറൽ നയങ്ങളാണ് പിന്തുടരുന്നത്! സോഷ്യൽ ഡെമോക്രാറ്റുകൾ മാർക്സിസത്തെ ഉപേക്ഷിച്ചുവെന്നും ചരിത്രത്തിൽ നിന്ന് ഒരിക്കലും പഠിക്കുന്നില്ലെന്നും ഇത് കാണിക്കുന്നു.  

 

19. മറുവശത്ത്, ഒരു വലിയ തുടക്കത്തിനുശേഷം ചൈനീസ് പാതയുടെ പേരിൽ ലിൻ ബിയാവോയിസ്റ്റ് നിലപാട് സ്വീകരിച്ച സി‌പി‌ഐ (എം‌എൽ) പോലുള്ള മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടികൾക്ക് എന്ത് സംഭവിച്ചു? നവ കോളനിവൽക്കരണത്തിന് കീഴിൽ, മുകളിൽ നിന്നുള്ള ഭൂപരിധി നയം പ്രോത്സാഹിപ്പിച്ചും ധനമൂലധനത്തിന്റേയും സാങ്കേതികവിദ്യയുടേയും കടന്നുവരവിനുള്ള പാശ്ചാത്തലമൊരുക്കുന്നതിനും പഞ്ചാബിൽ ഹരിത വിപ്ലവം ആരംഭിച്ചുകൊണ്ടും സാമ്രാജ്യത്വ ഏജൻസികൾ 1950 കളുടെ അവസാനത്തോടെ  തന്നെ സജീവമായിരുന്നു. ഇതിനകം തന്നെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണമായ  ഇക്കണോമിക് & പൊളിറ്റിക്കൽ വീക്കിലി, ഇവിടത്തെ ഉത്പാദനരീതിയിലുണ്ടാകാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും സാറിസ്റ്റ് റഷ്യയിലെ മുതലാളിത്ത വികാസത്തെക്കുറിച്ചുള്ള ലെനിന്റെ വിശകലനവുമായി ഇതെങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും ഒരു സംവാദമാരംഭിച്ചിരുന്നു.  എ.ഐ.കെ.എസ് പോലുള്ള സി.പി.ഐ എം ഉം  ഇടതുപക്ഷ സംഘടനകളും നയിക്കുന്ന സംഘടനകൾ ഈ മാറ്റങ്ങൾ തിരിച്ചറിയാനും കാർഷിക വിളകൾക്കുള്ള ധനസഹായം, കാർഷിക ഉൽ‌പന്നങ്ങൾക്കുള്ള മിനിമം താങ്ങുവില (എം‌എസ്‌പി) തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റെടുക്കാനും വിമുഖത കാണിച്ചു. ഇത്തരം ചില സംവാദങ്ങൾ തിരുത്തൽവാദ സി‌പി‌ഐ യിലും പുത്തൻ തിരുത്തൽവാദ സി‌പി‌ഐ (എം) ലും നടന്ന രൂക്ഷാമായ ഉൾപ്പാട്ടി സമരങ്ങളിൽ പ്രതിഫലിച്ചിരുന്നു. പക്ഷേ, നക്സൽബാരി പ്രക്ഷോഭത്തിനുശേഷം, പീപ്പിൾസ് ഡെയ്‌ലി ‘ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം’ എന്ന് അഭിവാദ്യം ചെയ്തതോടെ എല്ലാ സംവാദങ്ങളും അവസാനിച്ചു. സി.പി.സിയുടെ അനുഭവം ഉദ്ധരിച്ച് മാവോ എല്ലായ്പ്പോഴും മാർക്സിസ്റ്റ്-ലെനിനിസ്റ്റുകളെ ഉപദേശിച്ചത് അതാതു രാജ്യങ്ങളിലെ വസ്തുനിഷ്ഠമായ സാഹചര്യങ്ങൾക്കനുസരിച്ച് സ്വന്തം പരിപാടികളും വിപ്ലവത്തിന്റെ പാതകളും വികസിപ്പിക്കണമെന്നാണ്. പക്ഷേ, ഇന്ത്യയിലെയും മറ്റ് ഏഷ്യൻ-ആഫ്രിക്കൻ-ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും സാഹചര്യം വിപ്ലവപൂർവ്വ ചൈനയുടേതിനു സമാനമാണ്, അഥവാ അർദ്ധ കൊളോണിയൽ, അർദ്ധ ഫ്യൂഡൽ വ്യവസ്ഥയാണെന്നും, എല്ല്ലാവരും ജനകീയയുദ്ധത്തിന്റെ പാതയാണ് അവരുടെ വിപ്ലവപാതയി അംഗീകരിക്കേണ്ടതെന്നും  വിലയിരുത്തലുമായി മാവോയുടെ ചൈനയിൽ നിന്ന് അഭിവാദ്യങ്ങൾ വന്നപ്പോൾ, പുതുതായി രുപംകൊണ്ട എല്ലാ എം‌എൽ സംഘടനകളും ഉടനടി ഇത് അവസാന വാക്കായി അംഗീകരിച്ചു; അത് എങ്ങനെ സംഭവിച്ചു? ഒരു ദശാബ്ദത്തിന് മുമ്പ് സിപിഐ പോലുള്ള പാർട്ടികൾ സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിന്റെ പാത അന്ധമായി സ്വീകരിച്ചപ്പോൾ ഇതേ ദൗർബല്യം സംഭവിച്ചിരുന്നു. അതുപോലെ, സി.പി.ഐ (എം) നെതിരെ കലാപം നടത്തി പുറത്ത് വന്ന് ഏകോപന സമിതി രൂപീകരിച്ച എല്ലാ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളും ഒരു സംശയവും പോലും ഉന്നയിക്കാതെ “ചൈനീസ് പാത നമ്മുടെ പാത” എന്ന മുദ്രാവാക്യം സ്വീകരിച്ചു. ഈ നിർണ്ണായക ഘട്ടത്തിൽ നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ, കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ ചുറ്റും നോക്കാനും നവ കോളനിവൽക്കരണത്തിനു കീഴിൽ നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണാനും വിസമ്മതിച്ചെന്ന് മാത്രമല്ല, കോമിന്റേൺ പ്രതിനിധികളുടെ ഉപദേശത്തെ പോലും എതിർത്തുകൊണ്ട് ചൈനീസ് വിപ്ലവത്തിന്റെ വിജയത്തിന് വളരെയധികം സഹായകരമായി മാറിയ ചൈനീസ് സാഹചര്യങ്ങൾക്കനുസൃതമായ വിപ്ലവപാത വികസിപ്പിക്കുന്നതിന് മാവോ വർഷങ്ങളായി നടത്തിയ പോരാട്ടവും അവർ മറന്നുപോവ്വുകയും ചെയ്ത കാര്യം സ്വയം വിമർശനാത്മകമായി സമ്മതിക്കേണ്ടതുണ്ട്.  സി.പി.ഐ (എം.എൽ) ഉടനടി രൂപീകരിക്കണമോ എന്നതുൾപ്പെടെയുള്ള അടവുപരമായ പ്രശ്നങ്ങളിൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾക്കിടയിൽ യോജിപ്പിലെത്താൻ കഴിഞ്ഞില്ലെങ്കിലും, എല്ലാവരും ചൈനീസ് പാതയോട് വിശ്വസ്തത പുലർത്തി. എന്താണ് സംഭവിച്ചതെന്ന് 1970 ലെ ആദ്യത്തെ (എട്ടാമത്) കോൺഗ്രസ് രേഖകൾ വ്യക്തമാക്കുന്നു. ലിൻ പിയാവോയെ ഉദ്ധരിച്ച്, സായുധ പോരാട്ടമാണ് പ്രധാന സമര രൂപമെന്ന് അത് സ്ഥാപിച്ചു. സായുധ പോരാട്ടം എങ്ങനെ, എപ്പോൾ ആരംഭിക്കണം എന്നതിൽ മാത്രമേ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുള്ളൂ. സായുധസമരത്തിന്റെ ആരംഭമായി ‘വർഗശത്രുവിനെ ഉന്മൂലന’ത്തിനായി ചാരു മജ്ജുംദാർ ആഹ്വാനം ചെയ്തപ്പോൾ മറ്റുള്ളവർ ‘ചെറുത്തുനിൽപ്പ് സമരം’ മുന്നോട്ടുവച്ചു. നടന്നതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്! നേതാക്കളും കേഡർമാരും  കഠിനമായ ത്യാഗങ്ങൾക്ക് വിധേയമായെങ്കിലും പ്രസ്ഥാനം അടിച്ചമർത്തപ്പെടുകയും നിരവധി ഗ്രൂപ്പുകളായി വിഘടിക്കുകയും ചെയ്തു. 

