Print this page
-->

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2020 - പ്രകടനപത്രിക : ജനങ്ങളുടെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മാറ്റിത്തീർക്കുക.

20 November 2020

ജനങ്ങളുടെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മാറ്റിത്തീർക്കുക.

 

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2020

പ്രകടനപത്രിക .

 

സി പി ഐ ( എം.എൽ) റെഡ് സ്റ്റാർ

 

 1. ജനങ്ങളുടെ നിലനില്പ്പും ഉപജീവനവും തൊഴിൽ, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, കായിക- കലാ-വിനോദങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളും  ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ അവരുടെ ചുറ്റുവട്ടത്തും ആവാസ വ്യവസ്ഥയിലും  തീരുമാനിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കപ്പെടണം. അല്ലാതെ മുകളിൽനിന്നും കെട്ടിയിറക്കുന്ന നയങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതല്ല.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക് ഇവിടെയാണ് പ്രസക്തമാകുന്നത്.

എന്നാൽ തദ്ദേശ ഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച ജനകീയവും ജനാധിപത്യപരവുമായ ഇത്തരമൊരു സമീപനം കോർപ്പറേററ് മൂലധനത്തിന്റെ സേവകരും സവർണ്ണ-വരേണ്യ പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളുമായ ഇന്ത്യൻ ഭരണവർഗ്ഗങ്ങൾക്കില്ല.

 

 1. 1990-കൾ മുതലുള്ള നവഉദാരീകരണ ഘട്ടംആരംഭിച്ചതോടെ സാമ്പത്തിക പ്രവർത്തനങ്ങളിൽനിന്നും സാമൂഹ്യ ക്ഷേമ പദ്ധതികളിൽനിന്നും സർക്കാർ പിൻവാങ്ങുകയും ഈ രംഗത്തെ ബജറ്റുവിഹിതം വൻതോതിൽ വെട്ടിക്കുറക്കുകയും ചെയ്തു. സമ്പദ്ഘടനയിലെ 'മുൻകൈ' പ്രവർത്തകർ എന്ന ക്ഷേമരാഷ്ട്ര സമീപനത്തിന്റെ സ്ഥാനത്ത് അതൊരു കോർപ്പറേറ്റ് 'സഹായി' മാത്രമാണെന്ന നവ ഉദാരവീക്ഷണം ഭരണവർഗ്ഗങ്ങൾ അംഗീകരിച്ചു. ഇതു സൃഷ്ടിച്ച വിടവ് നികത്താൻ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ ഭരണസ്ഥാപനങ്ങളെ സജ്ജീവമാക്കിക്കൊണ്ട് സാമൂഹ്യ സേവനവും പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ 'പങ്കാളിത്ത വികസനം' 'പങ്കാളിത്ത ജനാധിപത്യം'തുടങ്ങിയ ലേബലുകളിൽ ജനങ്ങളുടെ ചുമലുകളിൽ ഏൽപ്പിക്കാൻ തീരുമാനമായി. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, കുടിവെള്ള വിതരണം, ജലസേചനം, റോഡു നിർമ്മാണം, വനവൽക്കരണം തുടങ്ങിയ പദ്ധതികൾ തദ്ദേശ ഭരണസ്ഥാപനങ്ങൾക്കായി ഇപ്രകാരം നീക്കിവച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ആഗോളീകരണ-ഉദാരീകരണനയങ്ങൾക്കു തുടക്കമിട്ടതോടൊപ്പം 1992ൽ 73-ഉം 74-ഉം ഭരണഘടന ഭേദഗതികളോടെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുത്തു. അഞ്ചുവർഷം കൂടുമ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടത്തേണ്ടത് സംസ്ഥാനങ്ങളുടെ ഭരണഘടനാ ബാധ്യതയാക്കി. ആഗോളീകരണ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ കൂടി ബാധ്യതയാക്കിയതോടെ ലോകബാങ്കും ഏഷ്യൻ വികസന ബാങ്കും പോലുള്ള പുത്തൻകൊളോണിയൽ ധനകാര്യ സ്ഥാപനങ്ങൾ പഞ്ചായത്തുകൾക്കും മറ്റും നേരിട്ടു വായ്പകൾ നൽകുന്ന സ്ഥിതിയും സംജാതമായി.

 

 1. പഞ്ചായത്തുകൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ഇതു വലിയ പ്രാധാന്യം നൽകുകയും അവയും അധികാരകേന്ദ്രങ്ങളാക്കുകയും ചെയ്തതോടെ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ പോലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളും പാർട്ടികളുടെ മുഖ്യ അജണ്ടയാകുകയും ചെയ്തത് ഈ പശ്ചാത്തലത്തിലാണ്. എന്നാലതേസമയം, ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കപ്പെട്ടതോടെ അവ നടപ്പാക്കാനുള്ള ഭാരിച്ച ബാധ്യതകളും പഞ്ചായത്തുകൾക്ക് ഏറ്റെടുക്കേണ്ടിവന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദാര്യത്തിൽ കിട്ടുന്ന പദ്ധതി വിഹിതത്തോടൊപ്പം തനതു വിഭവങ്ങൾ കണ്ടെത്തേണ്ടിവരുന്നത് വീട്ടുകരം വർദ്ധിപ്പിക്കുന്നതുൾപ്പെടെ ജനങ്ങൾക്കുമേൽ വലിയഭാരം കെട്ടിവയ്ക്കുന്നതിനു കാരണമായിരിക്കുന്നു. മുകളിൽ നിന്നും കെട്ടിയിറക്കിയ അധികാര വികേന്ദ്രീകരണത്തിന്റെ പരിമിതികൾ തിരിച്ചറിയുന്നതിനും പഞ്ചായത്തുകൾക്ക് ഭരണപരമായ കൂടുതൽ അധികാരങ്ങൾ വേണമെന്നു ചിന്തിച്ചു തുടങ്ങുന്നതിനും ഇതു ജനങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ട്. യു ഡി എഫ്, എൽ ഡി എഫ്, ബി ജെ പി തുടങ്ങിയ ഭരണ മുന്നണികളാകട്ടെ ഇക്കാര്യങ്ങളിലൊന്നും തൽപ്പരരാകാതെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സീറ്റുകൾ ഉറപ്പാക്കുന്നതിൽ മാത്രം ഊന്നൽ നൽകുന്നു.

ഇതുവഴി അധികാര വികേന്ദ്രീകരണത്തിനു പകരം അഴിമതിയുടെ വികേന്ദ്രീകരണവും മൂലധന കേന്ദ്രീകരണവുമാണ് നടപ്പായത്.

 

 1. ഹിന്ദുത്വശക്തികൾ നിയന്ത്രിക്കുന്ന മോദി ഭരണത്തിൽ കോർപ്പറേറ്റ് -കാവി ഫാസിസം ശക്തിപ്പെടുകയും അദ്ധ്വാനിക്കുന്ന ബഹുജനങ്ങൾ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം പാപ്പരീകരണത്തിനു വിധേയമാകുകയുമാണ്. കാർഷിക വ്യവസായിക തകർച്ചയും തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും അഭൂതപൂർവ്വമായ പരിസ്ഥിതി വിനാശവും കുടിയൊഴിപ്പിക്കലുകളും ജാതീയ-വർഗ്ഗീയ അടിച്ചമർത്തലുകളും ജനാധിപത്യാവകാശ നിഷേധങ്ങളും സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളും ദളിതരും ആദിവാസികളും മത ന്യൂനപക്ഷങ്ങളുമടക്കം മർദ്ദിത ജനവിഭാഗങ്ങൾക്കെതിരായ നീക്കങ്ങളും വ്യാപകമായിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളും സംവിധാനങ്ങളും സംഘ പരിവാർ നിയന്ത്രണത്തിലേക്ക് എത്തിയിരിക്കുന്നു.

 

 1. അഖിലേന്ത്യാതലത്തിൽ ശക്തിപ്പെടുന്ന നവഉദാര- കോർപ്പറേറ്റ് നയങ്ങളുടെ കൂടുതൽ വഷളായ പരിച്ഛേദമാണ് കേരളത്തിലെ എൽ ഡി എഫ് ഭരണം കാഴ്ചവയ്ക്കുന്നത്.

ദേശീയ പാത വികസനമെന്ന പേരിൽ വൻ തോതിൽ കുടിയൊഴിപ്പിച്ചു കൊണ്ടുള്ള ചുങ്കപ്പാത, കെ - റെയിൽ, വിമാനത്താവള പദ്ധതികൾ തുടങ്ങിയുള്ള  പദ്ധതികളുടെ ഭാഗമായി കോർപ്പറേറ്റ് മൂലധന ശക്തികളുടെ ഇടനിലക്കാരായ കൺസൾട്ടൻസികളും അവരുടെ മാഫിയാ സ്വഭാവമുള്ള കൂട്ടാളികളും ഭരണ സിരാ കേന്ദ്രങ്ങളിൽത്തന്നെ പിടിമുറുക്കി. സർക്കാർ പദ്ധതികളെ സംബന്ധിച്ചുള്ള നയങ്ങളും നിർവ്വഹണവും ഇത്തരത്തിലുള്ള ശക്തികൾ നിയന്ത്രിക്കുന്നതിന്റെ ഫലമായി നടന്നിട്ടുള്ള അധോലോക മാഫിയാ സംഘങ്ങളെപ്പോലും അതിശയിപ്പിക്കുന്ന ഇടപാടുകളെ സംബന്ധിച്ച വിവരങ്ങളാണ് സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്നതു്.

