എല്ലാ കാലത്തും ഇന്ത്യൻ  രാഷ്ട്രീയത്തിൻ്റെ  ഗതിവിഗതികളെ  നിയന്ത്രിക്കുന്നതിൽ ജാതീയത നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിഭജനത്തിന് അടിസ്ഥാനം മതമാണെങ്കിൽ  ആ മതത്തിനുള്ളിൽ അന്നേ ജാതീയതയെ ഇരയുടെ പക്ഷത്ത് സ്ഥാപിച്ചെടുക്കാൻ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് കഴിഞ്ഞിരുന്നു. സവർണ്ണ ബ്രാഹ്മണിക്കൽ ഹിന്ദുത്വ പാരമ്പര്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ജാതി ഘടനയെ അധികാര  രാഷ്ട്രീയത്തിൻ്റെ ഭാഗമാക്കിയത്. കാലക്രമത്തിൽ ഇത് പൊതു സമൂഹത്തിൽ തങ്ങളുടെ അധികാര വ്യവഹാരത്തെ നിർണ്ണയിക്കാൻ അവരെ സഹായിച്ചു. ആ മത ചിന്താധാര രാഷ്ട്രീയത്തിലേക്ക് വരുന്നത് രാഷ്ട്രീയം പറഞ്ഞിട്ടല്ല മതം പറഞ്ഞിട്ടാണ് എന്നതിൻ്റെ അന്തരഫലമാണ് ഇന്നത്തെ ജനാധിപത്യത്തെ അങ്ങേയറ്റം ദുർബലപ്പെടുത്തുന്നത്. അതിനെ ശാക്തീകരിക്കാൻ  1992-ൽ ബാബറി മസ്ജീദിൻ്റെ തകർക്കൽ വഴി കഴിഞ്ഞു. അതു വഴി സാധാരണ ഹിന്ദു വിശ്വാസികളിൽ ഉണ്ടായ മാറ്റങ്ങളെ പരമാവധി പ്രയോജനപ്പെടുത്താൻ ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾക്ക് സാധിച്ചു

 

 

ബ്രിട്ടീഷ് അധിനിവേശ കാലത്ത് നടപ്പാക്കിയ വിഭജിച്ച് അധികാരത്തെ നിലനിർത്തുന്ന രീതിയിലേക്ക് ഇന്നത്തെ ഹിന്ദുത്വ ഭരണകൂടം എത്തിക്കഴിഞ്ഞിരിക്കുന്നു. അവർ ദേശീയതയെ വംശീയതയായി  നിർവ്വഹിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം ആർ.എസ്.എസ്സിൻ്റെ ഹിന്ദുത്വവൽക്കരണത്തെ പ്രതിരോധിക്കാൻ കഴിയാത്തതാണ് ഇതിൻ്റെ കാരണം. ഭരണകൂട അധികാരത്തിന് പുറത്ത് നിൽക്കുമ്പോഴും  ഹിന്ദുത്വ ബ്രാഹ്മണിക്കൽ  പ്രത്യയശാസ്ത്രത്തിന്  വളരെ ആഴത്തിൽ രാജ്യത്ത് വേരോട്ടം നടത്താൻ കഴിഞ്ഞു. അതാകട്ടെ ഉപരിതലത്തിൽ  ഹൈന്ദവവിശ്വാസമായും  അധോ മണ്ഡലത്തിൽ  ഹിന്ദുത്വ ദേശീയതയായും വളർന്ന് വികാസം പ്രാപിച്ചു.  അതിനെ നിയന്ത്രിച്ചത് പാർലിമെൻ്ററി അധികാര മോഹികളെക്കാൾ  പൂണൂൽ വംശീയതയെ വളർത്തിയ  ആർഎസ്എസ് ആണ്. മനു വംശീയ അടിത്തറയിൽ നിന്നുകൊണ്ട്  ഇന്ത്യയിലെ ലിബറൽ ജനാധിപത്യ ശക്തിയെ അടിതട്ടിൻ നിന്നു പൊളിച്ചുമാറ്റുക എന്നത് അവരുടെ ലക്ഷ്യമായിരുന്നു. 1992-ലെ അദ്ധ്വാനിയുടെ രഥയാത്രയുടെ പ്രധാന ദൗത്യം അതായിരുന്നു.