 

20. ഈ കയ്പേറിയ അനുഭവങ്ങൾക്കെല്ലാം ശേഷവും എം‌എൽ പ്രസ്ഥാനം തിരിച്ചടികളുടെ യഥാർത്ഥ കാരണങ്ങൾ തേടി പോയില്ല എന്നത് വിചിത്രമാണ്. അതിനാൽ, ഗുജറാത്തിലെ ജനകീയ ഉയിർത്തെഴുന്നേൽപ്പിനു പിന്നാലെ  ബീഹാറിലെ മുന്നേറ്റവും തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപനവും വന്നപ്പോൾ, പൊതുവിൽ പറഞ്ഞാൽ,  ചില എം‌എൽ സംഘടനകൾ ചില മുൻ കൈ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചപ്പോൾ മറ്റുള്ളവർ നിഷ്‌ക്രിയരായി തുടർന്നു. ഇന്ത്യയിലെ മിക്ക കമ്മ്യൂണിസ്റ്റ് വിപ്ലവസംഘടനാ നേതാക്കളും ജയിലിലോ ഒളിവിലോ ആയിരുന്നപ്പോഴാണ് മാവോയുടെ മരണവും തുടർന്ന് ചൈനയിലെ മുതലാളിത്തപാതക്കാർ അധികാരം പിടിച്ചെടുക്കുകയും ചെയ്തത്. കമ്യൂണിസ്റ്റ് ഭീഷണി ഏതാണ്ട് അപ്രത്യക്ഷമായതോടെ ശക്തിപ്രാപിച്ച സാമ്രാജ്യത്വ ശക്തികൾ ഉൽപാദനത്തിലും സാമൂഹ്യക്ഷേമ പരിപാടിയിലും നടത്തിയിരുന്ന ഭരണകൂട ഇടപെടൽ  നയങ്ങളിൽ അവശേഷിച്ചിരുന്നവ പോലും ഉപേക്ഷിക്കുകയും ഉദാരീകരനണ-സ്വകാര്യവൽക്കരണ-ആഗോളീകരണ പദ്ധതികൾ (എൽപിജി) ആവിഷ്കരിച്ചുകൊണ്ട്  സാമ്രാജ്യത്വത്തിന്റെ നവലിബറൽ-കോർപ്പറേറ്റ് ഘട്ടത്തിലേക്ക് മുന്നേറാൻ തുടങ്ങുകയും ചെയ്തു. ഈ ഗൗരവമായ സംഭവവികാസങ്ങളെ മനസ്സിലാക്കുവാനും സ്ഥിതിഗതികൾ പഠിക്കുവാനും ഭാവിയിലേക്കുള്ള രൂപരേഖ തയ്യാറാക്കാനും ഈ സാഹചര്യം വിപ്ലവ കമ്മ്യൂണിസ്റ്റ് സംഘടകളോട് വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ ഈ സംഘടനകൾക്ക് എന്ത് സംഭവിച്ചു? കഴിഞ്ഞ നാല് ദശകങ്ങളിൽ പല കമ്മ്യൂണിസ്റ്റ് വിപ്ലവ സംഘടനകളും, നിരവധി ഐക്യ ശ്രമങ്ങൾ, വിഭജനങ്ങൾ, ഐക്യമുന്നണികളുടെ രൂപീകരണശ്രമങ്ങളിലൂടെയെല്ലാം കടന്ന് പോയിട്ടും പഴയ ചട്ടക്കൂടിൽ നിന്ന് പുറത്തുവരാൻ ധൈര്യപ്പെട്ടിട്ടില്ല. മാവോ ചെയ്തതിന് വിപരീതമായി, സാമ്രാജ്യത്വ വ്യവസ്ഥയുടെ പിന്തുണയോടെ നമുക്ക് ചുറ്റും വളരെ വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു ബദൽ മാർഗം തേടാൻ അവർ തയ്യാറായില്ല. തൽഫലമായി, അവരിൽ ചിലർ മുൻ കാല നിലപാടുകളിൽ നിന്ന് പോലും പിന്നോട്ട് പോയി, വലതുപക്ഷ നിലപാടുകളിലേയ്ക്ക് നീങ്ങാൻ തുടങ്ങി. 