മോദി സർക്കാരിന്റെ നവലിബറൽ നയങ്ങൾക്കെതിരെ 'ഇടതു കേരളത്തിന്റെ 'ഫലപ്രദമായ ഇടപെടലായി സി പി എം അവതരിപ്പിക്കുന്ന കിഫ്ബിയും യഥാർത്ഥത്തിൽ, പിണറായി സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് 2016 ൽത്തന്നെ നിയമനിർമ്മാണത്തിലൂടെ പുന:സംഘടിപ്പിച്ചത് ,കേന്ദ്ര സർക്കാർ ആസൂത്രണ ബോർഡ് പിരിച്ചുവിട്ട് പകരം നീതി ആയോഗ് എന്ന കോർപ്പറേറ്റ് ചിന്താ സംഭരണിയെ സ്ഥാപിച്ചതിനു തുടർച്ചയായി ലോക ബാങ്കുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ 2016 ൽ രൂപം കൊടുത്ത നിഫ്ബിയുടെ മാതൃകയിലാണ്. ക്രമേണ, പാർലമെന്റിനേയും മറ്റും നോക്കുകുത്തിയാക്കി മൂലധന ശക്തികളുടെ മുൻകൈയിൽ നയതീരുമാനങ്ങളെടുക്കുന്ന കേന്ദ്ര മാതൃകയിൽത്തന്നെ ഇവിടുത്തെ ഭരണ സിരാകേന്ദ്രത്തിലും കൺസൾട്ടൻസികളും അവരുടെ ബിനാമികളും കയറി നിരങ്ങുന്ന സ്ഥിതിയുണ്ടായി. അഴിമതിയും കള്ളക്കടത്തും കമ്മീഷൻ ഇടപാടുകളുമെല്ലാം ഈ കോർപ്പറേറ്റ് ജീർണ്ണതയിൽ അന്തർലീനമാണ്.

ഇപ്രകാരമുള്ള കോർപ്പറേറ്റ് നയങ്ങൾക്കൊപ്പം മോദി മാതൃകയിൽ ഭരണകൂട അടിച്ചമർത്തലുകളും ശക്തിപ്പെടുത്തുന്നു. വികസനത്തിന്റെ പേരിൽ ഭൂമിയും ജീവിതോപാധികളും നഷ്ടപ്പെടുന്ന ജനങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങളെ പോലീസിനെ കയറൂരി വിട്ടും നിരന്തരം കേസുകൾ ചാർജ്ജു ചെയ്തും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. UAPA വ്യാപകമായി ചാർജു ചെയ്യുകയും ചെറുപ്പക്കാരെ ജയിലിലടക്കുകയും ചെയ്യുന്നു. മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ വ്യാജ ഏറ്റുമുട്ടലിലൂടെ 2 സ്ത്രീകൾ ഉൾപ്പെടെ 8 പേരെ കൊലപ്പെടുത്തി.

ജനാധിപത്യാവകാശമായ സംവരണത്തെ അട്ടിമറിച്ച് സവർണ്ണസംവരണം ഏർപ്പെടുത്തി RSS ന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നു.

 

മോദി - പിണറായി സർക്കാരുകൾ കോൺഗ്രസിന്റെ വലതു പക്ഷ നയങ്ങൾ തന്നെയാണ് തീവ്ര രൂപത്തിൽ നടപ്പാക്കുന്നത് എന്നതിനാൽ പ്രതിപക്ഷമെന്ന നിലയിലുള്ള ചില കാട്ടിക്കൂട്ടലുകൾക്കപ്പുറം കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന് ഇവയെ രാഷ്ട്രീയമായി പ്രതിരോധിക്കാനാവില്ല.

 

കേരള സർക്കാർ മോദിയുടെ മാതൃകകൾ തന്നെ പിന്തുടരുമ്പോഴും ഇവിടുത്തെ LDF - UDF സർക്കാരുകളുടെ കൊടുക്കൽ വാങ്ങൽ ഒത്തുതീർപ്പു രാഷ്ട്രീയം കണ്ടുമടുത്ത ജനങ്ങളുടെ അമർഷത്തെ ഉപയോഗപ്പെടുത്തിയും വർഗ്ഗീയതയെ കെട്ടഴിച്ചു വിട്ടും മനുവാദ ഹിന്ദുത്വ ആശയങ്ങൾ ശക്തിപ്പെടുത്തിയും  ആധിപത്യം സ്ഥാപിക്കാനാണ് BJP യുടെ ശ്രമം.    