 

പാർലിമെൻ്ററി ജനാധിപത്യത്തിൽ ഭരിക്കുക എന്നതിനപ്പുറം ജനാധിപത്യത്തെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്ര മണ്ഡലത്തിലൂടെ വികസിപ്പിക്കാൻ അധികാര പാർട്ടികൾക്ക് കഴിഞ്ഞില്ല. ജനാധിപത്യ  മതേതര  ബഹുസ്വര ശീലങ്ങളെ നിലനിർത്തിയപ്പോഴും രാജ്യത്ത് അസമത്വം വർദ്ധിച്ചതിന് കാരണമതാണ്.ഇതേ ജനാധിപത്യം തന്നെയാണ്   ഭൂരിപക്ഷത്തിൻ്റെ ശക്തിയിൽ രാജ്യത്തിൻറെ ഭരണഘടനയെ നോക്കിക്കുത്തിയാക്കി ഇന്ന്  മുന്നേറുന്നത്. 2014 നു ശേഷം ഇന്ത്യയിൽ സംഭവിച്ച ഏറ്റവും അപകടകരമായ അവസ്ഥ പാർലിമെൻ്ററി ജനാധിപത്യം ദുർബലപ്പെട്ടു എന്നതാണ്. ഈ ദുർബലതയെ നിർമ്മിച്ചതിൽ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിനുള്ള പങ്ക് ചെറുതല്ല. 1984-ൽ 404 സീറ്റ് കിട്ടിയ ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന് 2014-ൽ കിട്ടിയത് 44- സീറ്റാണ് എന്നോർക്കണം. ഈ തോൽവി ഉണ്ടാക്കിയതിൻ്റെ കാരണങ്ങൾ പലതാണ്. എന്നാൽ ഈ തോൽവിയിൽ നിന്നാണ്  സമകാലീന ഇന്ത്യ  ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രം പിൻബലത്തിൽ പാർലിമെൻ്ററി സംവിധാനത്തിൽ  വളർന്നത്. ആ വളർച്ചയുടെ ഓരോ ഘട്ടത്തിലും ശ്രേണി ബന്ധിതമായ  ജാതി ഘടന അതിൻ്റെ അതിപുരാതനമായ  ജൈവഘടനയെ ജനാധിപത്യത്തിൽ സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. അതിനെ രാഷ്ട്രീയ വ്യവഹാര മണ്ഡലത്തിൽ  അവതരിപ്പിച്ചു കൊണ്ട് ഞങ്ങൾക്ക് രാഷ്ട്രീയവും മതവും വിരുദ്ധ ധാരയിൽ നിലനിർത്തേണ്ട ഒന്നല്ല എന്ന്  ഭരണകൂടം സ്ഥാപിച്ചു കഴിഞ്ഞു. ഹിന്ദുത്വ ദേശീയതയെ സ്ഥാപിച്ചെടുക്കാൻ ഈ രണ്ട് വ്യവഹാര മണ്ഡലങ്ങളെയും തരംപോലെ ഉപയോഗിക്കാൻ   ആവശ്യമായിട്ടുള്ള ജ്ഞാനപദ്ധതികൾ അവതരിപ്പിക്കുന്നതിന് ഭരണകൂട സംവിധാനങ്ങളെ തന്നെയാണ് ഉപയോഗിക്കുന്നത്. ചരിത്രത്തെ മാറ്റിപ്പണിതും  നീതിന്യായ വ്യവസ്ഥയെ  ഹിന്ദുത്വവൽക്കരിച്ചുമാണത് മുന്നേറുന്നത്.