 

21. മറുവശത്ത്, സി.പി.ഐ (എം.എൽ) പി.ഡബ്ല്യു.ജിയും പാർടി യൂണിറ്റിയും തമ്മിൽ ലയിക്കുകയും തുടർന്ന് 2004-ൽ എം.സി.സിയുമായി ലയിപ്പിച്ച്  ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് സി.പി.ഐ (മാവോയിസ്റ്റ്) രൂപീകരിക്കുകയും ചെയ്തു. അതിന്റെ പരിപാടിയിൽ പറയുന്നു.“നേരിട്ടുള്ള കൊളോണിയൽ ഭരണം അവസാനിച്ചതിനുശേഷം സാമ്രാജ്യത്വം  പരോക്ഷ ഭരണത്തിന്റെയും, ചൂഷണത്തിന്റെയും  അവർക്ക് കീഴിലുള്ള രാജ്യങ്ങളുടെ നിയന്ത്രണങ്ങളുടേയും പുതിയ രൂപങ്ങൾ സ്വീകരിച്ചു. അതിനെ നവ കൊളോണിയലിസം എന്ന് വിളിക്കുന്നു. ഇത് കൊളോണിയലിസത്തിന്റെ കൂടുതൽ വഞ്ചനാപരമായതും ഭീകരവുമായ രൂപമാണ്”. ‘നവ കൊളോണിയലിസത്തിന്റെ മാപ്പുസാക്ഷിക’ ളിൽനിന്നുള്ള ഒരു ഉദ്ധരണിയായിരുന്നു അത്; എന്നാൽ, വസ്തുതകളിൽ പഠിക്കാതെയും, സൂക്ഷ്മപഠനങ്ങൾക്ക് മുതിരാതെയും 'ഹരിത വിപ്ലവത്തിന്റെ' മേഖലകളിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, അർദ്ധ ഫ്യൂഡൽ വർഗബന്ധങ്ങളിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന പ്രസ്താവനയോടെയാണ് അതിന്റെ വിലയിരുത്തൽ അവസാനിച്ചത്. ചെരിപ്പിന് അനുസരിച്ച് പാദങ്ങൾ മുറിക്കുന്നത് പോലെയായിരുന്നു ഇത്! പഞ്ചാബിലും സമീപ പ്രദേശങ്ങളിലുമടക്കം നടന്ന ഈ മാറ്റങ്ങളുടെയും പുതിയ തരം കർഷക സംഘടനകളുടെ ഭാഗമാകാനും ഇന്ത്യൻ ഭരണകൂടത്തിനും അതിന്റെ പിന്നിലുള്ള സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടങ്ങളുടെ ഭാഗമാകാനും നിർബന്ധിതമായതതിന്റെയും യഥാർത്ഥ ഉള്ളടക്കം കണ്ടെത്താൻ അത് മുതിർന്നില്ല.  നിലവിൽ, വിപ്ലവത്തിന്റെ പാത എന്താണെന്ന് വ്യക്തമാക്കികൊണ്ട്, കോർപ്പറേറ്റ് വൽക്കരണത്തിനെതിരായ കർഷകരുടെ പ്രസ്ഥാനം ചരിത്രപരമായ ഒരു പോരാട്ടമായി വികസിപ്പിച്ചിരിക്കുകയാണ്. മുകളിൽ നിന്നുള്ള ഭൂപരിഷ്കരണവും ഹരിത വിപ്ലവവും കാർഷിക പ്രസ്ഥാനത്തിൽ ഒരു വിഭജനം സൃഷ്ടിച്ചിരിക്കുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിൽ, വിവിധ അളവുകളിൽ ഭൂമി കൈവശമുള്ള എല്ലാ കർഷകവിഭാഗങ്ങളും അടങ്ങുന്ന, തങ്ങളുടെ ഉൽ‌പ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിനും  ആവശ്യമായ വിപണന സംവിധാനത്തിനുവേണ്ടിയും കാർഷിക രംഗത്തെ കോർപ്പറേറ്റ് വൽക്കരണത്തിനെതിരെയും ഉള്ള കർഷകരുടെ പ്രസ്ഥാനം ഒരുവശത്തും, കാർഷിക വിപ്ലവവുമായി നേരിട്ട്  ബന്ധപ്പെട്ട കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്ന കൃഷിക്കാരന് എന്ന മുദ്രാവാക്യവും മറ്റ് അടിയന്തര ആവശ്യങ്ങളേയും കേന്ദ്രീകരിച്ചുകൊണ്ട് ഭൂരഹിത, ദരിദ്ര കർഷകരുടെയും  മറ്റ് ഗ്രാമീണ തൊഴിലാളികളുടെയും പ്രസ്ഥാനം മറുവശത്തുമായി, ഇവ രണ്ടിനേയും വിപ്ലവപ്രസ്ഥാനവുമായി കണ്ണിചേർക്കപ്പെടേണ്ടതുണ്ടെന്നുമുള്ള യാഥാർത്ഥ്യത്തെ ഇവർ നിരാകരിക്കുന്നു.  