 1. രാജ്യമാസകലം അടിച്ചേൽപ്പിക്കപ്പെടുന്ന കോർപ്പറേറ്റ്‌വൽക്കരണത്തിന്റെ നാനാരൂപങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാനമായ പല പ്രവണതകളും ഇപ്പോൾ ശക്തിപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ആവാസവ്യവസ്ഥക്കും ഉപജീവനത്തിനുംമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന വിനാശകരമായ പദ്ധതികൾക്കെതിരെ ജനങ്ങൾ അത്യന്തം രോഷാകുലരാണ്. ഭരണവർഗ്ഗ പാർട്ടികളും ഭരണവർഗ്ഗ രാഷ്ട്രീയത്തിലേക്കു ജീർണിച്ചവരും കോർപ്പറേറ്റുകൾക്കു കൂട്ടുനിന്ന് ഇത്തരം പദ്ധതികൾ അടിച്ചേൽപ്പിക്കുമ്പോൾ പ്രായോഗിക തലങ്ങളിൽ അടിത്തട്ടിൽനിന്നും ശക്തമായ ജനകീയ ചെറുത്തുനിൽപ് ഇന്നുയർന്നു വന്നുകൊണ്ടിരിക്കുന്നു. വികസനത്തിന്റെ പേരിൽ ആവാസ വ്യവസ്ഥയിൽ നിന്നും മണ്ണിൽനിന്നുമുള്ള ആദിവാസികളുടെയും ദളിതരുടെയും കർഷക ജനതയുടെയും കുടിയൊഴുപ്പിക്കലുകൾ, ഭൂമാഫിയാകളുടെ കയ്യേറ്റങ്ങൾ, ക്വാറി- മണൽ- വനമാഫിയയുടെ അതിക്രമങ്ങൾ, വിദേശ കമ്പനികളും അവരുടെ ബിനാമികളായ ടാറ്റയും ഹാരിസണും ഉൾപ്പെടെയുള്ള വൻകിട തോട്ട മാഫിയാകൾ നിയമ വിരുദ്ധമായി ഭൂമി കയ്യടക്കി വെച്ചിരിക്കുന്നത് , ബി ഒ ടി- പി പി പി പദ്ധതികൾ, വ്യാപകമാകുന്ന പരിസ്ഥിതി വിനാശവും മലിനീകരണവും ജാതീയമായ അടിച്ചമർത്തലുകൾ, ആണവ പദ്ധതികൾ, അതിവേഗ പാതകൾ, ഇടനാഴികൾ, പ്രത്യേക സാമ്പത്തികമേഖലകൾ സ്ത്രീകൾക്കെതിരായ കടന്നാക്രമണം തുടങ്ങി ഇന്നത്തെ കോർപ്പറേറ്റ് വൽക്കരണവും ജനാധിപത്യ നിഷേധവുമായി ബന്ധപ്പെട്ട വിനാശങ്ങൾക്കെതിരായ ജനകീയ മുന്നേറ്റങ്ങൾ സൂഷ്മതലങ്ങളിൽ നിന്നാണ് ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പലഭാഗങ്ങളിൽനിന്നുള്ള വാർത്തകൾ വ്യക്തമാക്കുന്നതുപോലെ, കോർപ്പറേറ്റുകൾക്കും കേന്ദ്ര- സംസ്ഥാന ഭരണത്തിനുമെതിരെ ഇപ്രകാരം ഉയർന്നുവരുന്ന ജനകീയ ചെറുത്തുനിൽപ്പുകൾക്കൊപ്പം നിൽക്കാനും മുകളിൽനിന്നും അടിച്ചേൽപ്പിക്കപ്പെടുന്ന വിനാശപദ്ധതികൾക്കെതിരെ നിലപാടെടുക്കാനും പഞ്ചായത്തുകൾ നിർബന്ധിതരാകുന്നുണ്ട്. എന്നാൽ കേന്ദ്ര- സംസ്ഥാന തലങ്ങളിൽ എക്‌സിക്യൂട്ടീവും ജുഡീഷറിയും പഞ്ചായത്തു തീരുമാനങ്ങളെ വീറ്റോചെയ്യുന്നതും ഒരുതരത്തിലുമുള്ള അധികാരമില്ലാത്തസ്ഥാപനങ്ങളാണ് അവയെന്നു തുറന്നു കാട്ടുന്നതും സാധാരണമായിരിക്കുന്നു. എന്നാൽ അതിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ട് രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിന് അനുകൂലമായ സാഹചര്യമാണ് ഇതു ജനങ്ങൾക്കു പ്രദാനം ചെയ്യുന്നത്.
 2. പഞ്ചായത്തുകളേയും തദ്ദേശഭരണ സ്ഥാപനങ്ങളേയും ജനകീയരാഷ്ട്രീയ അധികാരകേന്ദ്രങ്ങളായി വിപ്ലവപകരമായി പരിവർത്തിപ്പിക്കുന്നതിനുള്ള മൂർത്തമായ സാഹചര്യമാണ് ഇതുവഴി സംജാതമായിരിക്കുന്നത്. എന്നാൽ മുകളിൽനിന്നു കെട്ടിയിറക്കുന്ന അധികാരവികേന്ദ്രീകരണത്തിന്റെ വക്താക്കൾക്കോ നടത്തിപ്പുകാർക്കോ ഈ കടമ ഏറ്റെടുക്കാനാവില്ല. അടിത്തട്ടിൽ നിന്നാരംഭിക്കുന്നതും അധികാരം ജനങ്ങളിൽ നിക്ഷിപ്തമാക്കുന്നതുമായ യഥാർത്ഥ അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ച് ആശയവ്യക്തതയും രാഷ്ട്രീയനിലപാടുമുള്ള വിപ്ലവശക്തികൾക്കു മാത്രമേ ഇതിനു നേതൃത്വം കൊടുക്കാൻ കഴിയു. അതായത് യഥാർത്ഥ അധികാരവികേന്ദ്രീകരണം എന്നത് സൂഷ്മതലത്തിൽ ജനകീയാധികാരം ഉറപ്പാക്കുന്നതും വ്യവസ്ഥക്കെതിരായ വർഗ്ഗസമരത്തിന്റെ വികാസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് എന്നുമുള്ള ശരിയായ കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കപ്പെടേണ്ടത്.