 

ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പീഡിത വർഗ്ഗമായ ജാതിയുടെ ഇരകളെയാണ്. ഹിന്ദുത്വ ഭരണകൂട അധികാര ഘടന ഇന്ത്യ എന്ന ദേശ രാഷ്ട്ര സങ്കൽപ്പത്തെ നരക തുല്യമാക്കി മാറ്റി കഴിഞ്ഞു.   രാജ്യത്തെ  സമസ്ത മേഖലകളിലേയും  പുരോഗമനങ്ങളെ ഇത് പിറകോട്ടു നയിച്ചു. എന്നുമാത്രമല്ല  ലോകരാഷ്ട്രങ്ങൾ ഏറ്റവും പുതിയ ശാസ്ത്രീയ വഴിയിലൂടെ മുന്നേറുമ്പോൾ ഇന്ത്യയിലെ  മനുവാദികൾ രാജ്യത്തെ  ബൗദ്ധിക  മേഖലയെ  പിറകോട്ട് നയിക്കുകയാണ്.  ഇതിൻ്റെ പാർശ്വഫലങ്ങളാണ്  രാജ്യത്തെ മതന്യൂനപക്ഷങ്ങളും  ദളിത് സമൂഹങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  ഈ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഭരണഘടനാനുസൃതമായി അനുവദിക്കപ്പെട്ട സംവരണ  തത്വങ്ങളുടെ രാഷ്ട്രീയത്തെ നിരാകരിക്കുക എന്നത് സവർണ്ണ ഹിന്ദുത്വത്തിൻ്റെ പ്രഖ്യാപിത അജണ്ടയാണ്.  കേവലം സാമ്പത്തികമായി മനുഷ്യരെ ഉയർത്തിക്കൊണ്ടുവരാനുള്ള  ഒരു മാർഗ്ഗമായി സംവരണത്തെ മാറ്റുക വഴി  ദളിത് പിന്നോക്ക ന്യൂനപക്ഷങ്ങൾ  അനുഭവിച്ചുകൊണ്ടിരിക്കുന്ന  അസമത്വങ്ങളെ ഒന്നുകൂടി വിശാലമാക്കുകയാണിവർ.  എന്നാൽ ഇത്  കേവലം നിത്യ ജീവിതത്തെ ബാധിക്കുന്ന ബൗദ്ധിക പ്രശ്നങ്ങളല്ലെന്നും മനുഷ്യൻ എന്നർത്ഥത്തിൽ സമൂഹത്തിൽ ലഭിക്കേണ്ട അംഗീകാരവും സുരക്ഷിതത്വബോധവും ഈ  വിഭാഗങ്ങളിൽ നിന്ന് എടുത്തു മാറ്റാനുള്ള അവസരമായിട്ടാണ് അധികാര വർഗ്ഗം  ഈ മാറ്റത്തെ കാണുന്നത്. ഇതിൻറെ ഭാഗമായിട്ടാണ്  ദളിത് പിന്നോക്ക വിഭാഗങ്ങളുള്ള ദേശ സമൂഹങ്ങളിൽ   ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്ക് നേരെയുള്ള  ബലാൽസംഗങ്ങൾ ഉൾപ്പെടെയുള്ള  അതിക്രമങ്ങളേ കാണേണ്ടത്.  കള്ളക്കേസിൽ കുടുക്കി പുരുഷന്മാരെ പുറംലോകം കാണാത്ത രീതിയിൽ  ജയിലിലടക്കുകയും ചെയ്യുന്നത്.  ഇതിൻ്റെ  സമീപകാല  ലക്ഷണങ്ങൾ തന്നെയാണ്  സപ്തംബറിലെ 18-ന്  ബലാത്സംഗം ചെയ്ത ശേഷം  മരണത്തിലേക്ക് വലിച്ചെറിഞ്ഞു കൊടുത്ത 22 വയസ്സുകാരി മനീഷ വാല്മീകിയുടെ ദാരുണമായ കൊലപാതകം. ഇത്തരം  കൊലപാതകത്തിൻ്റെ നാൾവഴി പരിശോധിച്ചാൽ ഹിന്ദു ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തിൻ്റെ രീതി ബോദ്ധ്യപ്പെടും. ജാതി ഹിന്ദുക്കൾ എങ്ങനെയാണ് സമൂഹത്തിൽ നിലനിർത്തേണ്ടത്  എന്ന് തീരുമാനിക്കാനുള്ള  അവകാശം ഉയർന്ന ജാതിക്കാരിൽ അർപ്പിതമാണ് എന്നാണ് അവരുടെ ബോധം.