സാമ്രാജ്യത്വത്തിനും ഭൂപ്രഭുത്വത്തിനും എതിരെ ഈ രണ്ട് പ്രസ്ഥാനത്തെയും കാർഷികവിപ്ലവത്തിന്റെ അവിഭാജ്യഘടകങ്ങളായി കാണുന്നതിനു പകരം, മുതലാളിത്ത ബന്ധങ്ങൾ പ്രാമുഖ്യം നേടുകയും പ്രബലമായിക്കൊണ്ടിരിക്കുന്ന പ്രവണതയാണെന്നുമുള്ള യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നതിനുപകരം, ഇന്ത്യ ഇപ്പോഴും വിപ്ലവത്തിനു മുമ്പുള്ള ചൈനയെപ്പോലെയാണെന്ന ലിൻ ബിയാവോയിസ്റ്റ് കുറിപ്പടിയിൽ അവർ ഉറച്ചുനിൽക്കുന്നു. വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തിന് വിരുദ്ധമായി, തങ്ങളുടെ സായുധ പോരാട്ടത്തിന്റെ പ്രാമുഖ്യത്തെ അല്ലെങ്കിൽ പോരാട്ടത്തിന്റെ ഏക രൂപമായി ന്യായീകരിക്കാൻ അവർ ആഗ്രഹിക്കുന്നു. ഈ പ്രയോഗത്തിനായി, ആവർത്തിച്ച് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടും, ഏതെങ്കിലും തരത്തിലുള്ള അവസരവാദ തന്ത്രങ്ങൾ ഉപയോഗിക്കുന്നു. നിയോകോളോണിയലിസമെന്നാൽ മുൻവാതിലിലൂടെ പുറത്തേക്ക് പോയ ചെന്നായക്ക് പകരം പിൻവാതിലിലൂടെ കടന്നുവന്ന കടുവയാണെന്നാണ് മാവോ വിശേഷിപ്പിച്ചത്. ബഹുജനങ്ങളെ അണിനിരത്തി എല്ലാ മേഖലകളിലും അവരുടെ മുൻകൈ കെട്ടഴിച്ചുവിട്ടുകൊണ്ടേ ഇതിനെതിരെ പോരാടാനാകൂ. മാവോയിസത്തെ ഉയർത്തിപ്പിടിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ശക്തികളുടെയും സൈദ്ധാന്തിക സമീപനവും പ്രയോഗവും അതിനെതിരെ പോകുന്നു. 

 

22.   ചൈനീസ് വിപ്ലവ കാലഘട്ടത്തിൽ, ത്സുനി സമ്മേളനത്തിനുശേഷം മാവോയുടെ നേതൃത്വത്തിൽ നടന്ന ഒരു പതിറ്റാണ്ടുകാലത്തെ ഉജ്ജ്വലമായ മുന്നേറ്റത്തിന് ശേഷമാണ്, ചൈനയുടെ വസ്തുനിഷ്ഠ സാഹചര്യങ്ങൾക്കനുസരിച്ച്  മാർക്സിസം-ലെനിനിസം പ്രയോഗിച്ചുകൊണ്ട്, 1943 ലെ സിപിസിയുടെ ഏഴാം പാർട്ടി കോൺഗ്രസ് മാവോ ചിന്തയെ സി‌പി‌സിയുടെ മാർ‌ഗ്ഗരേഖയായി ഉയർത്തിപ്പിടിക്കാൻ തീരുമാനിച്ചത്. മുകളിൽ വിശദീകരിച്ചതുപോലെ, മാവോ മരിക്കുന്നതുവരെ സോവിയറ്റ് തിരുത്തൽവാദ പാതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തുകയും  സോഷ്യലിസ്റ്റ് പരിവർത്തനത്തിന്റെ പാതയിൽ മുന്നേറുകയും ചെയ്തു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സോവിയറ്റ് തിരുത്തൽവാദ പാത പിന്തുടരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഉൾപാർട്ടി