 3. ഇതു സാദ്ധ്യമാകണമെങ്കിൽ പഞ്ചായത്തിന്റെ തന്നെ അധികാരഘടനയിൽ മൗലികമായ മാറ്റങ്ങൾ കൊണ്ടുവന്നേതീരൂ. ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തുകൾക്കു കൈമാറിക്കിട്ടിയ നാമമാത്രമായ അധികാരങ്ങൾ പോലും പഞ്ചായത്തു സെക്രട്ടറി അഥവാ എക്‌സിക്യൂട്ടീവ് ഓഫീസർ എന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് കാര്യനിർവഹണപരമോ ധനപരമോ ആയ ഉത്തരവാദിത്വങ്ങൾ കൈകാര്യംചെയ്യാനാകാതെ കാഴ്ചക്കാരായി നിൽക്കേണ്ട സ്ഥിതിയാണുള്ളത്. അഴിമതിക്കാരും ജനവിരുദ്ധരുമായ പ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശമാകട്ടെ, ജനങ്ങൾക്കില്ലതാനും. അതേപോലെ, തദ്ദേശ സ്ഥാപനങ്ങളുടെ വിഭവ സമാഹരണത്തിനുള്ള ഉറവിടമായിതീരേണ്ട ഭൂനികുതി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുമാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്തു ഭരണത്തിലെ ഉദ്യോഗസ്ഥമേധാവിത്വം അവസാനിപ്പിച്ച് ജനകീയാധികാരം ഉറപ്പാക്കേണ്ടതും ഭൂനികുതിയടക്കം തദ്ദേശ ഭരണസ്ഥാപനങ്ങളുടെ തനതു വിഭവസ്രോതസുകൾ വിപുലപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആശ്രിതരെന്ന അവസ്ഥ അവസാനിപ്പിക്കേണ്ടതും യഥാർത്ഥ അധികാര വികേന്ദ്രീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പുകളാണ്.
 4. ഇപ്രകാരം, നിലവിലുള്ള ഭരണ വ്യവസ്ഥയേയും അധികാര ഘടനയേയും ഒരു ജനകീയ ബദലിന്റെ അടിസ്ഥാനത്തിൽ വിപ്ലവകരമായി പരിവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളേയും തദ്ദേശ ഭരണ സ്ഥാപനങ്ങളേയും ജനകീയാധികാര കേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി ഐ (എം എൽ) റെഡ്സ്റ്റാർ സ്ഥാനാർത്ഥികൾ മത്സരിക്കുന്നതും ജനകീയ സമരമുന്നണി സ്ഥാനാർത്ഥികളെ പിന്തുണക്കുന്നതും താഴെപ്പറയുന്ന പരിപാടിയുടെ അടിസ്ഥാനത്തിലാണ്.
 5. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽപ്പെടുന്ന പ്രദേശത്തെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും-ഭൂഉടമസ്ഥത, കൃഷി മുഖ്യ ജീവിതോപാധിയായിട്ടുള്ള, മണ്ണിൽ പണിയെടുക്കുന്നവർക്ക് ഭൂമിയിന്മേലുള്ള അവകാശം, ഭൂ വിനിയോഗം, ഭൂമിയിന്മേലുള്ള റിയൽ എസ്റ്റേറ്റു താൽപര്യങ്ങൾ അവസാനിപ്പിക്കൽ, ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവർക്ക് ഭൂമി ഉറപ്പുവരുത്തൽ - തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരിക.
 6. നെൽകൃഷിയും പച്ചക്കറിയും അടക്കം ഭക്ഷ്യ സ്വയംപര്യാപ്തതക്ക് പ്രഥമ പരിഗണന നൽകും വിധം കൃഷിയുടെ ഉത്തരവാദിത്വം പഞ്ചായത്തുകളിൽ നിക്ഷിപ്തമാക്കുക. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയും ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഉപയോഗത്തിന് അറുതിവരുത്തുകയും ചെയ്യുക.
 7. വായു, കുടിവെള്ളം, പരിസര സന്തുലനം എന്നിവ ഉറപ്പുവരുത്തുന്നവിധം പരിസ്ഥിതിയുടെയും ആവാസവ്യസ്ഥയുടെയും മേലുള്ള എല്ലാവിധ കോർപ്പറേറ്റ് താൽപര്യങ്ങൾക്കും വിരാമമിടുക.