 

ഹാഥറാസിൽ ഠാക്കൂർ വിഭാഗത്തിൽപ്പെട്ട ഉയർന്ന ജാതിക്കാർക്ക് ഏതുസമയവും  എവിടെ വെച്ചും ദളിത് പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി  ബലാൽസംഗം ചെയ്യാനുള്ള  ജാതി പരമായ അവകാശമായി മാറിയിരിക്കുന്നു. ഉത്തർപ്രദേശിൽ  ഇപ്പോൾ  നടന്നുകൊണ്ടിരിക്കുന്നത് അതാണ്‌. ഇതൊന്നും സാന്ദർഭികമായി സംഭവിക്കുന്നതല്ല എന്നതിൻ്റെ  തെളിവുകൾ ആധികാരികമായി പുറത്തുവന്നിട്ടുണ്ട്.

 

രാജ്യത്ത് ഓരോ 15 മിനിറ്റിലും  ഒരു സ്ത്രീ ബലാൽസംഘം ചെയ്യപ്പെടുന്നു എന്ന് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് കൃപാകരൻ, ജസ്റ്റിസ് പി വെൽമുരുകൻ എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഇത് പറഞ്ഞതാകട്ടെ ഹാഥ്റസിലെ പെൺകുട്ടിയുടെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിലാണ്. എന്നാൽ  സംഭവം നടന്ന് 14 ദിവസം കഴിഞ്ഞിട്ടാണ് ഇത് പുറം ലോകമറിയുന്നത്. ഇവിടെയാണ്  ദളിത് പീഡനത്തിൻ്റെ രാഷ്ട്രീയത്തെ ഒന്നുകൂടി പഠിക്കേണ്ടത്. 2012-ൽ നിർഭയ  ദാരുണമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ടപ്പോൾ ഇന്ത്യയിലെ മദ്യ ഉപരിവർഗ്ഗങ്ങൾ നയിച്ച പ്രതിഷേധങ്ങൾ  രാജ്യത്തെ ഇളക്കി മറച്ചു. അന്ന്  പെൺക്കുട്ടിയുടെ പേരോ, ഫോട്ടോയോ പൊതു ഇടങ്ങളിൽ പരാമർശിക്കാൻ പാടില്ലായിരുന്നു.എന്നാൽ മനീഷ   വാല്മീകിയുടെ ദാരുണമായ ബലാൽസംഘത്തിൽ ഇരയുടെ വിവരങ്ങൾ മുഴുവൻ ചർച്ചയായി. അതിനു കാരണം, ഇര ദളിതാണ് എന്നതാണ്. ദളിത് വിഷയത്തിലെ ബലഹീനതയെ നിർമ്മിക്കുന്നത് സാമൂഹിക അധികാരഘടനയാണ്.  ഒന്നാമതായി ജനാധിപത്യ സമൂഹത്തിൽ നീതിക്ക് ഒപ്പം നിൽക്കേണ്ട സംവിധാനങ്ങളൊക്കെ  സവർണ്ണവൽക്കരിക്കപ്പെട്ടു കഴിഞ്ഞു.ഇതിൻ്റെ ഭാഗമായി ഭരണകൂട അധികാര മേൽക്കോയ്മ സവർണ്ണ വിഭാഗത്തിൽ കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞു. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട രണ്ട് കോടതി വിധികൾ അത് സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.ഈ സാഹചര്യത്തിൽ   ദളിതുകൾക്ക് നീതി കിട്ടുക എന്നുള്ളത് അങ്ങേയറ്റം പ്രയാസകരമാണ്. ബിജെപി എം എൽ എ പ്രതിയായ ഉന്നവ  കേസ്  വഴി മാറി പോയത് നമുക്ക് മുമ്പിലുണ്ട്. മനീഷ വാത്മീകിയുടെ  കുടുംബത്തെ  ഭീഷണിപ്പെടുത്തിയത് ജില്ലാ മജിസ്ട്രേറ്റ് ആണെന്ന് ഓർക്കണം. ഭരണകൂടം പൂർണ്ണമായി  സവർണ്ണ അധികാരഘടനയായി മാറി എന്നതാണ് ഇത് തെളീക്കുന്നത്.

 

ദളിത് വേട്ടയുടെ സാക്ഷ്യപത്രം.