സമരം പൊട്ടിപ്പുറപ്പെട്ടു. ഇത് നിരവധി രാജ്യങ്ങളിൽ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടികളുടെ ആവിർഭാവത്തിന് കാരണമായി. അവർ മാർക്സിസം-ലെനിനിസം-മാവോ ചിന്ത (MLMT) ഉയർത്തിപ്പിടിച്ചു. പക്ഷേ, മുകളിൽ വിശദീകരിച്ചതുപോലെ, ബീജിംഗ് റേഡിയോയിലൂടെയും പീപ്പിൾസ് ഡെയ്‌ലിയിലൂടെയും ചൈനീസ് പാതയായി  സി‌പി‌സി ഔദ്യോഗികമായി പ്രചരിപ്പിച്ചിരുന്ന ലിൻ ബിയാവോ പാതയായിരുന്നു ഉള്ളടക്കത്തിൽ അവർ ഉയർത്തിപ്പിടിച്ചിരുന്നത്. 1970 ഓടെ, മാവോ ചിന്തയുടെ മറവിൽ, ലിൻ ബിയാവോ യുടെ ജനകീയ യുദ്ധം നീണാൾ വാഴട്ടെ (Long Live Peoples War) യിൽ വിശദീകരിച്ചത് പോലെ മാവോ ചിന്തയുടെ മറവിൽ പ്രചരിപ്പിച്ചിരുന്ന ലിൻപിയാവോയിസത്തെ പിന്തുടർന്ന എല്ലാവരും തിരിച്ചടികൾ നേരിടാൻ തുടങ്ങി. 1971 ൽ ലിൻ ബിയോവോയുടെ അരാജകവാദ നിലപാടിനെ സി‌പി‌സി തള്ളിക്കളയുകയും ചൈനയിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അദ്ദേഹത്തിന്റെ അപകട മരണം പ്രഖ്യാപിക്കുകയും ചെയ്തതിനു ശേഷം വളരെ ചെറിയ ഒരു വിഭാഗം ഒഴികെയുള്ള എല്ലാ എം‌എൽ പാർട്ടികളും സംഘടനകളും ലിൻ ബിയോവോയുടെ പേരും ഉദ്ധരണികളും അവരുടെ രേഖകളിൽ നിന്ന് നീക്കം ചെയ്തെങ്കിലും, നവ കോളനിവൽക്കരണത്തിൻ കീഴിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ച് പഠനം നടത്താൻ വിസമ്മതിച്ചത് മൂലം അവർ ലിൻ ബിയാവോ പരികല്പനകൾ നിലനിർത്തി. പകരം, ഇന്ത്യ ഇപ്പോഴും വിപ്ലവപൂർവ്വ ചൈനയെ പോലെ അർദ്ധ കൊളോണിയൽ, അർദ്ധ ഫ്യൂഡൽ രാജ്യമാണ് ഇന്ത്യയെന്നും നീണ്ടുനിൽക്കുന്ന ജനകീയ യുദ്ധമാണ് വിപ്ലവത്തിന്റെ പാതയെന്നുമുള്ള പ്രമാണവാദപരമായ വിശ്വാസം അവർ തുടർന്നു. എല്ലാവരും തന്നെ, സായുധപോരാട്ടത്തെ പ്രധാന രൂപമായി അല്ലെങ്കിൽ പോരാട്ടത്തിന്റെ ഏക രൂപമായി പിന്തുടരുന്നവർ പ്രത്യേകിച്ചും, ലിൻപിയാവോയിസത്തെ മാവോ ചിന്തയായി കരുതി വിശ്വസ്തതയോടെ പിന്തുടരുന്നു. പെറുവിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഥവാ ഷൈനിങ്ങ് പാത്തിന്റെ ചെയർമാൻ ഗോൺസാലോസ് മാർക്സിസം-ലെനിനിസം-മാവോയിസം എന്ന ആശയം മുന്നോട്ട് വയ്ക്കുകയും ഗോൺസാലോസ് ചിന്തയെ തന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ വഴികാട്ടിയായി ചേർക്കുകയും തുടർന്ന് റെവല്യൂഷണറി ഇന്റർനാഷണൽ മൂവ്‌മെന്റിന്റെ (ആർ‌ഐ‌എം) ഘടകകക്ഷികൾ ഈ പുതു യുഗത്തിന്റെ മാർക്സിസം-ലെനിനിസമായി അത് ഉയർത്തിപ്പിടിക്കുകയും ചെയ്തപ്പോൾ അവർ മാവോ ചിന്തയെ നിന്ന് മാവോയിസമെന്ന പരികല്പനയിലേക്ക് യാന്ത്രികമായി മാറി. 