 8. കഴിഞ്ഞ പ്രളയങ്ങളുടെയും ഉരുൾ പൊട്ടലുകളുടെയും അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, അതിവൃഷ്ടിയെ ഉൾക്കൊള്ളാനും വെള്ളപ്പൊക്കത്തിന്റെ ആഘാതത്തെ ചെറുക്കാനുമുള്ള കാടിന്റെയും മണ്ണിന്റെയും പുഴകളുടെയും സ്വാഭാവിക ശേഷിയെ തടസ്സപ്പെടുത്തുന്ന കയ്യേറ്റങ്ങളും നിർമ്മാണങ്ങളും ഇടപെടലുകളും അവസാനിപ്പിക്കുക. ക്വാറികൾക്കും മലയിടിക്കലിനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. നെൽവയലുകളും പുഴകളും കുന്നുകളും പ തണ്ണീർത്തടങ്ങളും ജലാശയങ്ങളും കണ്ടൽകാടുകളും വനങ്ങളും സംരക്ഷിക്കുക. തുടങ്ങിയവ പരിസ്ഥിതി സംതുലിനത്തിന്റെയും ജനങ്ങളുടെ സ്ഥായിയായ നിലനിൽപ്പിന്റെയും അടിസ്ഥാനത്തിൽ സംരക്ഷിക്കുക.
 9. ശാസ്ത്രീയവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ്‌ക്കരണവും ഡ്രയിനേജ് സംവിധാനവും ഉറപ്പാക്കുക. പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുക.
 10. വാസയോഗ്യമായ പാർപ്പിടം അവകാശമാണ് എന്നതിന്റെയും ഒരു കുടുംബത്തിന് ഒരു വീട് എന്ന തത്വത്തിന്റെയും അടിസ്ഥാനത്തിൽ പാർപ്പിട നയം ആവിഷ്‌ക്കരിക്കുക. ആഡംബര ഭവനങ്ങളെ നിരുത്സാഹപ്പെടുത്തുക.ഇതുമായി ബന്ധപ്പെട്ട് കരിങ്കൽ, മണൽ ആവശ്യങ്ങൾ പരിമിതപ്പെടുത്തുകയും ക്വാറികളെയും മണൽവാരലിനെയും നിയന്ത്രിക്കുകയും ചെയ്യുക.
 11. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും പരിസ്ഥിതി സൗഹൃദവും കുറഞ്ഞ ഊർജ്ജം ആവശ്യമുള്ളതുമായ കാർഷികാധിഷ്ഠിത പരമ്പരാഗത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക.
 12. പ്രവാസി മലയാളികളുടെ പങ്കാളിത്തം ജനകീയ വികസന പ്രക്രിയയിൽ ഉറപ്പാക്കുക. ഉല്പാദന മേഖലയിലെ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി പ്രവാസി നിക്ഷേപം ഫലപ്രദവും ശാസ്ത്രീയവുമായി വിനിയോഗിക്കുന്നതിന് പദ്ധതികൾ ആവിഷ്ക്കരിക്കണം. ബാഹ്യ ശക്തികളിന്മേലുള്ള സംസ്ഥാനത്തിന്റെ ആശ്രിതത്വം അവസാനിപ്പിക്കുന്നതിന് പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തുകയും ജനകീയ വികസന അജണ്ടയുടെ ഭാഗമായി ഇക്കാര്യത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തുകയും ചെയ്യുക.
 13. എല്ലാ വൻകിട പ്രോജക്റ്റുകൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധിതമാക്കുക. കുടിയൊഴിപ്പിക്കലുകൾ ഒഴിവാക്കുകയും പുനരധിവാസ പദ്ധതികൾ പഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്യുക.
 14. ഊർജ്ജാവശ്യത്തിനായി സൗരോർജ്ജം, ചെറുകിട ജലവൈദ്യുത പദ്ധതികൾ, ജൈവവസ്തുക്കൾ, പ്രാദേശിക വിഭവങ്ങൾ, മറ്റു പാരമ്പര്യേത ഊർജ്ജസ്രോതസുകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക. ആണവോർജ്ജത്തിനെതിരെ നിലപാടെടുക്കുക.
 15. വർദ്ധിച്ചു വരുന്ന സ്വകാര്യവാഹന ഉപയോഗത്തെ നിരുത്സാഹപ്പെടുത്തി പൊതു ഗതാഗതത്തിന് പ്രാമുഖ്യം നൽകുകയും പരിസ്ഥിതി മലിനീകരണം കുറഞ്ഞ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