 

രാജ്യത്ത് എത്രമാത്രം അരക്ഷിതാവസ്ഥയിലാണ്  ദളിത് മത ന്യൂനപക്ഷങ്ങൾ ജീവിക്കുന്നത് എന്ന് തെളിയിക്കുന്ന കണക്ക് പുറത്ത് വന്നിട്ടുണ്ട്. 2019  ഡിസംബർ  31വരെയുള്ള  കണക്കുപ്രകാരം  രാജ്യത്തെ ജയിലുകളിൽ  കിടക്കുന്ന തടവുകാരിൽ ഭൂരിപക്ഷവും മുസ്ലിം ദളിത്  വിഭാഗങ്ങളാണ്.  21..5 ശതമാനം തടവുകാർ ദളിത് വിഭാഗങ്ങൾ നിന്നാണ് അതാകട്ടെ 16.6 ശതമാനം മാത്രമുള്ള ജനസംഖ്യ നിന്നാണെന്ന് ഓർമ്മിക്കണം. പട്ടിക വിഭാഗത്തിൽ പെട്ടവർ ജയിലിൽ കഴിയുന്നത്  21 ശതമാനമാണ്.ജനസംഖ്യയുടെ   8.6 ശതമാനം വരുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്ന് ജയിലിൽ ഉള്ളത് 13.6 ശതമാനമാണ്. ഇവരിൽ 10.5 വിചാരണ നടക്കാത്തവരാണ്. ജയിലിൽ  ശിക്ഷ വിധിക്കപ്പെട്ട കഴിയുന്നവരിൽ  16.6 ശതമാനം പേർ മുസ്ലീങ്ങളാണ്. മൊത്തം ജനസംഖ്യയുടെ 14.2 ശതമാനമാണ് ഇത്. വിചാരണ തടവുകാരിൽ മുസ്ലീങ്ങളുടെ അനുപാതം 18. 7 ശതമാനമാണ് എന്ന്  ക്രൈം  റെക്കോർഡ് ബ്യൂറോ വ്യക്തമാക്കുന്നു. ഈ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ  ദളിതുകൾ വിചാരണ നേരിടുന്നത്  ഉത്തർപ്രദേശിലാണ്.17995-പേർ. തൊട്ടുതാഴെ ബീഹാർ പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും.  എന്നാൽ സവർണഹിന്ദു വിഭാഗത്തിൽപ്പെട്ടവർ ശിക്ഷിക്കപ്പെട്ടു കഴിയുന്നത്  13 ശതമാനമാണ്. ഹിന്ദുത്വ ദേശ ഭരണകൂടങ്ങൾ  ഇന്ത്യയിലെ താഴേക്കിടയിലുള്ള ജാതി ഹിന്ദുക്കളെയും  മത ന്യൂനപക്ഷങ്ങളെയും  തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്നതിൻ്റെ തെളിവായി ഇത് മാറുകയാണ്.

 

ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ  ഭാവി വലിയ ആശങ്ക സൃഷ്ടിക്കുന്നത്. ഭരണഘടനയെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായ തീരുമാനം നടപ്പാക്കാനുള്ള ശ്രമത്തെ പ്രതിരോധിച്ചേ മതിയാകൂ. അതിനു വേണ്ടത് രാജ്യത്തെ പീഡിത മതന്യൂനപക്ഷങ്ങളെയും ദളിത് സമൂഹത്തെ രാഷ്ട്രീയമായി ശക്തരാക്കുക എന്നതാണ്. അതിന് ആദ്യം വേണ്ടത് ബ്രാഹ്മണിക്കൽ പൂനൂൽ  അധികാരത്തെ ചോദ്യം ചെയ്യാൻ തയ്യാറാകുക എന്നതാണ്. അത് ഉയർന്നു വരേണ്ടത് സമൂഹത്തിൻ്റെ അടിത്തട്ടിൽ നിന്നായിരിക്കണം.അതിനു വേണ്ടിയായിരിക്കണം ഇനിയുള്ള കാലത്തെ രാഷ്ടീയ ഇടപെടലുകൾ .

 

The Communist movement in India has a history of almost a century after the salvos of October Revolution in Russia brought Marxism-Leninism to the people of India who were engaged in the national liberation struggle against the British colonialists. It is a complex and chequered history.