 

23. ഈ സംഘടനകളും റെവല്യൂഷണറി ഇന്റർനാഷണൽ മൂവ്‌മെന്റും (RIM) പീപ്പിൾസ് കമ്യൂണുകളും സാംസ്കാരിക വിപ്ലവവും ഉൾപ്പെടെയുള്ള മാവോയുടെ മഹത്തായ കാഴ്ചപ്പാടുകൾ കയ്യൊഴിയുകയും,  മാവോയിസത്തിന്റെ ബാനറിൽ മാവോയുടെ പേര് മാത്രം നിലനിർത്തി അത് അധികാരത്തിലേയ്ക്കുള്ള കുറുക്കുവഴിയാക്കുകയും ചെയ്തുവെന്നതാണ് പ്രധാന കാര്യം. പെറുവിലോ നേപ്പാളിലോ മുൻപോ വർത്തമാന കാലത്തോ മറ്റെവിടേയും നടന്ന സായുധ പോരാട്ട പ്രയോഗങ്ങളെല്ലാം തന്നെ ഏറ്റവും മോശമായ  പ്രായോഗികതാവാദം മാത്രമാണെന്ന് സ്പഷ്ടമായ കാര്യമാണ്. ഉദാഹരണത്തിന്, മാവോയിസം ഉയർത്തിപ്പിടിച്ചുകൊണ്ട് ജനകീയ യുദ്ധത്തിലൂടെ നേപ്പാളിന്റെ 90% നിയന്ത്രണം അവകാശപ്പെട്ടതിനുശേഷം, അത് വിട്ട് രാജഭരണത്തെ അട്ടിമറിക്കാനുള്ള രാജ്യവ്യാപകമായ ജനകീയ പ്രക്ഷോഭത്തിൽ പ്രചണ്ട ചേർന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് നാമെല്ലാം കണ്ടതാണ്. ഫ്യൂഡൽ സാമ്പത്തിക അടിത്തറയിൽ അടിസ്ഥാനപരമായ മാറ്റങ്ങളുടെ ഒരു തുടക്കം പോലും സംഭവിച്ചില്ല, അദ്ദേഹം പ്രധാനമന്ത്രിയായതിനുശേഷം പോലും ഉപരിഘടനയിൽ പോലും ഒരു മാറ്റവും സംഭവിച്ചില്ല. ബ്രാഹ്മണിക്കൽ, മനുവാദി ആർ‌എസ്‌എസിന്റെ സ്വാധീനം വർദ്ധിച്ചുകൊണ്ടിരിക്കേ, മുൻ‌നിര നേതാക്കൾ പോലും ആർ‌എസ്‌എസ് കാരെപോലെ കുങ്കുമ തിലകം ധരിക്കുന്നു. ചുരുക്കത്തിൽ, അവർക്ക് മാവോയിസം അധികാരം പിടിച്ചെടുക്കാനുള്ള പ്രായോഗിക ഉപകരണം മാത്രമാണ്. മാവോയുടെ മഹത്തായ ദാർശനിക പാഠങ്ങളും അദ്ദേഹം നയിച്ച സാംസ്കാരിക വിപ്ലവത്തിന്റെ ആശയങ്ങളും അവർ കയ്യൊഴിഞ്ഞു. അതിനാൽ, സി‌പി‌എൻ‌ (മാവോയിസ്റ്റ്) നെ പോലെ അവർ അതിവേഗം അധഃപതിച്ചു. മാവോയിസ്റ്റുകൾ ഉള്ള എല്ലാ രാജ്യങ്ങളിലും ഏതാണ്ട് സമാനമായ രീതിയിലാണ് കാര്യങ്ങൾ സംഭവിക്കുന്നത്. ലെനിൻ ചൂണ്ടിക്കാണിച്ചതുപോലെ, ‘ഇടത്’ സാഹസിക പാത ആത്യന്തികമായി വലത് അവസരവാദികളുടേതിനു സമാനമായ നിലപാടുകളിലേക്ക് നയിക്കുന്നു; രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. 