 16. സ്ത്രീപുരുഷ ബന്ധത്തെ ജനാധിപത്യവൽക്കരിക്കാനും കുടുംബത്തെപുരോഗമനപരമായി പരിവർത്തിപ്പിക്കാനുമുള്ളശ്രമങ്ങൾക്കു തുടക്കമിടുകയും ഇക്കാര്യങ്ങളെപ്പറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകയ്യിൽ തുറന്ന സംവാദങ്ങളും ചർച്ചകളും ബോധവൽക്കരണവും നടത്തുകയും ചെയ്യുക. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുകയും പൊതു ഇടങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ സ്ത്രീകൾക്കു സഞ്ചരിക്കാവുന്ന സാഹചര്യം ഉറപ്പുവരുത്തുകയും ചെയ്യുക. തദ്ദേശ ഭരണ പ്രാതിനിധ്യത്തിലും അധികാര സ്ഥാനങ്ങളിലും അമ്പതുശതമാനം സ്ത്രീകൾക്കു മാറ്റിവയ്ക്കുക.
 17. ആദിവാസികൾക്കും ദളിതർക്കും ജനസംഖ്യാനുപാതികമായി തദ്ദേശഭരണ പങ്കാളിത്തം ഉറപ്പാക്കുക. ആദിവാസികൾ ഭൂരിപക്ഷമായിട്ടുള്ള ഇടങ്ങളിൽ ആദിവാസി സ്വയംഭരണ കൗൺസിലുകൾ സ്ഥാപിക്കുകയും വനവിഭവങ്ങൾക്കുമേൽ അവർക്കുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്യുക.
 18. ജാതി ഉൻമൂലനത്തിനായുള്ള പ്രായോഗിക പദ്ധതികൾ തദ്ദേശഭരണതലത്തിൽ ശക്തിപ്പെടുത്തുക. ജാതിയിലധിഷ്ഠിതമായ എല്ലാത്തരം സാമൂഹ്യവിവേചനങ്ങളും അടിച്ചമർത്തലുകളും നിർമ്മാർജനം ചെയ്യുക.
 19. സാമ്പത്തികരംഗത്തും രാഷ്ട്രീയ സാമൂഹ്യമണ്ഡലത്തിലും മതശക്തികളുടെ ഇടപെടൽ ഇല്ലാതാക്കുക. വർഗ്ഗീയവൽക്കരണത്തിന്റെ എല്ലാ രൂപങ്ങളേയും ചെറുക്കുക. മതേതരമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും മതസ്പർദ്ധ വളർത്തുന്ന ശക്തികളെ പരാജയപ്പെടുത്തുകയും ചെയ്യുക.
 20. മാതൃഭാഷയിലധിഷ്ഠിതമായ പൊതുവിദ്യാഭ്യാസം പഞ്ചായത്തിന്റെ നിയന്ത്രണത്തിലാക്കുക. കുട്ടികൾക്കു കാൽനടയായി എത്തിച്ചേരാവുന്ന 'അയൽപക്ക സ്‌ക്കൂൾ' എന്ന ആശയം പ്രാവർത്തികമാക്കുക. 'വരേണ്യ സ്‌ക്കൂളുകൾ' ഇല്ലാതാക്കുകയും എല്ലാ കുട്ടികൾക്കും ഒരേ ഉള്ളടക്കത്തിലും കരിക്കുലത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുക. ഈ രംഗത്തുനിന്നും മത-ജാതി-കോർപ്പറേറ്റു ശക്തികളെ ആട്ടിയോടിക്കുക.
 21. ആരോഗ്യകരമായ ജീവിതരീതികളും മരുന്നുപയോഗം കുറക്കുന്നതും രോഗപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും തദ്ദേശ ഭരണത്തിന്റെ ചുമതലയാക്കുക. അടിയന്തിര ചികിത്സാസൗകര്യങ്ങൾ ലഭ്യമാകത്തക്കവിധം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ ശക്തിപ്പെടുത്തുക. കച്ചവടശക്തികളെ ഈ രംഗത്തുനിന്നും നിഷ്‌ക്കാസനം ചെയ്യുക.
 22. ശിശുപരിപാലനകേന്ദ്രങ്ങൾ, രോഗിപരിചരണ കേന്ദ്രങ്ങൾ, വൃദ്ധ സദനങ്ങൾ, രാത്രികാല അഭയകേന്ദ്രങ്ങൾ എന്നിവ ഉറപ്പുവരുത്തുക.
 23. കളിസ്ഥലങ്ങൾ, വിനോദകേന്ദ്രങ്ങൾ, വായനശാലകൾ, യോഗസ്ഥലങ്ങൾ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കുക.
 24. ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റു പ്രദേശങ്ങളിൽനിന്നും വന്നുതാമസിച്ചു ജോലിചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്തുക.
 25. പഞ്ചായത്തു പരിധിയിൽ സ്ഥിതിചെയ്യുന്ന ബാങ്കുകളുമായി ചർച്ചചെയ്ത് അവയുടെ വായ്പകളുടേയും പ്രവർത്തനത്തിന്റെയും മുൻഗണനാക്രമങ്ങളും മുൻഗണനാമേഖലകളും നിർണയിക്കുകയും ഉൽപാദനപരമായ ദിശയിലേക്ക് തിരിച്ചുവിടുകയും ചെയ്യുക. വിളനാശത്തിനു വിധേയരാവുന്ന കർഷകരുടെ വായ്പ എഴുതിത്തള്ളാൻ നടപടികൾ ആവിഷ്‌ക്കരിക്കുക.
 26. എല്ലാവിധ കൊള്ളപ്പലിശക്കാരെയും ബ്ലേഡ്മാഫിയ-ക്വട്ടേഷൻ ഗ്യാങ്ങുകളേയും മദ്യ-മയക്കുമരുന്നു മാഫിയകളെയും ഇല്ലായ്മ ചെയ്യുക. മയക്കുമരുന്നിനെതിരെ നടപടികൾ കൈക്കൊള്ളുക. മയക്കു മരുന്ന് ഉല്പാദന-വിതരണ ശ്യംഖലകളെ തുടച്ചുനീക്കുക.