 

24. മാവോ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയത് ജനങ്ങൾക്ക് മാത്രമേ ചരിത്രം സൃഷ്ടിക്കാൻ കഴിയൂ എന്നാണ്. മുകളിൽ സംക്ഷിപ്തമായി വിശദീകരിച്ചതുപോലെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നിലുള്ള സുപ്രധാനമായ കടമയായ മുതലാളിത്വത്തിനെതിരായ ബദൽ പാത അന്വേഷിക്കുന്നതിനും പരീക്ഷിക്കുന്നതിനും പ്രയോഗത്തിൽ വരുത്തുന്നതിനുമുള്ള മികച്ച ശ്രമങ്ങളുടെ ഉദാഹരണമാണ് മാവോയുടെ മുഴുവൻ ജീവിതവും. സോവിയറ്റ് യൂണിയനിലെ തിരിച്ചടികൾക്ക് ശേഷം, അത്തരമൊരു ദാർശനികവും പ്രായോഗികവുമായ കുതിച്ചുചാട്ടം കൂടാതെ വിപ്ലവ ത്വര നിലനിർത്താനും തീവ്രമാക്കാനും കഴിയില്ല. വിപ്ലവം ഒരു ചായസൽക്കാരമല്ല, ആധിപത്യത്തിലിരിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ സാമ്പത്തിക അടിത്തറ മാത്രമല്ല, അതിന്റെ സാംസ്കാരിക വിഴുപ്പുകളും തൂത്തെറിയാനുള്ള മഹത്തായ പോരാട്ടമണ്. ലു ഷുൻ ഒരു ചെറിയ കവിതയിൽ എഴുതിയതുപോലെ, ഭ്രാന്തൻ നായയെ നദിയിലേക്ക് വലിച്ചെറിയുന്നിടത്ത് നിങ്ങൾ നിർത്തരുത്, അതിനെ ഇല്ലാതാക്കണം, അല്ലാത്തപക്ഷം അത് തിരിച്ച് വന്ന് നിങ്ങളെ ഇല്ലാതാക്കും! സാംസ്കാരിക വിപ്ലവം വരെ, മാവോയുടെ എല്ലാ ശ്രമങ്ങളും ഈ ദിശയിലായിരുന്നു. വിപ്ലവ യുദ്ധകാലത്ത് ചിയാങ്ങിന്റെ കൂമിന്റാങിനെതിരെ മാവോ ലോംഗ് മാർച്ചിന് നേതൃത്വം നൽകിയിരുന്നു, എന്നാൽ വിപ്ലവത്തിനുശേഷം മാവോ നയിച്ചത് പോരാട്ടത്തിന്റെ എല്ലാ മേഖലകളിലുമുള്ള ശത്രുക്കളെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള കൂടുതൽ ശ്രമകരമായ ലോംഗ് മാർച്ചായിരുന്നു. ഇത് വളരെ സങ്കീർണ്ണമായ ഹിമാലയൻ ദൗത്യമായിരുന്നു. 1949 ൽ അധികാരം പിടിച്ചെടുക്കുന്നതുവരെ അദ്ദേഹത്തിനൊപ്പം പോരാടിയിരുന്ന സി‌പി‌സിയുടെ പ്രബലരയ ഭൂരിഭാഗം പേരും, അദ്ദേഹം പോരാടിയ വിപ്ലവനിലപാട് മുന്നോട്ട് കൊണ്ട് പോകാൻ വിസമ്മതിച്ചുകൊണ്ട് അദ്ദേഹത്തെ പരാജയപ്പെടുത്തി. ശക്തമായ സൈദ്ധാന്തികവും പ്രായോഗികവുമായ പ്രത്യാക്രമണത്തിലൂടെ എല്ലാ അന്യവർഗ പ്രവണതകളെയും പരാജയപ്പെടുത്തിക്കൊണ്ട് ഈ പോരാട്ടം മുന്നോട്ട് കൊണ്ട് പോവുകയെന്നതാണ് ചിന്തിക്കാനും പോരാടാനും വിജയിക്കാനും ധൈര്യപ്പെടുന്ന എല്ലാ മാർക്സിസ്റ്റ്-ലെനിനിസ്റ്റുകളുടെയും ഇന്നത്തെ കടമ.     

 

The Communist movement in India has a history of almost a century after the salvos of October Revolution in Russia brought Marxism-Leninism to the people of India who were engaged in the national liberation struggle against the British colonialists. It is a complex and chequered history.