 27. പ്രാദേശികതലത്തിൽ ഉയർന്നുവരുന്ന ക്രമസമാധാന പ്രശ്‌നങ്ങളെ ജനാധിപത്യപരമായി പരിഹരിക്കാൻ കഴിയുന്ന തരത്തിലുള്ള ജനകീയ കമ്മറ്റികൾ രൂപീകരിക്കണം. അവയ്ക്ക് നിയമപരമായ സാധുത നൽകണം.
 28. മേൽപ്പറഞ്ഞ ഉത്തരവാദിത്വങ്ങൾ ജനപക്ഷത്തുനിന്ന് ഏറ്റെടുത്തു നടപ്പാക്കാനാകും വിധം വിഭവ സമാഹരണത്തിനുള്ള തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സ്രോതസുകൾ വിപുലീകരിക്കുക. ഭൂനികുതി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കി പൂർണ്ണമായും പഞ്ചായത്തുകൾക്കു കൈമാറുക. ഓരോ തദ്ദേശ പ്രദേശത്തെയും ജനകീയ ആവശ്യങ്ങൾക്കും സാധ്യതകൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് ഉല്പാദന മേഖലയിലെ സംരംഭങ്ങൾക്ക് പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി വിനിയോഗിക്കുക, അതിനായി പ്രവാസികളുടെ നിക്ഷേപമുള്ള അതാത് പ്രദേശത്തെ ബാങ്കുകളുമായി ചേർന്ന് പണം വിനിയോഗിക്കുന്നതിനുള്ള ജനകീയ സമിതി രൂപീകരിക്കുകയും അതിന് അധികാരം നൽകുന്ന നയരൂപീകരണം നടത്തുകയും ചെയ്യുക. പ്രസ്തുത സംരംഭങ്ങളിൽ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളെ ഭാഗമാക്കുകയും അതിലൂടെ അവരുടെ പുനരധിവാസം സാദ്ധ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുക. സമ്പന്നവിഭാഗങ്ങളിലും ആഡംബര ഉപഭോഗത്തിലും ഊന്നുന്ന നികുതിസാധ്യതകൾ ഉപയോഗപ്പെടുത്തുകയും സാധാരണ ജനങ്ങളെ നികുതിഭാരത്തിൽനിന്നും ഒഴിവാക്കുകയും ചെയ്യുക. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള കേന്ദ്രസംസ്ഥാന പദ്ധതിവിഹിതം വർദ്ധിപ്പിക്കുകയും കൈമാറുകയും ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക. ലോകബാങ്കും എ ഡി ബി യും പോലുള്ള പുത്തൻ കൊളോണിയൽ ധനകാര്യ സ്ഥാപനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വായ്പ നൽകി അവയെ ആശ്രിതരാക്കുന്നത് അവസാനിപ്പിക്കുക.
 29. ഇതോടൊപ്പം ജനകീയധികാരം ഉറപ്പാക്കാൻ കഴിയുംവിധം പഞ്ചായത്തുകളുടെ ഭരണനിർവഹണപരവും നയപരവുമായ ഉത്തരവാദിത്വങ്ങൾ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തു സമിതികളുടെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരണം. ഇതിനു ഘടകവിരുദ്ധമായി നിലനിൽക്കുന്ന പഞ്ചായത്തു സെക്രട്ടറി പദവി ഉടൻ റദ്ദാക്കുകയെന്നതും ജനകീയാധികാരം ഉറപ്പിക്കുന്നതിന്റെ മുന്നുപാധിയാണ്. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്നവർ ജനതാൽപര്യത്തിനു വിരുദ്ധമാണെന്നു കണ്ടാൽ ജനഹിത പരിശോധനയിലൂടെ അവരെ തിരിച്ചുവിളിക്കാൻ ജനങ്ങൾക്ക് അവകാശം നൽകണം.

 

പ്രിയ സുഹൃത്തുക്കളെ, സഖാക്കളെ ,

ഈ പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികൾക്കും പാർട്ടി പിന്തുണയ്ക്കുന്ന ജനകീയ , സമരമുന്നണികളുടെ സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്ത് ജനകീയ രാഷ്ട്രീയ അധികാരവും പരിസ്ഥിതി സൗഹൃദ - ജനപക്ഷ വികസനവും സ്ഥാപിക്കാനുള്ള ജനകീയ ബദൽ വളർത്തിയെടുക്കാൻ മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.

 

സംസ്ഥാന കമ്മിറ്റി

സി പി ഐ (എം.എൽ) റെഡ് സ്റ്റാർ.

 

എറണാകുളം

18/11/20

 • Social network: